കുവൈത്ത്: സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നവംബര്‍ 8 ന് (വെള്ളി) നടക്കും. കൊയ്ത്തുപെരുന്നാളിന്റെ ലോഗോ, റാഫിള്‍ കൂപ്പണ്‍ പ്രകാശനം വികാരി ഫാ. ജോണ്‍ ജേക്കബ് നിര്‍വഹിച്ചു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു , സെക്രട്ടറി ജോര്‍ജ് പാപ്പച്ചന് എന്നിവര്‍ക്കൊപ്പം ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ഇടവകാംഗവും കമ്മിറ്റി മെമ്പറുമായ ബിനു കാലായില്‍ ഡിസൈന്‍ ചെയ്ത കൂപ്പണ്‍ കമ്മിറ്റിയില്‍ കൂപ്പണിന്റെ ചുമതല വഹിക്കുന്ന ഷാജി വര്‍ഗീസ് വികാരിക്കും വികാരി തുടര്‍ന്നു ട്രസ്റ്റിക്കും സെക്രട്ടറിക്കും നല്കി പ്രകാശനം നിര്‍വഹിച്ചു.
കൂപ്പണിന്റെ ആദ്യ വില്പന ഇടവക ട്രസ്റ്റിക്കു നല്കി വികാരി നിര്‍വഹിച്ചു. തുടര്‍ന്നു വികാരി തന്റെ ദശാംശം ഷാജി വര്‍ഗീസിനു നല്കി കൊയ്തുപെരുന്നാളിന്റെ തുടക്കം കൂടുതല്‍ അര്‍ത്ഥവത്താക്കി മാറ്റി.
അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ രുചികരമായ വിഭവങ്ങള്‍ നിറഞ്ഞ സ്റ്റാളുകള്‍, അനുഗ്രഹീതനായ കലാകാരന്മാര് പങ്കെടുക്കുന്ന കലാപരിപാടികള്‍, നിരവധി സമ്മാനങ്ങള്‍ എന്നിങ്ങനെ വിവിധ രീതിയില്‍ മികച്ചതാക്കുവാന്‍ വികാരിയുടെ നേതൃത്വത്തില്‍ ഇടവക മാനേജിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍