Image

ജനാധിപത്യ ഇന്ത്യ ഇതൊന്നും മറക്കുകയില്ല, പൊറുക്കുകയില്ല- അനശ്വരം മാമ്പിള്ളി

അനശ്വരം മാമ്പിള്ളി Published on 22 February, 2016
ജനാധിപത്യ ഇന്ത്യ ഇതൊന്നും മറക്കുകയില്ല, പൊറുക്കുകയില്ല- അനശ്വരം മാമ്പിള്ളി
ഇന്ത്യയിലെ തന്നെ മികവുറ്റ സര്‍വ്വകലാശാലയിലെ പ്രമുഖ സ്ഥാനമാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലായ്ക്കുള്ളത്. ഈ സര്‍വ്വകലാശാലയില്‍ ഫെബ്രുവരി 9, 11 തീയ്യതികളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായ ഇന്ത്യക്കാരെ ഒട്ടാകെ ഞെട്ടിക്കുന്നതും, വേദനിപ്പിക്കുന്നതുമായിരുന്നു.

ജെ.എന്‍.യു. കാമ്പസിലുണ്ടായ ഒരു ഒത്തു ചേരലിന്റെ ദൃശ്യങ്ങളും മറ്റും രണ്ടു ചാനലുകളിലൂടെ വാര്‍ത്തയായി പുറത്തുവരികയും അതിന്റെ ഫലമായി ജെ.എന്‍.യു. സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. ജെ.എന്‍.യു.വില്‍ പ്രസംഗിച്ച കനയ്യകുമാറിന്റെ പ്രസംഗം മുഖ്യധാര മാധ്യമങ്ങളൊക്കെ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി അത് വായിച്ചപ്പോള്‍ അതില്‍ രാജ്യദ്രോഹം ഒന്നും കാണുവാന്‍ കഴിഞ്ഞില്ല എന്നുമാത്രവുമല്ല, തോന്നിപ്പോയി 80 ശതമാനം വരുന്ന ദരിദ്ര ഇന്ത്യക്കാര്‍ക്കുവേണ്ടിയാണു ഞങ്ങള്‍ പോരാടുന്നത്. ഈ രാജ്യത്തെ ഭരണഘടന വ്യവസ്ഥിതികളില്‍ ഞങ്ങള്‍ക്ക്  ഉറച്ച വിശ്വാസമാണ്. ഞങ്ങള്‍ ധൈര്യത്തോടെ പറയുകയാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെ ആരു വിരല്‍ ചൂണ്ടിയാലും അതിനോടു പൊറുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. ജെ.എന്‍.യു.വിലെ ഈ യുവനേതാവ് കനയ്യകുമാര്‍ രാജ്യദ്രോഹി അല്ല മറിച്ച് പൗരാവകാശ ബോധമുള്ള, മൗലികാവകാശങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വമാണ്.
ജെ.എന്‍.യു. രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന് ഒരു സര്‍ക്കാരും ആ സര്‍ക്കാരിന്റെ തലച്ചോറെന്നു വിശേഷിപ്പിക്കുന്ന സംഘപരിവാറും സ്ഥാപിക്കുകയുണ്ടായി. മികച്ച വിദ്യാര്‍ത്ഥികളെ ഉണ്ടാക്കിയെടുക്കുന്നതും മികവുറ്റ അദ്ധ്യാപകരുടെ സേവനവും ലഭ്യമാകുന്നതുമായ ജെ.എന്‍.യു.ന്റെ മേല്‍വിലാസം മാറ്റുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഞങ്ങളുടെ അപ്രിയ ധൈഷണികകേന്ദ്രങ്ങളൊക്കെ  താറുമാറുക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

അടുത്തകാലത്ത് ഇന്ത്യയിലുണ്ടായ കല-സാഹിത്യ-സാംസ്‌ക്കാരിക മേഖലകളിലെ അസഹിഷ്ണുതയും ഒക്കെ രാജ്യം നേരിടുന്ന വെല്ലുവിളികളാണെന്നു നിസംശയം പറയാന്‍ കഴിയും. ഗോവിന്ദ് പന്‍സാരെ മരിച്ചതും, കല്‍ബുര്‍ഗി മരിച്ചതും നരേന്ദ്ര ധബോല്‍ക്കര്‍ മരിച്ചതും, രോഹിത് വേമുല മരിച്ചതും പ്രകൃതിക്ഷോഭത്തിലല്ലയെന്നും നമ്മള്‍ ഓര്‍ക്കേണ്ടതാണ്. ഫാസിസ്റ്റ് മനോഭാവമുള്ള ഗള്‍ഫും, ഇന്ത്യന്‍ ഭരണഘടനയുടെ സുപ്രധാനമായ ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് ഭാവത്തോടു കാണിക്കുന്ന ഉദാസീനതയും അവഗണനയുമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു മതം 'State Religion' യായി എടുത്തു പറയുന്നില്ല എന്നുമാത്രവുമല്ല; മതം ഉള്ളവനും, മതം ഇല്ലാത്തവനും ജീവിക്കുവാനും, അവരുടേതായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാനും  ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട് എന്ന കാര്യം ഈ ഫാസിസ്റ്റ് മനോഭാവമുള്ളവര്‍ അറിയേണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണഘടന(ലിഖിത ഭരണഘടന) ഇന്ത്യയുടെ തന്നെയാണ്. അതിന്റെ ശില്പികളായ ബാബ സാഹിബ് ഭീംറാവു അംബേദ്ക്കറെയും, ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇത്രയേറെ പ്രശംസിച്ചാലും അത് കൂടുതലാകുകയില്ല. കാരണം ഇന്ത്യ കണ്ട അല്ലെങ്കില്‍ 20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാന്മാരാണവര്‍.

ഇന്ത്യയുടെ ദേശീയവാദ ബോധം മാറ്റിനിറുത്തി അവര്‍ ആഗ്രഹിക്കുന്ന ദേശീയവാദം കൊണ്ടുവരുകയാണ്. അതായത് ഇന്ത്യന്‍ ദേശീയബോധം ദേശവിരുദ്ധതയായും മറ്റൊന്നിനെ ദേശീയതയായും ഒരു ഫാസിസ്റ്റ് മനോഭാവത്തോടെ ബോധപൂര്‍വ്വം മാറ്റുവാനുള്ള ശ്രമമാണ്. അക്കൂട്ടര്‍ നമ്മുടെ ദേശീയതയെ വിചിത്ര രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്നു ചുരുക്കം.
നമ്മുടെ മുന്‍ഗാമികള്‍ പൊരുതി നേടിയതാണ് ഭാരതം. ആ ഭാരതത്തിന്റെ അല്ലെങ്കില്‍ ഭാരതം എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ മൂന്നു അടിസ്ഥാന തത്ത്വങ്ങളാണ് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നുള്ളത് നമ്മള്‍ മറന്നു പോകരുത്. ജാതിയുടെയും മതത്തിന്റെയും, വര്‍ണ്ണത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ഫാസിസ്റ്റ്-കപട ദേശീയവാദികള്‍ ആരെ കൊന്നു തള്ളിയാലും ഫാസിസത്തെ അതിജീവിക്കുവാന്‍ കഴിയാത്തവരല്ല ഭാരതീയര്‍ എന്നുള്ള വിചാരം ഇക്കൂട്ടര്‍ വിചാരിക്കുന്നതും ചിന്തിക്കുന്നതും നല്ലതായിരിക്കും. കാരണം, ജനാധിപത്യ ഇന്ത്യ ഇതൊന്നും മറക്കുകയില്ല, പൊറുക്കുകയില്ല.

ദേശദ്രോഹത്തിന്റെ ചരിത്ര പാരമ്പര്യമുള്ളവര്‍ ഗാന്ധിയല്ല ഗോഡ്‌സെയാണ് 'രാഷ്ട്രനായകന്‍'  എന്നു പറയുന്നവരുടെ എണ്ണം കൂടിവരുന്നതാണ് നമ്മള്‍ ദയനീയമായി കണ്ടുകൊണ്ടിരിക്കുന്നത്.
അന്നും ഇന്നും ഗാന്ധിജിയുടെ കൊലപാതകം ആഘോഷിക്കുന്നവരാണോ യഥാര്‍ത്ഥത്തില്‍ രാജ്യസ്‌നേഹികള്‍? ഇവര്‍ രാജ്യത്തിന്റെ ധാര്‍മ്മികബോധത്തിലും മൗലിക അവകാശങ്ങളിലും കടന്നുകയറി പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിലും, സ്വതന്ത്ര ചിന്തയിലും പ്രതിരോധം സൃഷ്ടിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യ എന്ന രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും വേണ്ടി മതത്തിന്റെയും, ഭാഷയുടെയും, രാഷ്ട്രീയത്തിന്റെയും ഭേദമെന്യേ നാം ഒന്നിച്ചു നില്‍ക്കണം. ഭാരതത്തിന്റെ വിശുദ്ധത ജനാധിപത്യ മതേതരത്വ സോഷ്യലിസം ആണ്. അത് പുലര്‍ന്നു കാണുവാനും, ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള , സമാധാനമുള്ള രാജ്യമായി 'ഇന്ത്യ' നിലകൊള്ളുവാനുമായി നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ മതത്തെ മാറ്റി നിര്‍ത്തേണ്ടതു അത്യാവശ്യമാണ്.


Join WhatsApp News
P,P,Cherian 2016-02-22 06:38:50
Good article, Keepitup Anaswaram.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക