Image

കരുത്തുറ്റ മനസുമായി എമി പേര്‍ഡി (മീനു എലിസബത്ത്‌)

Published on 24 May, 2014
കരുത്തുറ്റ മനസുമായി എമി പേര്‍ഡി (മീനു എലിസബത്ത്‌)
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നമ്മില്‍ പലരും ചീരത്തണ്ട്‌ പോലെ വാടിത്തളരും. വിധിയെ പഴിക്കും. ശപിക്കും. സ്വയം കുറ്റപ്പെടുത്തും. ചിലര്‍ അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്‌ക്കും.

കുറെ പേരെങ്കിലും മദ്യത്തിനോ മയക്കുമരുന്നിനോ വിഷാദത്തിനോ അടിപ്പെടും. ചിലര്‍ക്ക്‌ ഈശ്വരനിലുണ്ടായിരുന്ന വിശ്വാസം കുറയും. ചിലരൊക്കെ ലോകം മുഴുവനായി അവര്‍ക്കെതിരാണെന്ന വിശ്വാസത്തില്‍ സ്വയം പഴിച്ചും സ്വയംപീഡ നടത്തിയും ശിഷ്‌ടകാലം കഴിക്കും.

ആദ്യമൊന്നു തളരുമെങ്കിലും ചുരുക്കം ചിലര്‍ അവരുടെ ഈ നിസഹായാവസ്ഥയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപെടാന്‍ ശ്രമിക്കും. ജീവിതം സമ്മാനിക്കുന്നതെന്തും, ഒരു വെല്ലുവിളി പോലെ അവര്‍ സ്വീകരിക്കും. അവര്‍ സ്വയം പഴിക്കുകയോ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ ചെയ്യാതെ, അവരുടെ ദാരുണ അവസ്ഥയില്‍ നിന്നും പടിപടിയായി കരകയറും. slowly but surely എന്ന്‌ അമേരിക്കക്കാര്‍ പറയുന്നത്‌ പോലെ, ലോകത്തെ അത്ഭുത പ്പെടുത്തികൊണ്ട്‌ അവര്‍ പൂര്‍വാധികം, ശക്തിയോടെ ജീവിതത്തിലേക്ക്‌ മെല്ലെ മെല്ലെ തിരിച്ചു വരും.

അടുത്തിടെ എന്നെ ഇതുപോലെ അത്ഭുതപ്പെടുത്തിയ ഒരു ധീരവനിതയാണ്‌ മിസ്സ്‌. ഏമി പര്‍ഡി എന്ന ഈ അമേരിക്കക്കാരി. പ്രായം മുപ്പത്തിഅഞ്ചു വയസ്‌. ആബാലവൃദ്ധം അമേരിക്കക്കാരെ വളരെയധികം ഹരം പിടിപ്പി ച്ചിരുന്ന ഡാന്‍സിംഗ്‌ വിത്ത്‌ ദി സ്റ്റാര്‍സ്‌ (dancing with the stars) എന്ന ഹിറ്റ്‌ ഷോയുടെ സീസണ്‍ പതിനെട്ടിലായിരുന്നു എമി ആദ്യമായി ചുവടുകള്‍ വെച്ചു ഞാന്‍ കാണുന്നത്‌.

റാമ്പ സ്റ്റൈലില്‍ തന്റെ ഡാന്‍സ്‌ പങ്കാളിയായ ടെറിക്ക്‌ ഹുഗുമായി അതിസുന്ദരിയായ ഈ യുവതി നൃത്തമാടുന്നത്‌ അമേരിക്ക ശബ്‌ദമടക്കി കണ്ടു നിന്നു. ഏമിയുടെ മുട്ടറ്റമുള്ള ഗൗണിന്റെ താഴെയായി കാണുന്ന കൃത്രിമക്കാലുകള്‍ കണ്ടു കണ്ണ്‌ നിറയാത്തവരാരുമുണ്ടായിരുന്നില്ല. പക്ഷെ, എമിയുടെ ശ്രദ്ധ ഡാന്‍സില്‍ മാത്രം. കണ്ടു നില്‌ക്കുന്ന നമ്മുടെ ഹൃദയം, നിലച്ചു പോകുന്ന ചലനങ്ങള്‍.

വീണ്ടും മൂന്നാമത്തെ ആഴ്‌ചയില്‍ അതിമനോഹരമായ ഒരു നൃത്തവുമായി ഏമി വന്നു. ഏമിയുടെ ജീവിതം തന്നെയായിരുന്നു നാട്യരൂപത്തില്‍ അവര്‍ അവതരിപ്പിച്ചത്‌. അത്‌ കണ്ടു, കരയാത്ത ഒരമേരിക്കക്കാരും കാണില്ല. ഞാനും കരഞ്ഞു. ഷോയുടെ ജഡ്‌ജസ്‌ എല്ലാവരും തന്നെ, കണ്ണ്‌ തുടക്കുന്നത്‌ കാണാമായിരുന്നു. അവര്‍ അന്ന്‌ നൃത്തം ചവിട്ടിയത്‌ അവരുടെ ആത്മാവു കൊണ്ടായിരുന്നു. അപാരം!

ഏമിക്കു പത്തൊമ്പതു വയസുള്ളപ്പോഴാണ്‌, അവരുടെ ജീവിതഗതി മാറ്റി മറിച്ചുകൊണ്ട്‌ ഒരു തരം ബാക്‌ട്ടീരിയല്‍ മെനഞ്ചൈറ്റിസു പിടിപെടുന്നത്‌. അസുഖത്തിന്റെ കാഠിന്യത്തില്‍ ആ കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കുവാന്‍ വേറെ നിവര്‍ത്തിയില്ലാതെ രണ്ടു കാലുകളും മുട്ടിനു താഴെ വെച്ചു മുറിച്ചു മാറ്റപ്പെട്ടു.

കൂടെ ഒരു കിഡ്‌നിയും, പ്രശ്‌നത്തിലായി. ഏമി ജീവിച്ചിരിക്കുമെന്നുള്ള ഉറപ്പു ഡോക്‌ടര്‍മാര്‍ വീട്ടുകാര്‍ക്ക്‌ നല്‌കിയത്‌ വെറും, 2% മാത്രം. പക്ഷെ, അത്ഭുതകരമായി ഏമി രക്ഷപെടുകയായിരുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക്‌ ശേഷം, സ്വന്തം പിതാവ്‌ തന്നെ ഏമിക്ക്‌ ഒരു കിഡ്‌നി ദാനം ചെയ്‌തു. അതെക്കുറിച്ച്‌ ഏമി പറയുന്നതിങ്ങനെ...`എനിക്ക്‌ രണ്ടു പ്രാവശ്യമാണ്‌ എന്റെ പിതാവ്‌ ജീവന്‍ നല്‌കിയത്‌. ഒന്ന്‌ ഈ ലോകത്തിലേക്ക്‌ ജീവന്‍ തന്നു കൊണ്ടുവന്നു. ...രണ്ടാമത്‌ എന്റെ ജീവന്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ കിഡ്‌നി ദാനം ചെയ്‌തു!.

അതുകൊണ്ട്‌ തന്നെയാണ്‌ തന്റെ സ്വന്തം കഥ, നൃത്തരൂപത്തില്‍ ഏമി അവത രിപ്പിച്ചത്‌. ആദ്യമായി താന്‍ വെപ്പുകാലുകള്‍ വെയ്‌ക്കുമ്പോള്‍ അതിവേദന തിന്നതും പിതാവ്‌ കൊച്ചു കുഞ്ഞിനെ പോലെ കൈപിടിച്ചു തന്നെ താങ്ങി നടത്തിയതും പിന്നിട്‌ അദ്ദേഹത്തിന്റെ സഹായത്തോടെ താന്‍ നൃത്ത ചുവടുകള്‍ വെയ്‌ക്കാന്‍ തുടങ്ങിയതുമായിരുന്നു ഏമി, ടെറിക്ക്‌ എന്ന ചെറുപ്പക്കാരന്റെയൊപ്പം നൃത്തമാടി അമേരിക്കയെ കരയിപ്പിച്ചത്‌.

അവര്‍ പല ഷോകളിലും ആവര്‍ത്തിച്ചു പറയുന്നു, കൃത്രിമക്കാലുകള്‍ വെച്ച്‌ തനിക്ക്‌ നൃത്തം ചെയ്യാന്‍ കഴിയും, എന്ന്‌ മനസിലാക്കിയപ്പോഴാണ്‌ തനിക്ക്‌്‌ ആത്മവിശ്വാസം തിരികെ കിട്ടിയത്‌ എന്ന്‌. ഡാന്‍സ്‌ ചെയ്യാമെങ്കില്‍ എനിക്കെന്താണ്‌ കഴിയാത്തത്‌?

ഏഴു മാസം കഴിഞ്ഞപ്പോള്‍ വെപ്പുകാലുകളുമായി ഏമി മാമാത്തു മലനിര കളില്‍ സ്‌നോബോര്‍ഡിങ്ങിനു (snow boarding) പോയി. CAF (Challenged Athletes Foundation) എന്ന സംഘടന എമിയെ അവരുടെ വക്താവാക്കി.

തന്നെപ്പോലെ അംഗവൈകല്യം ബാധിച്ച അനേകരെ മാനസികമായി ബല പ്പെടുത്തുകയും, അതോടൊപ്പം, അവര്‍ക്ക്‌ മസ്സാജു തെറാപ്പി നല്‌കുകയും, ചെയ്യുകയുമാണ്‌ എമിയുടെ ജോലി. അതവര്‍ സന്തോഷത്തോടെ ചെയ്‌തു പോരുന്നു. ഒപ്പം, മോഡലിങ്ങും, സിനിമ അഭിനയവും, ഒന്നും എമി വിട്ടിട്ടില്ല. അടുത്തിടെ, Adaptive Action Sports എന്ന പേരില്‍ കൃത്രിമക്കാലുകള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി തന്നെ ഏമി തുടങ്ങിയിരിക്കുകയാണ്‌.

ചൊവ്വാഴ്‌ച നടന്ന ഡാന്‍സിംഗ്‌ വിത്ത്‌ ദി സ്റ്റാര്‍സിന്റെ അവസാന മത്സര ത്തില്‍ ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും, ഏമിക്ക്‌ അമേരിക്കക്കാരുടെ ഹൃദ യത്തില്‍ സ്ഥിരമായി ഒരു ഇരിപ്പിടം, ലഭിച്ചു.


ഇത്രയുമെല്ലാം പ്രതികൂ ലസാഹചര്യങ്ങള്‍ തളര്‍ത്താന്‍ ഉണ്ടായിട്ടും, എ ല്ലാ വെല്ലുവിളികളും, സ്വീകരിച്ചു ജീവിതത്തെ, തന്റെ ചെരുവിരലില്ലിട്ടു അമ്മാ നമാടുന്ന ലാഘവത്തോടെ, ഏമി പേര്‍ഡി തന്റെ ജൈത്രയാത്ര തുടരു ക യാണ്‌.

അമേരിക്കക്കാര്‍ക്ക്‌ മാത്രമല്ല ലോകജനതയ്‌ക്ക്‌ മുന്നില്‍ ആത്മവി ശ്വാസത്തി ന്റെയും, നിശ്ചയദാര്‍ഢ്യത്തിന്റെയും, ഒരു പാഠപുസ്‌തകമായി ജീവിത വിജ യത്തിന്റെ വെന്നിക്കൊടി പാറിച്ചു ഏമി യാത്ര തുടരുന്നു. ഏമി പെര്‍ഡീ ......നീ ജയിക്കാനായി മാത്രം ജനിച്ചവള്‍.!!!

വീഡിയോ കാണുക:

https://www.youtube.com/watch?v=nkKzy_BG3Ds
കരുത്തുറ്റ മനസുമായി എമി പേര്‍ഡി (മീനു എലിസബത്ത്‌)കരുത്തുറ്റ മനസുമായി എമി പേര്‍ഡി (മീനു എലിസബത്ത്‌)കരുത്തുറ്റ മനസുമായി എമി പേര്‍ഡി (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക