Image

ജോര്‍ജി വര്‍ഗീസ്‌ : ഫൊക്കാനാ ടുഡേയുടെ മാധ്യമ തേജസ്സ്‌ (അനില്‍ പെണ്ണുക്കര)

Published on 01 November, 2014
ജോര്‍ജി വര്‍ഗീസ്‌ : ഫൊക്കാനാ ടുഡേയുടെ മാധ്യമ തേജസ്സ്‌ (അനില്‍ പെണ്ണുക്കര)
വിവിധ രംഗങ്ങളില്‍ ശോഭിക്കുന്നവരാണ്‌ ഫൊക്കാനായുടെ അമരക്കാരില്‍ പലരും. എന്നാല്‍ പത്രപ്രവര്‍ത്തനരംഗത്തും ഫൊക്കാനയിലും സജീവമായി നില കൊള്ളുന്ന ഒരേയൊരു വ്യക്തിത്വമേയുള്ളൂ-ജോര്‍ജി വര്‍ഗീസ്‌

ഇന്ത്യാ പ്രസ്സ്‌ക്ലബ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റും, ഫൊക്കാനായുടെ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനുമായ ഈ ചെറുപ്പക്കാരന്‍ ഫൊക്കാനയ്‌ക്കും ഒരു മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ടെന്ന്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ കാട്ടിത്തന്നു.

ഫൊക്കാനായുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയുടെ സ്ഥാപക എഡിറ്ററായിരുന്നു ജോര്‍ജി വര്‍ഗീസ്‌. ഫൊക്കാനയുടെ നാളിതുവരെയുള്ള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരന്‍. കോളേജില്‍ പഠിക്കുന്ന കാലംമുതല്‍ക്കേ സാമൂഹ്യപ്രവര്‍ത്തകനായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള ജോര്‍ജി വര്‍
ഗീസിന്റെ കൈ മുതല്‍ ആരേയും വശീകരിക്കുന്ന പുഞ്ചിരിയും , ശത്രുക്കളെപ്പോലും ഒപ്പം കൂട്ടാനുള്ള വിശാലതയുമാണ്‌. ഫ്‌ളോറിഡയില്‍ നടന്ന ഫൊക്കാന തിരഞ്ഞെടുപ്പും പിളര്‍പ്പുമൊക്കെ മനസ്സില്‍ നൊമ്പരമുണ്ടാക്കിയ നിമിഷങ്ങള്‍ ആയിരുന്നുവെങ്കിലും ഫൊക്കാനയ്‌ക്കൊപ്പം നിലകൊള്ളുകയും ഫൊക്കാനയുടെ ഇന്നു കാണുന്ന വളര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കുവാന്‍ ലഭിച്ച അവസരങ്ങളൊക്കെ ആത്മസമര്‍പ്പണം പോലെ വിനിയോഗിക്കുകയും ചെയ്‌തു.

ഫൊക്കാനായെക്കുറിച്ച്‌ ജോര്‍ജി വര്‍ഗീസിന്റെ നിര്‍വ്വചനം ഇങ്ങനെ:

ലോകത്തമ്പാടുമുള്ള മലയാളികള്‍ക്ക്‌ മാതൃകയാണ്‌ ഫൊക്കാന. കാരണം, യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഫൊക്കാനായുടെ മാതൃകയില്‍ മലയാളികള്‍ സംഘടനകള്‍ രൂപീകരിച്ചു മുന്നോട്ടു പോകുന്നത്‌ അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ അനുകരണം കൂടിയാണ്‌.

മുപ്പതു വര്‍ഷത്തെ ഫൊക്കാനയുടെ ചരിത്രം നോക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക്‌ ഈ നാമം പരിചിതവും അഭിമാനദായകവുമാണ്‌.

സേവനരംഗത്തും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും, മലയാള ഭാഷയുടെ പ്രോത്സാഹന കാര്യത്തിലും ഫൊക്കാനാ പ്രശംസനീയമാം വണ്ണം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക്‌ രാഷ്‌ട്രീയബോധം ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ച സംഘടനയും ഫൊക്കാനാ ആണ്‌.

ഫൊക്കാനയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായകഘട്ടത്തിലാണ്‌ ഫൊക്കാനായുടെ മുഖപത്രപമായ ഫൊക്കാനാ ടുഡേ ആരംഭിക്കുന്നത്‌. ഒരു പക്ഷേ ഒരു അമേരിക്കന്‍ മലയാളി സംഘടന മാധ്യമ പ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നു വരുന്നത്‌ ഫൊക്കാനാ ടുഡേയിലൂടെ ആയിരുന്നിരിക്കണം. പിന്നീടുണ്ടായ പല സംഘടനകളുടെയും മുഖപത്രങ്ങള്‍ക്ക്‌ ഫൊക്കാനാ ടുഡേയുടെ രൂപസാദൃശ്യം പോലുമുണ്ടായി. എല്ലാം അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഗുണപ്രദമാകുന്നതിലാണ്‌ തനിക്കുള്ള സന്തോഷമെന്ന്‌ തുറന്നുപറയാനും ജോര്‍ജിക്ക്‌ മടിയില്ല.

അമേരിക്കന്‍ സംസ്‌കരാത്തിന്റെ കുത്തൊഴുക്കില്‍ അതിഭാവനയുമായി എത്തിച്ചേരുന്ന മലയാളികള്‍ക്ക്‌ കാലുറപ്പിച്ച്‌ നില്‍ക്കാന്‍ ഫൊക്കാനാ കൂടിയേ തീരൂ. അതിനുള്ള പ്രവത്തനങ്ങളില്‍ ഇന്നും സജീവമായി നിലകൊള്ളുന്നതാണ്‌ ഫൊക്കാനയുടെ നേട്ടം. പ്രത്യേകമായ പരിഗണനകള്‍ ഇല്ലാതെ ഏവരെയും കൂടെ നിര്‍ത്തുവാന്‍ ഫൊക്കാനാ അഹോരാത്രം കഷ്‌ടപ്പെടുന്നു എന്നുതന്നെ അദ്ദേഹം വിശ്വസിക്കുന്നു. ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണ ജനവിഭാഗങ്ങള്‍ക്കാണ്‌ ഗുണം ലഭിച്ചിരിക്കുന്നത്‌.

ഫൊക്കാനായുടെ യുവതലമുറ ലക്ഷ്യം വയ്‌ക്കേണ്ടത്‌ അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യാക്രമണത്തിലുള്ള ജീവിതത്തിന്റെ ശ്രദ്ധയിലാണ്‌. അത്ര ശുഭോദര്‍ക്കമല്ലാത്ത കുടുംബബന്ധങ്ങള്‍, സമീപനങ്ങള്‍ തുടങ്ങിയവയില്‍ യുവ സമൂഹം ബോധവാന്‍മാരും ബോധവതികളുമാകണം. അതിന്‌ ഫൊക്കാനയുടെ കൂട്ടായ്‌മകള്‍ നന്നായിരിക്കും. നമ്മുടെ പിറന്ന നാടിന്റെ പൈതൃകവും , സംസ്‌കാരവും അറിയാതെ പോകുന്ന ഒരു തലമുറ ഇനി ഉണ്ടാകാന്‍ പാടില്ല. ഈ സാഹചര്യങ്ങളെ ഒരു പരിധി വരെ അതിജീവിക്കുവാനും മലയാണ്മയുടെ മാധുര്യം ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയിലൂടെ മലയാളികളെ അറിയിച്ചതും ഫൊക്കാനയാണ്‌.

വ്യക്തമായ കാഴ്‌ചപ്പാടുകളാണ്‌ ജോര്‍ജി വര്‍ക്ഷീസിനുള്ളത്‌. തിരു
വല്ല മാര്‍ത്തോമാ കോളേജില്‍ നിന്ന്‌ ബി.എസ്‌.സി.യില്‍ ബിരുദവും കഴിഞ്ഞ്‌ ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്‌.ഡബ്ല്യൂവിന്‌ ചേര്‍ന്ന്‌ സാമൂഹ്യസേവനരംഗത്ത്‌ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ്‌. അവിടെ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു 1979-80 കാലഘട്ടത്തില്‍.

അമേരിക്കയിലേക്ക്‌ കുടിയേറിയ ശേഷവും സാമൂഹ്യപ്രവര്‍ത്തനരംഗത്ത്‌ സജീവമായി. ഫൊക്കാന കണ്‍വെന്‍ഷന്‍ കണ്‍വീനര്‍, അസോസിയേറ്റ്‌ ട്രഷറര്‍, എക്‌സിക്യൂട്ടീവ്‌ കമ്മറ്റി മെമ്പര്‍, ഫൊക്കാനാ ടുഡേ ചീഫ്‌ എഡിറ്റര്‍ തുടങ്ങിയ പദവികളില്‍ നിന്നാണ്‌ ഫൊക്കാനായുടെ നിയന്ത്രിത ഫോറമായി മാറിയ ട്രസ്റ്റി ബോര്‍ഡി
ലിപ്പോള്‍ കറുകപ്പിള്ളിക്ക്‌ കൂട്ടായി എത്തുന്നത്‌.

കേരളസമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പ്രസിഡന്റ്‌ , കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ വൈ.എം.സി.എയുടെ സബ്‌റീജിയണല്‍ (തിരു
വല്ല) ചെയര്‍മാനായിരുന്നു. 2011-2014 കാലഘട്ടത്തില്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഭദ്രാസന കൗണ്‍സില്‍ അംഗമായിരുന്നു.

ഈ കരുത്താര്‍ന്ന വ്യക്തിത്വത്തിന്‌ കൂട്ടായി നില്‍ക്കുന്നത്‌ ഡോ.ഷീലാ വര്‍ഗീസും രണ്ട്‌ മക്കളുമടങ്ങിയ സംതൃപ്‌ത കുടുംബമാണ്‌. കുടുംബമാണല്ലോ ഒരു സാമൂഹ്യപ്രസ്ഥാനത്തിന്റെ നെടുംതൂണ്‍ എന്ന്‌ ജോര്‍ജി വര്‍ഗീസിന്റെ പുഞ്ചിരിയില്‍ നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം.
ജോര്‍ജി വര്‍ഗീസ്‌ : ഫൊക്കാനാ ടുഡേയുടെ മാധ്യമ തേജസ്സ്‌ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക