റിയാദ്: കേരളത്തിലെ വ്യത്യസ്ത ഉദ്യോഗ മേഖലകളിലെ സമുദായം തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് പ്രവാസി സാംസ്കാരിക വേദി. വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ വെര്‍ച്വല്‍ സംഗമത്തിലാണ് റിയാദ് വെസ്റ്റ് മേഖല കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.
ബി.ജെ.പി ലക്ഷ്യം വയ്ക്കുന്ന സവര്‍ണ ഹിന്ദുത്വ രാഷ്ട്രത്തിന് അനുയോജ്യമായാണ് കേരളത്തിലെ ഇടതുപക്ഷം കുടപിടിക്കുന്നതെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരിഹാസ്യതയാണെന്ന് വെര്‍ച്വല്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന് കരീപ്പുഴ പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി വെസ്റ്റ് മേഖലാ പ്രസിഡന്റ് സമീഉള്ള അധ്യക്ഷത വഹിച്ചു.
വി.അമീന് ജാവേദ് വിഷയ അവതരണം നടത്തി. ഷാജന റിയാസ്, ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. അലി ആറളം സ്വാഗതവും റുക്സാന ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍