ഡാലസ്: മലങ്കര മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തിരുവല്ലാ പൂലാത്തിനില്‍ വിശ്രമിക്കുകയാണെന്നും തിരുമേനിയുമായി നേരിട്ടു ഫോണില്‍ ബന്ധപ്പെട്ട അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി.പി. ചെറിയാന് അറിയിച്ചു. ഡാലസ് സമയം ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 10.30 (ഇന്ത്യന്‍ സമയം 6 ന് രാവിലെ 9) നാണ് ചെറിയാന് തിരുമേനിയുമായി സംസാരിച്ചത്.
തിരുമേനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് തിരുമേനിയുമായി നേരിട്ട് ബന്ധപ്പെട്ടത്. ജൂണ്‍ 5ന് തിരുവല്ലാ പൂലാത്തിനില്‍ രാവിലെ വിശുദ്ധ കുര്‍ബാന അനുഷ്ഠിക്കുന്നതിനിടെ അവസാന ഭാഗം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അല്പം ക്ഷീണം അനുഭവപ്പെട്ടുവെന്നും എന്നാല്‍ അഞ്ചു മിനിട്ട് നേരത്തെ വിശ്രമത്തിനുശേഷം ആരോഗ്യം വീണ്ടെടുത്തു കുര്‍ബാന പൂര്‍ത്തീകരിച്ചാണ് മദ്ബഹ വിട്ടതെന്നും തിരുമേനി പറഞ്ഞു.
രാവിലെ ലഘുഭക്ഷണം കഴിക്കാതിരുന്നതാണ് ക്ഷീണം അനുഭവപ്പെടുവാനിടയായതെന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു. തിരുമേനിയുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും സംഭാഷണത്തിന്റെ ചടുലത കാത്തുസൂക്ഷിക്കുന്നതിനും തിരുമേനിക്ക് കഴിഞ്ഞിരുന്നുവെന്നതു തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത് തികച്ചും വാസ്തവ വിരുദ്ധമാണെന്നതിനു തെളിവായിരുന്നു. മാര്‍ത്തോമാ സഭക്കു തുടര്‍ന്നും നേതൃത്വം നല്കുന്നതിനാവശ്യമായ ആരോഗ്യവും ദീര്‍ഘായുസ്സും തിരുമേനിക്കു ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.