Image

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു

Published on 23 July, 2021
ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു


ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു അമ്മയും കുഞ്ഞും മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിനും മറ്റു രണ്ടു കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ ചാലക്കുടി പോട്ട നടുക്കുന്ന് പെരിയച്ചിറ ചുള്ളിയാടാന്‍ ബിബിന്റെ ഭാര്യ ലോട്‌സിയും(35) മകളും (6) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7.20നാണ് ഓസ്‌ട്രേലിയയിലെ മലയാളികളെയാകെ നടുക്കിയ അപകടമുണ്ടായത്.

ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍നിന്നും ക്വാന്‍സ് ലാന്‍ഡിലെ ബ്രിസ്‌ബേനിലേക്കു താമസം മാറി പോകുന്ന വഴിയാണ് മില്ലര്‍മാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അമ്മയും പെണ്‍കുഞ്ഞും തല്‍ക്ഷണം മരിച്ചു.

പരുക്കേറ്റ രണ്ട് ആണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടുവരുന്നു . ഇവര്‍ ബ്രിസ്‌ബേന്‍ കുട്ടികളുടെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരു കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബിപിന്‍ തൂവൂന്പയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഒരു വര്‍ഷം മുന്‍പാണ് ലോട്‌സി ഓസ്‌ട്രേലിയയില്‍ എത്തിയത്. ആദ്യം ഓറഞ്ചിലാണ് ജോലി ചെയ്തത്. നഴ്‌സായി ജോലി ചെയ്തിരുന്ന ലോട്‌സി പുതിയ ജോലിക്കു പ്രവേശിക്കുന്നതിനായി ബ്രിസ്‌ബേനിലേക്കു താമസം മാറുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടമുണ്ടായത്.

അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ക്വീന്‍സ് ലാന്‍ഡ് പോലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയര്‍ എന്‍ജിനും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

റിപ്പോര്‍ട്ട്: ബിജു നാടുകാണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക