Image

ബ്രിട്ടനില്‍ 40000വും കടന്ന് കോവിഡ് മരണങ്ങള്‍, ഇന്നലെ മരിച്ചത് 357 പേര്‍

Published on 06 June, 2020
ബ്രിട്ടനില്‍ 40000വും കടന്ന് കോവിഡ് മരണങ്ങള്‍, ഇന്നലെ മരിച്ചത് 357 പേര്‍
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ 40,000 കവിഞ്ഞു. ഇന്ന് 357  മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40,261 ആയി. ഒരുലക്ഷത്തി പതിനായിരത്തിലേറെ ആളുകള്‍ മരിച്ച അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഇതുവരെ ഏറ്റവും ആധികം ആളുകള്‍ മരിച്ചത് ബ്രിട്ടനിലാണ്. സര്‍ക്കാര്‍ കണക്ക് ഇങ്ങനെയാണെങ്കിലും ഇതിനേക്കാള്‍ പതിനായിരം പേര്‍ കൂടുതല്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ മരിച്ചവരേക്കാള്‍ 61,000 മരണങ്ങള്‍ ഈ വര്‍ഷം കൂടുതലാണെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു. ഇതിന് കോവിഡല്ലാതെ മറ്റൊരു കാരണം ചൂണ്ടിക്കാട്ടാനുമില്ല. ഈ സാഹചര്യത്തില്‍ വരുദിവസങ്ങളില്‍ ഔദ്യോഗിക മരണസംഖ്യ തിരുത്തിയെഴുതാല്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

മരണം ഇരുപതിനായിരത്തില്‍ നിയന്ത്രിക്കാനായാല്‍ അത് മികച്ചപ്രവര്‍ത്തനമാകും രോഗബാധയുടെ തുടക്കത്തില്‍ ബ്രിട്ടന്റെ ചീഫ് സയന്റിപിക് ഓഫിസര്‍ സര്‍ പാട്രിക് പാലന്‍സ് പറഞ്ഞത്. എന്നാല്‍ മരണസംഖ്യ നാല്‍പതിനായിരം കഴിയുമ്പോഴും ദിവസേന മുന്നൂറ്റി അമ്പതിലേറെ ആളുകള്‍ മരിക്കുകയാണ്.

വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത് 600ലധികം നഴ്‌സുമാരാണെന്ന് ഇന്റര്‍നാഷണല്‍ നഴ്‌സിങ് കൗണ്‍സിലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പൂര്‍ണമായ കണക്ക് ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടല്ല ഇത്. നാനൂറിലേറെ ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ മാത്രം പതിനായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളാകുകയും മുന്നൂറിലേറെ പേര്‍ മരിക്കുയും ചെയ്തയാണ് റിപ്പോര്‍ട്ടുകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക