Image

രാജ് ഭവന്‍ ഭരണഘടനയുടെ ലക്ഷ്മണരേഖ കടക്കുമ്പോള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 08 July, 2023
രാജ് ഭവന്‍ ഭരണഘടനയുടെ ലക്ഷ്മണരേഖ കടക്കുമ്പോള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ് )

ദല്‍ഹി ഭരിക്കുന്ന ഭരണാധികാരികളുടെ ഇഷ്ടാനുസരണം സംസ്ഥാന ഗവണ്‍മെന്റുകളെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗപ്പെടുത്തി ഗവര്‍ണ്ണര്‍മാര്‍ പിരിച്ചു വിടുന്നത് കലാകാലമായി അനുവര്‍ത്തിച്ചു വരുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. ഇതു കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ കേന്ദ്രഗവണ്‍മെന്റുകളും ചെയ്തിട്ടുണ്ട്, ബി.ജെ.പി. ഉള്‍പ്പെടെ. ഇപ്പോള്‍ തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍.എന്‍.രവി എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിലെ വി.സെന്തിള്‍ ബാലാജിയെ ഡിസ്മിസ് ചെയ്യുവാന്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. മന്ത്രി ബാലാജി 2015-ലെ പണത്തിന് ജോലി എന്ന കുംഭകോണത്തില്‍ അന്വേഷണവിധേയന്‍ ആണ്. ജൂണ്‍ 14-ന് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോവുകയും ചെയ്തു. മുഖ്യമന്ത്രി ബാലാജിയുടെ എല്ലാ പോര്‍ട്ട്‌ഫോളിയോകളും എടുത്തു കളഞ്ഞിട്ട് മന്ത്രിസഭയില്‍ വകുപ്പില്ലാത്ത മന്ത്രിയായി നിലനിര്‍ത്തുകയും ചെയ്തു. പൊടുന്നനെ ഗവര്‍ണ്ണര്‍ രവി ഇടപെട്ടു കൊണ്ട് ബാലാജിയെ ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഉത്തരവ് രാജ്ഭവനില്‍ നിന്നും പുറപ്പെടുവിച്ചു. ഇത് വ്യാപകമായ പ്രതിഷേധം രാഷ്ട്രീയ-ഭരണഘടന  തലങ്ങളില്‍ ഉയര്‍ത്തിയപ്പോള്‍ ഗവര്‍ണ്ണര്‍ ഉത്തരവ് തല്‍ക്കാലത്തേക്ക് നിറുത്തിവച്ചു. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ട് ഉത്തരവുമായി മുമ്പോട്ടു പോയാല്‍ മതിയെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നടപടി മരവിപ്പിച്ചിരിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ പെട്ടെന്നറിറക്കിയ ഒരു കുറിപ്പില്‍ വ്യക്തമാക്കി. ഗവര്‍ണ്ണര്‍ രവിയുടെ ഈ നടപടി രാഷ്ട്രീയമായും ഭരണഘടനപരമായും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഭരണഘടന പറയുന്നത് ഗവര്‍ണ്ണറുടെ ഇഷ്ടപ്രകാരം ആണ് മന്ത്രിമാര്‍ അധികാരത്തിലിരിക്കുന്നതെന്നാണ്. ഇതനുസരിച്ചാണ് ഗവര്‍ണ്ണര്‍ മന്ത്രിയെ പുറത്താക്കിയത് മുഖ്യമന്ത്രിയോട് ആലോചിക്കാതെയും അദ്ദേഹത്തിന്റെ സമ്മതം ഇല്ലാതെയും. എന്നാല്‍ സുപ്രീം കോടതി 1974, 1994, 2020 കളില്‍ പുറപ്പെടുവിച്ച വിധിപ്രകാരം ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശാനുസരണവും ആയിരിക്കണം. ഒരു മന്ത്രിയെ നിയമിക്കുന്നതും പുറത്താക്കുന്നതും മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശം ആണ്.

തമിഴ്‌നാട് ഗവര്‍ണ്ണര്‍ രവിക്ക് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒരു പ്രത്യേക സാമര്‍ത്ഥ്യം ഉണ്ട്. ഒരിക്കല്‍ ഗവണ്‍മെന്റ് തയ്യാറാക്കിയ മാമൂല്‍ പ്രകാരമുള്ള പ്രസംഗം അസംബ്ലിയില്‍ വായിക്കവെ അദ്ദേഹം കാമരാജ്, അണ്ണാദുരൈ, പെരിയാര്‍ എന്നിവരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭാഗം ഒഴിവാക്കുകയുണ്ടായി. ഇത് അംഗങ്ങളുടെ പ്രതിഷേധം ഉളവാക്കിയപ്പോള്‍ അദ്ദേഹം പൊടുന്നനെ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി. ദ്രവീഡിയന്‍ ആദര്‍ശങ്ങളെ  തള്ളി പറയുവാനും അദ്ദേഹം മടി കാണിച്ചിട്ടില്ല. ഇതുപോലെ ശിവജിയെക്കുറിച്ച് ഒരു പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ഭാഗവത് സിംങ്ങ് കോശിയാരിക്ക് രാജ്ഭവനില്‍ ഇരിക്കുവാനാകാതെ ആയതെന്നും ഓര്‍മ്മിക്കണം. ഒടുവില്‍ കോശിയാരിക്ക് സ്ഥാനം നഷ്ടപ്പെട്ടു. സംസ്ഥാന അസംബ്ലി പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നതും ഗവര്‍ണ്ണര്‍ രവിയുടെ പതിവാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളും പിരിച്ചുവിടുന്നതും സംസ്ഥാന ഗവണ്‍മെന്റുകളുടെ സുഗമമായ ഭരണനടത്തിപ്പിന് വിഘാതമായി ഗവര്‍ണ്ണര്‍ നിലകൊള്ളുന്നതും കാണുമ്പോള്‍ എന്തിന് ഇങ്ങനെ ഒരു സ്ഥാനം കേന്ദ്രം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന ചോദ്യങ്ങള്‍ ഉയരുന്നത് ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ പോലുള്ള ഉന്നതതലങ്ങളില്‍ ഇത് ചര്‍ച്ചക്ക് വന്നിട്ടുള്ളതാണ്. ഈ സെറിമണിയില്‍ ഫിഗര്‍ ഹെഡിനെ നിലനിര്‍ത്തുവാനാണ് ഒടുവില്‍ തീരുമാനം ഉണ്ടായത്. പക്ഷേ, അത് സെറിമണിയല്‍ ഫിഗര്‍ഹെഡ് മാത്രം ആയിരിക്കണം. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തെക്കുറിച്ചുള്ള ഒരു നടപടിക്രമവും മാര്‍ഗ്ഗനിര്‍ദ്ദേശവും കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. പക്ഷേ, ഇവയൊന്നും പാലിക്കപ്പെടാറില്ല കേന്ദ്രഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഉദേശം കാരണം. ഉന്നയിക്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റുകളുമായി ആലോചിച്ച് നിയമിക്കപ്പെടുവാന്‍ പോകുന്ന വ്യക്തിയുടെ കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരണം. ഇങ്ങനെ ഒരു ആലോചനയേ നടക്കാറില്ല. പിന്നല്ലെ സമന്വയം. മറ്റൊരു നിര്‍ദ്ദേശം രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരെ ഗവര്‍ണ്ണര്‍ ആയി നിയമിക്കരുത്. ഇതും പാലിക്കപ്പെടാറില്ല അശേഷവും. എത്രയെത്ര ഉദാഹരണങ്ങള്‍? ഭരണഘടനയനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ക്ക് അല്പം അധികാരം മാത്രമെയുള്ളൂ, പ്രത്യേക അധികാരം ഒന്നും ഇല്ല. രവിയെപ്പോലുള്ള ഗവര്‍ണ്ണര്‍മാര്‍ മനസിലാക്കേണ്ടത് ഇതാണ്. ഗവര്‍ണ്ണര്‍ ഒരിക്കലും കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് ഭരണതടസം സൃഷ്ടിക്കരുത്. ഭരണഘടനപരമായ രാഷ്ട്രീയ സാഹസത്തിനൊന്നും അവസരം അവര്‍ മുതിരരുത്. ഒരു മന്ത്രിയെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് അധികാരത്തിലേറ്റുന്ന ഗവര്‍ണ്ണര്‍ ഇതു ചെയ്യുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ആണ്. ശരിയാണ് അത് പറയുന്നുണ്ട് മന്ത്രിമാര്‍ ഗവര്‍ണ്ണറുടെ ഇഷ്ടപ്രകാരം ആണ് അധികാരത്തിലിരിക്കുന്നതെന്ന്. ഇതിന് മന്ത്രിമാരു വിധി ഗവര്‍ണ്ണറുടെ ഇഷ്ടത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നില്ല.

ഗവര്‍ണ്ണര്‍ പദവി ഒരു കൊളോണിയല്‍ സ്ഥാനം ആണ്. എന്നാല്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക്കില്‍ ഗവര്‍ണ്ണര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം ഒന്നും ഇല്ല. എന്നാല്‍ ഗവര്‍ണ്ണര്‍ ഉയര്‍ന്ന ഒരു ഭരണഘടന ചുമതലയുള്ള വ്യക്തി ആണ്. അതിനാല്‍ തന്നെ അദ്ദേഹത്തില്‍ നിന്നും ഉയര്‍ന്ന പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതും. ഒരു മന്ത്രി അഴിമതിക്കേസില്‍ അറസ്റ്റിലാകുന്നതും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോകുന്നതും എന്നാല്‍ മന്ത്രിസഭയില്‍ തുടരുന്നതും അല്ല ഇവിടെ വിഷയം. ഇവിടെ വിഷയം ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചത് ഭരണഘടനാനുസൃതം ആയിരുന്നോ എന്നുള്ളതാണ്. അതാണ് അറ്റോണി ജനറല്‍ പരിശോധിക്കുന്നതും. തന്നില്‍ നിക്ഷിപ്തമല്ലാത്ത ഒരു അധികാരം ഉപയോഗിക്കുവാന്‍ ഗവര്‍ണ്ണര്‍ക്ക് സാദ്ധ്യമല്ല എന്നാണ് സുപ്രീം കോടതി മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഫെഡറല്‍ ബന്ധത്തെ ഉലക്കുന്നതൊന്നും ഗവര്‍ണ്ണര്‍ ചെയ്തുകൂട. ശെന്തിള്‍ ബാലാജി മന്ത്രി ആയി തുടരുന്നത് അദ്ദേഹം ഉള്‍പ്പെട്ട അഴിമതികേസിന്റെ ന്യായയുക്തമായ നീതി നിര്‍വ്വഹണത്തെ ബാധിക്കുമെന്നാണ് ഗവര്‍ണ്ണര്‍ രവിയുടെ വാദം. അതിനാലാണ് അദ്ദേഹം ബാലാജിയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയത്. പക്ഷേ ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഒരു ഗവണ്‍മെന്റിന്റെ അധികാരത്തില്‍ കൈകടത്തുന്നത് രാജ് ഭവന്റെ ബിസിനസ് അല്ല. കേരളം, തെലങ്കാന, ബംഗാള്‍, പഞ്ചാബ് തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങള്‍ ഗവര്‍ണ്ണര്‍മാരുമായി അവസാനമില്ലാത്ത സംഘട്ടനത്തിലാണ്. ഒക്ടോബര്‍2022 ല്‍ ആണ് മൊഹമ്മദ് ആരിഫ്ഖാന്‍ കേരളമുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലനെതിരായി ഭരണഘടനപ്രകാരം ഉചിതമായ നടപടി എടുക്കണമെന്ന്. ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ തനിക്കുള്ള സന്തോഷം പിന്‍വലിക്കുമെന്നുവരെ ഖാന്‍ ഭീഷണിപ്പെടുത്തി. വിജയന്‍ ഖാന്റെ അഭ്യര്‍ത്ഥന നിരസിച്ചു. ഗവര്‍ണ്ണര്‍ക്ക് ഈ വിഷയത്തില്‍ വളരെ പരിമിതമായ അധികാരം മാത്രമെ ഉള്ളൂവെന്നും അദ്ദേഹം സവിനയം രാജ് ഭവനെ അറിയിച്ചു. കേരള ഗവര്‍ണ്ണറും ഗവണ്‍മെന്റും ആയിട്ടുള്ള ഏറ്റുമുട്ടല്‍ ഒരു തുടര്‍ക്കഥയാണ്. നിയമസഭ പാസാക്കിയ ഒട്ടേറെ ബില്ലുകള്‍ ഗവര്‍ണ്ണര്‍ ഒപ്പിടാതെ വച്ചിരുന്നത് ഇതിലൊന്നു മാത്രം ആണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ക്ക് എന്തും ചെയ്യാമെന്ന് ഇവിടെ പക്ഷമില്ല. പക്ഷേ രാഷ്ട്രീയപരമായി അവരെ അയക്കപ്പെടുമ്പോള്‍ ഗവര്‍ണ്ണര്‍മാര്‍ ഒരു അട്ടിമറി ശക്തിയായി പ്രവര്‍ത്തിക്കരുത്. ഇത് ജനാധിപത്യ വിരുദ്ധം ആണ്.

Join WhatsApp News
Reghu 2023-07-08 15:41:13
വടക്കുള്ളവരുടെ ഭരണഘടനാ വിരുദ്ധതയെ പറ്റി എപ്പോഴും വാചാലനാകുന്ന ഇദ്ദേഹം, നമ്മുടെ നാട്ടിലെ ജനങ്ങളുടെ അടുക്കളയും കഴിഞ്ഞു (ഷാജൻ സ്കറിയ സംഭവത്തോടെ) ബെഡ്‌റൂമിൽ വരെ ഇപ്പോൾ ഫാസിസം എത്തി നോക്കുന്നത് അറിഞ്ഞിട്ടില്ലെന്നത് ഇദ്ദേഹം നിഷ്പക്ഷനല്ലാത്ത വെറും നാലാം കിട കൂലിയെഴുത്തുകാരൻ ആണെന്നത് അടിവരയിട്ടു തെളിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക