-->

America

പാമ്പും കോണിയും - നിർമ്മല - നോവൽ -30

Published

on

 സ്കൂളിൽ നിന്നെത്തുന്ന കുട്ടികൾ തനിയെ അവർക്കിഷ്ടപ്പെട്ട ഭക്ഷണം ചൂടാക്കി കഴിക്കും. ഷൈല ജോലികഴിഞ്ഞു വന്നാലുടനെ ഭക്ഷണം കഴിക്കും. അതിനു പ്രത്യേക സമയമില്ല. മാറി വരുന്ന ഷിഫ്റ്റുകളും മറ്റ് ആവശ്യങ്ങളുമനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. കുട്ടികൾ വിശക്കുമ്പോൾ അത്താഴം കഴിക്കും. വർഷങ്ങളോളം ഷൈലയും ജോർജിയും ഒരേ സമയം വീട്ടിലുണ്ടായിരുന്നില്ല. അങ്ങനെയൊക്കെ വന്നുകൂടിയ ശീലങ്ങൾ.
ഇപ്പോൾ ഓവർടൈം എത്ര ചെയ്താലും കുട്ടികൾക്കു പരാതി ഉണ്ടാവില്ല. അന്നൊക്കെ എട്ടു മണിക്കൂർ മാത്രം ജോലിചെയ്ത് വൈകുന്നേരം എല്ലാവരുംകൂടി ഒന്നിച്ച് കഴിക്കാനും കളിക്കാനും സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അവർ ഇന്നിത്രയും അകൽച്ച കാണിക്കുമായിരുന്നില്ല എന്നൊക്കെ ജോർജിയുടെ മനസ്സ് കണക്കുകൂട്ടിക്കൊണ്ടിരുന്നു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ 
പാമ്പും കോണിയും കളിതുടരുന്നു .
                    ......     .....     ........

പരിഭ്രമത്തിൽ കണ്ണുതുറക്കുമ്പോൾ താൻ ആരാണെന്നുതന്നെ അറിയാത്തൊരു സംഭ്രാന്തി ജോർജിയെ ഇറുകിപ്പിടിച്ചിരുന്നു . ക്ലോക്ക് മൂന്ന് അൻപത് എന്ന് സമയം കാണിച്ചു. ഷൈല നല്ല ഉറക്കമാണ്. ജോർജി കിടക്കയിൽ എഴുന്നേറ്റിരുന്നു. നെഞ്ചത്ത് എന്തോ തടഞ്ഞിരിക്കുന്നതുപോലെ അയാൾക്കു തോന്നി. പൊതുവെ സ്വപ്നം കാണാതെ ഉറങ്ങുന്നയാളാണ് ജോർജി. എന്നാൽ ഇന്ന് ഉറക്കറയിൽ പതുങ്ങിവന്ന സ്വപ്നത്തിന്റെ ഒരു ചീള് തൊണ്ടയിലൂടെ ഇറങ്ങി അയാളുടെ നെഞ്ചത്ത് വിലങ്ങായി ഇരിക്കുന്നു.
കുറെയേറെപ്പേർ ഒരാൾക്കു പിന്നാലെ ഓടുന്നതായിരുന്നു അയാൾ കണ്ട സ്വപ്നം. എന്തിനാണെന്ന് അയാൾക്കറിയില്ല.എന്നിട്ടും അവർ മുമ്പിൽ ഓടുന്നയാളെ തല്ലിച്ചതയ്ക്കും എന്ന് ജോർജിക്ക് ഉറക്കത്തിലും കൃത്യമായി അറിയാം. അമലയെ ആരോ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.
.... ദൈവമേ !!
കുറച്ചു വെള്ളം കുടിക്കണമെന്ന് ജോർജിക്കു തോന്നി. ഹോൾവേയിലെ ലൈറ്റ് ഇട്ടാലും ഷൈലയ്ക്ക് അരിശം വരും. ഇരുട്ടിൽ തപ്പിത്തടഞ്ഞ് ശബ്ദമുണ്ടാക്കാതെ അയാൾ താഴത്തെ നിലയിലേക്കു പോയി. അടുക്കളയിൽ നിന്നും വെള്ളം കുടിച്ചു മടങ്ങുമ്പോൾ അമലയുടെ മുറിയുടെ വാതിൽക്കൽ ജോർജി നിന്നു. പിന്നെ അയാൾ സുനിലയുടെ മുറിക്കു നേരെ നടന്നു.
പെൺമക്കളുറങ്ങുന്ന മുറിയിൽ അച്ഛൻ രാത്രി ഒറ്റയ്ക്കു ചെല്ലുന്നത് ക്രിമിനൽ കുറ്റമാകാം. അവരെപ്പറ്റി വേവലാതിപ്പെട്ടിട്ടാണെങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കാനാണെങ്കിലും. ഈ നാടിന്റെ ഈ കാലത്തിന്റെ തെറ്റും ശരിയും ഒരു പഴയ കുട്ടനാട്ടുകാരന്റേതിൽ നിന്നും ഏറെ അകലെയാണെന്ന തിരിച്ചറിവിൽ അയാൾ തിരികെ നടന്നു. ജോർജി ശബ്ദമുണ്ടാക്കാതെ വിശാലമായ സ്വീകരണ മുറിയിലെ വിലകൂടിയ സോഫയിലിരുന്നു. മുറി നിറയെ അലങ്കാരവസ്തുക്കളുണ്ട്. എല്ലാം ഷൈല വാങ്ങിവച്ചിരിക്കുന്നതാണ്. ജോർജിക്ക് അവയൊന്നും അത്രയ്ക്കു ഭംഗിയുള്ളതായി തോന്നിയിട്ടില്ല.
മുറിക്കു നടുവിലെ കോഫിടേബിളിലും സോഫയുടെ വശങ്ങളിലായുള്ള കോർണർ ടേബിളിലുകളുമായി നിരന്നിരിക്കുന്ന ലൊട്ടുലൊടുക്കുകൾ തൊട്ടാൽ സ്ഥാനം തെറ്റുകയോ പൊട്ടുകയോ ചെയ്യുമെന്നു ഭയപ്പെടുത്തുന്നവ. ജോർജിക്ക് അതിനോടെല്ലാം വെറുപ്പു തോന്നി. പുറത്തേയ്ക്കുന്തി നില്ക്കുന്ന ബേ - വിൻഡോ വേണം സ്വീകരണ മുറിക്കെന്ന് ഷൈലയ്ക്കു നിർബന്ധമുണ്ടായിരുന്നു. അതു കനത്ത കർട്ടൻ കൊണ്ടു മറച്ചിരിക്കുകയാണ്.
എന്തിനാണ് ഷൈല ബേ - വിൻഡോ വേണമെന്നു നിർബന്ധം പിടിച്ചത് ? അതാണ് ഫാഷൻ, കാണാൻ ഭംഗി എന്നൊക്കെ ഷൈല പറഞ്ഞിരുന്നത് ജോർജി ഓർത്തെടുത്തു. അത്തരം ഭംഗികളൊക്കെ കാണാൻ ആ വീട്ടിൽ ആർക്കും സമയമുണ്ടായിരുന്നില്ല. അവിടെ താമസിക്കുന്നവരെല്ലാം സൂര്യൻ ഉദിക്കുന്നതിനു മുമ്പേ വീട്ടിൽ നിന്നു പോകുന്നു. സൂര്യൻ അസ്തമിച്ചിട്ട് എത്തുന്നു. അതിനിടയ്ക്ക് അടുത്ത ദിവസത്തേയ്ക്കും അടുത്ത ആഴ്ചത്തേക്കും ചെയ്തതീർക്കേണ്ട കാര്യങ്ങൾ ധൃതിപ്പെട്ട് ചെയ്യുന്നു. ജോർജി ജനൽ കർട്ടൻ വശങ്ങളിലേക്കു മാറ്റി. ആകാശം കായൽ പോലെ മുകളിൽ പ്രകാശിച്ചു. നിറമില്ലാത്ത കുറച്ചു മേഘങ്ങൾ, ഒരേയൊരു ചന്ദ്രൻ , അവിടെയും ഇവിടെയും ചിതറിത്തെറിച്ച് വെറുതെ മിന്നുന്ന നക്ഷത്രങ്ങൾ.
- എത്ര കാലമായി രാത്രിയിലെ ആകാശം കണ്ടിട്ട് !
അയാളുടെ കാലുതട്ടി എന്തോ ഗ്ലാസ്ടേബിളിലേക്കു മറിഞ്ഞുവീണു ശബ്ദമുണ്ടാക്കി. ജോർജി കുറച്ചു സമയം കാതോർത്തു, ശബ്ദം കേട്ട് ആരെങ്കിലും ഉണർന്നോ ? കുറച്ചു സമയം കാത്തിരുന്നിട്ട് ഷൈലയെ പേടിക്കാതെ കാല് കോഫീ ടേബിളിൽ ഉയർത്തിവെച്ച് ജോർജി ആകാശം കണ്ടിരുന്നു. പമ്പയാറിന്റെ തീരത്ത് കൂട്ടുകാർ കൂടി മലർന്നു കിടന്ന് ആകാശം കണ്ടിരുന്ന കാലത്തിന്റെ നിലാവ് അയാളിൽ പെരുകിപ്പരന്നു. മാരാമൺ കൺവൻഷന് വല്യമ്മച്ചിയോടൊപ്പം പോയത് അയാളോർത്തെടുത്തു. അമ്മച്ചിമാരുടെ ഇടയിലെ ചെറിയ ചെറുക്കനായി കുറച്ചു സമയത്തേക്കു ജോർജി മാറി. മരിച്ചുപോയ അമ്മച്ചിയെ ഓർത്തു. വല്യമ്മച്ചിയെ ഓർത്തു. പറമ്പിൽ കരിയില അടിച്ചുവാരാൻ വരുന്ന ചിന്നപ്പുലയിയെ ഓർത്തു. അവരൊക്കെ നക്ഷത്രക്കൂട്ടത്തിൽ ഉണ്ടാവുമോ എന്ന് ബാലിശമായി ചിന്തിച്ചു.
അപ്പച്ചനെക്കുറിച്ച് ഓർത്തപ്പോൾ ജോർജിയുടെ നെഞ്ചിലെ നക്ഷത്രങ്ങളും നിലാവും കെട്ടുപോയി. നാട്ടുനടപ്പനുസരിച്ച് ഇളയമകനാണ് അപ്പനെയും അമ്മയെയും നോക്കേണ്ടത്. ജോർജിയുടെ അപ്പച്ചൻ മകളോടൊപ്പമാണ് താമസം. നാട്ടിലപ്പോൾ രണ്ടു മണി കഴിഞ്ഞു കാണുമെന്ന് ഓർത്തു കൊണ്ടാണ് അയാൾ ഫോൺ വിളിച്ചത്. ഫോണെടുത്തത് റീനയാണ്. അപ്പച്ചൻ ഉറങ്ങുകയാണെന്ന് ആദ്യമവൾ പറഞ്ഞെങ്കിലിലും ദേ, അപ്പച്ചനെഴുന്നേറ്റെന്നു പറഞ്ഞ് അവൾ ഫോൺ കൈമാറി.
- എന്റെ മോനെ നീയിപ്പം വിളിച്ചത് അതിശയമായിരിക്കുന്നു. നിനക്ക് ഏനക്കേടു വല്ലതും ഒണ്ടോടാ?
ജോർജിക്കു ചിരിക്കാനാണു തോന്നിയത്. അൻപതു വയസ്സായ തന്നെ ഓർത്ത് അപ്പച്ചനെന്തിനാണു വിഷമിക്കുന്നത്.
- എനിക്കിപ്പം വല്ലാത്ത വ്യസനമാടാ .ഞാനിപ്പം മയങ്ങിയപ്പം നിന്നെ സ്വപ്നം കണ്ടു.
- അതല്ലേ ഞാനിപ്പം വിളിച്ചേ !
- നെനക്കു സുഖമാണോടാ? ജോർജുകുട്ടി, നിന്നെ ആരാണ്ടൊക്കെ ഉപദ്രവിക്കുന്നെന്നു ഞാനിപ്പം സ്വപ്നം കണ്ടു.
- ദൈവമേ!
ആ നിലവിളി ജോർജിയുടെ തൊണ്ടയിൽ തിങ്ങി ശ്വാസം തടസ്സപ്പെടുത്തി. തൊണ്ട നനച്ച് ശബ്ദത്തിൽ വ്യത്യാസം വരാതെ സൂക്ഷിച്ച് അയാൾ പറഞ്ഞു:
- ഈ അമേരിക്കേലെന്നാ അപ്പച്ചാ സുഖക്കൊറവ് ? ഞാനടുത്ത മാസം നാട്ടിലോട്ടു വരാനിരിക്കുവാ .
എന്തിനാണങ്ങനെ പറഞ്ഞതെന്ന് അയാൾക്കറിയില്ല. അങ്ങനെയങ്ങു പറഞ്ഞു പോയി എന്നതാണു സത്യം.
ഷൈല അരിശംകൊണ്ടു തലകുത്തി മറിയുമെന്ന കാര്യം അയാളപ്പോൾ മറന്നുകളഞ്ഞു. അയാൾക്ക് അവധി ധാരാളമുണ്ട്. ഷൈലയുടെ നിർദ്ദേശപ്രകാരം വീട്ടാവശ്യങ്ങൾക്കായി അല്ലെങ്കിൽ ഷൈലയുടെ ഷോപ്പിങ് സൗകര്യം നോക്കി , അങ്ങനെയൊക്കെ എടുക്കാനുള്ളതാണ് ജോർജിയുടെ അവധികൾ. ഷൈല വീട്ടുകാര്യങ്ങൾ ഭംഗിയായി നോക്കുന്ന നല്ലൊരു സ്ത്രീയാണ്. അവൾക്കു ചുറുചുറുക്കും കാര്യശേഷിയുമുണ്ട്. ഷൈലയുടെ സംസാരത്തിനും നടത്തയ്ക്കുമൊക്കെ അധികാരത്തിന്റെ ഒരു സവിശേഷതയുണ്ട്. ജോലി സ്ഥലത്തും ഷൈലയെ മറ്റുള്ളവർ അംഗീകരിക്കുന്നുണ്ട്. ഒരു കുടിയേറ്റക്കാരിയുടെ വിധേയത്വം ഷൈല കാണിക്കാറില്ല.
അവരുടെ മക്കൾക്ക് എന്താണു തോന്നുകയെന്നതും ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമായി ജോർജി അവഗണിച്ചു.
ചന്തി മറയുന്ന ടീഷർട്ടുകൾക്കുള്ളിൽ അമലയും സുനിലയും ഒച്ചിനെപ്പോലെ ഉൾവലിഞ്ഞു. സ്കൂളിൽ കുട്ടികൾ ആർത്തുചിരിച്ചു.
- വിയേർഡോസ്
- മദറിന്ത്യ
ആശ്വസിക്കാൻ അവർ ഭക്ഷണം കഴിച്ചു. ചോറും മീൻ കറിയും മഫിനും ചോക്ളേറ്റ് കേക്കും ഡോണറ്റും ബിരിയാണിയും കപ്പയും ഹാംബർഗറും ... ഒന്നിനോടും അവർ വിരോധം കാണിച്ചില്ല.
ഷൈലയ്ക്കു ബേയ്ക്കു ചെയ്യാനിഷ്ടമായിരുന്നു. അവൾ ഹോസ്പിറ്റലിലെ സ്‌റ്റാഫുകൾ കൈമാറിയ പുതിയ റെസിപ്പികൾ പരീക്ഷിച്ചു നോക്കി. കുട്ടികൾക്കു ണ്ണം കൂടിപ്പോകുമെന്ന് ജോർജി പറഞ്ഞുനോക്കി. ജോർജിക്കു മധുരം തീരെ പ്രിയമില്ലായിരുന്നു. അതുകൊണ്ടാണു കുറ്റം പറയുന്നതെന്ന് ഷൈല തിരിച്ചടിച്ചു.
- ഞാൻ വല്ലോം നല്ലായിട്ടു വെച്ചൊണ്ടാക്കി കൊടുക്കുന്നോണ്ടാ എന്റെ പിള്ളാരു നന്നായിട്ടിരിക്കുന്നത്. അല്ലാതെ ചെല സ്റ്റൈലാമ്പി മടിച്ചിക്കോതമാരുടെ കൂട്ട് എല്ലരിച്ചല്ല.
ജോർജിയെ നിസ്സഹായനാക്കിക്കൊണ്ട് അവർ വലുതായിക്കൊണ്ടിരുന്നു. അവർ മടിച്ചി സ്റ്റൈലാമ്പി കോതമാരെ വെറുത്തു. അസൂയയോടെ വെറുത്തു. കഴിച്ചതു മതി എന്നു പറയാൻ ജോർജിയുടെ വായോളം എത്തിയതാണ്. എന്നാലും കുട്ടികളോട് എങ്ങനെയാണ് അതു പറയുക.
അരി ഇല്ലാതിരുന്ന അടുക്കളയിൽ അയാൾ പിന്നെയുംപിന്നെയും കയറിയിറങ്ങി. കഞ്ഞിയില്ലാത്ത കലം തുറന്നു നോക്കി വെള്ളം കുടിച്ച് സ്കൂളിലേക്ക് ഓടിയിരുന്ന കുട്ടി അയാളെ ശാസിച്ചു.
- അരുത് , അങ്ങനെ ഒരിക്കലും മക്കളോടു പറയരുത് !
അമലയ്ക്കും സുനിലയ്ക്കും അവധിക്കു വീട്ടിലിരുന്നു മടുത്തുപോയിരുന്നു.എന്നിട്ടും സ്കൂളു തുറക്കുന്നത് ഓർത്തപ്പോൾ അവർക്കു തീരെ സന്തോഷം തോന്നിയില്ല. കൊത്തിക്കീറാൻ മദാമ്മക്കുട്ടികൾ കാത്തിരിപ്പുണ്ട്.
സ്കൂളിൽ അമല സുനിലയോടും സുനില അമലയോടും മാത്രം സംസാരിച്ചു. എല്ലരിച്ച മടിച്ചി സ്‌റ്റൈലാമ്പി കോതമാരെ ഒഴിവാക്കി.
പ്രണയം മഹാപാപമാണെന്നും തികച്ചും ഗോപ്യമായിരിക്കേണ്ടത് ആണെന്നും അവർ മക്കളെ നിരന്തരം ഓർമ്മപ്പെടുത്തി. പഠിക്കുക, നല്ല മാർക്കു വാങ്ങുക, ഡോക്ടറാവുക അതാണു ജീവിതത്തിലെ പരമമായ വിജയം എന്ന് ഷൈലയും ജോർജിയും മക്കളെ കൂടെക്കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ആൺകുട്ടികളോടു സംസാരിക്കുന്നതും കൂട്ടുകൂടുന്നതും അപമാനകരവും ഹീനവുമായ പാപമായി അവർ മക്കളിലേക്കു പകർന്നു.
വന്നുഭവിക്കാവുന്ന ആപത്തുകളെപ്പറ്റി മാത്രം ആകുലപ്പെടുന്ന ജീവിത മധ്യത്തിലിരുന്നു ജോർജി തനിയെ ആ ഉറച്ച തീരുമാനമെടുത്തു.
- എന്തു വന്നാലും പോയേ പറ്റൂ.
ജീവിതം പൊതുവേ മാറിയിരിക്കുന്നു. ഇപ്പോൾ പഴയതുപോലെ പണത്തെപ്പറ്റി ഓർത്ത് അയാൾക്ക് അധികമായ വേവലാതി ഇല്ല. തുടർച്ചയായ ഓവർ ടൈം വീടിന്റെ കടം തീർത്തു. അക്കാലത്തൊക്കെ വീട്ടിൽ വരുന്നത് കുറച്ചൊന്ന് ഉറങ്ങാൻ മാത്രമായിരുന്നു. മോർട്ട്ഗേജെന്ന വലിയ ഭാരം ഒഴിഞ്ഞപ്പോൾ അക്കൗണ്ടിൽ പണം കാണാൻ തുടങ്ങി. നാട്ടിലേക്കും പണം അയയ്ക്കേണ്ട ബാധ്യതകൾ പതിയെ കുറഞ്ഞു. ഇപ്പോൾ പണത്തെപ്പറ്റിയല്ല, കുട്ടികളെ ഓർത്താണ് ജോർജി ആകുലപ്പെടുന്നത്. പക്ഷേ, ഷൈലയ്ക്ക് അത്രയ്ക്കു വേവലാതിയൊന്നും ഇല്ല.
മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിയാത്തത് ജോർജിയെ വിചാരണചെയ്യാറുണ്ട്. പഴകിപ്പോയ വീട്ടു ശീലങ്ങളും അയാളെ പ്രതിക്കൂട്ടിൽ നിർത്തി സ്വയം അപരാധിയാക്കും. കുട്ടികൾ അവരുടെ മുറികളിലാണ് അധിക സമയവും. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്ന ശീലം പണ്ടേ പൊട്ടിച്ചിതറിപ്പോയിരുന്നു. സ്കൂളിൽ നിന്നെത്തുന്ന കുട്ടികൾ തനിയെ അവർക്കിഷ്ടപ്പെട്ട ഭക്ഷണം ചൂടാക്കി കഴിക്കും. ഷൈല ജോലികഴിഞ്ഞു വന്നാലുടനെ ഭക്ഷണം കഴിക്കും. അതിനു പ്രത്യേക സമയമില്ല. മാറി വരുന്ന ഷിഫ്റ്റുകളും മറ്റ് ആവശ്യങ്ങളുമനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. കുട്ടികൾ വിശക്കുമ്പോൾ അത്താഴം കഴിക്കും. വർഷങ്ങളോളം ഷൈലയും ജോർജിയും ഒരേ സമയം വീട്ടിലുണ്ടായിരുന്നില്ല. അങ്ങനെയൊക്കെ വന്നുകൂടിയ ശീലങ്ങൾ.
ഞായറാഴ്ച വൈകുന്നേരം ഒന്നിച്ച് ഊണു കഴിക്കാൻ ജോർജി വിളിച്ചാലും ഇപ്പോൾ വിശക്കുന്നില്ല, പിന്നെ കഴിച്ചുകൊള്ളാം എന്നൊക്കെ ഒഴികഴിവുക മേശയ്ക്കുചുറ്റും നിരക്കും. ഷൈല എന്നും ഡയറ്റിലാണ്. അതുകൊണ്ട് ജോർജിയുടെ ഒപ്പമിരുന്ന് മോരൊഴിച്ചു കുഴച്ച് ചോറുണ്ണാൻ ഷൈലയെ കിട്ടില്ല.
അത്ര വേഗത്തിൽ മോർട്ട്ഗേജ് അടച്ചുതീർത്തില്ലെങ്കിലും കുഴപ്പമില്ലായിരുന്നു എന്ന് ജോർജിക്കു തോന്നി. ഇപ്പോൾ ഓവർടൈം എത്ര ചെയ്താലും കുട്ടികൾക്കു പരാതി ഉണ്ടാവില്ല. അന്നൊക്കെ എട്ടു മണിക്കൂർ മാത്രം ജോലിചെയ്ത് വൈകുന്നേരം എല്ലാവരുംകൂടി ഒന്നിച്ച് കഴിക്കാനും കളിക്കാനും സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അവർ ഇന്നിത്രയും അകൽച്ച കാണിക്കുമായിരുന്നില്ല എന്നൊക്കെ ജോർജിയുടെ മനസ്സ് കണക്കുകൂട്ടിക്കൊണ്ടിരുന്നു.
നാട്ടിൽ പോകുന്നതും നാലു വർഷത്തിൽ ഒരിക്കലായിരുന്നു. നാലു പേർക്കുള്ള ടിക്കറ്റും മറ്റു ചെലവുകളുംകൂടി ആറുമാസത്തെ ശമ്പളം ഒരു യാത്രയിൽ ഇല്ലാതാവും. അപ്പച്ചനെ പോയി കാണാത്തതിലും ജോർജിക്കു വിഷമംതോന്നി. എന്തായാലും പോവുക തന്നെ ! അയാൾ ഉറപ്പിച്ചു. ഇപ്പോൾ രണ്ടായിരം ഡോളർ എന്നത് ആകാശം ഇടിഞ്ഞുവീഴുന്ന കാര്യമല്ലാതെ ആയിരിക്കുന്നു.
രണ്ടാഴ്ച അപ്പച്ചന്റെകൂടെ നിൽക്കണം. അപ്പച്ചന്റെ വർത്തമാനം കേട്ട് ഒന്നിച്ചിരുന്നു കഞ്ഞികുടിച്ച്, അപ്പച്ചനെ കൈപിടിച്ച് പറമ്പിലും കണ്ടത്തിലുമൊക്കെ നടത്തിക്കണം. പള്ളിയിൽ അപ്പച്ചന്റെ അടുത്തിരിക്കണം. മൂന്നാഴ്ചയെങ്കിലും ജോർജിക്ക് നല്ല മകനാവണം.
സാധാരണ നാട്ടിൽ പോകുമ്പോൾ അതൊന്നും നടക്കാറില്ല. എല്ലാവരുംകൂടെ പോകുമ്പോൾ തിരക്കല്ലാതെ ഒന്നും ഇല്ലെന്നു തോന്നും ജോർജിക്ക്. ഒറ്റയ്ക്കു പോവുകയാണെങ്കിൽ ഷോപ്പിങ് പൂർണ്ണമായും ഒഴിവാക്കാമല്ലോ എന്നോർത്ത് അയാൾ പുഞ്ചിരിച്ചു. ആ ചിരിയോടെതന്നെ അയാൾ ഉറക്കറയിലേക്കു മടങ്ങി.
                                      തുടരും..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

View More