സി എൻ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച് റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന സിനിമയുടെ ചിത്രീകരണം തുടരുന്നു.
നടനും സംവിധായകനുമായ ജോണി ആന്റണി ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. ജോണി ആന്റണിയെക്കൂടാതെ അജു വർഗീസ്, അനന്യ, മഞ്ജു പിള്ള, സിജോയ് വർഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി ‘സ്വർഗ’ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയില്‍, ഉണ്ണിരാജ, രഞ്ജിത്ത് കങ്കോല്‍, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സി എൻ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു.
സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് മോഹൻ സിതാര, ജിന്റോ ജോണ്‍, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്ക് ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.