Image

വഴി (ഫൈസൽ മാറഞ്ചേരി)

Published on 20 February, 2023
വഴി (ഫൈസൽ മാറഞ്ചേരി)

ഇടതൂർന്ന കാടിനുള്ളിലും
ഒരു വഴി കാണാം
ഇടനെഞ്ചിൽ ഒരിത്തിരി
ഇടംകിട്ടാൻ
വഴിതേടുന്നു പ്രണയം

പലരും നടന്നാണ് നാട്ടിൽ
ഒരു വഴി ഉടലെടുക്കുന്നത്
ഒരു വഴിയും കാണാതെ മരണത്തിലേക്ക് വഴി വെട്ടിയവരെയും നമുക്ക് ചുറ്റും കാണാം

വഴി തേടുന്നവരെ പെരുവഴിയിലാക്കി
മുങ്ങുന്നവരും കുറവല്ല
വഴി തുറന്നു കൊടുത്തവരെ ഒരു വഴിക്കാക്കിയവരും കുറവല്ല

എന്തെങ്കിലും ചോദിച്ചാൽ വഴിയേ പറയാം എന്ന് പറഞ്ഞവരെ പിന്നെ ആ വഴിക്കേ  കണ്ടെന്നു വരില്ല

പലർക്കും വേണ്ടി ചൂട്ടും മിന്നിച്ചു മുന്നിൽ  നടന്നവരെ പാതി വഴിയിൽ 'വഴിയാധാരം' ആക്കിയവരെയും  നമുക്കറിയാം

ഞാനാണ് വഴി ഞാൻ തന്നെ വാഹനവും എന്ന് കരുതുന്നവരെ കണ്ടാൽ വഴി മാറി നടക്കണം

കുഴപ്പം പിടിച്ച കണക്കുകൾ പെട്ടെന്ന് കുരുക്കഴിക്കാൻ കുറുക്കുവഴികൾ പഠിപ്പിച്ചവരെ
നമുക്കൊന്ന് സ്മരിക്കാം

എന്നാലും നമ്മോട് വന്ന വഴി മറക്കരുത് എന്ന് പറയുന്നവരെ സ്വകാര്യമായി നമുക്ക് വിസ്മരിക്കാം

_______________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക