Image

അടിപൊളി സിനിമകളും, അവയുണർത്തുന്ന സാമൂഹ്യ പ്രശ്നങ്ങളും (ലേഖനം: ജയൻ വർഗീസ്)

Published on 08 December, 2021
അടിപൊളി സിനിമകളും,  അവയുണർത്തുന്ന സാമൂഹ്യ പ്രശ്നങ്ങളും (ലേഖനം: ജയൻ വർഗീസ്)
ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കഴിഞ്ഞ നൂറ്റാണ്ട് മനുഷ്യ രാശിക്ക് വേണ്ടിതുറന്നിട്ട വലിയ വാതായനമാണ് സിനിമ. മനുഷ്യ വേദനകളും, ആത്‌മ സംഘർഷങ്ങളും, സ്വപ്നങ്ങളും, അഭിവാഞ്ചകളും അനായാസം പങ്കു വയ്‌ക്കുന്നതിന് ഈ മാധ്യമം വളരെയേറെ സഹായകമായി. ലോകത്താകമാനമുള്ള സിനിമാ പ്രവർത്തകർ തങ്ങളുടെ ജനതകൾക്കു വേണ്ടി അണിയിച്ചൊരുക്കിയഅഭ്രകാവ്യങ്ങൾ സാംസ്‌കാരികവും, സാമൂഹ്യവുമായ തലങ്ങളിൽ പുത്തൻ മാനങ്ങൾ തൊട്ടറിയുന്നതിന് ആജനതകളെ സഹായിച്ചിട്ടുണ്ട്. മനുഷ്യ പുരോഗതിയുടെ വമ്പൻ സാധ്യതകളും, വിശ്വ മാനവീകതയുടെ വിശാലവാതായനങ്ങളും സിനിമ നമുക്ക് മുന്നിൽ തുറന്നിട്ടു. ഉള്ളം കൈയിലെ നെല്ലിക്കയായി ലോകത്തെ താൻമാറ്റിയെടുത്തു എന്ന മനുഷ്യന്റെ അവകാശ വാദത്തിന് ഏറ്റവും സഹായകമായ ഘടകങ്ങളിലൊന്ന്സിനിമയായിരുന്നു എന്ന് ഹൃദയ പൂർവം സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യൻ സിനിമയുടെ ചരിത്ര പരിശോധനക്ക് ഇവിടെ പ്രസക്തിയില്ല. അന്ധവിശ്വാസപരവും, അബദ്ധജടിലവുമായ സങ്കൽപ്പങ്ങളിൽ കാലൂന്നി നിന്ന ഇന്ത്യൻ സാമൂഹ്യാവസ്ഥയെ പടിഞ്ഞാറൻ ജീവിതരീതിയുടെ പടിവാതിൽക്കൽ വരെ വലിച്ചിഴച്ചു കൊണ്ടുവന്നതിൽ സിനിമ വഹിച്ച പങ്ക് വളരെ വലുതാണ്. ഈവലിച്ചിഴക്കൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾക്ക് വഴിമരുന്നിട്ടു എന്നതിനൊപ്പം തന്നെ, ഇന്ത്യൻ ധർമ്മികതയുടെമിനുത്ത തൊലിപ്പുറത്ത് അതേൽപ്പിച്ച പോറലുകളും, കീറലുകളും നിക്ഷ്പക്ഷമതികൾക്കു കണ്ടില്ലെന്ന്നടിക്കാനുമാവില്ല.? ഇതിൽ നിന്നുള്ള ചോരപ്പാടുകളെ അവഗണിച്ചു കൊണ്ട്, ഭരണ കൂടങ്ങളും, വാർത്താമാധ്യമങ്ങളും ഇതിനെ പുരോഗതി എന്ന് വിളിച്ചാദരിക്കുന്നു. ഭാരതീയ ദർശനങ്ങളെയും, സാംസ്കാരികസമ്പന്നതകളെയും കുറിച്ച് ആഴത്തിൽ അറിവില്ലാത്ത ഏതൊരാൾക്കും ഇത് പുരോഗതിയായി അനുഭവപ്പെടാം. ഇത്തരക്കാരുടെ മൃഗീയ ഭൂരിപക്ഷം നയിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ഇതിനെതിരെയുള്ള ഏതൊരുവാദഗതിയെയും ജനം പുച്ഛിച്ചു തള്ളുമെങ്കിലും, സ്വർണ്ണത്തളികക്കടിയിലെ സത്യത്തെ തുറന്നു വിടാനുമുള്ളവ്യഗ്രതയോടെ നാം ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്.

ഒരു ജനതയുടെ സാംസ്കാരികവും, സാമൂഹികവും, സന്മാർഗ്ഗികവും, സാമ്പത്തികവുമായ സാധ്യതകളെഉദ്ധീപിപ്പിക്കുന്നതിനുള്ള ഊർജ്ജം ഓരോ കലാരൂപവും പുറത്തേക്കു പ്രസരിപ്പിക്കുക തന്നെ വേണം. ഇതിനെനമുക്ക് ' സർഗാത്മക റവന്യൂ ' എന്ന് വിളിക്കാം. സർഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്ന ഏവരും ഈറവന്യൂവിന്റെ ഉൽപ്പാദകരായിരിക്കേണ്ടതുണ്ട്. ഈ റവന്യൂ ഉൾക്കൊണ്ട് വളർച്ച പ്രാപിക്കുന്ന ഒരു സമൂഹം, വ്യക്തിസമൂഹത്തിനും, സമൂഹം വ്യക്തിക്കും എന്ന സമൂർത്തമായ സങ്കല്പം സാക്ഷാൽക്കരിക്കുന്നു!  ഇവിടെ മനുഷ്യവേദനകൾക്ക് സ്വാന്തനവും, അധർമ്മത്തിനെതിരെയുള്ള പോരാട്ടവും, ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്നമനുഷ്യാവസ്ഥയുടെ മാറ്റളവുകളും യാഥാർഥ്യമായിത്തീരുന്നു!

ഈ പുനർ വായനയിൽ ജനകീയ കലാരൂപമായ സിനിമ എവിടെ നിൽക്കുന്നുവെന്നതാണ് ചോദ്യം. ലോകത്താകമാനമുള്ള സിനിമാ പ്രവർത്തകർ തങ്ങളുടെ സിനിമകളെ ജന സാമാന്യത്തിന്റെ ഉൾത്തുടിപ്പുകളുടെഉറവളാക്കുമ്പോൾ നമ്മുടെ  സിനിമ അടിപൊളി ഭൂതത്തിന്റെ ആസനം താങ്ങികളായി അധഃപതിക്കുകയാണ്. - ഈ പരാമർശനത്തിനു വഴങ്ങാത്ത മനോഹര സിനിമകൾ ഉണ്ടായിട്ടുണ്ട്, അവയെ വെറുതെ വിടുന്നു.

മൂന്നാം ലോക രാഷ്ട്രങ്ങളിൽ ഈ അടിപൊളി ഭൂതത്തെ തുറന്നു വിട്ടതാവട്ടെ, പടിഞ്ഞാറൻ കച്ചവട തന്ത്രത്തിന്റെആസൂത്രിത അധിനിവേശവും. കഴിഞ്ഞ നൂറ്റാണ്ടുകളിൽ പായ്‌ക്കപ്പലുകളിൽ ലോകം ചുറ്റി കച്ചവടക്കവർച്ചനടത്തിയ പാശ്ചാത്യ ബുദ്ധിരാക്ഷസന്മാർ ലോകത്താകമാനം കോളനികൾ സ്ഥാപിച്ചത് നമുക്കറിയാം. മൂന്നാംലോക രാജ്യങ്ങളുടെ ധനവും, മാനവും, സാംസ്കാരിക സമ്പന്നതകളും അപഹരിച്ച ഈ കള്ള നാണയങ്ങളെഅധിനിവേശ ജനതകൾ തിരിച്ചറിയുകയും, തങ്ങളുടെ മണ്ണിൽ നിന്ന് അവരെ തുരത്തുകയും ചെയ്തതുംനമുക്കറിയാം.

തോക്കുകളും, ബോംബുകളും മാത്രമല്ലാ, മനസുകളെ മയക്കാനായി മതവും അവർ ഉപയോഗിച്ചുവെങ്കിലും, ഇതൊന്നും തങ്ങളുടെ ഇടയിൽ വിലപ്പോവുകയില്ലന്ന് ഈ ജനതകൾ തെളിയിച്ചു കൊടുത്തപ്പോൾ അവർക്കുപിന്മാറേണ്ടി വന്നുവെങ്കിലും, തങ്ങളുടെ തേനറകളെ പൂർണ്ണമായി ഉപേക്ഷിക്കുവാൻ  ആ പടിഞ്ഞാറൻകരടികൾക്ക് സാധിക്കുമായിരുന്നില്ല. അതിനായി വളരെ ബോധപൂർവം അവരാവിഷ്‌ക്കരിച്ച ബൗദ്ധികതന്ത്രമാണ്, ഇന്ന് മൂന്നാം ലോക രാഷ്ട്രങ്ങളുടെ ശാപമായി മാറിയിരിക്കുന്നതും, ' അടിപൊളി ' യെന്ന്മലയാളീകരിക്കപ്പെട്ടതുമായ ' എൻജോയ്‌ ദ ലൈഫ്. '

തിന്നുവാനും, കുടിക്കുവാനും, ആനന്ദിക്കുവാനുമുള്ള ഒരു അവതാരമാണ് മനുഷ്യ ജന്മം എന്നവർ ജനതകളെഉത്‌ബോധിപ്പിച്ചു. "ജീവിതം ആഘോഷമാക്കൂ " എന്ന പുതിയ മുദ്രാവാക്യം അവർ ജനസാമാന്യത്തിന് നൽകി. ഇതിനുള്ള ഭൗതിക സാഹചര്യങ്ങളും, ഉപകരണങ്ങളും മാർക്കറ്റ് ചെയ്യുക വഴി തങ്ങളുടെ അധിനിവേശഭൂമികളിൽ നിന്ന് അവർ മാന്യമായി ലാഭം കൊയ്യുന്നു.

( മുൻപ് അതി രഹസ്യമായി വിനിമയം നടത്തിയിരുന്ന ഈ ചരക്കുകൾ ലൈംഗിക അരാജകത്വത്തിൽ വട്ടു പിടിച്ചനമ്മുടെ ന്യൂജെൻ ജനതയുടെ അഭിനിവേശമാക്കി മാറ്റുന്നതിൽ വെള്ളിത്തിരയും, സ്വർണ്ണത്തിരയും വഹിച്ച പങ്ക്‌വളരെ വലുതായിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളായി അവശേഷിക്കുകയാണ്, കൊച്ചിയിൽഅതി ദാരുണമായി കൊല്ലപ്പെട്ട വർണ്ണക്കിളികളെപ്പോലുള്ള സുന്ദരിപ്പെൺകുട്ടികളുടെ ദുരന്തവും അതിനെചുറ്റിപ്പറ്റി പുറത്തേക്കു പ്രസരിക്കുന്ന ചീഞ്ഞു നാറിയ വാടയും. )

ശക്തമായ സാംസ്ക്കാരിക അടിത്തറകളില്ലാത്ത കൊച്ചു കൊച്ചു പൗരസ്ത്യ രാജ്യങ്ങൾ വളരെ വേഗം ഈചൂണ്ടയിൽ കുടുങ്ങിയെങ്കിലും, വേദേതിഹാസ കാലങ്ങളുടെ പൗരാണികർ ഗലികളിൽ വരെ നീണ്ടു നീണ്ടുകിടക്കുന്ന സാംസ്ക്കാരിക പാരമ്പര്യമുള്ള  ഭാരതത്തെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല.

അതുകൊണ്ടാവണം, ജനസാമാന്യത്തിന് ഏറ്റവുമടുത്ത  സമ്പർക്കമുള്ള  ദൃശ്യമാധ്യമ രംഗങ്ങളിൽ സാവധാനംഅവർ തങ്ങളുടെ വേരുകൾ ഉറപ്പിച്ചത്. പ്രായോഗിക തലത്തിൽ ഇതിന്റെ പരിണിത ഫലമായിട്ടായിരിക്കണം, ജീവിത യാഥാർഥ്യങ്ങളിൽ നിന്ന് വളരെ അകന്നു നിൽക്കുന്ന ഒരു സ്വപ്നക്കൂടാണ് ഇന്ന് ദൃശ്യ മാധ്യമങ്ങൾ!.

ഈ കൂട്ടിൽ പരുപരുത്ത ജീവിത യാഥാർഥ്യങ്ങളുടെ നഗ്ന വൈകൃതങ്ങളില്ല; സത്യസന്ധമായ ജീവിതവ്യാപാരങ്ങളുടെ പച്ചത്തുരുത്തുകളില്ല. പകരം, സുന്ദരന്മാരും, സുന്ദരികളും മേളിക്കുന്ന സ്വർഗ്ഗസമാനമായ ജീവിതവ്യാപാരങ്ങളേയുള്ളു!  സുഖ ലോലുപരായ തമ്പുരാക്കന്മാരും, തമ്പുരാട്ടിമാരും മരുവുന്നകൊട്ടാരക്കെട്ടുകളേയുള്ളു! മീശ പിരിച്ചു കാര്യം നേടുന്ന ഫ്യൂഡൽ പ്രഭുക്കന്മാരും, കവലച്ചട്ടമ്പികളായവല്യേട്ടന്മാരുമെയുള്ളു!?

ഇതിൽ കുടിവെള്ളമെടുക്കാൻ മൈലുകൾ താണ്ടുന്ന ഗ്രാമീണ സ്‌ത്രീകളില്ല. നക്ഷത്ര റിസോർട്ടുകളിൽ വിളയുന്നനേച്വർ ടൂറിസത്തിന്റെ ബാക്കി പത്രങ്ങളായി പിറന്നു വീഴുന്ന തന്തയില്ലാത്ത ആദിവാസികുട്ടികളില്ല? അടുത്തനേരത്തെ ആഹാരത്തിനുള്ള അന്വേഷണ വിഹ്വലതയിൽ, " കാലണ കിട്ടില്ല തെണ്ടിയാൽ രാത്രിയിൽ ; നാലണകിട്ടും കടക്കണ്ണനക്കിയാൽ " എന്ന് കേഴുന്ന കിളുന്തു പെണ്ണ് ആയിഷയില്ല. ( വയലാറിനെ സ്മരിക്കുക.)

മദ്യവും, സ്വർണ്ണവും നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ പെടുത്തി ജനത്തെ കൊള്ളയടിക്കുന്നകോർപ്പറേറ്റ് കച്ചവട മാഫിയയുടെ നക്കാപ്പിച്ച കൈപ്പറ്റുകവഴി അവരെ തള്ളിപ്പറയാനാവാതെ, അവർക്ക് വേണ്ടികുര ക്കുകയും, കടിക്കുകയും ചെയ്യുന്ന കാവൽ നായ്‌ക്കളായി സ്വയം തരം താഴുകയാണ് സിനിമയുൾപ്പടെയുള്ളവർത്തമാന ദൃശ്യ മാധ്യമങ്ങൾ?

' സിനിമാ നടികളുടെ സൗന്ദര്യവും, ശരീര ഭാഷയും, കാണാനെത്തുന്ന പുരുഷന്മാരുടെ ആസക്തിയെയാണ്തൃപ്തിപ്പെടുത്തുന്നത് ' എന്ന് ചാനലിൽ കയറിയിരുന്ന് വികട സരസ്വതി ഛർദ്ദിക്കുന്ന ഡാക്ടർശാരദക്കുട്ടിയേപ്പോലുള്ള ചലച്ചിത്ര നിരൂപകർക്ക്, ആസക്തിയുടെയും, ആസ്വാദനത്തിന്റെയും അർത്ഥവ്യത്യാസങ്ങൾ ഇനിയും മനസിലായിട്ടില്ലന്നുള്ളത് തികച്ചും പരിതാപകരം തന്നെ! അല്ലങ്കിൽ, ഇത്തരംനിരൂപകരുടെ കാഴ്ച്ചക്കണ്ണുകളിലൂടെ ആസ്വാദനം മറന്ന് ആസക്തിയെ പുണരുന്ന ആധുനിക ഭാരതത്തിന്റെ വീരനായകന്മാരായിരിക്കണം, അരുമക്കുഞ്ഞുങ്ങൾ മുതൽ അമ്മൂമ്മത്തള്ളമാർക്കു വരെ ബലാത്സംഗ ഭീഷണിയുടെമുൾമുന സമ്മാനിച്ചു കൊണ്ട് നമ്മുടെ സാമൂഹ്യാവസ്ഥയിൽ അടിച്ചു പൊളിച്ചു കൊണ്ടേയിരിക്കുന്നത്.?

ജന സാമാന്യത്തിന്റെ ചിന്താ ധാരകളിലേക്ക് സംവദിച്ചിറങ്ങാൻ കഴിവുള്ള ഈ മീഡിയകൾക്ക് ഒരു ജനതയെമാറ്റിമറിക്കാൻ കഴിവുണ്ട്; ഉണ്ടാവണം. ധാർമ്മികവും, സത്യസന്ധവുമായ ഒരടിത്തറയിൽ ഉറച്ചു നിന്ന് കൊണ്ട്വരുവാനുള്ള നാളെകളുടെ വിശാല സാധ്യതകളിലേക്ക് സ്വപ്നങ്ങളുടെ വർണ്ണ വല വീശിയെറിയുവാൻ മനുഷ്യന്സാധിക്കണം. അതിനവനെ പ്രാപ്തനാക്കാൻ ഉന്നത ചലച്ചിത്രങ്ങൾക്ക് സാധിക്കും. ദിശാവബോധവും, മനുഷ്യാവസ്ഥകളോട് ആന്തരിക പ്രതിബദ്ധതയുമുള്ള പ്രതിഭാ ശാലികൾക്ക് മാത്രമേ ഇത്തരം കലാവിസ്മയങ്ങൾ വിരിയിച്ചെടുക്കുവാനാകൂ !!

നമ്മുടെ സിനിമയിലെ വലിയ ആൾക്കൂട്ടത്തിൽ നിന്ന് ഇത്തരം പ്രതിഭാ ശാലികളെ കണ്ടെത്തുക വളരെ വിഷമം. നൂറു കണക്കിന് ചാപിള്ളകൾ പിറന്നു വീഴുന്ന മലയാള സിനിമയിൽ നിന്ന് ഓജസ്സുള്ള ഒരെണ്ണം? എന്തിന് ? അടുത്ത നേരത്തെ ആഹാരം ഉറപ്പില്ലാത്ത അനേകായിരങ്ങൾ അധിവസിക്കുന്ന അർദ്ധ പട്ടിണിക്കാരുടെ നാട്ടിൽനിന്ന് നൂറ്റിയന്പത് കോടി കവർന്നെടുത്ത പുലി മുരുകനും, ഇരുന്നൂറില്പരം കോടി അടിച്ചെടുത്തലൂസിഫറുമൊക്കെ എന്ത് തേങ്ങാക്കുലയൻ സന്ദേശമാണ് സമൂഹത്തിന് കൈമാറിയത് എന്നറിഞ്ഞാൽക്കൊള്ളാം? നിങ്ങൾ ഉത്തരം പറയുക ‘ തമസ്‌കാരിക ‘ നായകന്മാരെ?

കലാ- സാംസ്ക്കാരിക രംഗങ്ങളിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അനുഭവപ്പെടുന്ന ധാർമ്മികഅധഃപതനത്തിന്റെ ബാക്കിപത്രങ്ങളാണ് വിഷ്വൽ മീഡിയകൾ പുറത്തേക്ക് പ്രസരിപ്പിക്കുന്നത്. ഈ ധർമ്മച്യുതിസ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങി വഷളായ ഒരു ജനതയാണ് ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഇന്നുള്ളത്. വളരെക്കുറഞ്ഞ ഒരു കാലസന്ധിയിൽ വന്നു ചേർന്ന ഈ മാറ്റം സർവ നാശത്തിലേക്ക് ആടിപ്പാടി പറന്നെത്തുന്നഈയാം പാറ്റകളാക്കി ഒരു ജനതയെ മാറ്റിത്തീർക്കുമ്പോൾ അതിനു സഹായകമായ ഇൻസ്റ്റന്റ്‌ സുഖം വിൽക്കുന്നബീവറേജ് ഔട് ലറ്റുകളുമായി സർക്കാർ തന്നെ നാണം കെട്ട് മുന്നിൽ നിൽക്കുന്നു.

നനവെള്ളവും, സൂര്യപ്രകാശവും സമൃദ്ധമായ കന്നിമണ്ണ് തരിശിട്ടുകൊണ്ട് നമ്മുടെ യുവാക്കൾ ഓഫീസ്ശിപ്പായിമാരുടെ വൈറ്റ് കോളറിന് ക്യൂവിൽ നിൽക്കുന്നു. പത്തുരൂപ അദ്ധ്വാനിച്ചുണ്ടാക്കാൻ കഴിയാത്തവർപത്തൻപതിനായിരത്തിനും മേലുള്ള സെൽഫോണുകളിൽ അർമ്മാദിക്കുന്നു. മുക്കുവക്കുടിലിൽ നിന്ന്കെട്ടഴിഞ്ഞു പോയ പട്ടിയെപ്പോലെ പ്രലോഭനങ്ങളുടെ അയിലയും, ചാളയും മണത്ത് ഇന്ത്യൻ യുവത്വംഅലയുന്നു? ഒരൊറ്റ ലക്ഷ്യമേയുള്ളു ; ‘ ചൈനയെ കടത്തി വെട്ടി ഇന്ത്യയെ ഞങ്ങൾ ഒന്നാമത്തെത്തിക്കും. - ( ലജ്‌ജാകരമായി ) ജന സംഖ്യയുടെ എണ്ണത്തിൽ.

ലക്ഷ്യബോധവും, മുക്ത കാമനകളുമുള്ളവർ വളരെ കുറവ്. രാവിലെ നല്ല വേഷത്തിലിറങ്ങണം. സന്തതസഹചാരിയായ സെൽഫോണുമായി കുറെ രമിക്കണം. മേലനങ്ങാതെ കാശുണ്ടാക്കുന്നതിനുള്ള കുറെ വേലകൾഇറക്കണം. സമീപ മേഖലകളിൽ ട്രാഫികജാം സൃഷ്ടിച്ചുകൊണ്ട് സണ്ണി ലിയോണിനെപ്പോലുള്ള സെക്സ്ബോംബുകളുടെ ആരാധകപ്പടയിൽ അണിചേരണം. കൈയിൽകിട്ടിയതും, കടം വാങ്ങിയതും ചേർത്ത്  സക്കാർമദ്യം വാങ്ങിയടിച്ചു ഫിറ്റായി ഉറങ്ങണം? ഒരു ശരാശരി ന്യൂജെൻ മലയാളിയുടെ ഉൽപ്പാദന ക്ഷമമായ ഒരു ദിവസംഇങ്ങിനെ അവസാനിക്കുന്നു!?

ഈ പുത്തൻ ജീവിത രീതിയെ നമ്മൾ അടിപൊളി എന്ന് വിളിക്കുന്നു. ഈ അടിപൊളി സമൂഹത്തിന് സമ്മാനിച്ചഅരങ്ങിനു പിന്നിലെ വില്ലന്മാരാണ്  അടിപൊളി സിനിമകളും, അടിപൊളിയൻ ചാനലുകളും?

അവർ പടച്ചുവിട്ട സ്വപ്ന കാമുകന്മാരും, സ്വർഗ്ഗ സുന്ദരികളും തങ്ങളാണെന്ന് പൊതുസമൂഹം - പ്രത്യേകിച്ചുംയുവജനങ്ങൾ- ധരിച്ചു വശാകുന്നു. താരങ്ങളെ റോൾമോഡലുകളാക്കി മനസ്സിൽ കെട്ടിപ്പൊക്കിയകൊട്ടാരക്കെട്ടുകളിൽ രാജാക്കന്മാരും, രാജ്ഞികളുമായി വാഴുന്നൂ കുറേക്കാലം. ഒറ്റ വാക്കിൽ ഇതിനെ ' അടിച്ചുപൊളിച്ചു ' എന്ന് കൂട്ടിവായിക്കാം.

പിന്നെപ്പിന്നെ ക്ഷണിക്കാത്ത അതിഥികളെപ്പോലെ ജീവിത യാഥാർഥ്യങ്ങൾ   പാത്തും പതുങ്ങിയും വന്നെത്തുന്നു. രോഗം, കഷ്ടത, ദാരിദ്ര്യം, കടം? .... നിൽക്കുന്ന പടവുകളിൽ നിന്ന് താഴോട്ടിറങ്ങാൻ പലർക്കും മടി. എല്ലാറ്റിനുംപരിഹാര സൂത്രമായി അവസാന വഴിയായ ഒറ്റമൂലി കണ്ടെത്തുന്നു- ആത്മഹത്യ!!

അപ്പോളും തങ്ങളുടെ റോൾമോഡലുകൾ - താരക്കിളവന്മാരും, കിളവികളും - ആടിയും , പാടിയും, അടിച്ചും, പൊളിച്ചും വെള്ളിത്തിരയിൽ വിലസുന്നു! ചാനൽ തിളക്കത്തിൽ നിറയുന്നു! അത് നെഞ്ചിലേറ്റി സംവേദിച്ചുകൊണ്ട് അടുത്ത നിര ആത്മഹത്യക്കായി ഒരുങ്ങുന്നു!

ഇളിക്കാനും, രസിക്കാനുമുള്ള ഇടം മാത്രമാണ് തീയറ്റർ എന്ന ധാരണ കേരളത്തിൽ അതി ശക്തമാണ്. അതുകൊണ്ടു തന്നെ മിമിക്രി ഇളിപ്പുകാരുടെ ചാകരപ്പൊയ്‌ത്താണ് കേരളത്തിൽ! ജീവിതത്തിന്റെ കാതലായസീരിയസ്‌നെസ്സ് പാടേ ഊറ്റിയെടുത്ത് വെറുതേ ഒഴുകി നടക്കുന്ന പൊങ്ങുതടികളാക്കി മനുഷ്യനെ മാറ്റുന്നുഇക്കൂട്ടർ. ഈ നില തുടർന്നാൽ, നാണവും, മാനവും കെട്ട്, പ്രതികരണ ശേഷിയുടെ വരിയുടക്കപ്പെട്ട്, ആർക്കോവേണ്ടി എവിടേക്കോ ഭാരം വലിക്കാൻ വിധിക്കപ്പെട്ട വണ്ടിക്കാളകളുടെ വലിയൊരു കൂട്ടമായി മാറും ദൈവത്തിന്റെസ്വന്തം നാട്ടിലെ  സമ്പൂർണ്ണ  സാക്ഷരതയുടെ ലാടം തറച്ച കാളകൾ.

കലാരൂപങ്ങൾ എക്കാലവും പ്രസക്തമാണ്. അവയുടെ സ്ഥാനം പൊതുജീവിതധാരയിൽ വളരെ വലുതുമാണ്. ജീവിത യാഥാർഥ്യങ്ങളുടെ നേർക്കണ്ണാടികളായിരിക്കണം അവകൾ. ഒരു ജനതയുടെ സാംസ്‌കാരികവും, സാമൂഹികവും, ധാർമ്മികവും, സാമ്പത്തികവുമായ സമ്പന്നതകൾക്ക് അവകൾ പ്രേരകങ്ങളായിരിക്കണം. ' ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ 'എന്ന മനുഷ്യരാശിയുടെ സ്വപ്നം യാഥാർഥ്യമാക്കുവാൻ വേണ്ടി അത്ജനതകളെ നയിക്കണം.

എങ്കിൽ മാത്രമേ, കലയും, കലാകാരനും,  ബിഗ്‌സ്‌ക്രീനും, മിനിസ്‌ക്രീനും ഒക്കെ എന്നെന്നുംമാനിക്കപ്പെടുകയുള്ളു;  ആശംസകൾ !!

കുറിപ്പ്: ഉന്നതമായ ജീവിത വീക്ഷണവും, ഉൽകൃഷ്ടമായ സ്വഭാവ വൈശിഷ്ട്യവും പുലർത്തുന്ന, കുടുംബത്ത്പിറന്ന ഒട്ടേറെ യുവജനങ്ങൾ ഇന്ത്യയിലുണ്ട്. മിടുക്കന്മാരും,മിടുക്കികളും. ഈ ലേഖനത്തിലെ ' യുവ ' പരാമർശനങ്ങളിൽ അവർ ഉൾപ്പെടുന്നേയില്ല. നാളത്തെ ലോകത്തെ അവർ നയിക്കുമാറാകട്ടെ എന്ന്പ്രാർത്ഥിക്കുന്നു.
Join WhatsApp News
NINAN MATHULLAH 2021-12-11 03:02:29
Yes, thought provoking article indeed. Shri. Jayan wrote from his background as an artist from years of experience in producing dramas with messages for people. I believe all artist and writers as prophets of God, and they have a message to the people- as readers, listeners, spectators and those enjoying different art forms. The artist has a social responsibility in creating the art. Movie is an art. Thirty or forty different artists work together to produce this art. Artists have these talents, not for themselves but for the people. People enjoy the art. Naturally it is the Invisible Hand that is working on the artist for the people that produce the idea for the art. All artists and writers need to know this principle. They are presenting a God given message given to them for the people. When these so called artists try to squeeze something from their brains, the situation Shri. Jayan describes here arises- Adi-Poli Cinema. If interested, please watch this Youtube video- ‘Purpose of life- How to become a writer or an Artist’, from my own experience. https://www.youtube.com/watch?v=XQ6MCfzDaUY&t=2208s
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക