അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവംകൊണ്ട് ലോക മലയാളികളും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഫോമ ഇലക്ഷന് ഇനി അഞ്ചുനാള്‍ മാത്രം! ഈ വെള്ളിയാഴ്ച (25-09-2020) രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് തെരഞ്ഞെടുപ്പ്. ഒരുപക്ഷെ സമയം അല്പംകൂടി ദീര്‍ഘിച്ചേക്കാം എന്നും കേള്‍ക്കുന്നു.
സമയം അടുത്തുവരുംതോറും വിജയം ഉറപ്പെന്നു കരുതുന്നവര്‍ക്കു പോലും ചങ്കിടിപ്പ് കൂടുന്ന കാഴ്ചയാണ് കാണുന്നത്. ഇതുവരെ കേട്ടറിവ് മാത്രമായിരുന്ന "ഓണ്‍ലൈനി'ലൂടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതു സ്ഥാനാര്‍ത്ഥികളുടെ മാത്രമല്ല ഫോമ അഭ്യുദയകാംക്ഷികളുടേയും ജിജ്ഞാസ വര്‍ധിപ്പിക്കുന്നു.
ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ഇലക്ഷന് കമ്മീഷണര്‍മാരുടെ ജോലിയും ഇരട്ടിയാക്കിയിട്ടുണ്ട്. ഇലക്ഷന് അടുക്കുംതോറും അവരുടെ നെഞ്ചിടിപ്പും കൂടുന്നു.
സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ബഹുകേമന്മാര് തന്നെ. ഇവരില്‍ ഭൂരിപക്ഷവും ഫോമയോടുള്ള ആത്മാര്‍ത്ഥതയും, പ്രതിബദ്ധതയും മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുള്ളവരുമാണ്. ഫോമയെ സ്നേഹിക്കുന്നവര്‍ക്ക് സ്ഥാനാര്‍ത്ഥികളോട് ഒരു അഭ്യര്‍ത്ഥനയേയുള്ളൂ. വോട്ട് പിടിക്കാന്‍ ജാതിയോ, മതമോ, മതത്തിനുള്ളിലെ വിഭാഗീയതകളോ ദയവായി ഉപയോഗിക്കരുത്! തികച്ചും ഫോമയോടുള്ള പ്രതിബദ്ധതയും, പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നതിനുള്ള പ്രാപ്തിയും കഴിവും മുന്‍നിര്‍ത്തിവേണം വോട്ട് ചോദിക്കുവാന്‍.!!
മുന്‍ തെരഞ്ഞെടുപ്പ് പോലെ വ്യക്തമായ പാനലോ, വ്യക്തിഹത്യകളോ ഇപ്രാവശ്യം ഇല്ലെന്നുള്ളത് ശ്ശാഘനീയമാണ്. മത്സരിക്കുന്ന എല്ലാവരും ജയിക്കില്ല; ജയിക്കുന്നവര്‍ എല്ലാവരും തോറ്റവരേക്കാള്‍ മിടുക്കന്മാരാകണമെന്നുമില്ല! തോല്ക്കുന്നവരേയുംകൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍; അവരാണ് നല്ല നേതാക്കള്‍!!
ഇലക്ഷന് നീതിയുക്തമായും, കുറ്റമറ്റതുമായി നടത്താന്‍ ഇലക്ഷന് കമ്മീഷണര്‍മാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. വോട്ട് ചെയ്യുവാനുള്ള "ലിങ്കും' നിര്‍ദേശങ്ങളുമടങ്ങിയ 'ഇമെയില്‍' എല്ലാ ഡെലിഗേറ്റ്സിനും അടുത്ത ദിവസംതന്നെ ലഭിക്കുന്നതാണ്. നിങ്ങള്‍ ചെയ്യുന്ന വോട്ട് സംബന്ധിച്ച വിവരങ്ങള്‍ ഒന്നുംതന്നെ ആര്‍ക്കും ലഭിക്കുകയില്ല. അതുകൊണ്ട് സധൈര്യം വോട്ട് ചെയ്യുക.
ഈ വെള്ളിയാഴ്ചയാണ്, സമയം രാവിലെ 11 മുതല്‍ 3 മണി വരെ. അപ്പോള്‍ വോട്ട് ചെയ്യാന്‍ മറക്കരുതേ!!
എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍...!