Image

സര്‍ക്കാര്‍ റബര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് നേരിട്ട് റബര്‍ സംഭരിക്കണം:' ഇന്‍ഫാം

Published on 09 July, 2015
 സര്‍ക്കാര്‍ റബര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് നേരിട്ട് റബര്‍ സംഭരിക്കണം:' ഇന്‍ഫാം
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ റബര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് കര്‍ഷകരില്‍ നിന്നും ലൈസന്‍സുള്ള ചെറുകിട വ്യാപാരികളില്‍ നിന്നും നേരിട്ട് 150 രൂപയ്ക്ക് റബര്‍ സംഭരിച്ച് സ്റ്റോക്ക് ചെയ്യുകയോ, വ്യവസായികള്‍ക്കു നല്‍കുകയോ ചെയ്യാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും താല്‍ക്കാലിക നടപടികള്‍ക്കു പകരം ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങളാണ്  അടിയന്തരമായി വേണ്ടതെന്നും  ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയുടെ റബര്‍ കര്‍ഷക ധനസഹായം സ്വാഗതാര്‍ഗമാണ്.  പക്ഷേ നടപ്പിലാക്കല്‍ പ്രക്രിയയില്‍ പ്രതിസന്ധികളേറെയുണ്ട്.  വിരലിലെണ്ണാവുന്ന ആര്‍പിഎസ്സുകള്‍ ഒഴിച്ചുള്ളവ കടലാസില്‍ മാത്രം ഒതുങ്ങുന്ന പ്രവര്‍ത്തനരഹിതമായ ആര്‍പിഎസ്സുകളാണ്.  റബര്‍ കര്‍ഷക രജിസ്‌ട്രേഷനിലൂടെ  സംസ്ഥാന സര്‍ക്കാരിന് ഒരു ഡേറ്റാ ബാങ്ക് ഉണ്ടാക്കാമെന്നതിനപ്പുറം ഫലപ്രദമായ ഇടപെടലുകള്‍ ഈ നിലയില്‍ സാധിക്കുകയില്ല.  മഴക്കാലമായതുകൊണ്ട് ടാപ്പിംഗ് ഇല്ല.  കൂടാതെ വിലക്കുറവുകൊണ്ട് പലരും ടാപ്പിംഗ് പരിപൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയുമാണ്.  റബര്‍ കര്‍ഷകരെ സഹായിക്കാനാണെന്ന പേരില്‍ ഇതിനോടകം സര്‍ക്കാര്‍ നടത്തിയ പല പ്രഖ്യാപനങ്ങളും പരാജയപ്പെട്ടിരിക്കുമ്പോള്‍ 300 കോടിയുടെ സഹായപദ്ധതിയുടെ നടത്തിപ്പ് വിജയകരമാകണമെങ്കില്‍ പ്രായോഗിക ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനം സജീവമാകുകകയും റബര്‍ ബോര്‍ഡും വ്യാപാരികളും കര്‍ഷകരുമായുള്ള ഏകോപനമുണ്ടാകുകയും വേണം.  റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയ്ക്ക് ചെറുകിട വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നു റബര്‍ വാങ്ങുവാന്‍ തയ്യാറാവുന്നില്ല.  ഇവര്‍ വ്യാപാരി വിലയ്ക്കാണ് റബര്‍ വാങ്ങുന്നത്.  ചെറുകിട വ്യാപാരികള്‍ വാങ്ങുന്ന റബര്‍ വന്‍കിട വ്യാപാരികള്‍ക്കു കൊടുക്കുമ്പോള്‍ റബര്‍ ബോര്‍ഡ് വിലയ്ക്ക് പ്രസക്തിയില്ല.  റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയ്ക്ക് കഴിഞ്ഞനാളുകളിലും കച്ചവടം നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം.  ആര്‍.പി.എസ്.കള്‍ക്കോ സഹകരണ ബാങ്കുകള്‍ക്കോ റബര്‍ വാങ്ങാനുള്ള സാഹചര്യമില്ലെന്നുള്ളത് സര്‍ക്കാരിന് അറിവുള്ളതാണ്.  300 കോടി രൂപയുടെ റബര്‍ കര്‍ഷകസഹായം ലഭിക്കുവാന്‍ രജിസ്‌ട്രേഷന്‍ നടപടികളില്‍ കര്‍ഷകര്‍ പരമാവധി സഹകരിച്ചാലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ റബര്‍ വില്പന  പ്രായോഗികതലത്തില്‍ എളുപ്പമാവില്ലെന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകളെന്നും സഹായധനത്തോടൊപ്പം നേരിട്ടുള്ള റബര്‍ സംഭരണത്തിനും സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക