Image

ലോക കേരള സഭാ സമ്മേളനം: മുഖ്യമന്ത്രി പറഞ്ഞതും, ചില യഥാര്‍ത്ഥ്യങ്ങളും (ഷോളി കുമ്പിളുവേലി)

Published on 18 June, 2023
ലോക കേരള സഭാ സമ്മേളനം: മുഖ്യമന്ത്രി പറഞ്ഞതും, ചില യഥാര്‍ത്ഥ്യങ്ങളും (ഷോളി കുമ്പിളുവേലി)

ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ജയ-പരാജയങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ 'ലോക മലയാളികള്‍' ഏറ്റെടുത്തിരിക്കുകയാണല്ലോ! വിമര്‍ശിക്കുന്നവര്‍ക്ക് അനാവശ്യ ധൂര്‍ത്ത് മുതല്‍ 'പാട്ട'ക്കസേര വരെ ആയുധമാകുമ്പോള്‍, അനുകൂലിക്കുന്നവർ   മുതലാളിത്വ രാജ്യത്തില്‍ കമ്യൂണിസ്റ്റ് മുഖ്യന്റെ 'കടന്നുകയറ്റം' എന്നുവരെ പ്രഘോഷിക്കുന്നു. 

ഞാനിവിടെ പ്രതിപാദിക്കുവാന്‍ ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി ലോക കേരള സഭാ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞ 'കേരള വികസന മാതൃക'യെപ്പറ്റിയാണ്. 2016-നു ശേഷം കേരളത്തില്‍ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുവെന്നും, കേരളം ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയെന്നും, വിദേശ മലയാളികള്‍ക്ക് വിശ്വസിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപപ്പെടുത്തിയെന്നും സ്ഥാപിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്! 2016 നു മുമ്പ് ഇതായിരുന്നില്ല അവസ്ഥ എന്ന് ഉദാഹരണ സഹിതം മുഖ്യമന്ത്രി വിശദീകരിച്ചു. 2016-ന് മുമ്പ് ഇതായിരുന്നില്ല അവസ്ഥ എന്ന് ഉദാഹരണ സഹിതം മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹം അതിനായി ഉദാഹരിച്ചത്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കാതെ പോയ ഒരുപിടി പദ്ധതികളെയാണ്. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുത ലൈന്‍, നാഷണല്‍ ഹൈവേ സ്ഥലം ഏറ്റെടുക്കല്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ തുടങ്ങി വിവിധ പദ്ധതികളെപ്പറ്റിയും, കൂടാതെ അക്കാലത്ത് നടന്ന അഴിമതികളെപ്പറ്റിയും വിശദമായി തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചു. അദ്ദേഹം പറഞ്ഞത് ഒരു പരിധിവരെ ശരിയുമാണ്. എന്നാല്‍ അതിന് മറ്റൊരു വശംകൂടിയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.!!

മുഖ്യമന്ത്രി ഇതൊക്കെ പറഞ്ഞ് 'കത്തിക്കയറി'യപ്പോള്‍, എന്റെ അടുത്തിരുന്ന ഒരു സുഹൃത്ത് പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു. 'അന്ന് ഇതിനെയൊക്കെ എതിര്‍ത്തതും നിങ്ങള്‍ തന്നെയല്ലേ'! അവിടെയുണ്ടായിരുന്ന പലരുടേയും മനസില്‍ തോന്നിയ ചോദ്യം തന്നെയായിരുന്നു ആ ആത്മഗതം.

ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ ഭൂമിക്കടയില്‍ 'ബോംബാ'ണെന്നു പറഞ്ഞ് നാട്ടുകാരെ ഇളക്കിയത് അന്നത്തെ പ്രതിപക്ഷമാണ്. പ്രത്യേകിച്ച് സി.പി.എം! കൂടാതെ കൊച്ചി മെട്രോ തുടങ്ങിയപ്പോള്‍ സമരവുമായി ഇറങ്ങിയതും ഇവര്‍ തന്നെയല്ലേ? അന്ന് അതിന് നേതൃത്വം കൊടുത്തയാള്‍ ഇന്ന് മന്ത്രിയാണ്. ! കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയപ്പോഴും എതിര്‍പ്പുമായി മുന്നില്‍ നിന്നതും ഇടതുപക്ഷം തന്നെയാണ്. എന്‍.എച്ചിന്റെ സ്ഥലമെടുപ്പിനും, എക്‌സ്പ്രസ് ഹൈവേയ്ക്കും തടസ്സങ്ങള്‍ സൃഷ്ടിച്ചതും അന്നത്തെ പ്രതിപക്ഷം തന്നെ. അപ്പോള്‍ അന്ന് മുടങ്ങിപ്പോയ, അല്ലെങ്കില്‍ പൂര്‍ത്തിയാക്കാതെ പോയ പദ്ധതികളെ അക്കാലത്ത് സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളുതന്നെ വിമര്‍ശിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? അമേരിക്കയിലെ പ്രസിദ്ധമായ ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റല്‍, മൂന്നാറില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച ലോകോത്തര കാന്‍സര്‍ സെന്ററിന് തുരങ്കംവച്ചതും സി.പി.എം തന്നെയല്ലേ? അന്ന് അത് വന്നിരുന്നുവെങ്കില്‍ കേരളത്തിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ തേടി ഇപ്പോള്‍ അമേരിക്കയിലേക്ക് പോകേണ്ടിവരില്ലായിരുന്നു. 

ലോക ബാങ്കിന്റേയും, എ.ഡി.ബിയുടേയും ഓഫീസുകള്‍ക്ക് കരി ഓയില്‍ ഒഴിച്ചതും, വണ്ടി കത്തിച്ചതുമൊക്കെ മലയാളികള്‍ മറക്കാന്‍ സമയമായിട്ടില്ല. ഇന്ന് അതേ ലോക ബാങ്കിന്റെ വാഷിംഗ്ടണിലുള്ള കാര്യാലയം മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും, 1200 കോടി കടം ഒപ്പിച്ചെടുക്കുകയും ചെയ്തത് 'കാലം കരുതിവച്ച കാവ്യനീതി'യായി. !

അടുത്ത സര്‍ക്കാര്‍ ഇടതുപക്ഷം അല്ലെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രി കാണിക്കുന്ന ഈ ആര്‍ജവം വികസന കാര്യങ്ങളില്‍ അന്ന് കാണിക്കുമോ?
അത് കാത്തിരുന്ന് കാണേണ്ടതാണ്. 

അടിക്കുറിപ്പ്:

2016-നു മുമ്പ് കേരളത്തില്‍ ഒന്നും നടക്കില്ലായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത്, ഉമ്മന്‍ചാണ്ടിയെ മാത്രം ലക്ഷ്യംവച്ചുകൊണ്ടാണോ, അതോ വി.എസ് അച്യുതാനന്ദനെക്കൂടി ഉദ്ദേശിച്ചാണോ?

#lokakeralasabha

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക