Image

'ഞങ്ങളുടെ മധുരഗായകന്‍ മോശവത്സലം'(ഡി.ബാബു പോള്‍)

ഡി.ബാബു പോള്‍ Published on 19 February, 2016
'ഞങ്ങളുടെ മധുരഗായകന്‍ മോശവത്സലം'(ഡി.ബാബു പോള്‍)
തെക്കന്‍ കേരളത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്ന് മതപ്രചരണം തുടങ്ങിയത് പോര്‍ച്ചുഗീസു യുഗത്തിലാണ്. 'തിരുവിതാംകോട് അരപ്പള്ളി' എന്ന സുറിയാനിപ്പള്ളി ഒരു പുരാതനക്രൈസ്തവബന്ധം അവകാശപ്പെടുന്നുണ്ട് എന്നറിയാതെയല്ല ഇങ്ങനെ കുറിച്ചത്. അത് ഒരൊറ്റപ്പെട്ട തുരുത്തായിരുന്നുവല്ലോ. തിരുവിതാംകൂറിന്റെ തീരദേശത്ത് ഫ്രാന്‍സിസ് സേവ്യറിനെ പോലെ ഉള്ള സുവിശേഷകര്‍ വന്നെത്തിയിടത്താണ് മിഷണറി ചരിത്രം തുടങ്ങുന്നത്. പ്രധാനമായും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു സേവിയറുടെ ഉന്നം.  വളരെ കാലം കഴിഞ്ഞാണ് പ്രൊട്ടസ്‌ററന്റ് മിഷണറിമാര്‍ വന്നത്.

1806-ല്‍ മൈലാടിയില്‍ വന്ന റിങ്കിള്‍ ടൗബേ ആയിരുന്നു ആദ്യത്തെ മിഷണറി. അദ്ദേഹത്തെ കൊണ്ടുവന്നത് വേദമാണിക്യം. ഈ വേദമാണിക്യം ഒരുവേള തെക്കന്‍ കേരളത്തിലെ ആദ്യ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവന്‍ ആയിരിക്കണം. മഹാരാസന്‍ എന്നായിരുന്നു പഴയ പേര്. ചിദംബരം ക്ഷേത്രത്തിലേയ്ക്ക് നടത്തിയ ഒരു തീര്‍ത്ഥാനടനം വിഫലമായതിനെ തുടര്‍ന്ന് നിരാശനും സംശയാലുവും ആയ മഹാരാസന്‍ തഞ്ചാവൂരില്‍ വെച്ച് ക്രിസ്ത്യാനി ആവുകയായിരുന്നു. അദ്ദേഹമാണ് റിങ്കള്‍ടൗബിനെ ക്ഷണിച്ചു കൊണ്ടുവന്നത്. വേദമാണിക്യം ആയ മഹാരാസന്‍ ജ•ം കൊണ്ട ഗ്രാമം മൈലാടി ആയിരുന്നതിനാലാണ് സായിപ്പിനെ അവിടെ കുടിയിരുത്തിയത്.
ബ്രിട്ടീഷ് അധികാരികള്‍ക്ക് പൊതുവെ മിഷണറിമാരെ പുച്ഛമായിരുന്നു. ശ്രീയേശുവിന്റെ കാലത്ത് പലസ്തീനില്‍ സദൂക്യര്‍ എന്നത് പോലെ സ്വന്തം ലാഭവും വാണിജ്യതാല്‍പര്യങ്ങളും തകരാതെ നോക്കുന്നതിലായിരുന്നു അവര്‍ക്ക് കൗതുകം. ഇടയ്ക്ക് മണ്‍റോയെ പോലെ ദൈവഭക്തിയുള്ള ആരെങ്കിലും വരുമ്പോള്‍ മാത്രമായിരുന്നു മിഷണറിമാര്‍ക്ക് ആശ്വാസം.

1806-ല്‍ മൈലാടിയില്‍ എത്തിയെങ്കിലും തിരുവിതാംകൂറില്‍ ഒരു മിഷന്‍ കേന്ദ്രം  ആരംഭിക്കാന്‍ റിങ്കിള്‍ടൗബയ്ക്ക് അനുവാദം കിട്ടിയത് 1809-ല്‍ മാത്രം ആയിരുന്നു. ഏഴ് കൊല്ലം ഏഴ് പള്ളികളും ഓരോന്നിനോടും ചേര്‍ന്ന് ഓരോ പള്ളിക്കൂടവും സ്ഥാപിച്ച റിങ്കിള്‍ടൗബ 1806-ല്‍ തിരുവിതാംകൂറില്‍ നിന്ന് യാത്രയായി.

പിറ്റെക്കൊല്ലം വന്ന മിഷണറിയാണ് മീഡ്. മീഡിന് കുറെക്കൂടെ ഭാഗ്യം ഉണ്ടായിരുന്നു. കേണല്‍ മണ്‍റോ നാഗര്‍കോവിലെ വീടും വിശാലമായ പുരയിടവും മിഡിന് നല്‍കി. മീഡ് മൈലാടിയില്‍ നിന്ന് നാഗര്‍കോവിലേയ്ക്ക് ആസ്ഥാനം മാറ്റി. മീഡിന്റെ പത്‌നി(രണ്ടാമത്തെ ഭാര്യ: 'മിഷണറിമാര്‍ പ്രണയിച്ചപ്പോള്‍' എന്ന ലേഖനം കാണുക. മാതൃഭൂമി 2016) തെക്കന്‍ കേരളത്തില്‍ ആദ്യമായി ഒരു പെണ്‍പള്ളിക്കൂടം തുടങ്ങി. മാള്‍ട്ട് എന്ന മറ്റൊരു മിഷണറി കൂടെ എത്തിയപ്പോള്‍ മീഡിന്റെ പ്രവര്‍ത്തനം നെയ്യൂരിലേയ്ക്ക് വ്യാപിച്ചു.

അപ്പോഴും തിരുവനന്തപുരം മിഷണറിമാര്‍ക്ക് ബാലികേറാമല ആയിരുന്നു. തലസ്ഥാനം അശുദ്ധമാകും എന്ന് രാജാവും ബ്രാഹ്മണരും കരുതി. 'തലവേദനയുണ്ടാക്കരുത്' എന്ന് റസിഡന്റുമാര്‍ മിഷണറിമാരെ വിലക്കി. അങ്ങനെയിരിക്കെ മീഡ് നാട്ടിലൊന്ന് പോയി. 1835-ല്‍. ലണ്ടന്‍ മിഷന്‍ സൊസൈറ്റി നാല് മിഷണറിമാരെക്കൂടെ തിരുവിതാംകൂറിലേയ്ക്ക് നിയോഗിച്ചു. പാറ്റിസന്‍, കോക്‌സ് ആബ്‌സ്, റസല്‍ എന്നിവരും മെഡിക്കല്‍ മിഷണറി ആയി നിയമിക്കപ്പെട്ട ഡോക്ടര്‍ റാംസെയും മീഡ് മടങ്ങിയപ്പോള്‍ കൂടെ വന്നു. 1838 ഏപ്രിലില്‍ ആയിരുന്നു അത്. അവര്‍ കൊല്ലത്താണ് എത്തിച്ചേര്‍ന്നത്.

കുടുംബങ്ങളെ കൊല്ലം മിഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചതിന് ശേഷം മിഷണറിമാര്‍ എല്ലാവരും കൂടെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. റസിഡന്റിനെ കാണുകയായിരുന്നു ലക്ഷ്യം. മിഷണറിമാരോടു താല്‍പര്യം ഉള്ള ഫ്രെയ്‌സര്‍ ആയിരുന്നു റസിഡന്റ്. 1838 ഏപ്രില്‍ 10 ന് നടന്ന കൂടിക്കാഴ്ചയില്‍ മിഷന് സ്ഥലം അനുവദിക്കണം എന്ന് മിഷണറിമാരും റസിഡന്റിനും തിരുവിതാംകൂറില്‍ സേവനം അനുഷ്ഠിച്ചിരുന്ന മറ്റ് ധ്വരമാര്‍ക്കും ബണ്ടി ഇംഗ്ലീഷില്‍ ആരാധന തുടങ്ങണം എന്ന് റസിഡന്റും ആവശ്യപ്പെട്ടു. മിഷണറിമാരുടെ ആവശ്യം കൊട്ടാരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താം എന്ന് റസിഡന്റും കോക്‌സ് എന്ന മിഷണറി ഉടന്‍ തന്നെ ആരാധന തുടങ്ങുമെന്ന് മിഷണറിമാരും സമ്മതിച്ചു.

അന്ന് തന്നെ ദിവാനും റസിഡന്റിനെ കാണാന്‍ എത്തി. വെങ്കട്ടറാവു എന്നൊരാളായിരുന്നു ദിവാന്‍. അദ്ദേഹത്തിന് മിഷണറിമാരോട് അനുഭവം ഉണ്ടായിരുന്നു. രാജാവിന്റെയും ബ്രാഹ്മണന്‍മരുടെയും കേരന്ദ്രത്തില്‍ നിന്ന് അകലെ എവിടെ എങ്കിലും സ്ഥലം കൊടുക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെ കണ്ണമ്മൂലക്കുന്ന് കോക്‌സിന് കിട്ടിയ കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

1840 ആയപ്പോഴേയ്ക്കും മിഷണറിമാരുടെ പ്രവര്‍ത്തനം സാമാന്യം വിപുലമായി. ഓരോ പള്ളിയോടും ചേര്‍ന്ന് ഓരോ പള്ളിക്കൂടവും ഉണ്ടായി. അക്കൂട്ടത്തില്‍ ഒരു പള്ളിക്കൂടം തുടങ്ങിയത് അന്തോണിനാടാര്‍ എന്ന വ്യക്തിയുടെ വീടിനടുത്തായിരുന്നു. ഈ അന്തോണിനാടാര്‍ പോര്‍ച്ചുഗീസുകാര്‍ മാനസാന്തരപ്പെടുത്തിയ ഒരു കുടുംബത്തിലെ അംഗവും വിദ്യാസമ്പന്നനും കത്തോലിക്കരുടെ ഒരു വിദ്യാലയത്തിലെ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററും ആയിരുന്നു. അദ്ദേഹത്തെ സ്വന്തം ഗ്രാമമായ തിരുപ്പുറത്തെ പുതിയ ഹെഡ്മാസ്റ്ററായി നിയമിച്ചത് അദ്ദേഹത്തിന് സൗകര്യമായി. പ്രൊട്ടസ്റ്റന്റ് മിഷണറിമാരുമായുള്ള പരിചയം വളര്‍ന്നപ്പോള്‍ അന്തോണി അവര്‍ക്കൊപ്പം ചേര്‍ന്നു. പേരും മാറ്റി. അന്തോണി നാടാര്‍ അരുളാനന്ദം ആയി. ഈ അരുളാനന്ദത്തിന്റെ മകനാണ് മോശവത്സലം ശാസ്ത്രിയാര്‍.

അരുളാനന്ദം കുറെക്കാലം ഹെഡ്മാസ്റ്റര്‍ ആയി ജോലി ചെയ്ത ശേഷം സുവിശേഷവേലയിലേയ്ക്ക് തിരിഞ്ഞു. അരുളാനന്ദും സുവിശേഷകര്‍ എന്നാണ് അദ്ദേഹം പിന്നെ അറിയപ്പെട്ടത്. നെയ്യാറ്റിന്‍കര, മയ്യനാട്, മലയോരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഇദ്ദേഹം ജോലി ചെയ്തു. ഒപ്പം സാമൂഹികമായ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു. ഊഴിയവേലയില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചകളില്‍ ഒഴിവ് കല്‍പിച്ചിരുന്നു. കേണല്‍ മണ്‍റോയുടെ കാലത്ത് തന്നെ. എങ്കിലും ഈഴവരെയും നാടാ•ാരെയും പോലെ വഴങ്ങാന്‍ തയ്യാറായ ക്രിസ്ത്യാനികളെക്കൊണ്ടും ഊഴിയവേല ചെയ്യിക്കുന്ന സമ്പ്രദായം തുടര്‍ന്നു ചെയ്യിച്ചുവന്നു.(സര്‍ക്കാരിനും സവര്‍ണ്ണര്‍ക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു വേണ്ടി കൂലിയില്ലാതെ ചെയ്യുന്ന പണിയാമ് ഊഴിയം. ക്ഷേത്രബദ്ധമായ ജോലികലില്‍ നിന്ന് ക്രിസ്ത്യാനികളെ ഒഴിവാക്കിയിരുന്നു). 1850 മെയ് 10 ന് തന്റെ പള്ളിയിലെ ഒരാളെക്കൊണ്ട് ഒരു സവര്‍ണ്ണപ്രമാണി ഊഴിയം ചെയ്യിച്ചതിനോടുള്ള അരുളാനന്ദം സുവിശേഷകരുടെ പ്രതികരണം ആണ് അത് അവസാനിപ്പിച്ചത്.
അരുളാനന്ദം സുവിശേഷകരുടെ മാതൃക കണ്ട് വളര്‍ന്ന മോശവത്സലം ശാസ്ത്രീയാര്‍ സുവിശേഷകാര്യങ്ങളില്‍ തല്‍പരനായി ഭവിച്ചതില്‍ അത്ഭുതം വേണ്ട. 1847-ല്‍ ജനിച്ച ശാസ്ത്രിയാര്‍ക്ക് മോശ(മോസസ് )എന്ന് പേരിട്ടത് കോക്‌സ് ആയിരുന്നു. യഹൂദജനതയെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കയും വാഗ്ദാനദേശത്തിന്റെ അതിരോളം നയിക്കുകയും ചെയ്ത മോശയെ പോലെ സമൂഹത്തിന്. ഉപകാരപ്പെടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് കോക്‌സ് പേരിട്ടത്.

ഭാഷകള്‍ പഠിക്കുവാനും സംഗീതം അഭ്യസിക്കുവാനും മോശ ബാല്യം മുതല്‍ തന്നെ താല്‍പര്യം കാണിച്ചു. അരുളാനന്ദം സുവിശേകര്‍ വടക്കന്‍ തിരുവിതാംകൂറിലെ സുറിയാനി മെത്രാനുമായി പരിചയപ്പെട്ടിരുന്നു. അതിന്റെ പേരില്‍ ശിക്ഷണനടപടിയും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ മോശയ്ക്ക് അത് ഗുണം ചെയ്തു. മലങ്കര മെത്രാപ്പോലീത്താ ദിവന്നാസിയോസ് മൂന്നാമന്റെ (അതോ നാലാമനോ? കാലം 1860 ആണ്) കീഴില്‍ പതിമൂന്നാം വയസ്സില്‍ മോശ ഇംഗ്ലീഷ് പഠിച്ചു രണ്ടുകൊല്ലം കഴിഞ്ഞ് നാഗര്‍കോവില്‍ സെമിനാരിയില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് ഗ്രീക്ക്, ലത്തീന്‍, എബ്രായഭാഷകള്‍ പഠിച്ചത്. തമിഴ്പാട്ടുകള്‍ പഠിച്ചതും സെമിനാരിയില്‍ തന്നെ.
സെമിനാരി പഠനം പൂര്‍ത്തിയാക്കിയ മോശ അധ്യാപകനായി. ശാസ്ത്രീയസംഗീതവും വയലിനും പഠിച്ചത് അക്കാലത്താണ്. ചിത്രകലയിലും മോശയ്ക്ക് അഭിരുചി ഉണ്ടായിരുന്നു. ചായക്കൂട്ടുകള്‍ തന്നെത്താന്‍ നിര്‍മ്മിക്കുകയും അവ ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ച് മാജിക് ലാന്റണിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. കവിതയിലെ കമ്പം മില്‍ട്ടനെയും ദാന്തെയെയും പഠിക്കുവാന്‍ പ്രചോദനമായി. മലയാളത്തില്‍ ഭക്തിഗാനങ്ങള്‍ രചിക്കുവാന്‍ അദ്ദേഹത്തിന് അത് പ്രേരണയുമാണ്. 

1872-ല്‍ ആയിരുന്നു മോശയുടെ ആദ്യകവിത വിരചിതമായത്. അതിന്റെ പിറകില്‍ ഒരു കഥയുണ്ട്. ചാക്യാരുടെയും നമ്പ്യാരുടെയും കഥ പോലെ. തമിഴ്‌നാട്ടില്‍ നിന്ന് ഒരു ക്രിസ്തീയഗായകന്‍ തിരുവന്തപുരത്ത് വന്നു. അദ്ദേഹം മൂന്ന് ഉപകരണങ്ങള്‍ ഒരേസമയം ഉപയോഗിച്ച് മോശയെ ആകര്‍ഷിച്ചു. ഒന്നോ രണ്ടോ പാട്ടുകള്‍ പഠിച്ചാല്‍ കൊള്ളാം എന്ന മോഹം മോശ അറിയിച്ചപ്പോള്‍ 'പഠിപ്പിച്ചാലും പഠിക്കയില്ല' എന്ന് പരിഹസിക്കയാണ് ആ ഗായകന്‍ ചെയ്തത്. ദുഃഖത്തോടെ സ്ഥലംവിട്ട മോശ അന്ന് തന്നെ തന്റെ ആദ്യരചന നിര്‍വ്വഹിക്കുകയും ആ തമിഴന്‍ മടങ്ങുന്നതിന് മുന്‍പ് തന്നെ അയാളുടെ സാന്നിധ്യത്തില്‍ അത് ആലപിക്കുകയും ചെയ്തു എന്നാണ് കഥ.
ഈ പാട്ട് 'വൈറലായി'. അത് സംഗീതം കൂടുതല്‍ പഠിക്കാന്‍ മോശയെ പ്രേരിപ്പിച്ചു. 

അങ്ങനെയിരിക്കെ  തഞ്ചാവൂരില്‍ നിന്ന് വേദനായകം എന്നൊരാള്‍ തിരുവിതാംകൂറിലെത്തി കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചു. അത് മോശയെ ആകര്‍ഷിച്ചു. കീര്‍ത്തനങ്ങള്‍ക്ക് പുറമെ ധാരാളം ഗാനങ്ങളും രചിക്കാന്‍ മോശ പ്രേരിതനായതിന്റെ പിറകില്‍ ഈ കഥാപ്രസംഗ കമ്പവും ഉണ്ട്.
മറ്റിയര്‍ മിഷണറിയായി വന്നത് മറ്റൊരു വഴിത്തിരിവായി. മോശ വയലിന്‍ വാദനം ചെയ്യുന്നത് ശ്രദ്ധിച്ച മറ്റിയര്‍ ശാസ്ത്രീയസംഗീതത്തില്‍ കൂടുതല്‍ അഭ്യാസനം നടത്തുവാന്‍ മോശയെ സഹായിച്ചു. സംസ്‌കൃതവാദ്വാനായിരുന്ന മോശയ്ക്ക് ആ ഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം സമ്പാദിക്കുന്നതിനുള്ള ഏര്‍പ്പാടുകളും കൂടുതല്‍ പ്രാവീണ്യം സമ്പാദിക്കുന്നതിനുള്ള മറ്റിയര്‍ തന്നെ ആണ് ചെയ്തത്. മോശയെ മോശവത്സലം ആക്കിയതും മറ്റിയര്‍ തന്നെ.

തെക്കന്‍തിരുവിതാംകൂറിലെ അവര്‍ണ്ണര്‍ കുടുംബപ്പേരുകള്‍ ഉണ്ടായിരുന്നില്ല. പിതാവിന്റ #െപേര് വെച്ചാണ്  പേര് സൃഷ്ടിച്ചിരുന്നത്. പാച്ചന്‍ മകന്‍ കുഞ്ഞന്‍. അത്രതന്നെ. മതം മാറിയപ്പോള്‍ ബൈബിളിലെ പേരുകളും  ഇംഗ്ലീഷ് പേരുകളും ആയി എന്ന് മാത്രം. അത് പോരാ, ഇംഗ്ലീഷുകാരുടെ സര്‍നെയിമും സുറിയാനിക്കാരുടെ വീട്ടുപേര് പോലെ ഒന്നുണ്ടാവണം എന്ന് മറ്റിയര്‍ ഉപദേശിച്ചു. റസാലം, സുമനം, താപസ തുടങ്ങിയ പേരുകളൊക്കെ അതിന്റെ തുടര്‍ച്ചയാണ്. അങ്ങനെ മോശയ്ക്ക് നിര്‍ദ്ദേശിച്ച കുടുംബപ്പേരാണ് വത്സലം.

പ്രശത്‌നായ മോശവത്സലം തിരുവിതാംകൂറിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പര്യടനം നടത്തി. അപ്പോഴെയ്ക്ക് ദീവന്നാസിയോസ് ഢ(പുലിക്കാട്ടില്‍ തിരുമേനി) മലങ്കര മെത്രാപ്പോലീത്ത ആയിക്കഴിഞ്ഞിരുന്നു. അദ്ദേഹം വട്ടിപ്പണങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ താമസിക്കുന്ന കാലത്ത് അവിടെ മോശവത്സലത്തിന്റെ പാട്ടും പ്രസംഗവും സുറിയാനിക്കാര്‍ക്കായി ഏര്‍പ്പാടാക്കി.  ആ പ്രകടനത്തില്‍ സംപ്രീതനായ മെത്രാപ്പോലീത്താ അദ്ദേഹത്തിന് ശാസ്ത്രി എന്ന സ്ഥാനം കലപിച്ചു നല്‍കി. കോക്‌സിന്റെ മോശ , മറ്റിയറുടെ മോശവത്സലമായി. മറ്റിയറുടെ മോശവത്സലം, മെത്രാപ്പോലീത്തായുടെ മോശവത്സലം ശാസ്ത്രീയരായി.

കേരളത്തില്‍ ഉടനീളം ഏറ്റവും കൂടുതല്‍ ആലപിക്കപ്പെടുന്ന ഗാനം 'നിന്റെ ഹിതം പോലെയെന്നും നിത്യം നടത്തീടണമെ, എന്റെ ഹിതം പോലെയല്ലേയെന്‍ പിതാവേ, എന്‍ യഹോവേ' എന്നതാണ് എന്ന് പറയാറുണ്ട്. ശാസ്ത്രിയാരുടെ ഇളയ മകന്‍ പത്താമത്തെ വയസ്സില്‍ പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ എഴുതിയതാണ് ആ വരികള്‍. മധ്യകേരളത്തില്‍ പ്രോട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ആരാധനയുടെ ആരംഭത്തില്‍ 'നിത്യവന്ദനം നിനക്കു സത്യദൈവമേ'എന്ന കീര്‍ത്തനവും, അവസാനം 'അനുഗ്രഹത്തോടെ ഇപ്പോള്‍ അയയ്ക്ക അടിയാരെ യഹോവയെ' എന്നതും ആലപിക്കുക പതിവാണ്. 

രണ്ടും ശാസ്ത്രീയാരുടെ രചനകള്‍. യരുശലേമെയെന്‍ ഇമ്പവീടെ, പെന്തിക്കൊസ്തിന്‍ വല്ലഭനെ എഴുന്നരുള്‍ക, സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ എന്നിങ്ങനെ എത്രയെത്ര കീര്‍ത്തനങ്ങളാണ് ഇന്നും പ്രചുരപ്രചാരം ആര്‍ജ്ജിച്ച് തുടരുന്നത്? നൂറ് വര്‍ഷം ആ പ്രശസ്തിക്ക് ഒരു മങ്ങലും ഏല്‍പിച്ചിട്ടില്ല. 1916 ഫെബ്രുവരി 20 ഞായറാഴ്ച അന്തരിച്ച മോശവത്സലം ശാസ്ത്രീയാരുടെ മരണം അന്നത്തെ മിഷണരി ആര്‍തര്‍ പാര്‍ക്കര്‍ ലണ്ടനിലേയ്ക്ക് അയച്ച റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചു. 'ഞങ്ങളുടെ മധുരഗായന്‍ മോശവത്സലം' എന്നാണ് പരാമര്‍ശം. 'മരിച്ചെങ്കിലും   സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം.' എന്ന് പാര്‍ക്കര്‍ എഴുതിയത് നൂറ് വര്‍ഷം കഴിഞ്ഞ് ഒരു പ്രവചനം കണക്കെ അനുഭവപ്പെടുന്നു.




'ഞങ്ങളുടെ മധുരഗായകന്‍ മോശവത്സലം'(ഡി.ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക