Image

യുവ 2023' യുവജന സംഗമത്തിന് രമ്യ ഹരിദാസ് മുഖ്യാതിഥിയാകും

Published on 20 June, 2023
 യുവ 2023' യുവജന സംഗമത്തിന് രമ്യ ഹരിദാസ് മുഖ്യാതിഥിയാകും

ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'യുവ 2023' യുവജന സംഗമത്തില്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് മുഖ്യാതിഥിയാകും.

യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ മാസം 24ന് ക്രോയ്ഡനില്‍ വച്ച് നടത്തുന്ന 'യുവ 2023'ല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ച് വരുന്നതായി ഐഒസി യുകെ ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന യുവജന സംഗമ പരിപാടികള്‍ ഏഴിന് സമാപിക്കും. സംഗമത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(യുകെ) കേരള ചാപ്റ്റര്‍ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും യുവജനങ്ങളെ കോര്‍ത്തിണക്കി വിവിധ കര്‍മപദ്ധതികള്‍ക്കുള്ള തുടക്കം കുറിക്കുകയും ചെയ്യുമെന്ന് ഐഒസി യുകെ ഭാരവാഹികള്‍ അറിയിച്ചു.

എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍ അടക്കം വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കുചേരും. സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ചടങ്ങില്‍ ആദരിക്കും. കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യ ദിനം തന്നെ യുവജനങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക മണ്ഡലത്തിലെ യൂത്ത് ഐക്കണും എംപിയുമായ രമ്യ ഹരിദാസിന്റെ സാന്നിധ്യവും യുവജനങ്ങള്‍ക്ക് തങ്ങളുടേതായ പ്ലാറ്റ്ഫോം ലഭിക്കുന്നതിലുള്ള ആവേശവും രജിസ്ട്രേഷനില്‍ നിഴലിച്ച് കാണുന്നതായി സംഘാടകര്‍ അറിയിച്ചു.

അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക