ന്യൂഡല്‍ഹി: മൂത്രം ഉപയോഗിച്ച് ചന്ദ്രനില്‍ കട്ടകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് പദ്ധതി തയാറാക്കുന്നത്.
ഭാവിയില്‍ ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവര്‍ ബീന്‍സ് എന്നിവയാണ് ഈ കട്ടകളുടെ നിര്‍മാണത്തിലെ പ്രധാന ഘടകങ്ങള്‍. ചിലവ് കുറയ്ക്കാനായി പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തില്‍ നിന്നാണ് എടുക്കുന്നത്. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകര്‍ പറയുന്നു.
ചന്ദ്രനില്‍ വാസയോഗ്യമായ നിര്‍മിതികള്‍ക്ക് ഈ കട്ടകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിനു സമാനമായ മണ്ണില്‍ ബാക്ടീരിയയെ യോജിപ്പിച്ചു ഇന്റര്‍ലോക്ക് കട്ടകള്‍ നിര്‍മിക്കാനാണ് നീക്കം.