Image

ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റ്; മീരയുടെ കുറിപ്പ് വൈറല്‍

Published on 06 June, 2020
ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റ്; മീരയുടെ കുറിപ്പ് വൈറല്‍
ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ആചാരങ്ങളിലുമുണ്ടായിരുന്ന കടുംപിടുത്തത്തേയും അതിലെ സ്ത്രീ വിരുദ്ധതയേയും പരിഹസിച്ച് കെ. ആര്‍. മീര. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടായ മാറ്റങ്ങളെ എഴുത്തുകാരി വിമര്‍ശിക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശനം നിഷേധിക്കുന്നതും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുണ്ടുടുക്കുന്നവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നതും തൃശൂര്‍പൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്തിയതും പരാമര്‍ശിച്ചായിരുന്നു കെ.ആര്‍. മീരയുടെ വിമര്‍ശനം.

അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം. ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആള്‍ ദൈവങ്ങളോടും ചോദിച്ചില്ല. ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിച്ചു, കേന്ദ്രഗവണ്‍മെന്‍റ് അനുസരിച്ചു.

പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി. സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവര്‍ മാത്രം അമ്പലത്തില്‍ പോയാല്‍ മതി എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചു.

നടയടക്കല്‍, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം – എന്തൊക്കെയായിരുന്നു പുകില്‍! ഇപ്പോഴിതാ, സാനിട്ടൈസര്‍, മാസ്ക്, വെര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ബുക്കിങ്, അമ്പതു പേര്‍ക്കു മാത്രം പ്രവേശനം... മസ്ജിദില്‍ സ്ത്രീകള്‍ക്കു മാത്രമല്ല, ആണുങ്ങള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. പള്ളിയില്‍ കന്യാസ്ത്രീകള്‍ക്കു മാത്രമല്ല, അച്ചന്‍മാര്‍ക്കും കുര്‍ബാന കൊടുക്കാന്‍ സാധിക്കാതെയായി. അതിനാല്‍ ദൈവം ഉണ്ടെന്നും ദൈവത്തിന് നീതിബോധവും മതനിരപേക്ഷതയുമുണ്ടെന്നും ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണെന്നും കെ.ആര്‍. മീര കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക