Image

സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 08 November, 2014
സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)
1956 നവംബര്‍ മാസം ഒന്നാം തീയ്യതിയായിരുന്നു തിരുവിതാംകൂര്‍-കൊച്ചി മേഖലയും മലബാറും ഒന്നായിച്ചേര്‍ന്ന് മലയാളഭാഷ സംസാരിക്കുന്ന എല്ലാ ഭൂപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടത്. ഒരേ ഭാഷയും സംസ്‌ക്കാരവും ഒരു ജനതയുമായി വളരുന്നതിനിടയിലും വികസന കാര്യങ്ങളിലും വിവധ മേഖലകളിലെ വളര്‍ച്ചാതോതിലും സംസ്ഥാനത്തിന്റെ വിവിധ ഭൂവിഭാഗങ്ങള്‍ തമ്മില്‍ പൂര്‍ണ്ണമായൊരു ഇഴുകിചേരല്‍ മരീചികയായിത്തന്നെ പിന്നെയും തുടര്‍ന്നു. വടക്കന്‍ പ്രദേശങ്ങള്‍, പ്രത്യേകിച്ചും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ സമസ്തമേഖലകളിലും വിശിഷ്യാ വിദ്യാഭ്യാസമേഖലയില്‍ കടുത്ത പിന്നോക്കാവസ്ഥയില്‍ത്തന്നെ തുടര്‍ന്നെങ്കിലും രാഷ്ട്രീയക്കളികള്‍ക്കിടയിലും മുന്നണി സമവാക്യങ്ങളുടെ പോരടികള്‍ക്കിടയിലും ഭരണനേത്വങ്ങളുടെ കണ്ണുകളില്‍ അവയൊന്നും പെട്ടില്ല. ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അസന്തുലിത വിതരണവുമാണ് മേഖലയുടെ പ്രധാന പ്രശ്‌നമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയും ഉല്‍പ്പതിഷ്ണുവുമായ മലബാറിന്റെ ജനനായകന്‍ സി.എച്ച്.മുഹമ്മദ് കോയയുടെ ദീര്‍ഘദര്‍ശനത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും ഫലമായി ഒടുവില്‍ 1968 മെയ്മാസം കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ പുതിയൊരു സുവര്‍ണ്ണ അടയാളമായി കാലിക്കറ്റ് സര്‍വ്വകലാശാല പിറന്നുവീണു.

പണ്ഡിതരും പാമരരുമുള്‍ക്കൊള്ളുന്ന വലിയൊരു ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു അത്. നാടിന്റെ സംസ്‌കാരവും സംസ്‌കൃതിയും പേറി ഭൂഖണ്ഡങ്ങള്‍ താണ്ടി യാത്ര ചെയ്തവരും  ജീവിതത്തില്‍ ഒരു ഭൂപടം പോലും കാണാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഭൂഗോളത്തോളം വലിയ വികസനസ്വപ്നങ്ങളുമായി നടന്നവരും,  ഭൂമിയെന്നാല്‍ മാനാഞ്ചിറ മൈതാനം പോലെ നീണ്ട്പരന്ന് കിടക്കുന്ന ഇമ്മിണി വലിയൊരു ഫുട്‌ബോള്‍ ഗ്രൗണ്ടാണെന്ന് വിശ്വസിച്ചിരുന്ന നിഷ്‌ക്കളങ്ക മാനസരും അവരുടെയിടയിലുണ്ടായിരുന്നു. നന്മകള്‍ നിറഞ്ഞ അവരുടെയെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും പേറി രൂപം കൊണ്ട കേരളത്തിന്റെ  ഈ രണ്ടാമത്തെ സര്‍വ്വകലാശാല അരനൂറ്റാണ്ടോടുടുക്കുമ്പോള്‍ ഇന്ന് വന്‍വികസനത്തിന്റെയും ഉജ്ജ്വലവിജയങ്ങളുടെയും കഥകള്‍ പറയുന്ന മഹാപ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞിരിയ്ക്കുകയാണ്. ഒപ്പം വിവാദങ്ങളുടെയും വാദപ്രതിപാദങ്ങളുടെയും കൂടപ്പിറപ്പും.

ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ചിന്തയുമുള്ള വലിയൊരു വിഷനറി(visionary)യാണ് ഇന്ന് യൂണിവേഴ്‌സിറ്റിയുടെ അമരക്കാരനായി നേതൃസ്ഥാനത്തിരുന്ന് കൂടുതല്‍ ഉയരങ്ങളിലേയ്ക്കും നേട്ടങ്ങളിലേയ്ക്കും മലബാറിന്റെ ഈ അഭിമാനസ്ഥാപനത്തെ നയിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വൈസ് ചാന്‍സലറായ ഡോ.അബ്ദുള്‍ സലാം ഒരു അധ്യാപകന്റെ പക്വതയോടെയും ശാസ്ത്രജ്ഞന്റെ ഗവേഷണ ചാതുരിയോടെയും പരിവര്‍ത്തനവാദിയായൊരു വിപ്ലവകാരിയെപ്പോലെയും വാഴ്‌സിറ്റിയെ നയിക്കുമ്പോള്‍ വിജയം അനിവാര്യമായി കടന്നുവരുന്നു. സ്ഥാനമേറ്റെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ കാലിക്കറ്റിനെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാക്കി ആധുനീകരിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസമേന്മയില്‍ സര്‍വ്വകലാശാലയുടെ റാങ്കിംഗ് 46-ല്‍ നിന്നും 26 ആയും ഉയര്‍ത്തി. സമീപകാലത്ത് ഗൂഗിള്‍ സേര്‍ച്ച് പ്രകാരം ലോകം തിരയുന്ന സര്‍വ്വകലാശാലകളില്‍ നാലാം സ്ഥാനം കാലിക്കറ്റാണെന്നതും വാഴ്‌സിറ്റിയുടെ  ജനകീയത തെളിയിയ്ക്കുന്നു.

തുഞ്ചന്‍പറമ്പില്‍ നടന്ന ലാന കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാഹിത്യാസ്വാദകന്‍ കൂടിയായ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ മൂലം സാധിച്ചിരുന്നില്ല. പിന്നീട് വന്ന ഈദുള്‍ ഫിത്തര്‍ പെരുന്നാള്‍ അവധി ആഘോഷിയ്ക്കുവാന്‍ സ്വവസതിയിലേക്ക് അദ്ദേഹം സ്‌നേഹപൂര്‍വ്വം ക്ഷണിച്ചപ്പോള്‍ നിരസിക്കാനായില്ല. ഔദ്യോഗികതയുടെ പരിപോഷമില്ലാതെ അദ്ദേഹവും ഭാര്യ ഷെമീം അബ്ദുള്‍ സലാമും ഇളയ മകള്‍ അമൃതയും(ഇപ്പോള്‍ മണിപ്പാലില്‍ എം.ടെക്ക് വിദ്യാര്‍ത്ഥിനി-മൂത്ത മകള്‍ ഡോ. അനൂജ ഓസ്‌ട്രേലിയയില്‍ ഉപരിപഠനം നടത്തുന്നു) വിളമ്പിയ കോഴിക്കോടന്‍ ബിരിയാണിയുടെ രുചിയും അവര്‍ ചൊരിഞ്ഞ സ്‌നേഹവും  അമൂല്യമായൊരു സൗഹാര്‍ദത്തിന്റെ അടയാളമായി മനസ്സിലിപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. സല്‍ക്കാരത്തിനു ശേഷം  പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ കെ.രവീന്ദ്രനാഥിന്റെ സാന്നിദ്ധ്യത്തില്‍ വി.സിയുമായി നടത്തിയ അഭിമുഖത്തില്‍ താന്‍ യൂണിവേഴ്‌സിറ്റിയില്‍ വരുത്തിയതും വരുത്താന്‍ പോകുന്നതുമായ ഗുണപരമായ മാറ്റങ്ങളെപ്പറ്റി അദ്ദേഹം മനസ്സ് തുറന്നു.

ചോദ്യം: മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 46-#ാ#ം റാങ്കില്‍ നിന്നും 26-ലേക്ക് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പദവി, ആദ്യത്തെ ഈ ഗവര്‍ണന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാനം, കോളജുകളുടെയും പരീക്ഷാവിജയങ്ങളുടെയും കാര്യത്തില്‍ വലിയ വളര്‍ച്ച, എന്താണ് വിജയരഹസ്യം?

ലളിതമാണ് വിജയരഹസ്യം. കഠിനാദ്ധ്വാനം, കാഴ്ച്ചപ്പാടിന്റെ വ്യത്യസ്ഥത. എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള ധീരമായ പരിഷ്‌കാരങ്ങള്‍. ഇവയൊക്കെയാണ് കാലിക്കറ്റ് വാഴ്‌സിറ്റിയെ വിജയത്തിലേക്ക് നയിക്കാന്‍ എന്നെ സഹായിക്കുന്നത്. അഞ്ചു ജില്ലകളിലായി പരന്നു കിടക്കുന്ന 'കാലിക്കറ്റി'ന്റെ കീഴില്‍ ഇപ്പോള്‍ 451 കോളേജുകളും മൂന്നുലക്ഷത്തിലധികം കുട്ടികളുമുണ്ട്. എണ്ണായിരത്തിലധികം അദ്ധ്യാപകരും അത്രത്തോളം അനദ്ധ്യാപകരുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഈ സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പിലും സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും  സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നു. യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനവും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. എല്ലായിടത്തും വൈഫൈ(WIFI) നടപ്പിലാക്കി. ചിട്ടയോടെയുള്ള പ്രവര്‍ത്തനം മൂലം വിജയം സ്വാഭാവികമായി കടന്നുവരികയായിരുന്നു.

ചോദ്യം: കാലിക്കറ്റില്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ ഡോക്യൂമെന്റ് ഫയലിംഗ് സിസ്റ്റം(DDFS) വാര്‍ത്തയിലിടം നേടിയിരുന്നു. എന്താണതിന്റെ പ്രത്യേകത?

ഞാന്‍ ചാര്‍ജെടുത്ത് ഏതാനും മാസങ്ങള്‍ക്കകം നടപ്പിലാക്കിയ ഒരു പരിഷ്‌ക്കാരമാണത്. ഡി.ഡി.എഫ്.എസ്.വഴി യൂണിവേഴ്‌സിറ്റിയുടെ എല്ലാ വിലപ്പെട്ട രേഖകളും വളരെ സുരക്ഷിതമായ കമ്പ്യൂട്ടര്‍  ശൃംഖലയിലുള്‍പ്പെടുത്തി. അതോടൊപ്പം അനാവശ്യമായ കടലാസ് പണികളും പണചെലവുകളും ഒഴിവാക്കാന്‍ പറ്റുന്നു. ടെക്‌നോളജി ഗവര്‍ണന്‍സിന്റെ വലിയ നേട്ടമായി കുട്ടികള്‍ക്ക് സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആറ് വര്‍ഷത്തോളമായി കൊടുക്കാതെ കെട്ടിക്കിടന്ന പതിനായിരക്കണക്കിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കൊടുത്തുതീര്‍ത്തു. ഇപ്പോള്‍ പരീക്ഷകളുടെ നടത്തിപ്പും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ചിട്ടയായും, പ്രഖ്യാപിക്കുന്ന സമയത്തിനു മുമ്പും കൊടുക്കാന്‍ സാധിക്കുന്നു. ഫയലുകള്‍  നഷ്ടപ്പെട്ടുപോയതുകൊണ്ട് ഭാവി നഷ്ടപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയും ഇനി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടാവുകയില്ല.

ചോദ്യം: താങ്കള്‍ നടപ്പിലാക്കിയ സാങ്കേതിക പരിഷ്‌ക്കാരങ്ങള്‍ യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തികാടിത്തറയെ എങ്ങനെ, എത്രത്തോളം സഹായിച്ചു, സഹായിക്കുന്നു?


സത്യം പറയട്ടെ, യൂണിവേഴ്‌സിറ്റിയ്ക്ക് സാമ്പത്തികമായി ഞാന്‍ പ്രതീക്ഷിച്ചതിലും, ഒട്ടേറെ വലിയ സാമ്പത്തിക നേട്ടമാണുണ്ടാവുന്നത്. ഓണ്‍ലൈന്‍ പേമെന്റ് വഴി കുട്ടികള്‍ക്കും യൂണിവേഴ്‌സിറ്റിയ്ക്കും സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാകുന്നുണ്ട്. സാമ്പത്തിക ഭരണത്തിന്(Finance administration) വേണ്ടി പുതിയ സോഫ്റ്റ് വെയര്‍ നടപ്പിലാക്കിയതു വഴി കാര്യങ്ങള്‍ സുഗമമാവുകയായിരുന്നു. ശമ്പളവിതരണം മിക്കവാറും ഡയറക്ട്  ബാങ്ക് ക്രെഡിറ്റ് വഴിയാക്കി. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് മുപ്പത്തിയേഴായിരത്തില്‍പ്പരം ഫയലുകള്‍ തീര്‍പ്പാക്കാന്‍ സാധിച്ചു.
ഡിഗ്രിയ്ക്കും പിജി.ക്കും ഏകജാലകപ്രവേശനം(single window admission) നടപ്പിലാക്കി.  എസ്.എം.എസ്. വഴിയോ ഈമെയില്‍ വഴിയോ പരാതികള്‍ രേഖപ്പെടുത്താന്‍ ഇപ്പോള്‍ അവസരം ഉണ്ടാക്കിയിരിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ ഒരു സാങ്കേതിക വിപ്ലവം തന്നെ നടപ്പിലാക്കി, അതുവഴി യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തികകാടിത്തറ വളരെയേറെ മെച്ചപ്പെട്ടു.

ചോദ്യം: സംസ്ഥാനത്താദ്യമായി എല്ലാ ജീവനക്കാര്‍ക്കും പഞ്ചിംഗ് സിസ്റ്റവും കാമ്പസിലാകമാനം ക്യാമറയും സ്ഥാപിച്ചതായി വായിച്ചറിഞ്ഞു. നേട്ടങ്ങള്‍?

നേട്ടങ്ങള്‍ ധാരാളം. ഞാന്‍ വൈസ് ചാന്‍സലറായി ചാര്‍ജ്ജെടുത്തതിനു ശേഷം ആദ്യമായി നടപ്പില്‍ വരുത്തിയ പ്രധാന പരിഷ്‌ക്കാരമായിരുന്നു ബയോ മെട്രിക്ക് പഞ്ചിംഗ് സിസ്റ്റം. സര്‍വ്വകലാശാലയിലെ എല്ലാ ജീവനക്കാരുടെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയതോടുകൂടി ക്ലാസ്സുമുറികളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ മുടക്കമില്ലാതെ വരാന്‍ തുടങ്ങി, ഇപ്പോള്‍ പഠിയ്ക്കാന്‍ വരുന്ന കുട്ടികള്‍ക്ക് നാഥനില്ലാകളരിയായി ക്ലാസ്സുമുറികള്‍ കാണേണ്ടി വരുന്നില്ല. അതുവരെ തലമുതിര്‍ന്ന പ്രൊസര്‍മാര്‍ വരെ(എല്ലാവരുമല്ല കേട്ടോ) ആഴ്ചയിലോ മാസത്തിലോ ഒന്നോ രണ്ടോ തവണ വന്ന് ഒപ്പിട്ട് ശമ്പളം കൃത്യമായി വാങ്ങിപ്പോകുന്ന സമ്പ്രദായത്തിന് അവസാനമായി. പി.എച്ച്.ഡി. വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാക്കിയതോടുകൂടി ഗവേഷണവിദ്യാര്‍ത്ഥികള്‍ കൃത്യമായി ഗൈഡുകളെ കാണാനും ലൈബ്രറി സന്ദര്‍ശിയ്ക്കാനും തുടങ്ങി.
കാമ്പസിലാകമാനം സി.സി.ടി.വി. ഏര്‍പ്പെടുത്തിയതോടുകൂടി ഓരോ ഓഫീസുമുറിയിലെയും സര്‍വകലാശാല കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍, ജോലിക്കാരുടെ പ്രവര്‍ത്തനങ്ങള്‍, ഹാജര്‍ നില എന്നിവ എന്നിട്ടും പി.വി.സി.യ്ക്കും എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാമെന്നായി. ഇതോടുകൂടി ഹാജര്‍ വച്ചിട്ട് മുങ്ങി നടക്കുന്ന ജീവനക്കാര്‍ക്ക് അതിന് കഴിയാതെയായി. പ്രവൃത്തി സമയം ജീവനക്കാരെല്ലാം അവരവരുടെ സീറ്റിലും ഓഫീസിലും ഉണ്ടാവാന്‍ തുടങ്ങിയതോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വന്നാല്‍ കാര്യം സമയബന്ധിതമായി നടന്നുകിട്ടും എന്ന അവസ്ഥ വന്നു.(അടുത്തിരുന്ന പി.വി.സി. പ്രൊഫ. രവീന്ദ്രനാഥ്- അദ്ദേഹം വര്‍ഷങ്ങളോളം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പലായിരുന്നു. വി.സി.യുടെ അഭിപ്രായങ്ങള്‍ അക്ഷരംപ്രതി ശരിവച്ചു. നേട്ടങ്ങളുടെ നീണ്ട പട്ടിക അദ്ദേഹവും പങ്കുവച്ചു).

ചോദ്യം. വിപ്ലവകരമായ ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാവുമല്ലോ. എങ്ങിനെയാണ് അവയെ നിങ്ങള്‍ അതിജീവിച്
ചത്?

ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ പുകഞ്ഞുനീറിക്കൊണ്ടിരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടതാണോ?
തീര്‍ച്ചയായും…പഞ്ചിംഗ് സിസ്റ്റവും സി.സി.ടി.വി. ക്യാമറയും നടപ്പിലാക്കിയത് അതിശക്തമായ പ്രതിഷേധങ്ങള്‍ക്കിടവരുത്തി. സ്വാഭാവികമായും ജീവനക്കാരുടെ ഭാഗത്തുനിന്നാണ് എതിര്‍പ്പ് വന്നത്. പഞ്ചിംഗ് സിസ്റ്റം നടപ്പില്‍ വരാതിരിക്കാന്‍ അവര്‍ പരമാവധി പയറ്റിനോക്കി. അതിശക്തമായ ജീവനക്കാരുടെ യൂണിയന്‍ സമരത്തിനൊരുങ്ങി. കഴിഞ്ഞ നാലര പതിറ്റാണ്ടായി കാലിക്കറ്റ് വാഴ്‌സിറ്റി അവരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് പറയാം. എല്ലാത്തരം രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ അതിലുണ്ട്. പക്ഷേ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ മുന്നോട്ട്‌പോയി. ഒടുവില്‍ ഞാനുദ്ദേശിച്ചതുപോലെ തന്നെ കാര്യങ്ങള്‍ നടപ്പിലാക്കി. ഇപ്പോള്‍ അദ്ധ്യാപകരും മറ്റ് ജീവനക്കാരും സമയത്ത് വരുന്നു, പോകുന്നു. ജോലി ചെയ്തില്ലെങ്കില്‍ വേതനമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലാവരും കൃത്യമായി വരാന്‍ തുടങ്ങി. നിങ്ങള്‍ അമേരിക്കക്കാര്‍ക്ക് ഇത് ശരിക്കും മനസ്സിലാവും. ഇവിടെ അത് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും താമസം വന്നു. അത്ര മാത്രം.
ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കെന്തിനാണ് സ്ഥിരം ഹാജര്‍, അവര്‍ ഫീല്‍ഡിലും വിവിധ ലൈബ്രറികളിലും പോയി ഗവേഷണം ചെയ്യേണ്ടവരല്ലേയെന്നതായിരുന്നു അവരുടെ ഭാഗത്തു നിന്നുള്ള തടസ്സവാദം. ഫീല്‍ഡില്‍ പോകുന്ന ദിവസങ്ങളുടെ വിവരം കാണിച്ചുകൊണ്ട് റിസര്‍ച്ച് ഗൈഡിന്റെ കത്തു സമര്‍പ്പിച്ചാല്‍ ആ സമയങ്ങളിലേക്ക് ഹാജര്‍ വേണ്ടെന്ന് വ്യക്തമാക്കിക്കൊടുത്തു. അല്ലാത്ത ദിവസങ്ങളില്‍ കാമ്പസില്‍ ഉണ്ടായില്ലെങ്കില്‍ ഫെല്ലോഷിപ്പ് കട്ട് ചെയ്യുമെന്നായപ്പോള്‍ അവര്‍ വരാന്‍ തുടങ്ങി. സമയബന്ധിതമായി  തീസിസ് സമര്‍പ്പിയ്ക്കുവാനും തുടങ്ങി. (അഗ്രോണമിയില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.യും ഇംഗ്ലണ്ടില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ പരിശീലനവും ലഭിച്ച ഡോ.സലാമിനെ റിസര്‍ച്ചിന്റെ ബാലപാഠങ്ങള്‍ ആരും പഠിപ്പിയ്‌ക്കേണ്ടതില്ലല്ലോ)

ചോദ്യം: ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പുകള്‍ കാരണമാണോ താങ്കള്‍ക്കെതിരെ ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്? താങ്കള്‍ ഇരട്ടവേതനം വാങ്ങുന്നതിനായി സംഘടനകള്‍ പരാതിപ്പെടുന്നത് സ്ഥിരം വാര്‍ത്തയാകുന്നു. എന്താണിതിന്റെ സത്യാവസ്ഥ?

അപ്രിയമായ പരിഷ്‌ക്കാരങ്ങള്‍ വി.സി.യെന്ന നിലയില്‍ ഞാന്‍ നടപ്പിലാക്കിയപ്പോള്‍ എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയില്‍  കാര്യങ്ങളെത്താന്‍ തുടങ്ങി. എന്റെ വിദ്യാഭ്യാസയോഗ്യതയോ അദ്ധ്യാപനപരിചയ സമ്പത്തോ ചോദ്യം ചെയ്യാനില്ലാത്തതുകൊണ്ട് ഇരട്ടവേതനം എന്ന പ്രശ്‌നം എടുത്തിട്ടു. വി.സി.യാകുന്നതിന് മുമ്പ് ഞാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വകുപ്പ് തലവനും പ്രൊഫസറുമായിരുന്നു. അവിടെ നിന്നും ലഭിക്കുന്ന പെന്‍ഷനും ഇപ്പോഴത്തെ ശമ്പളവുമാണ് ഇരട്ടവേതനമായി ഉയര്‍ത്തിക്കാണിയ്ക്കുന്നത്. വി.സി.യായി ചാര്‍ജ്ജെടുക്കുമ്പോള്‍ പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ലെന്ന് ഒരു ഉത്തരവിലും പറഞ്ഞിട്ടില്ലായിരുന്നു. ഇപ്പോഴും പറയുന്നില്ല. പറ്റില്ലെങ്കില്‍ സര്‍ക്കാരിന് ഒരു ഉത്തരവിലൂടെ വേണ്ടെന്ന് പറ്റാവുന്നതേയുള്ളൂ. അതില്‍ അഴിമതിയില്ല. സമാന സാഹചര്യങ്ങളില്‍ ഇതിനുമുമ്പ് പലര്‍ക്കും ബഹു. കേരളഹൈക്കോടതി അതിന് അനുമതി നല്‍കിയിട്ടുമുണ്ട്. അതെല്ലാം ചൂണ്ടിക്കാട്ടി ഞാന്‍ സര്‍ക്കാരിലേയ്ക്കും ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്കും എഴുതിയിട്ടുണ്ട്. തീരുമാനം അനുകൂലമല്ലെങ്കില്‍ എനിയ്ക്ക് ഒരു പരാതിയുമുണ്ടാകില്ല. ഇതില്‍ ഒരു അഴിമതിയുമില്ല.
പിന്നെ എനിയ്‌ക്കെതിരെ യൂണിയനുകളും സംയുക്ത സമരസമിതിയും വിജിലന്‍സിലും ചാന്‍സലര്‍ക്കും അനവധി പരാതികള്‍ കൊടുത്തിട്ടുണ്ട്. അതെല്ലാം തന്നെ അടിസ്ഥാനരഹിതവും വൈരനിര്യാതനബുദ്ധിയോടെ ചെയ്തതുമാണ്. പലതും പ്രഥമദൃഷ്ട്യാ തള്ളപ്പെടുകയും ചെയ്തു. ഇതെല്ലാം സര്‍വ്വകലാശാലയില്‍ ഞാന്‍ ചെയ്ത പരിഷ്‌ക്കാരങ്ങള്‍ ഇഷ്ടപ്പെടാത്തവരുടെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായി ഞാന്‍ കാണുന്നു.

ചോദ്യം: താങ്കളുടെ പരിഷ്‌ക്കാരങ്ങള്‍ക്ക് അനുകൂല പ്രതികരണങ്ങള്‍ ഏതെങ്കിലും ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ടോ? നന്മ കാണുന്നവരും ഉണ്ടാകണമല്ലോ?


തീര്‍ച്ചയായും. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ബഹുഭൂരിപക്ഷവും എന്റെ തീരുമാനങ്ങളോട് യോജിക്കുന്നവരാണ്. ഞാന്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ ഗുണഭോക്താക്കളും അവരുടെ പ്രയോജനം മനസ്സിലാക്കുന്നവരുമാണ് ബഹുഭൂരിപക്ഷവും അവര്‍ നേരിട്ടും കത്തുകള്‍ മുഖേനയും പിന്തുണ അറിയിയ്ക്കുന്നു.  അടുത്തകാലത്ത് സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചേര്‍ന്ന് സംയുക്തപിന്തുണ പര്യമായി അറിയിച്ചു. ലോകത്തെവിടെയുമുള്ള തൊഴില്‍ദാതാക്കള്‍ക്ക് കാലിക്കറ്റ് വാഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധ്യത പരിശോധനിക്കാനുതകുന്ന ഇ-വെരിഫിക്കേഷന്‍(E-verification) നടപ്പിലാക്കിയതു വഴി വിദേശങ്ങളില്‍ ധാരാളം പേര്‍ക്ക് പെട്ടെന്ന് ജോലിയിലും ഉപരിപഠനത്തിനും പ്രവേശിക്കാന്‍ കഴിയുന്നത് ഒരുപാട് പേരുടെ അഭിനന്ദനം നേടുവാന്‍ സഹായിച്ചു. കൂടാതെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നവര്‍ക്കെതിരെയും, ഒപ്പിട്ടിട്ട് സമരം ചെയ്ത് ശമ്പളം വാങ്ങുന്നവര്‍ക്കെതിരെയും നടപടികളെടുത്തപ്പോള്‍ അവരില്‍ ചിലര്‍ ഹൈക്കോടതി വരെ കേസിന് പോയി. പക്ഷേ സദുദ്ദേശത്തോടുകൂടി എടുത്ത ആ നടപടികളൊന്നും അസാധുവാക്കാന്‍ ബഹു. കോടതി തയ്യാറായില്ല. ഇങ്ങിനെ ധാരാളം അനുകൂല പിന്തുണയും എനിക്ക് ലഭിക്കുന്നത് കരുത്ത് പകരുന്നു.

ചോദ്യം: ഒരുപാട് നല്ല പരിഷ്‌ക്കാരങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ താങ്കള്‍ നടപ്പിലാക്കി. ജനാധിപത്യവിരുദ്ധനെന്നും ഏകാതിപധിയെന്നുമുള്ള വിമര്‍ശനങ്ങളും സമരപരമ്പരകളും നേരിട്ട് ഇനി അവശേഷിയ്ക്കുന്ന കാലാവധിയ്ക്കുള്ളില്‍ എന്തെല്ലാം കാര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്?

അടിസ്ഥാനപരമായി എന്റെ നടപടികളും പരിഷ്‌കാരങ്ങളുമെല്ലാം വിദ്യാര്‍ത്ഥിക്ഷേമം ലക്ഷ്യമിട്ടുള്ളതാണ്. അവര്‍ക്ക് ആധുനിക കാലഘട്ടത്തിനനുസൃതമായി ലഭിയ്‌ക്കേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. 'കാലിക്കറ്റി'നെ ലോകോത്തര യൂണിവേഴ്‌സിറ്റികളിലൊന്നാക്കുക എന്നതാണ് എന്റെ സ്വപ്നം. ഏകാതിപതിയെന്നേ ജനാധിപത്യവിരുദ്ധനെന്നോ എന്തു വേണമെങ്കിലും വിളിച്ചോട്ടെ. കൂടുതല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത്. എത്ര ശക്തമായ സമരപരമ്പരകള്‍ വന്നാലും സത്യമാര്‍ഗ്ഗത്തിലൂന്നിയ എന്റെ നയങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കും.
ഞാനൊരു ദരിദ്രകുടുംബത്തില്‍ ജനിച്ചുവളര്‍ന്നവനാണ്. കൊല്ലം ജില്ലയിലെ ഇളം പഴന്നൂര്‍ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഞാന്‍ കഠിനാദ്ധ്വാനം കൊണ്ടും ചിട്ടയായ ജീവിതരീതികള്‍ കൊണ്ടും ഇവിടെവരെയെത്തി. പൊതു നന്മ മാത്രം ലക്ഷ്യമാക്കിയായിരുന്നു എന്റെ കര്‍മ്മപരിപാടികള്‍ എന്നും. ബാക്കിയെല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും.
ഡോ.സലാം ഇത് പറയുമ്പോള്‍ ഔദ്യോഗികവസതിയിലെ അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെട്ടിത്തിളങ്ങുന്ന യൂണിവേഴ്‌സിറ്റി ലോഗോയില്‍ എന്റെ കണ്ണുകളുടക്കി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “നിര്‍മ്മായ കര്‍മ്മണാ ശ്രീ:” ശരിയാണ്. മഹാഭാരതയുദ്ധത്തിന് മുമ്പ് മടിച്ചുനിന്ന അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍ പറഞ്ഞതും അതുതന്നെയായിരുന്നല്ലോ- “കര്‍മ്മണ്യേ വാദികാരസ്ഥേ, മാ ഫലേഷു കദാചനാ” കര്‍മ്മം ചെയ്യുന്നത് കര്‍ത്തവ്യമാണ്. ഫലം കാംക്ഷിയ്ക്കരുത്.

സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)സര്‍വ്വകലാശാലകള്‍ക്കെല്ലാം സന്മാതൃകയായി ഒരു വടക്കന്‍ വീരഗാഥ(ഫീച്ചര്‍: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക