Image

അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി നെറ്റ് നേടി(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 06 June, 2020
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
മലപ്പുറം കോട്ടക്കലില്‍ നമിത നാരായണന്‍ മൊബൈലും നോട്ട് ബുക്കുമായി പുരപ്പുറത്തേറി നെറ്റ് നേടി. കൊറോണയും ഇടവപ്പാതിയും കേരളത്തില്‍ ''ഡബിള്‍ പാന്‍ഡെമിക്'' ആയപ്പോള്‍  ജൂണ്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ പാഠം നേടാന്‍  വീട്ടില്‍ റേന്‍ജ് ഇല്ലെകില്‍ എന്ത് ചെയ്യും?

അച്ഛന്‍ കെസി നാരായണന്‍കുട്ടി ജോലി ചെയ്യുന്ന കോട്ടക്കല്‍  ആര്യവൈദ്യശാലയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അകലെ അരീക്കലില്‍ മലഞ്ചെരുവില്‍ നെല്‍വയലിനോട് ചേര്‍ന്നാണ് വീട്. അവിടെ മൊബൈല്‍ റേന്‍ജ് ഇല്ലെന്നു പരാതിപറഞ്ഞു മടുത്തപ്പോഴാണ് മുട്ടുശാന്തിയായി  പുറപ്പുറത്ത് റേന്‍ജ് ഉണ്ടെന്നു കണ്ടു പിടിച്ചത്.

നമിത ഏണിവെച്ച് രണ്ടാം നില വീടിന്റെ പുരപ്പുറത്തേക്ക് കയറുമ്പോള്‍ അച്ഛനോ അമ്മയോ സഹോദരിയോ കാവല്‍ നില്‍ക്കും. സാവകാശം നിത്യതൊഴില്‍ അഭ്യാസമായി. വെയിലോ മഴയോ വരുമ്പോള്‍ ചൂടാനായി ഒരു വര്‍ണക്കുടയും കരുതും.

രണ്ടു പെണ്മക്കളാണ്‌നാരയണന്‍ കുട്ടിക്ക്.  നമിതയും ജ്യേഷ്ടത്തി  നയനയും. നയന കോട്ടക്കല്‍ വൈദ്യരത്‌നം പിഎസ് വാരിയര്‍ ആയൂര്‍വേദ കോളജില്‍ ബിഎഎംഎസ് നാലാം വര്‍ഷം  പഠിക്കുന്നു. നമിത കുറ്റിപ്പുറം കെഎംസിടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിഎ  ഇംഗ്ലീഷ് അഞ്ചാം സെമസ്ടര്‍. അമ്മ എം ജീജ മലപ്പുറം ജിഎംഎല്‍പി സ്‌കൂള്‍ അധ്യാപികയാണ്.

നമിതയുടെ പുരപ്പുറപഠനത്തെക്കുറിച്ചുള്ള സചിത്ര ലേഖനം ചിത്രം ഒന്നാം പേജില്‍ കൊടുത്തുകൊണ്ടാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇംഗ്ലീഷ് പത്രം ദി ഹിന്ദു കഴിഞ്ഞ  ദിവസം പുറത്തിറങ്ങിയത്.  ഈ എക്സ്‌ക്ലൂസിവിന്റെ കര്‍ത്താവ് അബ്ദുല്‍ ലത്തീഫ് നഹ, നാരായണന്‍ കുട്ടിയുടെ ഫോണ്‍ നമ്പര്‍ അയച്ചു തന്നു. സാക്കിര്‍ ഹുസൈന്‍ എടുത്ത ചിത്രങ്ങളും. പിറകെ ആര്യവൈദ്യശാല പിആര്‍ഒ എം ടി രാമകൃഷ്ണന്റെ വിളിയും വന്നു.

നമിത സെലിബ്രിറ്റി ആയതിനു ഉടനടി ഫലമുണ്ടായി. ജിയോ   ടെലികോം എന്‍ജിനീയര്‍മാര്‍ അന്നു തന്നെ  അരീക്കല്‍ എത്തി റേന്‍ജ് പരിശോധിച്ചു.  കയ്യോടെ മൊബൈലിനു കണക്ഷനും നല്‍കി. നമിതക്കും നയനക്കും ഇനി വീട്ടില്‍ മുറിക്കുള്ളില്‍ ഇരുന്നു പഠനം തുടരാം. സിവില്‍ സര്‍വീസില്‍ കയറണമെന്ന നമിതയുടെ സ്വപ്നങ്ങള്‍ ഒരു പടി കൂടി മുന്നോട്ട്.

ഇരുപതു വര്‍ഷം മുമ്പ് ആര്യവൈദ്യശാലയില്‍ അച്ഛന്‍  വികെ ശങ്കരന്‍ കുട്ടി നായര്‍ ജോലിചയ്തിരുന്ന കാലത്ത് എടുത്ത ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ കേടായിട്ടു മൂന്നു  വര്‍ഷമായി. ഐഡിയ, എയര്‍ടെല്‍ കണക്ഷനുകള്‍ എടുത്തിട്ടും ഫലമുണ്ടായില്ല. ഇപ്പോഴാണ് ഈശ്വരന്‍ രക്ഷക്കെത്തുന്നത്. ജിയോ യുടെ രൂപത്തില്‍.

കേരളം 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ 42 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പാഠങ്ങള്‍ ആരംഭിച്ചത് സ്‌കൂള്‍ വര്‍ഷം തുടങ്ങുന്ന  ജൂണ്‍  ഒന്നിന് തന്നെയാണ്. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, പ്രൊജക്ടര്‍, മുതലായ ആധുനിക സൗകര്യങ്ങളോടെ  ഇന്ത്യയില്‍ ആദ്യത്തെ സംരംഭം.

കൈറ്റ് എന്ന കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനമാണ് ഇതിനു വഴിയൊരുക്കിയത്. അവരുടെ വിക്ടേര്‍ഴ്‌സ് എന്ന ടെലിവിഷന്‍ ചാനല്‍ അധ്യാപകര്‍ക്ക്  പരിശീലനം നല്‍കി ക്ളാസുകള്‍ റിക്കാര്‍ഡ് ചെയ്തു പ്രക്ഷേപണം  നടത്തി.

ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഓണ്‍ലൈനില്‍ പഠനം തുടങ്ങിയത്. എന്നാല്‍ ടെലിവിഷനോ മൊബൈലോ ഇന്റര്‍ നെറ്റ് കണക്ഷനോ വൈദ്യുതി പോലുമോ ഇല്ലാത്ത  2,61,000  കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം കിട്ടാതെ വന്നുവെന്നു മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.

അത്തരം കുട്ടികളെ വായനശാലകളിലോ കമ്മ്യുണിറ്റി ഹാളുകളിലോ മറ്റു പൊതു ഇടങ്ങളിലോ ഇരുത്തി പഠിപ്പിക്കാന്‍ കുടുംബശ്രീയെയും മറ്റു സന്നദ്ധ സംഘടനകളെയും ചുമതലപ്പെടുത്തിയിരിക്കയാണ്. ഇതിനിടയില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തു ദേവിക എന്ന കുട്ടി ഈ പഠനത്തിനു   കഴിയാത്തതില്‍ മനം നൊന്തു ആത്മഹത്യ ചെയ്തതും കേരളസമൂഹത്തെ ഞെട്ടിച്ചു.

എല്ലാ പുരോഗതിക്കും അമേരിക്കയെ ഉറ്റു നോക്കുന്ന ഒരു ജനതതിയാണ് കേരളത്തിലേത്. പക്ഷെ 56 മില്യന്‍ സ്‌കൂള്‍ കുട്ടികളുള്ള അമേരിക്കയില്‍ 9 മില്യനും  ടിവിയോ കംപ്യുട്ടറോ, മൊബൈലോ നെറ്റ് കണക്ഷനോ ഇല്ലാത്തവരാണെന്ന സത്യം കേരളത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. കൊറോണമൂലം ഉച്ചഭക്ഷണം കിട്ടാത്തതിനാല്‍ ഈ കുട്ടികള്‍ വിഷമിക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട് ചെയ്യുന്നു.

 കൊറോണക്കാലത്തെ ഓണ്‍ലൈന്‍ പഠനം അമേരിക്കയിലെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വളര്‍ത്തിയിട്ടേ ഉള്ളുവെന്ന് ലോസ് ഏയ്ഞ്ചല്‍സിലെ ഡാനിയേല്‍ ഗ്രേഡിയെ ഉ ധ്ധരിച്ച് കൊണ്ട് ടൈംസ് പറയുന്നു. രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് ഡാനിയേല്‍.

ഗ്രാമ പ്രദേശങ്ങളിലെ  വിദ്യാലയങ്ങളില്‍ മിക്കതിനും കുട്ടികള്‍ക്കു മൊബൈലോ ലാപ്പോ നല്‍കാന്‍ കഴിയുന്നില്ല. സെപറ്റംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മികച്ച സ്‌കൂളുകളിലെ കുട്ടികളുടെ മുമ്പില്‍ ഈ കുട്ടികള്‍ ഒരു വര്‍ഷം പിന്നിലാകും എന്നാണ് ഡാനിയേലിന്റെ വാദം.

ഓസ്റ്റിനിലെ ടെക്‌സസ് യുണിവേഴ്‌സിറ്റിയുടെ ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ അദ്ധ്യാപികയായ പത്തനംതിട്ട സ്വദേശിനി ഡോ. ദര്‍ശന മനയത്ത് ശശിക്ക് ഈവിഷയത്തില്‍ പറയാനുള്ളത് ഇതാണ്: ഈമെയിലില്‍ നിന്ന്.

''അമേരിക്കന്‍ കോളേജുകളില്‍ മാത്രമല്ല സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഞങ്ങളുടെ ക്യാമ്പസ് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും  യൂണിവേഴ്‌സിറ്റി  എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തുന്നു.  

എല്ലായിടത്തെയും പോലെ സാമ്പത്തികമായി താഴെത്തട്ടിലുള്ളവര്‍ ഇവിടെയും ഉണ്ട്. പല വീടുകളിലും അവര്‍ക്കു ലാപ്‌ടോപ്പ് കാണില്ലായിരിക്കാം. ചിലര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെ ഇല്ലായിരിക്കും. എന്നാല്‍   അങ്ങനെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനു  വേണ്ട എല്ലാ സൗകര്യങ്ങളും സ്‌കൂളുകള്‍ ചെയ്യുന്നു.  ഓരോകുട്ടിക്കും ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് കണക്ഷന്‍, ഭക്ഷണം എന്നിവ ഉറപ്പാക്കിയിട്ടാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.'

എന്തൊക്കെ  പറഞ്ഞാലും അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീസ് മത്സരത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ തുടര്‍ച്ചയായി ഒന്നാമതെത്തുന്നത് ദേശിയ ശ്രദ്ധയില്‍ ആയിട്ടുണ്ട്.  നെറ്റ്ഫ്‌ലിക്‌സ്  അതിനെക്കുറിച്ച് ഒരു ചിത്രം തന്നെ ഇറക്കി. ടെക്‌സസിലെ സാന്‍എയ്ഞ്ചലോയിലെ ആകാശ് വുക്കോട്ടി എന്ന   പതിനൊന്നുകാരനാണ്  മുഖ്യ കഥാപാത്രം. അച്ഛന്‍ ഡോ കൃഷ്ണ ബയോമോളിക്കുലര്‍  സയന്റിസ്‌റ്. അമ്മ ചന്ദ്രകല ഐടി സ്‌പെഷ്യലിസ്റ്റ്.  ഇരുവരും  ആന്ധ്രക്കാര്‍.  

സ്‌കൂള്‍ തുറക്കാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്നതിനാല്‍  ഉച്ചഭക്ഷണം കിട്ടാത്ത കുട്ടികളുടെ പ്രശ്‌നം കേരളത്തിലും  ഉണ്ട്. 12,324 സ്‌കൂളുകളിലെ  ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ 26.26  ലക്ഷം കുട്ടികള്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കി വരുന്നത്.

കേരളത്തില്‍ ഉച്ചഭക്ഷണം നല്‍കി കുട്ടികളെ പഠിപ്പിക്കുന്ന രീതി ആദ്യം ആവിഷ്‌കരിച്ചത് കോട്ടയം മാന്നാനത്തെ വിശുധ്ധ ചവറ കുര്യാക്കോസ് എലിയാസ് അച്ചനാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനമൊട്ടാകെ ഈ പദ്ധതി നടപ്പാക്കിയത് തമിഴ്നാട് മുഖ്യമന്ത്രി എംജിആറും.

ഓണ്‍ലൈന്‍ പഠനം  രണ്ടാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് നടത്തുന്നതെന്നും അത്  ഒരിക്കലും സ്‌കൂള്‍ പഠനത്തിന് പകരം ആവില്ലെന്നും മുഖ്യമന്ത്രി എടുത്തു പറയുകയുണ്ടായി. സ്‌കൂളില്‍ ഓടിച്ചാടി നടക്കുന്നതും ഡ്രില്‍ ചെയ്യന്നതും ഫുടബോള്‍ കളിക്കുന്നതും സാഹിത്യ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും യുവജനോത്സവങ്ങളില്‍  കിരീടം നേടുന്നതുമെല്ലാം വേറെ തന്നെയാണ്.

ഓണ്‍ലൈനില്‍ ക്ലാസ് എടുത്ത സമര്‍ഥരായ ചില അധ്യാപികമാരെ അവരുടെ  സാരിയുടെ നിറവും കണ്ണെഴുതി പൊട്ടു തൊട്ടുള്ള വരവും ചിലരെ പ്രകോപിച്ചുവെന്നതും നേരാണ്. നെറ്റില്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പാസാക്കിയ ഏതാനും പ്ലസ് റ്റൂ   വിദ്യാര്‍ത്ഥികളെ   മലപ്പുറത്ത് നിന്ന് സൈബര്‍ പോലീസ് പിടികൂടുകയും ചെയ്തു.  ടിവി താരം അശ്വതി ശ്രീകാന്ത് അവരെ ഞരമ്പ് രോഗികള്‍ എന്ന് വിളിച്ച് അടച്ചാക്ഷേപിക്കുകയും ചെയ്തു.

ഏതായാലും താരമായത് കോഴിക്കോട് മുത്തുവടത്തൂര്‍ വിവി പ്രൈമറി സ്‌കൂളില്‍  ഒന്നാം ക്ലാസില്‍   പഠിപ്പിക്കുന്ന സായി ശ്വേതയാണ്. പൂച്ചയുടെ കട്ട് ഔട്ടുമായി  ''എന്റെ തങ്ക പൂച്ചേ, മിട്ടുപൂച്ചേ'  എന്നു പാടി  കൊച്ചു  കുട്ടികളെ സായി കയ്യിലെടുത്തു.  സായിയുടെ ഓണ്‍ലൈന്‍ ക്ലാസ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി.

ഇതെല്ലാം കേരളത്തിന്റെ പോസ്റ്റ് മോഡേണ്‍ അഥവാ പോസ്റ്റ് ട്രൂത് വളര്‍ച്ചയിലെ  'ആഗണിയും എക്സ്റ്റസിയും' അഥവാ വിങ്ങലുകള്‍ ആയി കരുതുകയല്ലേ  നല്ലത്?
 
ഓണ്‍ലൈന്‍ പഠനത്തിന്റെ അണിയറ ശില്‍പ്പികളെക്കുറിച്ച് അലപം. പൊതു വിദ്യാഭ്യാസവകുപ്പു ഡയറക്ടര്‍ കെ ജീവന്‍ ബാബു ആണ് ഇതില്‍ മുഖ്യന്‍. കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് ആണ് വിക്ടേഴ്‌സ്  ചാനലും മറ്റു ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും ഉപയോഗിച്ച് ക്ലാസ്സുകള്‍ ബീം ചെയ്യുന്നതിന്റെ പിന്നിലെ ശക്തി.  കേരളത്തിലെ  സ്‌കൂളുകളില്‍  ഇതിനകം 1.2 ലക്ഷം ലാപ്‌ടോപ്പുകളും   70,000 പ്രൊജക്ടറുകളും 4545 ടിവി സെറ്റു കളും സ്ഥാപിച്ചിട്ടുണ്ട്.  

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ അന്‍വര്‍ സാദത്ത് കംപ്യുട്ടറിലും മാനേജ്മെന്റിലും മാസ്റ്റേഴ്‌സ് നേടിയ ആളാണ്. തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളിലും മാനേജ്മെന്റ് പദവികള്‍ വഹിച്ചു. വിദേശത്ത് പ്രഭാഷണ പര്യടനങ്ങള്‍ നടത്തി. പുസ്തകങ്ങള്‍ രചിച്ചു.  2018 ല്‍ കന്‍സാസ് സിറ്റിയില്‍ വച്ച്  അസോസിയേഷന്‍ ഫോര്‍ എഡ്യൂക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫിലിപ് ഹാരിസില്‍ നിന്ന്  മികച്ച വിദ്യാഭ്യാസ കമ്മ്യൂണിക്കേറ്റര്‍ക്കുള്ള  അന്താരാഷ്ര പുരസ്‌കാരം സ്വീകരിച്ചു.

  (ചിത്രങ്ങള്‍ക്കു കടപ്പാട്: നമിത--സാക്കിര്‍ ഹുസൈന്‍, ദി ഹിന്ദു; ഡാനിയല്‍ ഗ്രേഡി--കെന്‍ഡ്രിക് ബ്രിന്‍സണ്‍, ന്യൂ യോര്‍ക്ക് ടൈംസ്)




അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
റേന്‍ജ് കിട്ടാന്‍ വേണ്ടി പുരപ്പുറത്ത് കയറി ഓണ്‍ലൈനില്‍ പഠിക്കുന്ന കോട്ടക്കലിലെ നമിത നാരായണന്‍
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
നെറ്റ് കണക്ഷന്‍ നേടിയ നമിതയും നയനയും അച്ഛനമ്മമാരും മുത്തശ്ശി ക ല്യാണിക്കുട്ടിഅമ്മയും ഒപ്പം.
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
ഓണ്‍ലൈനില്‍ പഠിക്കാന്‍ എന്തു രസം!
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
വീടോ വൈദ്യുതിയോ ഇല്ലാത്ത പത്തനംതിട്ട ളാഹയിലെ മലമ്പണ്ടാര കുട്ടികള്‍
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
ദുരിതാശ്വാസ ക്യാമ്പില്‍ പഠിക്കുന്ന തിരുവനതപുരം വലിയതുറയിലെ സഞ്ജന, അവള്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ കമ്പ്യൂട്ടറും ടിവിയും എത്തിച്ചു.
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
''എന്റെ തങ്ക പൂച്ചേ, മിട്ടു പൂച്ചേ ''പാടി ഒന്നാംക്ലാസുകാരെ കൈയിലെടുത്ത കോഴിക്കോട്ടെ സായി ശ്വേത, സായിയെ വാരിയെടുത്ത ടിവി താരം അശ്വതി ശ്രീകാന്ത്
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
എന്റെകുട്ടികള്‍ പിന്നിലാകും--ലോസ് ഏയ്ഞ്ചല്‍സിലെ ഡാനിയേല്‍ ഗ്രേഡിയും പെണ്‍മക്കളും
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്സിറ്റി അദ്ധ്യാപിക ഡോ. ദര്‍ശന മനയത്ത്; മാതാപിതാക്കള്‍ ശശിയും രത്‌നമ്മയും വാഴ്സിറ്റിക്കു മുമ്പില്‍
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
യുഎസ് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാമതെത്തിയ ആന്ധ്രക്കാരന്‍ ആകാശ് വുക്കോട്ടി
അമേരിക്കയില്‍ ഒമ്പതു മില്യന്‍ പുറത്ത്; കേരളത്തില്‍ നമിത പുരപ്പുറത്തേറി  നെറ്റ് നേടി(കുര്യന്‍ പാമ്പാടി)
ഓണ്‍ലൈന്‍ പഠനത്തിന്റെ അണിയറ ശില്പി കെ. അന്‍വര്‍ സാദത്ത് കുട്ടികളുടെ നടുവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക