Image

ചാവറയച്ചന്റെ വിശുദ്ധ പദവി: നേട്ടങ്ങളെച്ചൊല്ലി സഭാവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്

Published on 25 August, 2014
ചാവറയച്ചന്റെ വിശുദ്ധ പദവി: നേട്ടങ്ങളെച്ചൊല്ലി സഭാവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്
മുഖ്യമന്ത്രിക്ക് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പരാതി നല്‍കി
കോട്ടയം: വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ 'സ്വന്ത'മാക്കാന്‍ കത്തോലിക്ക സഭയിലെ സിറിയന്‍–ലത്തീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്. ചാവറ അച്ചന്റെ ചരിത്രം വളച്ചൊടിക്കുകയാണെന്ന വരാപ്പുഴ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കലിന്റെ ആരോപണത്തിന് മറുപടിയുമായി സി.എം.ഐ സഭ രംഗത്തത്തെി.
സിറിയന്‍ കത്തോലിക്ക വിഭാഗക്കാരനായ ചാവറയച്ചന്‍ എങ്ങനെ ലത്തീനാകുമെന്ന ചോദ്യമാണ് സഭ ഉയര്‍ത്തുന്നത്. ഐക്യകാലത്ത് സിറിയന്‍ വിഭാഗക്കാരുടെ ചുമതലയുണ്ടായിരുന്ന വികാരി ജനറാളായിരുന്ന ചാവറ ഏലിയാസ് അച്ചന്‍ മാന്നാനം വിട്ട് കൂനമ്മാവിലേക്ക് പോയത് റോമില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു. മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം പുതിയ ചുമതലയേറ്റെടുത്തതെന്നും സി.എം.ഐയും സീറോ മലബാര്‍സഭയും പറയുന്നു. പുതിയ ആരോപണങ്ങള്‍ക്കു പിന്നില്‍ മാന്നാനം വികസിക്കുന്നതിലുള്ള അസംതൃപ്തിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ചുനാള്‍ മറ്റൊരിടത്ത് സേവനം ചെയ്തതുകൊണ്ട് സഭക്കാരനല്ലാതാകുന്നില്ല. വിശുദ്ധനാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കിയത് സഭയായിരുന്നു. അതിനാല്‍ മാന്നാനം തന്നെയാണ് മുഖ്യതീര്‍ഥാടന കേന്ദ്രമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ചാവറ അച്ചന്റെ പേരില്‍ സി.എം.ഐ സഭ ചരിത്രം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ രംഗത്തത്തെിയതോടെയാണു പ്രശ്‌നം വീണ്ടും ചൂടുപിടിച്ചത്. സി.എം.ഐ സഭയുടെ വെബ്‌സൈറ്റില്‍ ചാവറയച്ചന്‍ അവസാനകാലത്ത് കൂനമ്മാവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നില്‌ളെന്നും ആര്‍ച്ച് ബിഷപ് ആരോപിച്ചിരുന്നു. എന്നാല്‍, വിശുദ്ധനെ ലോകത്തുള്ള ആര്‍ക്കും സ്വന്തമാക്കാമെന്ന് സി.എം.ഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ.ഡോ. ജോര്‍ജ് ചെറിയാന്‍ ഇടയാടിയില്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ചാവറയച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്‌ളെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ചാവറയച്ചനെ വിശുദ്ധനാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് മാന്നാനത്ത് മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്‌ളെന്നുകാട്ടി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാന്നാനത്തെ മാത്രമല്ല കൂനമ്മാവ് ദേവാലയത്തെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കത്തോലിക്ക സഭയുടെ വിശ്വാസമനുസരിച്ച് ഒരാള്‍ക്ക് രണ്ട് കല്ലറയുണ്ടാവില്ല. പള്ളിയും പള്ളിക്കൂടവുമെന്ന ഇടയലേഖനം ചാവറയച്ചന്റെ വകയല്‌ളെന്നും ഇവര്‍ ആരോപിക്കുന്നു. അപ്പസ്‌തോലിക വികാറാണ് ലേഖനം ഇറക്കിയത്. മാന്നാനത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്‌ളെന്നും ഇരുസ്ഥലങ്ങള്‍ക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നതെന്നും കെ.എല്‍.സി.എ പ്രസിഡന്റ് ഷാജി ജോര്‍ജ് 'മാധ്യമ'ത്തോട് പറഞ്ഞു.
കേരളത്തില്‍ ലത്തീന്‍, സുറിയാനി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കരെല്ലാം ഏക സമൂഹമായി കഴിഞ്ഞിരുന്ന കാലത്ത് 1871 ജനുവരി മൂന്നിന് ചാവറയച്ചന്‍ കൂനമ്മാവിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇപ്പോള്‍ ലത്തീന്‍ വിഭാഗത്തിന്റെ കീഴിലാണ്. എന്നാല്‍, മരിച്ച് 18 വര്‍ഷത്തിനുശേഷം ചാവറയച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളിലൊന്നായിരുന്ന കോട്ടയം മാന്നാനത്തേക്ക് സി.എം.ഐ സഭ കൊണ്ടുവരികയായിരുന്നു. ഇത് അടക്കംചെയ്ത മാന്നാനത്തെ സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയം സുറിയാനി സഭയുടേതാണ്. ഈ ദേവാലയത്തെ മുഖ്യതീര്‍ഥാടന കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെയാണ് ലത്തീന്‍ സഭ രംഗത്തത്തെിയത്. ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്തിടെ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലുമായി ആശയവിനിമയം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക