Image

വേഗവിയോഗങ്ങളുടെ വേദനാ ദിനങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 21 February, 2016
വേഗവിയോഗങ്ങളുടെ വേദനാ ദിനങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
യമദേവന്റെ കണക്കു സൂക്ഷിപ്പുകാരനായ ചിത്രഗുപ്തന്‍ തന്റെ "ടാര്‍ജറ്റ്' തികയ്ക്കുവാനായി മലയാളക്കരയില്‍ തമ്പടിച്ചിരിക്കുകയാണോയെന്ന് ഭയപ്പെടുന്ന സമയമാണിത്. നാമേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ആരാധിക്കുകയും ചെയ്ത ജീവിത വിസ്മയങ്ങളാണ് ഏതാനും ദിവസത്തെ ഇടവേളകളില്‍ ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തില്‍ ഒറ്റയടിക്ക് ഇടം പിടിച്ചത്.

ജനുവരി 25 മുതല്‍ ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങള്‍ മരണത്തിന്റെ കറുത്ത മൂടുപടം അണിഞ്ഞാണ് കേരളത്തില്‍ എത്തിയത്. 25-ാം തീയതി അതിരാവിലെ തന്നെ നടി കല്‍പനയുടെ അകാല വിയോഗത്തിന്റെ വാര്‍ത്തയാണ് മലയാളികളെ ഉണര്‍ത്തിയത്. തുടര്‍ന്നങ്ങോട്ട് മരണങ്ങളുടെ ഘോഷയാത്ര ആയിരുന്നു. അപൂര്‍വമായ ഒരു വിയോഗ ഘോഷയാത്ര. നമുക്കിടയില്‍ നിന്ന് മരണം കവര്‍ന്നെടുത്ത് കൊണ്ടുപോയവരെ ശ്രദ്ധാഞ്ജലിയോടെ ഒരിക്കല്‍ കൂടി സ്മരിക്കാം...

* ജനുവരി 25: അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. നടി കല്‍പന അന്തരിച്ചു. 1977­ല്‍ പി. സുബ്രഹ്­മണ്യത്തിന്റെ "വിടരുന്ന മൊട്ടുകള്‍' എന്ന ചിത്രത്തിലൂടെ ബാലതാരമായി­ മലയാളത്തില്‍ അരങ്ങേറി, വെള്ളിത്തിരയിലെ ഹാസ്യരാജ്ഞി പദമലങ്കരിച്ച കല്‍പന നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവില്‍ ഏറെ വേദനിപ്പിച്ചുമാണ് അകാലത്തില്‍ ആക്ഷനും കട്ടിനുമിടയില്‍നിന്ന് ജീവിതം പായ്ക്കപ്പ് ചെയ്തത്.

* ജനുവരി 30: മലയാള മാധ്യമ രംഗത്തെ അതികായനായ ടി.എന്‍ ഗോപകുമാര്‍ ഇത്ര പെട്ടെന്ന് നമ്മെ വിട്ട് പിരിയും എന്ന് ആരും കരുതിയിരുന്നില്ല. ഏഷ്യാനെറ്റിലെ കണ്ണാടി എന്ന ചിരപരിചിതമായ പരിപാടിയെ ജീവകാരുണ്യത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ജീവസുറ്റ എപ്പിസോഡുകളാക്കി മാറ്റുകയും അതോടൊപ്പം മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കാരുണ്യനിലമാക്കുകയും ചെയ്തുകൊണ്ട് ടി.എന്‍ ഗോപകുമാര്‍ നടത്തിയ വിപ്ലവം കാലത്തിന്റെ സുന്ദരകാണ്ഡങ്ങളില്‍ തെളിമയോടെ എഴുതപ്പെട്ടിരിക്കും.

* ഫെബ്രുവരി 3: നീതി നിര്‍വഹണരംഗത്തെ കരുത്തുറ്റ സാന്നിധ്യവും നികുതി, കമ്പനി നിയമങ്ങളില്‍ വിദഗ്ധനുമായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പരിപൂര്‍ണനും ന്യായാസനമൊഴിഞ്ഞു. ഉറച്ച മൂല്യബോധത്തോടെ എന്നും നീതിയുടെ കാവലാളായിരുന്നു, അക്ഷരാര്‍ത്ഥത്തില്‍ പരിപൂര്‍ണനായിരുന്നു.

* ഫെബ്രുവരി 3: തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ എന്ന എസ്. സുബ്രഹ്മണ്യനും സീനുകളവശേഷിപ്പിച്ചു. ഭരതന്‍ സംവിധാനം ചെയ്ത "ദേവരാഗം' ഉള്‍പ്പെടെ 14 സിനിമകള്‍ക്കും "സ്ത്രീ' ഉള്‍പ്പെടെ 51 ടെലിവിഷന്‍ പരമ്പരകള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

* ഫെബ്രുവരി 6: മലയാള സിനിമാ സംഗീത സാമ്രാജ്യത്തിലെ മെലഡിയുടെ രാജകുമാരനായ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സണെ മരണം കവര്‍ന്നെടുത്തത് വെറും 29 വയസ്സുള്ളപ്പോഴാണ്. ഗായിക, സംഗീത സംവിധായിക തുടങ്ങി പിതാവ് ഈണമിട്ട പാട്ടിന്റെ വഴികളിലൂടെ സുഗമ സഞ്ചാരം നടത്തുമ്പോഴായിരുന്നു കണ്ണീരിലാഴ്ത്തിയ വിടപറച്ചില്‍.

* ഫെബ്രുവരി 13: മലയാളത്തിന്റെ പ്രിയ കവി, ഭാവ ഗായകന്‍, ഗാനരചയിതാവ്, കമ്യൂണിസ്റ്റ്...ഒ.എന്‍.വി കുറിപ്പിന് ചാര്‍ത്തിക്കൊടുക്കാവുന്ന കിരീടങ്ങള്‍ ഏറെയാണ്. മലയാളത്തെ കാവ്യതരളിതമാക്കിയ കവി വിടപറഞ്ഞപ്പോള്‍ ചെല്ലാനിതുമാത്രം..."നിലാവസ്തമിച്ചു, മിഴിയടച്ചു, സനിശ്വസമാഹംഹഗാനം നിലച്ചു...' കാവ്യസൂര്യന് സ്വസ്തി.

* ഫെബ്രുവരി 14: മലയാള സിനിമയിലെ അതുല്യ ഛായാഗ്രാഹകനായിരുന്ന ആനന്ദക്കുട്ടന്‍ ഫ്രെയിമുകളില്ലാത്ത ലോകത്തേയ്ക്ക് ക്യാമറചലിപ്പിക്കാതെ പോയി. ഹെലിക്യാമും റെഡ് എപ്പിക്കുമൊന്നുമില്ലാതിരുന്ന കാലത്ത് വെളിച്ചത്തെ കൈക്കുമ്പിളില്‍ അളന്നെടുത്ത്, കണ്ണിനെ മണ്ണിലും മാനത്തുമെത്തിച്ച കാലത്തിന്റെ പ്രതിനിധിയായിരുന്നു ആനന്ദക്കുട്ടന്‍.

* ഫെബ്രുവരി 14: മികച്ച സംഗീത സംവിധായകന്‍, പശ്ചാത്ത സംഗീതകാരന്‍. തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം പാദമുദ്ര പതിപ്പിച്ച രാജാമണി രാഗങ്ങളൊഴിഞ്ഞു പോയി. ഇമ്പമാര്‍ന്ന ഈണങ്ങളായിരുന്നു രാജാമണിയുടേത്. കേട്ടവയെല്ലാം മധുരം, കേള്‍ക്കാത്തതോ മധുതതരവും.
$ഫെബ്രുവരി 17: ഒടുവിലിതാ ജീവിതവും അനുഭവങ്ങളും ചേര്‍ത്തുവച്ച കഥകളിലൂടെ മലയാളത്തെ വായനാ സമ്പന്നമാക്കിയ അക്ബര്‍ കക്കട്ടിലും ശാശ്വത നഷ്ടമായി. "അധ്യാപക കഥ'കളിലൂടെ സനേഹിച്ച് പഠിപ്പിച്ച കക്കട്ടിലിനും നമുക്കുമിടയില്‍ ഇനി പ്രയിപ്പെട്ട കാഥാകാരന്റെ അക്ഷരക്കൂട്ടങ്ങള്‍ മാത്രം.

***

സാശാശ്വത നിദ്രപൂകിയ ഈ മഹത്തുക്കളുടെ ആത്മാവിന് നിത്യശാന്തി നേരാം. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ മരണത്തെപ്പറ്റി പഠിപ്പിക്കുന്നതും ഓര്‍മിപ്പിക്കുന്നതുമായ ചില കാര്യങ്ങള്‍ ഇപ്രകാരം...

* ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്­ ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്­ ആത്മാവിന്റെ ഉടുപ്പുമാറല്‍ മാത്രമാണ്­­. തങ്ങള്‍ നിത്യനായ ആത്മാവാണ്­ എന്ന്­ അനുഭവത്തില്‍ അറിഞ്ഞ അവര്‍ക്ക്­ അതുകാരണം തന്നെ മരണം എന്ന അവസ്ഥയില്‍ ഭയമോ ദുഖമോ ഇല്ല. ഈ വസ്തുതകള്‍ ഇനിയങ്ങോട്ട്­ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു, നീ ഇപ്പോള്‍ വെറുതേ വേണ്ടാത്ത രീതിയില്‍ ദുഖിക്കുകയാണ്­, ഇവര്‍ മരിച്ചു പോകും എന്നോര്‍ത്തു നീ ദുഖിക്കേണ്ട കാര്യമില്ല-ഭഗവത് ഗീത.

* "നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും'­­-ഉല്പത്തി. 3:19

* ഒരുവന്റെ മരണ ശേഷം അവന്‍ ഭൗതികലോകത്ത് നിന്ന് കിട്ടുന്ന പ്രതിഫലം അവന്‍ നല്‍കിയ ധര്‍മവും അവന്‍ പഠിപ്പിച്ച അറിവും അവന്റെ മക്കള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാകുന്നു-പ്രവാചകന്‍ മുഹമ്മദ് നബി.
വേഗവിയോഗങ്ങളുടെ വേദനാ ദിനങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
വിദ്യാധരൻ 2016-02-21 12:50:52
മരണമെന്ന സത്യം 
രണഭേരിയോടെയെത്തും 
കരുണയില്ലതിനോട്ടുമേ 
കരുത്തെരെന്നോ 
ബലഹീനരെന്നൊ 
ധനികരെന്നോ 
ദരിദ്രരെന്നോ 
കെടുത്തിടും 
ആളിനില്ക്കും ജീവിതം.
നാളെയെന്ന മിഥ്യയിൽ 
മനസ്സൂന്നിടാതെ 
രസിക്കു ജീവിതം സഹജരെ.
അഹന്തമാറ്റി മുഷ്ക്ക് മാറ്റി 
ഒരുക്കിടൂ ഈ ഭൂമിയെ 
രസിക്കുവാൻ മറ്റേവർക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക