കുവൈറ്റ് സിറ്റി: ബാങ്കുകള്‍ വായ്പ തിരിച്ചടവ് ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് ബാങ്കിംഗ് അസോസിയേഷന്. കോവിഡിനെ തുടര്‍ന്നു എല്ലാ ഉപഭോക്താക്കള്‍ക്കും വായ്പാ തിരിച്ചടവിനു ആറുമാസത്തെ സാവകാശം അനുവദിച്ചിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു.
ആറുമാസത്തെ വായ്പാ കാലാവധി നീട്ടുവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഈ മാസം മുതല്‍ ലോണ്‍ തിരിച്ചടവ് ആരംഭിക്കുമെന്നും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന് അറിയിച്ചു. കഴിഞ്ഞ ആറ് മാസം ഇളവ് നല്‍കിയത് മൂലം ബാങ്കുകള്‍ക്ക് 750 ദശലക്ഷം ദിനാറിന്റെ നഷ്ടം ഉണ്ടായതാണ് കണക്കാക്കപ്പെടുന്നത്. ഇളവുകള്‍ വീണ്ടും ദീര്‍ഘിപ്പിക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും അധിക കമ്മി വഹിക്കാന്‍ ഇപ്പോയത്തെ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും അസോസിയേഷന് പറഞ്ഞു.
അതിനിടെ യാത്രാ വിലക്ക് കാരണം തിരികെ എത്താനാവാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയ പ്രവാസികള്‍ക്കെതിരെ ബാങ്കുകള്‍ നടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുമുണ്ട്. 50 കുവൈത്തി ദിനാറിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കുള്ള ലോണുകള്‍ തിരിച്ചടയ്ക്കാതിരുന്നാല് പ്രോസിക്യൂഷന് അംഗീകാരം ലഭിക്കുമെന്നാണ് സൂചന. വായ്പ തിരിച്ചടക്കാത്തവരുടെ ജാമ്യക്കാര്‍ക്കെതിരെയും നടപടികള്‍ ആരംഭിക്കുവാന്‍ നീക്കമുണ്ട്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍