Image

പിറവി (കവിത: വേണു നമ്പ്യാർ)

Published on 07 May, 2024
പിറവി (കവിത: വേണു നമ്പ്യാർ)

അരയന്നമായി പിറന്നവൻ
കാകനെപ്പോൽ നടക്കുന്നു
കാകനായി ജനിച്ചവൻ
കഴുകനായി ചുടല കാക്കുന്നു.

മനുഷ്യനായുളവായവൻ
ഗതി കെട്ട പിശാചായ് തെണ്ടുന്നു
പിശാചായ് കുരുത്തവൻ
ദൈവത്താറിന്റെ കെടാവിളക്കണയ്ക്കുന്നു.

പിറവിയൊരു മുഖംമൂടി
നിയതി കെട്ടിയിറക്കുന്നു
ഉയർത്താത്ത ചോദ്യത്തിനും
തലയിലുത്തരമെഴുതുന്നു.

കളിയച്ഛന്റെയിച്ഛയ്ക്കനുസൃതം
രമിച്ചു തിമിർക്കണമേവരും
കളി തീർന്നാലുമില്ലെങ്കിലും
കിശോരരെപ്പോലമ്മയുടെ
വിളി കേട്ട് വീടണയേണ-
മിരുൾ പടരുമ്പോൾ.

കളിക്കൊരുന്നം കളി കേവലം
കളിയായെടുത്തു കളിക്കണം
കാര്യത്തിലെടുക്കുകിൽ കളിക്കളം
ചോരച്ചളിക്കുളമായ് കലാശിക്കും
കുരുക്ഷേത്രത്തിലെന്ന പോൽ!

മായയെന്നൊ ലീലയെന്നൊ
വിളിപ്പൂ ബുധജനം; ബുദ്ദുക്കളൊ
ചതിയിൽ, ആത്മവിസ്മൃതിയിൽ
പൊരുതുന്നു കനകക്കപ്പിനായ്!

പൊരുതി കീഴടക്കേണ്ടതു
സ്ഥാനമാനമൊ കീർത്തിയൊ 
അപൗരുഷേയസത്യമൊ?
ധർമ്മസങ്കടത്തമസ്സിൽ
പാമരനെപ്പോലെ പണ്ഡിതനും
ഉലകിലുഴലുന്നു ധർമ്മമറിയാതെ!

പിറവിയൊരവസരം തരും,
വരും ക്ലേശപ്പിറവി തൻ 
കർമ്മബീജത്തെ 
വരട്ടിക്കളയുവാനെന്നേക്കും.

ജനിമൃതി തീണ്ടാത്ത
പുണ്യമാം തിരുപ്പിറവിയെപ്പറ്റി
പണ്ടോതിനേൻ
ബുദ്ധനും ക്രിസ്തുവും;
സത്യദാഹാർത്തരായലഞ്ഞവർ
കണ്ടെത്തി നമുക്കായേകമാം
ജീവജലത്തിൻ സരോവരം!

പുണ്യാത്മക്കളാമവർ  
വെട്ടിത്തെളിച്ചതാം വഴിയിലൂടെ
നടക്കാൻ മടി നമുക്ക്
ആകാശക്കോട്ട കെട്ടി
പറക്കാനാണ് വാശി നമുക്ക്!

സത്യത്തെ ക്രൂശിച്ച് 
മണിരത്നങ്ങളാക്കി 
ശിരസ്സിലേറ്റിയുരഗങ്ങളെപ്പോൽ പശ്ചാത്താപമെള്ളോളമില്ലാതെ
ചേറിലിഴയാനാണ് മനസ്സ് നമുക്ക്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക