Image

മലയാളമണ്ണ് (കവിതാ സമാഹാരം -നിരണം കരുണാകരൻ മുംബൈ, ആസ്വാദനം- തൊടുപുഴ കെ ശങ്കർ മുംബൈ) 

Published on 02 July, 2023
മലയാളമണ്ണ് (കവിതാ സമാഹാരം -നിരണം കരുണാകരൻ മുംബൈ, ആസ്വാദനം- തൊടുപുഴ കെ ശങ്കർ മുംബൈ) 

ആമുഖം:
           
അനവദ്യസുന്ദരങ്ങളായ കാവ്യമാലികകൾ ചാർത്തി, കൈരളിയെ അനവരതം ധന്യയാക്കിയ മഹാകവികളുടെ ജന്മം കൊണ്ട് വിശ്രുതമായ മലയാള മണ്ണിൽ പിറന്ന ഭാഗ്യശാലികളാണ് നാമെല്ലാം. കവിതയെഴുതുക എന്ന സർഗ്ഗാത്മകത നൈസർഗ്ഗികമായ ഒരു സദ്‌ഗുണമാണ്. അനശ്വര കാവ്യങ്ങളിലൂടെ അനുവാചക ഹൃദയങ്ങളിൽ  അവാച്യമായ അനുഭൂതികൾ  പകർന്നു ചിരപ്രതിഷ്ഠ നേടിയ എത്രയോ കവിശ്രേഷ്ഠന്മാർ ഇന്നും നമ്മുടെ മലയാളമണ്ണിലുണ്ടല്ലോ. പുറത്തും വിരളമല്ല. ഇന്നും  ഛന്ദോബദ്ധമായ  കവിതകളെഴുതുന്ന അപൂർവ്വം കവികളിലൊരാളെന്ന   ബഹുമതിയ്‌ക്കൊപ്പം, ((അവതാരിക ശ്രീ ചുനക്കര രാമൻ കുട്ടി) കാവ്യലോകത്തിലേക്കു പുസ്തക രൂപത്തിലാക്കിയ “മലയാളമണ്ണ്” എന്ന പ്രഥമ കവിതാസമാഹാരവുമായി, നമ്മുടെ സമക്ഷം സമാഗതനായ ശ്രീ നിരണം കരുണാകരനെ ഹർഷാരവത്തോടെ, കരഘോഷത്തോടെ നമുക്ക് സ്വാഗതം ചെയ്യാം!

കവിയും കവിതകളും:
   
കേരളത്തിലെ നിരണം (തിരുവല്ലാ) സ്വദേശിയായ ശ്രീ കരുണാകരൻ കാവ്യലോകത്തിനോ, കവികൾക്കോ, കാവ്യാസ്വാദകർക്കോ അഥവാ, കവിതാ പ്രേമികൾക്കോ അപരിചിതനല്ല, നവാഗതനുമല്ല. മുംബയിലെ പല മാദ്ധ്യമങ്ങളിലും അദ്ദേഹത്തിന്റെ അർത്ഥസമ്പുഷ്ടമായ, സന്ദേശ വാഹികളായ, ഹൃദയഹാരികളായ കവിതകൾ സമയാസമയങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എത്രയോ സംവത്സരങ്ങളായി നിരന്തരം ഭക്തി പൂർവ്വം സരസ്വതീ സപര്യ ഒരു വൃതമായി അനുഷ്ഠിച്ചു വരുന്ന വിനയാന്വിതനായ ഒരു കവി. ഇദ്ദേഹത്തെ അറിയാത്ത അക്ഷരസ്നേഹികൾ മുംബയിലോ, കേരളത്തിലോ, അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്കിടയിലോ ഇല്ല. 

 മലയാളം ഐച്ഛിക വിഷയമായെടുത്തു ബിരുദം നേടിയിട്ടുള്ള തിരുവല്ലാ സ്വദേശിയായ ശ്രീ നിരണം കരുണാകരന് മനോഹരമായ പദങ്ങൾ കോർത്ത് ഹൃദയത്തിൽ തങ്ങുന്ന കാവ്യമാലികകൾ വിരചിക്കുകയെന്നത് അനായാസമായ കാര്യം മാത്രം. എനിക്കു മാത്രമല്ല, ആർക്കും മലയാള ഭാഷയിൽ ഉണ്ടാകുന്ന സഹജമായ എന്ത് സംശയമുദിച്ചാലും അനായാസേന ഉടനെ  പോക്കിത്തരുവാൻ തക്ക കഴിവുള്ള വിവേകശാലികളിൽ ഒരാൾ മുംബയിൽ ശ്രീ നിരണം കരുണാകരൻ എന്നു  പറയുന്നതിൽ എനിക്കു സങ്കോചമില്ല. 
ശ്രീ നിരണം കരുണാകരന്റെ, ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കരമാണ് ഈ സമീപകാലത്തു പ്രകാശനം ചെയ്യപ്പെട്ട, പ്രഥമ കവിതാ സമാഹാരമായ "മലയാളമണ്ണ്". കുളിരു പാകുന്ന മലയാള മണ്ണിന്റെ പവിത്രമായ സുഗന്ധം ഈ കവിതാ സമാഹാരത്തിലുടനീളം അനുഭവിക്കുവാനാകും. ഇരുപത്തി രണ്ടു കവിതകളടങ്ങിയ ഈ സമാഹാരത്തിലെ ഓരോ കവിതയും വായിക്കുമ്പോൾ, കണ്ണുകൾ നാമറിയാതെ തന്നെ, സ്വമേധയാ അടുത്ത കവിതയിലേക്ക് തെന്നിപ്പോകുന്നു. വായനാക്ഷമതയെ നൂറു ശതമാനം സുദൃഡമാക്കുന്ന കാവ്യകുസുമങ്ങൾ! ഒരു പൂവിൽ നിന്നും മറ്റൊരു പൂവിലേക്കു മധു തേടിയലയുന്ന ഒരു ചിത്രശലഭത്തെപ്പോലെ, അനുവാചകൻ ജിജ്ഞാസുവായി മാറി സ്വയം മറന്നു അഭിരമിക്കുന്നു, അനുഭവിക്കുന്നു. 

"പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരസഞ്ചയങ്ങളാണ് കവിത" എന്നു ആംഗല കവിശ്രേഷ്ഠനായ വില്യം വേർഡ്‌സ് വൊർത്ത്, നിർവ്വചിച്ചിരിക്കുന്നു. ഈ നിർവ്വചനത്തെ അനുസ്മരിപ്പിക്കുകയും അന്വർത്ഥമാക്കുകയും ചെയ്യുന്നു ഗതകാല സ്മരണകളുടെ പ്രതീകങ്ങളായ ഈ കവിതകൾ. അന്നത്തെ പൊന്നോണവും, വിഷുപ്പുലരിയും, പമ്പാ തീര വർണ്ണനയും അൽപ്പാൽപ്പമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണസൗന്ദര്യവും, കടൽക്ഷോഭവും, ഒരു അഭിസാരികയെപ്പോലെയെത്തുന്ന നിശീഥിനിയും, നമ്മുടെ അനശ്വര കവിയായ വയലാറും, അക്രമാസക്തമായ ഈ കാലഘട്ടത്തിലും"സ്നേഹിപ്പൂ നിന്നെ ഞാൻ" എന്ന സന്ദേശവുമായി എത്തുന്ന ക്രിസ്തുമസും, ആദ്യസന്തതിക്കു സ്തന്യാമൃതം നിഷേധിച്ച കുന്തി ദേവിയെയും, മേനകയെയും അനുസ്മരിപ്പിക്കുന്ന നിർദ്ദയ മാതാക്കളെക്കുറിച്ചുള്ള വിവരണവും, വിശ്വ മാനവസ്നേഹഗായകനാകാനുള്ള  ഒരു കവിയുടെ അഭിനിവേശവും, തെരുവിലെ നിരാലംബരോടുള്ള അനുകമ്പയും, മണ്മറഞ്ഞ മാനവ സാഹോദര്യത്തിന്റെ പേരിൽ മഹാബലിയോടുള്ള നിർവ്യാജമായ ക്ഷമാപണവും, ഭാരതാംബയോടുള്ള ഭക്തിയും, ശ്രേഷ്ഠ ഭാഷയായ മലയാളഭാഷയോടുള്ള മലയാളിയുടെ നിർദ്ദാക്ഷിണ്യമായ  അവഗണനയും ഈ കാവ്യസരിത്തിലെ കല്ലോലമാലകളിൽ നുരഞ്ഞു തുളുമ്പി നിൽക്കുന്നതായി കാണാം. 

മേൽപ്പറഞ്ഞ സവിശേഷതകളെ ന്യായീകരിക്കുവാൻ ഈ കവിതാ സമാഹാരത്തിലെ ചില കവിതകളിൽ നിന്നുമുള്ള വരികൾ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു:
കുണുങ്ങിക്കുണുങ്ങിയുൽസുകരായ്ത്താളം തുള്ളും 
മണിത്തേനരുവികളൊഴുകുന്നു ഹാ! മന്ദം! 
ഇനി "ആരണ്യത്തിലെ കൽപ്രതിമയിൽ" എന്ന കവിതയിൽ നിന്നും പ്രകൃതി സൗന്ദര്യത്തെ വർണ്ണിക്കുന്ന മനോഹരമായ വരികൾ.!

എങ്കിലും മലയാളം! നിന്നുടെ സൗന്ദര്യത്തിൻ 
പങ്കജപ്പൂക്കൾ വാടിക്കരിയുന്നുവോ കഷ്ടം!
"മലയാളമണ്ണ്" എന്ന ശീർഷക കാവ്യത്തിലെ മേലുദ്ധരിച്ച വരികൾ മലയാളത്തിനു ക്ഷതം സംഭവിക്കുന്നുവോ? എന്നു കവി ആശങ്കാ ഭരിതനാകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം!

മാതൃഭുവിന്റെ കൈവെട്ടി മുറിച്ചു 
മാതൃ ഭാഷയ്ക്കു ശവക്കുഴി തോണ്ടി, 
നല്ല നെൽപ്പാടങ്ങളൊക്കെയും മൂടി 
കല്ലുകൾ പാകി ബലിത്തറ തീർത്തു!

പ്രകൃതീ ദേവിയുടെ അനുഗ്രഹം നിറഞ്ഞു തുളുമ്പുന്ന ഗ്രാമീണ സൗന്ദര്യത്തിനു ഭീഷണിയായി മാറുന്ന ആധുനികത മൂലം വരുന്ന മാറ്റങ്ങളോട് കവിയുടെ ശക്തമായ അമർഷം പ്രകടിതമാകുന്ന "മൗനനൊമ്പരം" എന്ന കവിതയിലെ ചിന്തിപ്പിക്കുന്ന വരികൾ!
 സത്യമാം പതിനെട്ടു പൂവണിപ്പടികളിൽ 
 നിത്യവും പ്രശോഭിപ്പൂ, ശ്രേഷ്ഠമാം പുരാണങ്ങൾ!
പതിനെട്ടു പടികൾ ചവുട്ടിക്കയറുന്ന അയ്യപ്പ ഭക്തന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ്, ആ പടികൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? എന്ന്. 
"പമ്പാ സ്നാനം" എന്ന കവിതയിലെ മേലുദ്ധരിച്ച വരികളിൽ പറഞ്ഞിരിക്കുന്ന പതിനെട്ടു പടികളുടെ മാഹാത്മ്യവും പ്രാധാന്യവും ചുവടെ കുറിക്കുന്നു:
ആദ്യത്തെ അഞ്ചു പടികൾ- പഞ്ചേന്ദ്രിയങ്ങൾ 
                                               കണ്ണ്, കാത്, മൂക്ക്, നാക്ക്,,ത്വക്ക് 
                                               ശബ്ദ സ്പർശ രൂപ രസ ഗന്ധ -തന്മാത്രകൾ
അടുത്ത എട്ടു പടികൾ- അഷ്ടരാഗങ്ങൾ 
                                              കാമം, ക്രോധം , ലോഭം, മോഹം, മദം, മാത്സര്യം 
                                               അഹങ്കാരം, ഈർഷ്യ
അടുത്ത മൂന്നു പടികൾ- ത്രിഗുണങ്ങൾ 
                                                സത്ത്വ ഗുണം, രജോഗുണം , തമോഗുണം 
                                                ഈശ്വരന് മാത്രം ഇത് ബാധകമല്ല 
                                                അതാണ് നിർഗ്ഗുണൻ എന്ന് പറയുന്നത്
അടുത്ത രണ്ടു പടികൾ- വിദ്യ, അവിദ്യ 
                                               വിദ്യ=ആത്മജ്ഞാനം, ശാസ്ത്ര പഠനത്തിലൂടെ 
                                               യുള്ള അറിവു്
                                               അവിദ്യ=ആത്മജ്ഞാന ശൂന്യത, അജ്ഞാനം, 
                                               പ്രത്യേകിച്ചും പരമാത്മാവിനെ-പരബ്രഹ്മത്തെ-
                                               പറ്റിയുള്ള പരിജ്ഞാനമില്ലായ്മ 
ജന്മഭൂമിയാണെനിക്കമ്മയാണെൻ ഭാരതം 
കന്മഷമകറ്റു ന്നൊരാദ്ധ്യാത്മ വിദ്യാലയം!
മാതൃഭൂമിയോടുള്ള ഭക്തി വിളിച്ചോതുന്ന ഈ ഈരടികൾ 'ജന്മ ഭൂമി'
എന്ന കവിതയ്ക്കു കനക മകുടമായി പ്രശോഭിക്കുന്നു. 

മാബലീ, ക്ഷമിച്ചാലും! ഞങ്ങടെ പുരാതന 
മാനവ സാഹോദര്യം മണ്ണടിഞ്ഞമർന്നേ പോയ്!

മണ്ണടിഞ്ഞമർന്നുപോയ മാനവ സാഹോദര്യത്തെച്ചൊല്ലി, കവി നമുക്കായി മഹാബലിയോട് മനമുരുകി മാപ്പുയാചിക്കുന്ന ഈ വരികൾ, 'മാവേലി മഹാരാജൻ' എന്ന കവിതയിലെ ശ്രദ്ധേയമായ വരികളായി പരിലസിക്കുന്നു. 

പാടുവാൻ കൊതിപ്പൂ ഞാൻ വിശ്വമാനവ സ്നേഹ-
പാനകളൊരുദിന മെത്തുമെന്നാശിച്ചോട്ടെ!
മാനവസ്നേഹഗായകനാകാനുള്ള കവിയുടെ അഭിലാഷം' ഗായകൻ' എന്ന കവിതയിലെ ഈ വരികളിൽ മുറ്റി നിൽക്കുന്നു. 
ദിവംഗതരായ മാതാപിതാക്കൾക്ക് ഭക്തി പുരസ്സരം സമർപ്പിക്കുന്ന കവിതകൾ വായിച്ചപ്പോൾ, കാലം മാറിയാലും പാരമ്പര്യ രീതിയിൽത്തന്നെ  ഗൗനത്തോടെ കവനം ചെയ്ത അപൂർവ്വമായ കുറെ കവിതകൾ വായിച്ചു എന്ന ചാരിതാർത്ഥ്യം അനുഭവപ്പെട്ടു. 'ഇതുപോലെ വായനാ സുഖം പകരുന്ന കാവ്യശകലങ്ങൾ ഇനിയും അദ്ദേഹത്തിൻറെ അനുഗ്രഹീത തൂലികയിൽ നിന്നും നിരന്തരം ഉതിരട്ടെ'യെന്നു നമുക്ക് ആശംസിക്കാം! 

 ഒരു നല്ല കവിതാ സമാഹാരം പ്രകാശനം ചെയ്തെന്നു ശ്രി നിരണം കരുണാകരന്  അഭിമാനിക്കാം! 


 ഉപസംഹാരം: 
ശ്രീ നിരണം കരുണാകരൻ ഒരു കവി മാത്രമല്ല, പ്രത്യുത, ഒരു നല്ല കഥാകൃത്തും, ലേഖകനും കൂടിയാണെന്നുള്ള വസ്തുതയും മുംബൈ മലയാളികൾക്കറിയാം. അദ്ദേഹത്തിന്റെ കവിതകൾ പോലെ ധാരാളം ചെറു കഥകളും, ലേഖനങ്ങളും പല മാദ്ധ്യമങ്ങളിലും, ആനുകാലികങ്ങളിലും, സമയാസമയങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നുള്ള വസ്തുതയും മുംബൈ മലയാളികൾക്ക് അറിയാവുന്നതു തന്നെ. 

അതുപോലെ, മട്ടുംഗയിലെ   കേരള സമാജത്തിൽ   കൂടെക്കൂടെ നടക്കുന്ന കാവ്യ, സാഹിത്യ ചർച്ചകളിലും, ഉപന്യാസ അവതരണത്തിലും ശ്രീ കരുണാകരൻ സജീവമായി പങ്കുകൊള്ളാറുണ്ട്. അടുത്ത കാലത്തു സാഹിത്യവേദിയിൽ  നടന്ന പ്രതിമാസ ചർച്ചയിൽ ശ്രീ കരുണാകരൻ, "വയലാർ മരണമില്ലാത്ത കവി" എന്ന പ്രബന്ധം സാഹിത്യപ്രേമികളുടെ നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുകയുണ്ടായി.

ഇത് കൂടാതെ , മുംബയിൽ പലയിടത്തും നടക്കാറുള്ള പുസ്തക പ്രകാശന ചടങ്ങുകളിലും മറ്റും അദ്ദേഹം പ്രസംഗിക്കാറുമുണ്ട്. മൊത്തത്തിൽ, വളരെ താൽപ്പര്യത്തോടെ തന്റെ കാവ്യ സപര്യയും സാഹിത്യ സേവനവും തോളോട് തോൾ ചേർത്ത് കണ്ണിലെ കൃഷ്ണമണി പോലെ ഉത്സാഹപൂർവ്വം കൊണ്ടു നടക്കുന്നു. 
രണ്ടു കവിതാ സമാഹാരങ്ങളും, 'സ്മൃതി പഥങ്ങളിലൂടെ' എന്ന നഗരാനുഭവങ്ങളും',  'മയിൽ‌പ്പീലി'  എന്ന ബാലകഥാസമാഹാരവും,  പണിപ്പുരയിലാണെന്നും, സമീപഭാവിയിൽ പുറത്തിറക്കാനുള്ള ഉദ്ദേശമുണ്ടെന്നും അറിയുന്നു. 

സാഹിത്യത്തിലും ആത്മീയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഗൃഹ ജീവിതം നയിക്കുന്ന സമാധാന കാംക്ഷിയായ ശ്രീ നിരണം കരുണാകരനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ ശ്രേയസ്സും, ആയുരാരോഗ്യ സൗഖ്യങ്ങളും, ദൈവം അരുളി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കാം, ആശംസിക്കാം!
അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ നന്മകളും സാഹിത്യ സപര്യക്കു മംഗളങ്ങളും ഒരിക്കൽ കൂടി  ആശംസിച്ചുകൊണ്ട്, ഈ എളിയ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു. നന്ദി!നമസ്കാരം! 
\

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക