ഇപ്പോള്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോള്‍ മുസ്ലീം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാര്‍ ആഹ്ലാദിക്കും മുസ്ലീങ്ങള്‍ക്ക് പോലീസില്‍ നിന്നും, അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പണി കിട്ടുന്നുണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ഇങ്ങനെ ആഹ്ലാദിക്കുന്ന ബി.ജെ.പി. ക്കാരും, സംഘ പരിവാറുകാരും ലളിതമായ ഒരു സത്യം മനസിലാക്കുന്നില്ലാ. മുസ്ലീങ്ങളേക്കാള്‍ ഹിന്ദുക്കളിലെ പാവപ്പെട്ടവര്‍ക്കായിരിക്കും പൗരത്വ ബില്‍ കൊണ്ട് പണി കിട്ടാന്‍ പോകുന്നത് എന്നതാണ് ആ ലളിതമായ സത്യം. ദരിദ്രരും നിരക്ഷരരും ഹിന്ദു കമ്യൂണിറ്റിയിലും ഇഷ്ടം പോലെ ഉണ്ട്. ആ ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്കായിരിക്കും പൗരത്വ ബില്‍ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയില്‍ കിട്ടാന്‍ പോകുന്നത്.
നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കില്ല. ബ്രട്ടീഷുകാര്‍ ഉണ്ടാക്കിവെച്ച മിക്ക ചട്ടങ്ങളും ആണ് ഇന്നും നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രതിഫലിച്ചു കാണുന്നത്. ഒരു സര്‍ക്കാര്‍ ഓഫീസില്‍ കേറിചെന്നാല്‍ പ്യൂണ്‍ തൊട്ട് ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന് ക്ലര്‍ക്ക്, സെക്ഷന്‍ ഓഫീസര്‍, അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസര്‍ ഇങ്ങനെ ഒരു വലിയ നിര ഹയരാര്‍ക്കിയെ ആണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏതു സര്‍ക്കാര്‍ ഓഫീസിലും ഒരു അപേക്ഷ കൊടുക്കണമെങ്കില്‍ ഫോറം പൂരിപ്പിക്കണം. ഇന്നത്തെ ഡിജിറ്റല്ഇലക്ട്രോണിക്ക് യുഗത്തിലും ഫോറം പൂരിപ്പിക്കല്‍ ചടങ്ങുണ്ട്. ഫോറങ്ങള്‍ ഇന്റ്റര്നെറ്റില് കിട്ടുമെന്ന് മാത്രം. ഇങ്ങനെ ഫോറം പൂരിപ്പിക്കുമ്പോള്‍ ഒരു വാക്ക് തെറ്റിയാല്‍, അതല്ലെങ്കില്‍ ഒരു അക്ഷരം തെറ്റിയാല്‍ പോലും അപേക്ഷ 'റിജക്റ്റ്' ചെയ്യപ്പെടാറുണ്ട്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ അധികാരവും ചട്ടവും ആണ് വലുത്; അല്ലാതെ ജനസേവനം അല്ലാ ലക്ഷ്യം.
ഇന്നത്തെ നമ്മുടെ ഭരണ സംവിധാനത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. കാരണം ചട്ടങ്ങള്‍ ലംഖിച്ചാല്‍ അവര്‍ക്ക് അത് പ്രശ്നമാകും. പരാതികള്‍ അവര്‍ക്കെതിരെ പോകാം; കോടതികളിലും അവരുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരം ഒരു 'എലാബറേറ്റ്' സര്‍ക്കാര്‍ സംവിധാനത്തിനുള്ളിലാണ് ഈ പൗരത്വ ബില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് എല്ലാവരും ഓര്‍മിക്കണം.
ദരിദ്രരും നിരക്ഷരരുമായ ഏതു കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്കും ഈ 'എലാബറേറ്റ്' സര്‍ക്കാര്‍ സംവിധാനം ഒരു വലിയ വെല്ലുവിളിയാണ്. നമ്മുടെ മിക്ക ക്ഷേമ പദ്ധതികളും പരാജയപ്പെടാന്‍ കാരണവും ഈ 'എലാബറേറ്റ്' സര്‍ക്കാര്‍ സംവിധാനമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാന്‍ ചിലപ്പോഴൊക്കെ പൊതുജനവും തയാറാകാറില്ല. ഏതെങ്കിലും വീട്ടില്‍ സാമൂഹികസാമ്പത്തിക സര്‍വേയുമായി ഒരു സര്‍വേ ജീവനക്കാരന് കയറി ചെല്ലുമ്പോള്‍ അയാളോട് സഹകരിക്കണമോ; ശരിയുത്തരം പറയണമോ എന്നുള്ളത് ആ വീട്ടിലുള്ളവരാണ് തീരുമാനിക്കേണ്ടത്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആരുടെയും കഴുത്തിന് പിടിച്ച് നമുക്ക് ഒരു വിവരവും ശേഖരിക്കുവാന്‍ ആവില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ പൗരത്വ ബില്‍ നടപ്പാക്കുന്നതെന്ന് എല്ലാവരും ഓര്‍മിക്കണം. ഭരിക്കുന്ന ഗവണ്മെന്റ്റും ജനങ്ങളും തമ്മില്‍ ഒരു വിശ്വാസം നിലവിലില്ലെങ്കില്‍ പൊതുജനം വിവര ശേഖരണത്തിനോട് സഹകരിക്കാന്‍ തയാറാകാറില്ല. അതിപ്പോള്‍ നിലവിലില്ല. കണ്ടമാനം അവിശ്വാസ്യത ഈ പൗരത്വ ബില്ലിനെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
കോടതികള്‍ക്ക് പോലും പൗരത്വത്തിന്റ്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം ഇലക്ഷന് ഐഡന്റ്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പ്രോപ്പര്‍ട്ടി ടാക്സ് രേഖകള്‍, പാസ് ബുക്കുകള്‍ – എന്നിങ്ങനെയുള്ള 19 രേഖകള്‍ ഹാജരാക്കിയിട്ടും ഗോഹട്ടി ഹൈക്കോടതി ഒരാള്‍ക്ക് പൗരത്വം നിഷേധിച്ചു; പത്രങ്ങളിലെല്ലാം വന്ന വാര്‍ത്തയാണത്. മുംബൈ ഹൈക്കോടതി 'ഇലക്ഷന് ഐഡന്റ്റിറ്റി കാര്‍ഡ്' പൗരത്വത്തിന് തെളിവായി സ്വീകരിക്കാം വിധിച്ചു എന്നും കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. 'വേരിഫൈഡ് ആധാറും' പൗരത്വത്തിന് തെളിവായി സ്വീകരിക്കും എന്ന് പറയപ്പെടുന്നു. സത്യം പറഞ്ഞാല്‍ ഇക്കാര്യത്തില്‍ വലിയ ആശയകുഴപ്പമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. കോടതികള്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്ന് ഈ രാജ്യത്ത് നിലവിലുള്ളത്.
അപ്പോള്‍ പൗരത്വം കിട്ടിയാലേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ എന്നുള്ള കാര്യം വന്നാല്‍ എന്ത് സംഭവിക്കും? ജനം സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി വലയും. ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് പേപ്പറും പേനയുമായി പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ നടന്നാലോ? വന്‍ അഴിമതിക്കും, കെടുകാര്യസ്ഥതക്കും അത് വഴി തെളിക്കും എന്നുള്ളത് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ ഓഫീസര്‍മാരെ പ്രീതിപ്പെടുത്തി പൗരത്വം സമ്പാദിക്കാനായിരിക്കും പിന്നീടുള്ള തത്രപ്പാട്. അതാണ് ആസാമില്‍ കണ്ടത്. ആസാമില്‍ ഇതുവരെ നടത്തിയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പുകളില്‍ മൊത്തം തെറ്റും പരാതിയുമാണുള്ളത്. അത് ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് നോട്ട് നിരോധനത്തെക്കാള്‍ വലിയ മണ്ടത്തരം മാത്രമായിരിക്കും.
ഇനി ഈ പൗരത്വ നിയമത്തിനപ്പുറവും ചില കാര്യങ്ങളുണ്ട്. വരാന്‍ പോകുന്ന കാലങ്ങളില്‍ ഇന്ത്യയിലെ പാവപ്പെട്ടവരെ കൂട്ടുപിടിക്കാതെ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പറ്റാത്ത സാഹചര്യം വരും. കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അതാണ് നാം കണ്ടത്. മതവും രാജ്യസ്നേഹവും ഒന്നും അധികനാള്‍ ഇന്ത്യയില്‍ ഇനി ഓടാന്‍ പോകുന്നില്ല. 'മോഡി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. അതല്ലെങ്കില്‍ ബി.ജെ.പി. എങ്ങനെ ഡല്‍ഹിയില്‍ തോറ്റുപോയി??? ഡല്‍ഹിയില്‍ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി. 5329 പൊതുയോഗങ്ങളും, റോഡ് ഷോകളും ആണ് നടത്തിയത്. ഇതിനേക്കാള്‍ വലിയ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്താനാണ്??? ബി.ജെ.പി. യുടെ പ്രമുഖരെല്ലാം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തായിരുന്നു. പല വീടുകളിലും സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നേരിട്ട് ചെന്നു. വാതില്‍ തുറക്കുമ്പോള്‍ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാല് തൊട്ടു തൊഴുതു; പലരുടേയും കാലില്‍ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബി.ജെ.പി. ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. പക്ഷെ ഈ നാടകങ്ങളൊന്നും ഡല്‍ഹിയില്‍ ഓടിയില്ല. ഡല്‍ഹിയിലെ വിജയത്തിന് കാരണമായി പല സര്‍വേകളും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് സ്ത്രീകളുടേയും, വീട്ടമ്മമാരുടേയും ആം ആദ്മി പാര്‍ട്ടിക്കുള്ള ഉറച്ച പിന്തുണയാണ്.
30 കോടിക്കടുത്ത് തീര്‍ത്തും ദരിദ്രരായ ആളുകള്‍ ഇന്ത്യയില്‍ ഉണ്ട്. അവര്‍ക്കൊക്കെ ഡല്‍ഹിയില്‍ കണ്ടതുപോലെ സൗജന്യ സേവനങ്ങള്‍ കൊടുക്കാതെ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പറ്റാത്ത സാഹചര്യം ഈ രാജ്യത്ത് ഭാവിയില്‍ വരും. അത് കണ്ടിട്ടാണ് കോണ്‍ഗ്രസ് 'ന്യായ്' പദ്ധതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ചത്. പക്ഷെ ബാക്കിയുള്ള കാര്യങ്ങളിലെന്നതുപോലെ കോണ്‍ഗ്രസിന്റ്റെ പ്രചാരണം 'ന്യായ്' പദ്ധതിയുടെ കാര്യത്തിലും തീര്‍ത്തും മോശമായിരുന്നു. അതുകൊണ്ട് 'ന്യായ്' പദ്ധതിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് ആയില്ല. പക്ഷെ അരവിന്ദ് കേജ്രിവാളിന് സൗജന്യ സേവനങ്ങളെ കുറിച്ചുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. അതുകൊണ്ട് അരവിന്ദ് കേജ്രിവാള് വന്‍ ഭൂരിപക്ഷത്തോടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
ഇനി സര്‍ക്കാര്‍ തലത്തിലുള്ള സൗജന്യ സേവനങ്ങളുടെ മുന്നോട്ടുള്ള പടിയാണ് ഭാവിയിലെ ഇന്ത്യ കാണാന്‍ പോകുന്നത്. 'ന്യായ്' പദ്ധതിയുടെ ഭാഗമായിരുന്ന 'യൂണിവേഴ്സല്‍ ബെയ്സിക്ക് ഇന്‍കം' എന്ന ആശയം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ട് വെച്ചുകഴിഞ്ഞു. ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാനായുള്ള 'ഡയറക്റ്റ് ക്യാഷ് ട്രാന്സ്ഫറിന്റ്റെ' ഭാഗമാണ് ഈ 'യൂണിവേഴ്സല്‍ ബെയ്സിക്ക് ഇന്‍കം' എന്ന ആശയം പലരും പ്രചരിപ്പിക്കുന്നത്. മുന്‍ ചീഫ് ഇക്കണോമിക്ക് അഡ്വൈസര്‍ അരവിന്ദ് സുബ്രമണ്യമൊക്കെ ഈ 'യൂണിവേഴ്സല്‍ ബെയ്സിക്ക് ഇന്‍കം' എന്ന ആശയത്തിന്റ്റെ ശക്തരായ പ്രചാരകരാണ്. അരവിന്ദ് സുബ്രമണ്യം എഴുതിയ 'Of Counsel – The Challenges of the Modi – Jaitley Economy' എന്ന പുസ്തകത്തില്‍ 'യൂണിവേഴ്സല്‍ ബെയ്സിക്ക് ഇന്‍കം' എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.
പൗരത്വമാണെങ്കിലും, സൗജന്യ ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയാണെങ്കിലും നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ അതൊക്കെ നടപ്പാക്കണമെങ്കില്‍ അതിനൊക്കെ 'രേഖ' വേണം. ഇവിടെയാണ് മുസ്ലീം കമ്യൂണിറ്റി 'സ്കോര്‍' ചെയ്യാന്‍ പോകുന്നത്. മതബോധം പോലെ തന്നെ ശക്തമായ സാമുദായിക ബോധവും മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ട്. മുസ്ലീം പള്ളികളില്‍ വരുന്നവരും, സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ഒക്കെയായി മുസ്ലീം കമ്യൂണിറ്റിയില്‍ അവര്‍ക്കിടയിലെ പാവപ്പെട്ടവരില്‍ പ്രവര്‍ത്തിക്കുവാന്‍ വലിയൊരു കൂട്ടം ആളുകള്‍ ഇന്ന് നിലവില്‍ ഉണ്ട്. ഇതെഴുതുന്നയാളുടെ അറിവ് ശരിയാണെങ്കില്‍ മുസ്ലീങ്ങളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ കമ്യൂണിറ്റിയിലെ വിദ്യാഭ്യാസമുള്ളവര്‍ പൗരത്വ ബില്ലിന് വേണ്ടിയുള്ള വിവരശേഖരണവും തുടങ്ങിക്കഴിഞ്ഞു. 'ശുദ്ധിയും', 'വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാര്‍ അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിന് തയാറാകില്ല. അങ്ങനെ തയാറാകാത്തത് കൊണ്ടാണല്ലോ ദാരിദ്ര്യം അനേകം നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ നിലനിന്നത്. ചുരുക്കം പറഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ 'എലാബറേറ്റ്' ആയിട്ടുള്ള ചട്ടങ്ങളും, നിയമങ്ങളും മൂലം ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്കായിരിക്കും പൗരത്വ ബില്‍ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയില്‍ കിട്ടാന്‍ പോകുന്നത്.
(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)