Image

വാല്‍സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; തിരുനാള്‍ നയിക്കുക കേംബ്രിഡ്ജ് റീജിയന്‍ വിശ്വാസ സമൂഹം.

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 11 July, 2023
 വാല്‍സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; തിരുനാള്‍ നയിക്കുക  കേംബ്രിഡ്ജ് റീജിയന്‍ വിശ്വാസ സമൂഹം.

വാല്‍സിങ്ങാം: ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിര്‍ദ്ദേശത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാല്‍സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന ഏഴാമത് തീര്‍ത്ഥാടനത്തിനും തിരുന്നാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തില്‍ ആയിരക്കണക്കിന്  മരിയ ഭക്തരെയാണ്  തീര്‍ത്ഥാടകരായി പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയന്‍ തിരുന്നാളിനു നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ  കേംബ്രിഡ്ജ് റീജണല്‍ സീറോ മലബാര്‍ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ മിഷനുകളില്‍ നിന്നും  പ്രസുദേന്തിമാരായി തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി മാതൃഭക്തര്‍ മുന്നോട്ടുവന്നതിനാല്‍   ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീര്‍ത്ഥാടന തിരുന്നാളിനെ അനുഗ്രഹസാന്ദ്രമാക്കും.

തീര്‍ത്ഥാടനത്തില്‍ ഉണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളില്‍ നിന്നും വ്യക്തിഗത കാറുകളിലുള്ള യാത്ര ഒഴിവാക്കി പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിര്‍ദ്ദേശം ഉണ്ട്. 

വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനായി നഗ്‌ന പാദരായി മരിയ പ്രഘോഷണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് 'ഹോളി മൈല്‍' നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പര്‍ ചാപ്പല്‍'  മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. 

രാവിലെ ഒമ്പതരയ്ക്ക് ജപമാലയും ആരാധനയും തുടര്‍ന്ന് പത്തരക്ക് രൂപതയുടെ ഇവാഞ്ചലിക്കല്‍ കമ്മീഷന്‍ ചെയര്‍ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന മരിയന്‍ പ്രഭാഷണവും, പതിനൊന്നരക്ക് തിരുന്നാള്‍ കൊടിയേറ്റവും നടക്കും. ഇടവേളയില്‍ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം,  മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌പേസില്‍ മുന്നില്‍ ബാനര്‍ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ ലൈനായി നടന്നു പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, വികാരി ജനറാളുമാര്‍ മിഷനുകളില്‍ നിന്നുള്ള വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരുമായി ആഘോഷപൂര്‍വ്വമായ സമൂഹബലി അര്‍പ്പിക്കും. 

വൈകുന്നേരം നാലു മണിയോടെ തീര്‍ത്ഥാടന
തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് ഭക്ഷണം വാങ്ങുവാന്‍ പ്രയാസം ഉണ്ടാവാതിരിക്കുവാന്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് 07752279069 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വാല്‍സിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine of Our Lady
Walshingham, Houghton St. GilesNorfolk,NR22 6AL

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക