ഡാളസ്: കോവിഡ് 19 വൈറസ് ബാധ അമേരിക്കയിലും സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഫോമ കണ്വന്ഷന് മാറ്റിവയ്ക്കണം എന്ന രീതിയില്‍ പ്രസ്താവനകളിറക്കുകയോ ,പരിഭ്രാന്തി പരത്തുകയോ ചെയ്യുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ അറിയിച്ചു. ഇപ്പോഴത്തെ സ്ഥിതിയില്‍ കോവിഡ് 19 നെ ലോകം ഒന്നടങ്കം പ്രതിരോധിക്കുകയാണ്. നമുക്കും അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയാണ് വേണ്ടത്. ഫോമാ കണ്വന്ഷന് ഇനി നാല് മാസം കൂടിയുണ്ട്. ഗവണ്മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി ഫോമ നാഷണല്‍ കമ്മിറ്റി കൂടിയോ, വേണ്ടിവന്നാല്‍ ജനറല്‍ ബോഡി കൂടിയോ ഉചിതമായ തീരുമാനം കൈക്കൊള്ളും. അതിന് അധികാരപ്പെട്ട ഒരു നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലാതെ ആശങ്ക പരത്തുന്ന പ്രസ്താവനകള്‍ ഫോമയെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ നടത്തരുത്.
അമേരിക്കന്‍ ഗവണ്മെന്റിന്റെ ആരോഗ്യ മന്ത്രാലയം കൊവിഡ് 19 പ്രതിരോധത്തിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമുണ്ടായാല്‍ ഉചിതമായ തീരുമാനം ഫോമാ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.ആശങ്കകള്‍ ഉണ്ടാക്കുവാന്‍ നമ്മള് ആരും തന്നെ ശ്രമിക്കരുത്.അത് ആശാസ്യമായ ഒരു പ്രവണതയല്ല. ലോകത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു വിപത്തിനെക്കുറിച്ച് ഫോമയും, അമേരിക്കന്‍ മലയാളികളും, പൊതു സമൂഹവും ആശങ്കയിലാണ്. ഫോമ കണ്‍വന്‍ഷനേക്കാള്‍ പ്രാധാന്യം മനുഷ്യ ജീവനു തന്നെയാണ്. അതു കൊണ്ട് ഉചിതമായ തീരുമാനം ഫോമ കൈക്കൊള്ളുമെന്ന് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.