വിവാഹാഭ്യര്‍ഥന നിരസിച്ചതിനു നടിയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. സീരിയല്‍ നടി മാല്‍വി മല്‍ഹോത്രയ്ക്ക് നേരെയാണ് കൂട്ടുകാരനായ യുവാവ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെ വടക്കന്‍ മുംബൈയിലെ വെര്‍സോവയിലെ ഒരു കഫേയില്‍ നിന്ന് വീട്ടിലേക്ക് പോകവെയാണ് നടിയ്ക്കു നേരെ ആക്രമണം ഉണ്ടായത്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍മ്മാതാവ് കൂടിയായ യോഗേശ്വര്‍ കുമാര്‍ മഹിപാല്‍ സിങ് എന്ന കൂട്ടുകാരനാണ് നടിയ്ക്ക് നേരെ ക്രൂര കൃത്യം നടത്തിയത്. ഇരുവരും വര്‍ഷങ്ങളായി പരിചയത്തിലാണെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍, യോഗേഷ് മാല്‍വിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടി ഈ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഇതിനു ശേഷം നടി യോഗേഷുമായുള്ള ഫോണ്‍ സംസാരം പോലും നിര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
എഫ്ഐആറിലെ വിശദാംശങ്ങള്‍ അനുസരിച്ച് മാല്‍വി ദുബായില്‍ നിന്ന് മടങ്ങി വന്ന് പിറ്റേ ദിവസമാണ് സംഭവം. നടി സഞ്ചരിച്ചിരുന്ന കാര്‍ തന്റെ ആഡംബര കാര്‍ കുറകെയിട്ട് പ്രതി തടയുകയായിരുന്നു.
തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ യോഗേഷ് മാല്‍വിയെ തടഞ്ഞുനിര്‍ത്തുകയും താനുമായി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിങ്ങള്‍ എന്തിനാണ് പിന്തുടരരുതെന്നും മാല്‍വി പറഞ്ഞു. തുടര്‍ന്ന് യോഗേശ്വര്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മാല്‍വിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നടിയുടെ വയറിലും രണ്ട് കൈകളിലുമായി മൂന്ന് തവണ ഇയാള്‍ കുത്തി. തുടര്‍ന്ന്, സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വെര്‍സോവ പോലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു