Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ "കൊല്ലുന്നതിന്റെ നേര്‍ക്കാഴ്ച ചരിത്ര അറിവിലൂടെ’

മണ്ണിക്കരോട്ട് Published on 19 June, 2020
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ "കൊല്ലുന്നതിന്റെ നേര്‍ക്കാഴ്ച ചരിത്ര അറിവിലൂടെ’
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ ജൂണ്‍ സമ്മേളനം 14-ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഉപക്രമപ്രസംഗത്തോടും ജോര്‍ജ് പുത്തന്‍കുരിശിന്റെ പിതൃദിനാശംസയോടും കൂടി സമ്മേളനം ആരംഭിച്ചു. ടെലിമീറ്റിംഗില്‍ വിദഗ്ധനായ എ.സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍. ടി.എന്‍. സാമുവലിന്റെ "പാഠം’ എന്ന തുള്ളല്‍ കവിതയും ജെയിംസ് ജോസ് ചിറത്തടത്തില്‍ അവതരിപ്പിച്ച "കൊല്ലുന്നതിന്റെ നേര്‍ക്കാഴ്ച ചരിത്ര അറിവിലൂടെ’ എന്ന പ്രബന്ധവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
   
ആദ്യമായി ടി.എന്‍. സാമുവല്‍ അദ്ദേഹത്തിന്റെ പാഠം എന്ന തുള്ളല്‍ക്കവിത തുള്ളല്‍ പാട്ടിന്റെ ഈണത്തിലും താളത്തിലും അവതരിപ്പിച്ചു. കൊവിഡ്-19, എന്ന മഹാമാരിയുമായി ബന്ധപ്പെട്ടതായിരുന്നു കവിതയുടെ പശ്ചാത്തലം. മനുഷ്യന്‍ എല്ലാം തികഞ്ഞവന്‍ എന്ന വിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും അടിത്തറ ഇളക്കുകയാണ്. ഈ മഹാമാരി. വര്‍ണ്ണവര്‍ക്ഷ വിവേചനംകൊണ്ട് ഭിന്നിച്ചുനില്‍ക്കുന്ന സമൂഹത്തില്‍ കൊവിഡ്-19 എന്ന കേവലം ഒരു വൈറസ് യാതൊരു പക്ഷാഭേദവും കൂടാതെ കയറിക്കൂടി അതിന്റെ സംഹാരതാണ്ഡവം തുടരുന്നു. ഈ സാഹചര്യത്തില്‍ എന്തും ഏതും മന്ത്രതന്ത്രാധികള്‍കൊണ്ട് പിടിച്ചുകെട്ടന്ന ദിവ്യന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും എന്തു സംഭവിച്ചു എന്നു കവി ചോദിക്കുന്നു. അത്തരക്കാരുടെ കപട മുഖംമൂടികള്‍ വലിച്ചെറിയുകയാണ് കവിതയില്‍. കവി പറയുന്നു:
   
“അര്‍ച്ചന കാഴ്ചകളൊക്കെ ലഭിച്ചാ-
    പൂജിതര്‍ വെറുമൊരു പൂജ്യമതായി!”
    അതോടൊപ്പം മര്‍ത്യനു തുണ മര്‍ത്യന്‍ മാത്രമെന്നും മനുഷ്യര്‍ സ്‌തോത്രം പാടി നടക്കുമ്പോഴും ശാസ്ത്രമാണ് ശരണം എന്നും കവി ഓര്‍മ്മപ്പെടുത്തു.
    “സ്‌തോത്രം പാടി നടക്കുമ്പോഴും
    ശാസ്ത്രമതല്ലോ ശരണം നിത്യം.”
   
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ എല്ലാവരും പങ്കുചേര്‍ന്നു. കവിയുടെ ആശയത്തോട് എല്ലാവരും പൂര്‍ണ്ണമായി യോജിച്ചില്ലെങ്കില്‍തന്നെ, മനുഷ്യജീവിതത്തെയും വിശ്വാസങ്ങളെയും ഒക്കെ ഇളക്കിമറിക്കാന്‍ കോവിഡിനു കഴിഞ്ഞു എന്നത് എല്ലാവരും സമ്മതിക്കുകയും ചെയ്തു,
   
തുടര്‍ന്ന് ജെയിംസ് ജോസ് ചിറത്തടത്തില്‍ ഭകൊല്ലുന്നതിന്റെ നേര്‍ക്കാഴ്ച ചരിത്ര അറിവിലൂടെ’ എന്ന തന്റെ പ്രബന്ധം അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലത്തെ യുദ്ധങ്ങളുടെയും വെട്ടിപ്പിടിക്കലുകളുടെയും വംശീയകൊലപാതകങ്ങളുടെയും രക്തചൊരിച്ചിലുകളുടെ ചരിത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് ജെയിംസ് മാനവികതയുടെമേല്‍ മനുഷ്യന്‍ നടത്തുന്ന ക്രൂരതയുടെ ചുരുള്‍ ഒന്നൊന്നായി നിരത്തുകയായിരുന്നു. മതങ്ങളും രാഷ്ട്രീയനേതാക്കളും അവരുടെ നേട്ടത്തിനുവേണ്ടി നടത്തുന്ന കൂട്ടക്കൊലകളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകഥയെ അദ്ദേഹം ഊന്നിപറഞ്ഞു.                                                                                                                                                                                                                               
   
സമ്മേളനത്തില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, ജോയി ചെഞ്ചേരില്‍, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, ജോസഫ് പൊന്നോലി, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു.
 പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950,
ജി. പുത്തന്‍കുരിശ് 281 773 1217.

മണ്ണിക്കരോട്ട് (www.mannickarotu.net)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക