Image

ജോലി നഷ്ടമായി രോഗവും ബന്ധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക്  നവയുഗം തുണയായി

Published on 30 November, 2021
ജോലി നഷ്ടമായി രോഗവും ബന്ധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക്  നവയുഗം തുണയായി

അൽഹസ്സ: കോവിഡ് രോഗബാധമൂലമുണ്ടായ പ്രതിസന്ധിയിൽ ജോലി നഷ്ടമാകുകയും, അസുഖബാധിതനായി മാറുകയും, നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാതെ വരികയും ചെയ്തതോടെ   മാനസികമായും ശാരീരികമായും തകർന്നിരുന്ന പ്രവാസി മലയാളി   നവയുഗം സാംസ്ക്കാരികവേദി  ജീവകാരുണ്യവിഭാഗത്തിന്റെ  സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

 കൊല്ലം കാവൽപ്പുഴ സ്വദേശി നിസ്സാമുദ്ദീൻ കഴിഞ്ഞ നാല് വർഷത്തോളമായി സൗദി അറേബ്യയിലെ റിയാദിൽ ഒരു വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സ്പോൺസർ ശമ്പളമൊന്നും കൃത്യമായി നല്കുമായിരുന്നില്ല. എങ്കിലും കുടുംബത്തെ ഓർത്തു അദ്ദേഹം ആ ജോലിയിൽ പിടിച്ചു നിന്നു.

കോവിഡ് കാലത്ത് നിസ്സാമുദ്ദീനും ആ രോഗം പിടിപെട്ടു ആരോഗ്യം മോശമായി. അതോടെ സ്പോണ്സർ  യാതൊരു കാരുണ്യവും കാട്ടാതെ ജോലിയിൽ നിന്നും പുറത്താക്കി. അതോടെയാണ്  നിസ്സാമുദ്ദീന്റെ ദുരിതങ്ങൾ തുടങ്ങിയത്.

വല്ലപ്പോഴും കിട്ടുന്ന അല്ലറ ചില്ലറ പണി ചെയ്തും, പലരിൽ നിന്നും കടം വാങ്ങിയും ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു പിന്നീട്. മാസങ്ങളോളം ശമ്പളം ഇല്ലാതെയും വന്നതോടെ മാനസികമായും ശാരീരികമായും തളരുകയും അസുഖ ബാധിതനാകുകയും ചെയ്തു.  ഇക്കാമ പുതുക്കാനോ, എക്സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് മടങ്ങാനോ കഴിയാത്ത അവസ്ഥയിൽ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു.


വരുമാനം നിലച്ചതോടെ നാട്ടിൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടുതൽ കഷ്ടത്തിലായി. നിസാമുദ്ദീന്റെ സൗദിയിലെ അവസ്ഥ വീട്ടുകാർ പറഞ്ഞപ്പോൾ, അവരുടെ വാർഡ് കൗൺസിലർ ആയ  മെഹർ നിസ്സ, പൊതുപ്രവർത്തകനായ മുരുകന്റെ സഹായത്തോടെ, അൽഹസ്സയിലെ നവയുഗം ജീവകാരുണ്യ പ്രവർത്തനായ സിയാദ് പള്ളിമുക്കുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു.
തുടർന്ന് നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം നിസാമുദ്ദീനുമായി ഫോണിൽ സംസാരിയ്ക്കുകയും, അൽഹസ്സയിലേയ്ക്ക് അദ്ദേഹത്തെ കൊണ്ട് വരികയും ചെയ്തു. നവയുഗം ഷുഖൈയ്ഖ് യൂണീറ്റ് ജോയിൻ സെക്രട്ടറി ഷാജി പുള്ളിയുടെ കൂടെ നിസാമുദ്ദീന് താമസ സൗകര്യവും ഒരുക്കി.

നവയുഗം ജീവകാരുണ്യപ്രവർത്തകർ നിസാമുദ്ദീന്റെ സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അവർ ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറായില്ല. തുടർന്ന് സിയാദ് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിസാമുദ്ദീന് ഔട്ട്പാസ്സ് നേടുകയും, സാമൂഹ്യപ്രവർത്തകനായ മണിമാർത്താണ്ഡത്തിൻ്റെ സഹായത്തോടു കൂടി  ജവാസാത്തുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് നേടുകയും ചെയ്തു.

നിസാമുദ്ധീന്റെ കൈയ്യിൽ നാട്ടിൽ പോകാൻ ടിക്കറ്റിനായി പൈസയില്ലാത്തതിനാൽ, നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷാജി പുള്ളി, നസീർ, ബീനീഷ്, സലിം എന്നിവർ ടിക്കറ്റ് എടുത്തു കൊടുത്തു.  

നിയമനടപടികൾ പൂർത്തിയാക്കി തന്നെ സഹായിച്ച നവയുഗം ജിവകാരുണ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കൊണ്ട് നിസാമുദ്ദീൻ നാട്ടിലേക്ക് മടങ്ങി.

ഫോട്ടോ:  നിസ്സാമുദ്ദീന് (മധ്യത്ത്) സിയാദും മണിയും ചേർന്ന് യാത്രാരേഖകൾ കൈമാറുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക