Image

പ്രാര്‍ത്ഥനയാണ്‌ സഭയുടെ ബലം : പരിശുദ്ധ കാതോലിക്ക ബാവ

Published on 02 June, 2014
പ്രാര്‍ത്ഥനയാണ്‌ സഭയുടെ ബലം : പരിശുദ്ധ കാതോലിക്ക ബാവ
മലങ്കര സഭയെ സംബന്തിച്ചിടത്തോളം ഭൗതീകമായി പറയുമ്പോള്‍ ഏറ്റവുമധികം നഷ്ടം, നഷ്ടബോധം മനസ്സില്‍ ശക്തിപ്പെടുന്ന സമയമാണിത്‌. പരിശുദ്ധ വലിയ ബാവ തിരുമേനി കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ട്‌ ഏകദേശം 7.20 നു അദ്ദേഹം ദൈവ സന്നിധിയിലേക്ക്‌ യാത്രയായിരിക്കുന്നു. നാല്‌പതു വര്‍ഷക്കാലം ഒരു മേല്‌പട്ടക്കരനായി, മഹാചാര്യനായി മലങ്കര സഭയെ വഴി നടത്തിയ ഒരു പിതാവാണ്‌. വ്യക്തിപരമായി ഒരുപാട്‌ അനുഭവങ്ങള്‍ എനിക്ക്‌ രഹസ്യമായും അതുപോലെതന്നെ ചിലത്‌ പരസ്യമായും പറയുവാന്‍ തോന്നുകയാണ്‌. രണ്ടു സങ്കടങ്ങളാണ്‌ എനിക്കുള്ളത്‌. ഒന്നാമത്തെ സങ്കടം എന്നത്‌, പഴയ തലമുറയിലെ അവസാനത്തെ കണ്ണി എന്ന്‌ ഞാന്‍ വിശേഷിപ്പിക്കുകയാണ്‌ പരിശുദ്ധ പിതാവിനെ. ഞങ്ങളൊക്കെ ചെറുപ്പമാണ്‌, വിവേകമില്ലാതെ സംസാരിക്കുകയും, വിവരമില്ലാതെ പലതും തീരുമാനിക്കുകയും ഒക്കെ ചെയ്യുവാന്‍തക്കമുള്ള പക്വതമാത്രമേ ഞങ്ങളുടെ മേഖലകളിലുള്ളവര്‍ക്കുള്ളൂ എന്ന്‌ ഞാന്‍ സ്വയം പറയുകയാണ്‌. എന്നാല്‍ 1966 ല്‍ യോചിച്ച സഭയുടെ, കോഴഞ്ചേരിയില്‍ വച്ച്‌ വാഴിക്കപ്പെട്ട 3 മെത്രാപൊലീത്തന്മാരില്‍ ഇളയ പിതാവാണ്‌ ഈ പരിശുദ്ധ ബാവാ തിരുമേനി. 1966 എന്നത്‌ മലങ്കര സഭയുടെ സുവര്‍ണകാലഘട്ടമാണ്‌. ശാശ്വതമായ സമാധാനം സഭയില്‍ ഓളംവെട്ടി നില്‌ക്കുന്ന സമയമാണ്‌. കോഴഞ്ചേരിയില്‍ വച്ചാണ്‌ ഈ പിതാവിനെയും ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌ തിരുമേനിയെയും, യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ തിരുമേനിയെയും വാഴിക്കുന്നത്‌. ആ വാഴിക്കലിന്റെ ഓര്‍മയും അതിനെ കുറിച്ചുള്ള ദൃശ്യ വിവരങ്ങളും എന്റെ മനസ്സില്‍ നില നില്‌ക്കുന്നുണ്ട്‌. പ്രാര്‍ത്ഥനയാണ്‌ ബലം എന്ന്‌ വിശ്വസിക്കുന്ന പഴയതലമുറയിലെ ഒരു കണ്ണിയാണ്‌ അദ്ദേഹം. തിരുമേനിയുടെ പ്രാര്‍ത്ഥനക്കു ഞങ്ങളുടെ പ്രാര്‍ത്ഥനയേക്കാള്‍ വലിയ ബലമുണ്ടെന്നാണ്‌ എന്റെ വിശ്വാസം. അത്‌ അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്‌.

രണ്ടാമത്‌ സഭയുടെ സുപ്രധാനമായ ചില വിഷ യങ്ങള്‍ വരുമ്പോള്‍ തിരുമേനിയുടെ അടുത്തു ചെന്ന്‌ ഞാന്‍ ഇന്ന കാര്യത്തിന്‌ പോവുകയാണ്‌, തിരുമേനിയുടെ കൈകള്‍ ബലഹീനനായ എന്റെ ശിരസില്‍ വച്ച്‌ ഒന്ന്‌ പ്രാര്‍ഥിക്കണം എന്ന്‌ മാത്രം പറയുമ്പോള്‍ ആ കൈകള്‍ എന്റെ ശിരസില്‍ വച്ച്‌ പ്രാര്‍ഥിക്കും. ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഉദ്ദേശിച്ച കാര്യങ്ങള്‍ എല്ലാം നിറവേറപ്പെടുന്നു എന്ന്‌ പിന്നീട്‌ അത്‌ എനിക്ക്‌ ബോധ്യമാകുമ്പോള്‍ ഈ പിതാവിന്റെ പ്രാര്‍ത്ഥനയുടെ ബലമെന്താണ്‌ എന്ന്‌ ഞാന്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്‌. ആദ്യത്തെ പരിശുദ്ധ സുന്നഹദോസ്‌ വിളിച്ചു കൂട്ടിയപ്പോള്‍ ഞാന്‍ പരിശുദ്ധ ബാവ തിരുമേനിയോട്‌ പറഞ്ഞു തിരുമേനി അവിടെവന്നു അവിടെ വരെവന്ന്‌ പ്രാര്‍ഥിച്ചു ഞങ്ങളോടെ രണ്ടു വാക്ക്‌ പറഞ്ഞ്‌ ഞങ്ങളെ അനുഗ്രഹിക്കണം. അപ്രകാരം തിരുമേനിയുടെ കൈ ശിരസില്‍ വച്ച്‌ പ്രാര്‍ഥിച്ചാണ്‌ ആ സുന്നഹദോസ്‌ തുടങ്ങിയത്‌. അസാധ്യമെന്നു കരുതിയ വിഷയങ്ങള്‍ എല്ലാം ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ എനിക്ക്‌ സാധിച്ചു. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌ തിരുമേനിയുടെ പ്രാര്‍ഥനയുടെ ബലം എന്താണ്‌ എന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌ എന്ന്‌. മറ്റൊന്ന്‌ 2009 ലെ പുതിയ മേല്‌പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷനാണ്‌. അവിടെ ഒരു പ്രതിസന്ധിവന്നപ്പോള്‍ തിരുമേനിയുടെ അടുത്തു ചെന്ന്‌ പ്രാര്‍ത്ഥന ആവശ്യപ്പെട്ടു. യാതൊരു പ്രതിസന്ധി കൂടാതെ അത്‌ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു എന്നതും വളരെ രൊമാഞ്ചത്തോടെയാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. അതുപോലെ തന്നെയാണ്‌ കോട്ടയം സമ്മേളനവും, കൊച്ചി സമ്മേളനവും നടന്നപ്പോഴുമുണ്ടായത്‌. അതുപോലെ തന്നെയാണ്‌ ഈ പരിശുദ്ധ പിതാവ്‌ സ്ഥാനമാറ്റത്തിന്റെ കാര്യത്തിലും ചെയ്‌തത്‌. ഇനി ഞാന്‍ ഈ കാര്യങ്ങളൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ല എത്രയും വേഗത്തില്‍ സ്ഥാനം എല്‌ക്കണം എന്ന്‌ പറയുകയും അത്‌ സ്വന്ത കൈകളാല്‍ തന്നെ നിറവേറ്റുകയും ചെയ്‌തു. അതോപോലെ തന്നെയാണ്‌ തിരുമേനി തൈലാഭിഷേകം ചോദിച്ചുവാങ്ങിയത്‌. തിരുമേനി രോഗശയ്യയിലായപ്പോഴും, അല്‌പമൊക്കെ ഓര്‍മകുറവുണ്ടായപ്പോഴും പ്രാര്‍ഥനക്ക്‌ വേണ്ടി വീല്‍ ചെയറില്‍ ദേവാലയത്തിലേക്ക്‌ കൊണ്ടെത്തിച്ചാല്‍ ഒരോര്‍മക്കുറവുമില്ല. എല്ലാം തുടങ്ങും, എല്ലാ ശുബഹോയും തിരുമേനി ചൊല്ലും. ഒന്നും വിടാന്‍ സമ്മദിക്കുകയുമില്ല. ഞങ്ങളൊക്കെ ചിലപ്പോഴൊക്കെ സമയം ലാഭിക്കാന്‍ ചിലതൊക്കെ വിട്ടുകളയും. പക്ഷെ തിരുമേനി അതിനു സമ്മദിക്കുകയില്ല.

വളരെ ഒരുക്കത്തോടെ ദൈവ സന്നിധിയിലേക്ക്‌ യാത്രയാകുവാന്‍ തിരുമേനി ഒരുങ്ങിയിരുന്നു. സഭയുടെ ചുമതലകള്‍ എല്ലാം നിറവേറ്റുവാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിരുന്നു. സഭയുടെ ഏത്‌ പ്രതിസന്ധിയായാലും അത്‌ പ്രാര്‍ത്ഥന കൊണ്ട്‌ അതിജീവിക്കുവാന്‍ സാധിക്കും എന്ന്‌ ഉറച്ചു വിശ്വസിക്കുകയും മറ്റുള്ളവരെ ധൈര്യപ്പെടുത്തുകയും ചെയ്‌തിരുന്നു. അങ്ങനെയുള്ള പിതാക്കന്മാരുടെ തലമുറയിലെ അവസാനത്തെ കണ്ണി എന്ന നിലയില്‍ ഈ പിതാവ്‌ 93 വര്‍ഷം അദ്ദേഹം ജീവിച്ചു. തിരുമേനിയുടെ വ്യക്തിത്വം എന്നത്‌ പറയുന്നതിനേക്കാള്‍ കൂടുതല്‍ പറയാതിരുന്നു നമ്മോടു സംസാരിക്കുന്ന ജീവിതമാണ്‌. അത്‌ തന്നെയാണ്‌ തിരുമേനിയുടെ ശക്തിയും ബലവും.

പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഇനി ആരോട്‌ പോയി ചോദിക്കും എന്നത്‌ എന്റെ മനസിനെ അലട്ടുന്നു. ആത്മാര്‍ത്ഥയുള്ള പ്രാര്‍ഥനയുടെ ഒരു മാതൃക നമുക്ക്‌ ഭൌധീകമായി ഇലാാതാകുന്നു. സ്വര്‍ഗത്തില്‍ നമുക്ക്‌ വേണ്ടി പ്രാര്‍ഥിക്കും. എങ്കിലും നമ്മോടൊപ്പം നിന്ന്‌ പ്രാര്‍ഥിക്കുമ്പോള്‍ നമുക്കൊരു ബലമാണ്‌.

നാളെ സ്വര്‍ഗാരോഹണപ്പെരുന്നളാണ്‌. കര്‍ത്താവ്‌ സ്വര്‍ഗത്തിലേക്ക്‌ എത്തിചെരുന്നതിനു മുന്‍പ്‌ കര്‍ത്താവിനെ സ്വര്‍ഗത്തില്‍ സ്വീകരിക്കുവാന്‍ ഒരുങ്ങി നില്‌ക്കുന്ന ഒരുചിത്രം എന്റെ മനസിലൂടെ കടന്നു പോകുന്നു.

മലങ്കര സഭയെ നമ്മുടെ പിതാകന്മാര്‍ നയിച്ചിട്ടുള്ളത്‌ നിയമം കൊണ്ടല്ല, കൈക്കരുത്ത്‌കൊണ്ടല്ല, പണം കൊണ്ടല്ല, മനുഷ്വസ്വാധീനം കൊണ്ടല്ല, പ്രാര്‍ഥിക്കുന്ന മനസുകളുടെ നിലവിളി ദൈവസന്നിധിയിലേക്ക്‌ എത്തിച്ചു, അവിടെ നിന്ന്‌ ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നേട്ടംകൊണ്ട്‌ മാത്രമാണ്‌ രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ സഭ നിലനിന്നിട്ടുള്ളത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുകയാണ്‌. മലങ്കര സഭയും അത്‌ തന്നെയാണ്‌ വിശ്വസിക്കുന്നത്‌. നമ്മുടെ പിതാകന്മാരെല്ലാവരും സൂപ്പര്‍ ഇന്റലിജെന്റോന്നുമല്ല. നമ്മുടെ പിതാകന്മാരാരും തന്ത്രശാലികളല്ല. നമ്മുടെ പിതാകന്മാര്‍ സാധാരണക്കാരാണ്‌. പക്ഷെ അവര്‍ പ്രാര്‍ഥിക്കുമായിരുന്നു. അവര്‍ക്ക്‌ തന്ദ്രങ്ങളില്ല, അവര്‍ക്ക്‌ രാഷ്ട്രീയമില്ല, അവര്‍ക്ക്‌ ധനത്തിന്റെ സ്വാധീനം കൊണ്ട്‌ കാര്യ സാധ്യമില്ല. കൈക്കരുത്തുകള്‍ ഉപയോഗിക്കാറില്ല. അസത്യം പറഞ്ഞ്‌ കാര്യങ്ങള്‍ നേടാന്‍ ഇഷ്ട്‌ടപ്പെടാറില്ല. അവിടെയൊക്കെ നമ്മുടെ ബലമെന്നു പറയുന്നത്‌ സത്യത്തിന്റെ വഴിയിലൂടെ കടന്നുപോയി... നേരിന്റെ വഴിയിലൂടെ മുന്നോട്ടുപോയി മലങ്കര സഭയെ നയിച്ചിട്ടുള്ള പിതാകന്മാരാണ്‌. ആ പിതാക്കന്മാരിലെ ഇപ്പോഴത്തെ അവസാനത്തെ കണ്ണിയാണ്‌ പരിശുദ്ധ വലിയ ബാവ തിരുമേനി.

കരിങ്ങാച്ചിറ പള്ളിയില്‍ പുറമ്പോക്കില്‍ ഒരു കുരിശുപള്ളി പണിത്‌ പരിശുദ്ധ പരുമല തിരുമേനി അവിടെ വികാരിമാരാല്‍ തെറ്റിധരിക്കപ്പെട്ട്‌ ധൂപ പ്രാര്‍ത്ഥന നടത്തുവാന്‍ ഇടയായി. ആ വിഷയത്തില്‍ അെ്രെകസ്‌തവ സഹോദരങ്ങള്‍ തിരുമേനിയുടെ പേരില്‍ കേസ്‌ കൊടുത്തു. ധൂപം വച്ചില്ല എന്ന്‌ കോടതിയില്‍ പറഞ്ഞാല്‍ മതി, കേസ്‌ ഞാന്‍ വിജയിപ്പിക്കാം എന്ന്‌ വക്കീല്‍ പറഞ്ഞു. എന്നാല്‍ തിരുമേനിയുടെ മറുപടി ഞാന്‍ ധൂപം വച്ചൂ എന്ന്‌ തന്നെയാണ്‌ പറയുവാന്‍ പോകുന്നത്‌. കേസ്‌ തൊല്‍ക്കുമെങ്കില്‍ ആ ശിക്ഷ അനുഭവിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ഇത്‌ പറഞ്ഞു പഠിപ്പിച്ചത്‌ പരിശുദ്ധ പരുമല തിരുമേനിയാണ്‌. അതിന്റെ പിന്‍തലമുറക്കാരാണ്‌ നമ്മുടെ പിതാകന്മാര്‍ എല്ലാവരും തന്നെ. നുണ പറഞ്ഞ്‌ ഒന്നും നേടേണ്ടതില്ല, നേര്‌ പറഞ്ഞ്‌ ശിക്ഷ വാങ്ങുകയാണ്‌ മലങ്കര സഭയുടെ പിതാക്കന്മാര്‍ ഇതുവരെ ശീലിചിട്ടുള്ളത്‌. പ്രാര്‍ഥനക്ക്‌ ബലമുണ്ട്‌. പ്രാര്‍ഥനക്ക്‌ ശക്തിയുണ്ട്‌. ഈ സഭ പ്രാര്‍ഥനയുടെ ശക്തിയിലൂടെയാണ്‌ മുന്നോട്ടു പോകുന്നത്‌. താല്‌ക്കാലികമായി നമുക്ക്‌ ചില പ്രയാസങ്ങളോ, നഷ്ട്‌ടങ്ങളോ ഒക്കെ ഉണ്ടായേക്കാം. ആരും നിരാശപ്പെടെണ്ടതില്ല. സ്വര്‍ഗത്തിലേക്ക്‌ യാത്രയായ പിതാക്കന്മാര്‍ നിരനിരയായി നിന്നുകൊണ്ട്‌ പ്രാര്‍ഥിക്കുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ സഭ ഇത്രമാത്രം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും, വിദേശ മേധാവിത്വത്തിലൂടെ കടന്നു പോയിട്ടും ഈ സഭക്ക്‌ ഒരു പോറലും ഏറ്റിട്ടില്ല.ഈ സഭക്ക്‌ യാതൊരു അപകടവും ഉണ്ടായിട്ടില്ല. അങ്ങുമിങ്ങുമൊക്ക ചില പോരാട്ടങ്ങളും, ശീതസമരങ്ങളുമൊക്കെയുണ്ടാകും, അതൊരു സമൂഹത്തിന്റെ ഭാഗമാണ്‌.

യിസ്രായേല്‍ ജനം മിസ്രെമിലേക്ക്‌ പോകുമ്പോഴും ഇതുപോലുള്ള ചില ചെറിയ പിണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്‌. പക്ഷെ നേരിന്റെ വഴിയിലൂടെ യാത്ര പോകെണമെന്ന്‌ പറഞ്ഞ്‌ പഠിപ്പിച്ചിട്ടുള്ള പിതാകന്മാരാണ്‌ നമുക്കുള്ളത്‌. പരിശുദ്ധ പരുമല തിരുമേനി മാത്രമല്ല, നമ്മുടെ പിതാക്കന്മാര്‍ വിദേശ മേധാവിത്വത്തെ തള്ളി പറഞ്ഞിട്ടുള്ളവരാണ്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‌പാണ്‌ പരിശുദ്ധ രണ്ടാം കാതോലിക്ക ബാവാ തിരുമേനിയുടെ ലേഘനങ്ങളും, എഴുത്തുകളും, കയ്യെഴുത്തുപ്രതികളും ബലഹീനനായ ഞാന്‍ ഏറ്റുവാങ്ങിയത്‌. അവരുടെ എഴുത്തുകളിലും, കല്‌പനകളിലുമൊക്കെ കാണുന്നത്‌ മക്കളെ പ്രാര്‍ഥിക്കുക, ഉപവസിക്കുക, നോമ്പനുഷ്ട്‌ടിക്കുക, സത്യം പറയുക, നേര്‌ പറയുക, നഷ്ടം വന്നുകൊള്ളട്ടെ എന്ന്‌ പറയുന്ന ഉപദേശങ്ങളാണ്‌. ആത്യന്തികമായി നമുക്ക്‌ നഷ്ടം വരികയില്ല, താല്‌ക്കാലികമായി നഷ്ടം വന്നേക്കാം. താല്‌ക്കാലികമായി നഷ്ട ത്തിനൊക്കെ ഒരതിരുണ്ട്‌. അതിലപ്പുറമായി ദൈവീകമായ ഒരു ശക്തിയും ബലവും നമുക്കുണ്ട്‌. ദീര്‍ഘ മായി പ്രസംഗി ക്കുന്നില്ല . ഉള്ളിന്റെ ഉള്ളില്‍ നിന്ന്‌ വന്ന ചില ചിന്തകള്‍ പങ്കുവച്ചു എന്ന്‌ മാത്രമേ ഉള്ളു. പരിശുദ്ധ വലിയ ബാവാ തിരുമേനി തന്റെ മനസ്സില്‍ എന്ത്‌ ആഗ്രഹിച്ചുവോ, അവ അസാധ്യമാണെന്ന്‌ പല വ്യക്തികളും പറഞ്ഞിട്ടുപോലും അവയെല്ലാം സാധിച്ചിട്ടുണ്ട്‌ എന്നുള്ളതാണ്‌. ഒന്നല്ല ഒരുപാട്‌ കാര്യങ്ങളുണ്ട്‌. പ്രീയമുള്ളവരെ വാക്കുകള്‍ ചുരുക്കട്ടെ. നമുക്ക്‌ അല്‌പം നൊമ്പരമുണ്ട്‌. ഈ പരിശുദ്ധ പിതാവിന്റെ അഭാവം മൂലം ഉണ്ടാകുന്ന നൊമ്പരം. സ്വര്‍ഗ്ഗ സന്നിധിയില്‍ ഇരുന്നുകൊണ്ട്‌ ഈ പിതാവ്‌ നമ്മുടെ സങ്കടം കേള്‍ക്കും, പ്രാര്‍ഥിക്കും, പരിഹരിക്കും. ഈ സഭ മുന്നേറും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഈ സഭക്ക്‌ ഒരു പോറലും ഏല്‌ക്കാതെ മുന്നോട്ടു പോകാന്‍ കഴിയും. അങ്ങനെ ദൈവ സന്നിധിയില്‍ സ്വാധീനമുള്ള, കരുത്തുള്ള പിതാകന്മാര്‍ സ്വര്‍ഗത്തില്‍ നമുക്ക്‌ വേണ്ടി കാത്തിരിപ്പുണ്ട്‌. ഈ പരിശുദ്ധ പിതാവ്‌ സ്വര്‍ഗത്തില്‍ മാലാഖ മാരോടൊപ്പം പരിശുദ്ധ പരുമല തിരുമേനിയോടൊപ്പം, മറ്റു പിതാക്കന്മാരോടൊപ്പം അവിടെ നമുക്കുവേണ്ടി, സഭക്ക്‌ വേണ്ടി പ്രാര്‍ഥിച്ചു നമ്മെ അനുഗ്രഹിക്കട്ടെ എന്ന്‌ അപേക്ഷിച്ചുകൊണ്ട്‌. മധ്യസ്ഥത യാചിച്ചു കൊണ്ട്‌ ഞാന്‍ ഈ ലഘുപ്രസംഗം ഇവടെ അവസാനിപ്പിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..!!

(പരിശുദ്ധ കാതോലിക്ക ബാവ പത്തനാപുരം ദയറ ചാപ്പലില്‍ നടത്തിയ ചരമപ്രസംഗം)

Fr.Johnson Punchakonam (Orthodox TV News)
പ്രാര്‍ത്ഥനയാണ്‌ സഭയുടെ ബലം : പരിശുദ്ധ കാതോലിക്ക ബാവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക