ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കില്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമില്‍ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.
പി പി ഇ കിറ്റുകള്‍ ഉള്‍പ്പെടെ, 1165 റിയാല്‍ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 176 യാത്രക്കാരാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ വിമാനത്തില്‍ നാട്ടിലേയ്ക്ക് പോയത്.
സൗദിയിലെ പ്രവാസികളുടെ മടക്കയാത്രയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ 'വന്ദേ ഭാരത് മിഷന്' പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ കുറവായതിനാലാണ്, ഏറ്റവും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ നോര്‍ക്ക തീരുമാനിച്ചത്. കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വ്വീസുകള്‍ നടത്തിയത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ്, കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി, കേരളസര്‍ക്കാരിന്റെയും നോര്‍ക്കയുടെയും നിര്‍ദ്ദേശപ്രകാരമാണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ലോകകേരളസഭാംഗങ്ങള്‍ മുന്‍കൈ എടുത്ത് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികള്‍ക്കായി, മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് വഴി വിതരണം ചെയ്തത്. രോഗികളായ പ്രവാസികള്‍ക്ക് മരുന്നുകള്‍ എത്തിച്ചും, ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടര്‍മാരുമായി സംസാരിയ്ക്കാന്‍ അവസരം ഒരുക്കിയും, മാനസികസമ്മര്‍ദ്ദത്തില്‍പ്പെട്ടവര്‍ക്ക് ഫോണിലൂടെ കൗണ്‍സലിങ് നല്‍കിയും, നിയമപ്രശ്നങ്ങളില്‍പ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കിയും നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്തിന്റെ വിവിധമേഖലകളില്‍ ഒറ്റപ്പെട്ടുപോയ പ്രവാസികള്‍ക്ക് തണലായി മാറിയിരുന്നു.
തുടര്‍ന്നും, വരുന്ന ആഴ്ചകളിലും, കേരളത്തിലേയ്ക്ക് ചാര്‍ട്ടേര്‍ഡ് വിമാനസര്‍വ്വീസുകള്‍ നടത്തുമെന്ന് നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്ക് കണ്‍വീനര്‍ ആല്ബിന് ജോസഫ് അറിയിച്ചു.