Image

നഴ്‌സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു

Published on 07 December, 2021
 നഴ്‌സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു


ബെര്‍ലിന്‍: മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും(ബിഎ) തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ബിഎയുടെ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്കുസ് ബിയര്‍ഷറിനുവേണ്ടി കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ടും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനു പുറമേ ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്‍ഡ് ലേബര്‍ അഫയേഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഹോണററി കോണ്‍സല്‍ ഡോ.സയദ് ഇബ്രാഹിം, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശേരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു ഏജന്‍സികളും തമ്മില്‍ കരാറായത്.
കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ട് പറഞ്ഞു.


ജര്‍മനിയിലെ തൊഴില്‍ ഏജന്‍സി ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് കെയര്‍ ജോലിക്കാരെ ആധികാരികമായി റിക്രൂട്ട് ചെയ്യുന്നത്. 2023 മുതല്‍ നഴ്‌സുമാരെ സേവനത്തില്‍ കൊണ്ടുവരാനാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ജര്‍മനിയില്‍ നഴ്‌സിംഗ് ജോലിക്കാരുടെ ദൗര്‍ലഭ്യം ഒരു അടിസ്ഥാന പ്രശ്‌നമാണ്, ഇതാവട്ടെ കൊറോണയെന്ന പകര്‍ച്ചവ്യാധിയോടെ കൂടുതല്‍ പ്രകടമാകുകയും ചെയ്തു.

കേരളവുമായി ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സി ഇപ്പോള്‍ കരാറില്‍ എത്തിയത് മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആവശ്യത്തിന് നഴ്‌സുമാര്‍ ഉള്ളതിനാല്‍, റിക്രൂട്ട്‌മെന്റ് ഇപ്പോള്‍ അനുവദനീയമാണ്.

1967 ല്‍ ലോകാരോഗ്യസംഘടന ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തടഞ്ഞിരുന്നു. ഈ നിരോധനം 2021 ജൂലൈ മുതല്‍ എടുത്തു മാറ്റിയതാണ് ഇത്തരമൊരു നടപടിയ്ക്കായി ജര്‍മന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആദ്യ റിക്രൂട്ട്‌മെന്റുകള്‍ 2022-ല്‍ തുടങ്ങും. നിരവധി മാസത്തെ തയാറെടുപ്പിന് ശേഷം, ആദ്യ ബാച്ചിലുള്ള നഴ്‌സുമാര്‍ 2023 ല്‍ ജര്‍മനിയില്‍ എത്തും.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക