കോവിഡ് നിയന്ത്രണത്തില്‍ ലോക മാതൃക യായി തീര്‍ന്നിരിക്കുന്നു കേരളം എന്ന് കേരള മോഡല്‍, വികസിത രാജ്യങ്ങളെ പുറംതള്ളി ഭാരത് വാസികള്‍ കോവിഡ് നിയന്ത്രിച്ചു എന്ന് ഇന്ത്യന്‍ മോഡലും . രണ്ടും പ്രവാസി മലയാളികള്‍ക്ക് ആശ്വാസം തന്നെ . എന്നാല്‍ ഈ രണ്ടു മോഡലുകള്‍ പ്രവാസികള്‍ ഇല്ലാതെ വരച്ച ഭൂപട മാണെന്ന് പതുക്കെ യാണ് അവര്‍ അറിയുന്നത് . മാത്രമല്ല കേരള മോഡലില്‍ അയല്‍ സംസ്ഥാനങ്ങളും അവരുടെ മോഡലില്‍ കേരളവും ഇല്ല . എത്ര പെട്ടെന്നാണ് ഭൂപടം ശോഷിച്ചു ചെറുതായത് . മനുഷ്യന് ഒറ്റയ്ക്കായത്!
അമേരിക്ക യോ ടായിരുന്നു ഈ മോഡലുകളുടെ ആദ്യത്തെ വെല്ലുവിളി . അമേരിക്ക അവരുടെ പൗരന്മാരെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചു എന്ന സത്യം ഈ മോഡലുകളില്‍ ഫീഡ് ചെയ്തുവോ എന്തോ . ചൈനയില്‍ നിന്നും ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പടര്‍ന്നു പിടിച്ച ഈ രോഗം വിവിധ ഗതാഗത മാര്‍ഗ്ഗ ങ്ങളിലൂടെ ഈ രാജ്യത്തും എത്തി . ഇവിടം ഈ യാത്രക്കാരെ പഴി പറഞ്ഞത് കേട്ടില്ല . ചില പൊങ്ങച്ച മോഡലുകള്‍ ഒഴികെ ആരും പ്രവാസിയുണ്ടോ ഈ വീട്ടില്‍ എന്ന് എത്തി നോക്കിയതുമില്ല . മനുഷ്യരാണെന്ന സമചിത്തത യും സാന്ത്വനവും ഈ നാട് അവര്‍ക്കു നല്കി .
എക്കാലത്തും കേരളത്തിന്റെ പൊങ്ങച്ചത്തില്‍ വലിയ പങ്ക് ഗള്‍ഫ് മലയാളികള്‍ക്കുണ്ട്.കേരളത്തിലെ ഒരു നിരത്ത് എടുത്താല്‍ ഒന്നിടവിട്ട വീടുകളില്‍ ഒരാള്‍ ഗള്‍ഫില്‍ ഉണ്ടാകും . സാമ്പത്തിക രംഗത്ത് അവര്‍ നല്കുന്ന സംഭാവനകള്‍ വാങ്ങി ആഘോഷിക്കേണ്ട സമയത്ത് അത് ചെയ്തും, ദുര്‍ഗതി യുടെ നേരത്ത് അവരെ അകറ്റി നിര്‍ത്തി താന്‍ പോരിമ കാണിച്ചും ആഘോഷിക്കും . ഉത്തമ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട് .വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന കേരള മോഡലില്‍ അന്യ രാജ്യങ്ങളെ ആശ്രയിച്ചു കഴിയുന്ന അവിടുത്തെ സാമ്പത്തിക രംഗവും , അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുന്ന അവിടുത്തെ തൊഴില്‍ രംഗവും പരാമര്‍ശിച്ചു കണ്ടില്ല . പ്രവാസി ഇന്ത്യന്‍ മോഡലില്‍ ആണെന്ന് സംസ്ഥാനം കയ്യൊഴിയുന്നു . ഇന്ത്യ നിങ്ങളെ ഇപ്പോള്‍ തല്ക്കാലം ഞങ്ങള്‍ക്ക് മറന്നേ തീരൂ എന്ന് കോവിഡ് മോഡലില്‍ 'കൈ കഴുകുന്നു '.
സാഹിത്യകാരന്മാരെയും , നേതാക്കന്മാരെയും കൊട്ടിഘോഷിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ നല്കി സ്വീകരിച്ചിരുന്ന ഗള്‍ഫ് മലയാളികള്‍ ക്കായി ഇവരില്‍ എത്രപേര്‍ തൂലികയെടുത്തു, എത്രപേര്‍ ശബ്ദമുയര്‍ത്തി . പല രാജ്യങ്ങളുടെയും വിമാനം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അവരുടെ പൗര ന്മാരുമായി പറക്കുന്ന കാഴ്ച നാം കണ്ടു . കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തി യാത്രാസൗകര്യം ഏര്‍പ്പെടുത്തി പ്രതിസന്ധിയിലായ മനുഷ്യരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്യം സംസ്ഥാന മോഡലിനുണ്ട്. തൊഴില്‍ രംഗത്ത് അങ്ങിങ്ങായി ചിലര്‍ നേരിടുന്ന വിസ പ്രശ്നങ്ങളൊഴികെ അമേരിക്കന്‍ മലയാളിക്ക് തല്ക്കാലം ഈ ഗതി കേട് വല്ലാതെ നേരിടേണ്ടി വന്നിട്ടില്ല. ഈ നാടിന്റെ സ്വാതന്ത്ര്യ മോഡല്‍ ഇക്കാര്യത്തില്‍ അവര്‍ ക്ക് അനുകൂലമാണ് . എങ്കിലും ഈ നാട്ടുകാഴ്ചകള്‍ നമുക്കും തുറന്നു വായിക്കാനും പഠിക്കാനും ഉള്ളതാണ് . ഭാവിയില്‍ സാഹിത്യ/രാഷ്ട്രീയ വിരുന്നുകള്‍ ഒരുക്കുമ്പോള്‍ ഒന്ന് മറിച്ചു നോക്കാന്‍ ചില നല്ല പാഠങ്ങള്‍!