Image

അത്‌ എകെജി അല്ല (വൈക്കം മധു)

Published on 22 May, 2014
അത്‌ എകെജി അല്ല (വൈക്കം മധു)
പ്രതിപക്ഷ നേതാവ്‌ ആരായിരിക്കുമെന്നതിനെക്കുറിച്ച്‌ ഊഹോപോഹങ്ങളും ആഗ്രഹം പ്രകടിപ്പിക്കലും നടക്കുന്ന 1189-ലെ ഇടവമാസക്കാലം. നമ്മളെല്ലാം പാശ്ചാത്യരായിപ്പോയതുകൊണ്ട്‌ ആ കാലത്തെ വിളിക്കും, 2014 മേയ്‌ എന്ന്‌.

കഴിഞ്ഞ കുറേ കാലത്തൊന്നും ലോക്‌സഭാ പ്രതിപക്ഷകക്ഷി ആരായിരിക്കുമെന്നതിനേപ്പറ്റി പൊതുതെരഞ്ഞെടുപ്പിനുശേഷം ആരും ചര്‍ച്ച ചെയ്‌തു കേട്ടിട്ടില്ല.

എല്ലാം ആ ചാവാല പറ്റിച്ച പണിയാണ്‌. കക്ഷിയും കൂട്ടരും കൂടി ഒറ്റയടിക്ക്‌ 282 സീറ്റുകള്‍ അടിച്ചുമാറ്റിയപ്പോള്‍, മാഡത്തിന്റെ നേതൃത്വത്തില്‍ 10 കൊല്ലം കേന്ദ്രം അടിച്ചുപൊ
ടിച്ചു ഭരിച്ച യുപിഎ മുന്നണിക്ക്‌ ആകെ കിട്ടിയത്‌ 57 സീറ്റ്‌. കോണ്‍ഗ്രസിന്‌ ഒറ്റക്ക്‌ കിട്ടിയതോ, പുറത്തുപറയാന്‍ കൊള്ളില്ല. എങ്കിലും സ്വകാര്യമായി പറയാം, 44 സീറ്റ്‌.

ഈ 44 കഷണം മാത്രംവച്ച്‌ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി ലോക്‌സഭയില്‍ എങ്ങനെ ഇരിക്കണമെന്ന്‌ അമ്മ-മകന്‍ പാര്‍ട്ടിക്കോ പാര്‍ട്ടിയിലെ മറ്റു സില്‍ബന്ധികള്‍ക്കോ ഒരെത്തും പിടിയുമില്ല.

ലോക്‌ സഭയില്‍ 543 കസേരയുണ്ട്‌. അതില്‍ 10-ല്‍ ഒന്ന്‌ പിടിച്ചെടുക്കാന്‍ കഴിഞ്ഞാലേ പ്രതിപക്ഷ പാര്‍ട്ടിയായി ഇരിപ്പുറപ്പിക്കാന്‍ പറ്റൂ എന്നാണ്‌ ആധാരത്തില്‍ കാണുന്നത്‌. അപ്പോള്‍ 54 സീറ്റെങ്കിലും വേണം പ്രതിപക്ഷ പാര്‍ട്ടിയായി കണക്കെഴുതാന്‍. അതിന്റെ നേതാവിനെ വിധിപ്രകാരം പ്രതിപക്ഷ നേതാവെന്നു വിളിക്കണമെങ്കിലും അതില്‍ കുറയരുതെന്നാണ്‌ പ്രമാണം. എന്തു ചെയ്യും? നാണക്കേട്‌ ഓര്‍ത്ത്‌ പാര്‍ലമെന്റില്‍ കയറാന്‍ തോന്നുന്നില്ല, ഭരണകുടുംബത്തിന്‌.

ഓ, അപ്പോഴാണ്‌ ഒരു കാര്യം ഓര്‍മ വന്നത്‌. ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്‌ ആരെന്നു ചോദിച്ചാല്‍ ജോലിക്കു ടെസ്റ്റെഴുതുന്ന കുട്ടികള്‍ പോലും ഉത്തരമെഴുതും ഏ.കെ. ഗോപാലന്‍ എന്ന്‌.

ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ്‌ കൂടുന്നത്‌ 1952 മേയ്‌ 13-ന്‌. രണ്ടുമിനിറ്റു മൗനത്തിനുശേഷം, ആദ്യ പാര്‍ലമെന്റ്‌ നടപടി തുടങ്ങുന്നത്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ. ആദ്യം പ്രതിജ്ഞ ചൊല്ലിയത്‌ പണ്‌ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു. ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയ സ്‌ത്രീയോ ആദിവാസി വിഭാഗത്തില്‍പെട്ട ബൊണിലി ഖോംഗ്മെന്‍. അന്ന്‌ അസമിലെ സ്വയംഭരണ ജില്ലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടതാണ്‌ ഇവര്‍. 1912 ജൂണില്‍ ഖാസി-ജെയ്‌ന്റിയ കുന്നിന്‍ പ്രദേശത്തു ജനിച്ച ഇ ആദിവാസിസ്‌ത്രീ അസമില്‍ മന്ത്രിയും ഡപ്യൂട്ടി സ്‌പീക്കറുമായിരുന്നിട്ടുണ്ട്‌.

അസം വിഭജിച്ചാണ്‌ പില്‍ക്കാലത്ത്‌, ഇന്നത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതും രൂപീകരിച്ചത്‌. ആദ്യ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഖോംഗ്മെനു വോട്ടു ചെയ്‌ത ബി.ആര്‍. ഖര്‍മുജായ്‌ (79)എന്ന ഗ്രാമത്തലവന്‍ ഇത്തവണ വോട്ടുചെയ്യാന്‍ ഇറങ്ങിയതുതന്നെ ഇക്കാര്യം അനുസ്‌മരിച്ചുകൊണ്ടാണ്‌. 2007-ല്‍ ബൊണിലി മരിച്ചു. അതവിടെയിരിക്കട്ടെ.

ജി.വി. മൗലങ്കറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിനെത്തുടര്‍ന്ന്‌ അന്നു പിരിഞ്ഞ സഭ പിന്നെ സമ്മേളിക്കുന്നത്‌ മേയ്‌ 15ന്‌.

അന്ന്‌, ഇന്ത്യയുടെ ആദ്യപാര്‍ലമെന്റില്‍, നടപടി ക്രമങ്ങള്‍ ആരംഭിച്ച ആദ്യദിവസം തന്നെ, ഭരണകക്ഷി-പ്രതിപക്ഷ മത്സരം പ്രകടമായി. അജന്‍ഡയിലെ ആദ്യവിഷയം സ്‌പീക്കറെ തെരഞ്ഞടുക്കലായിരുന്നു. മൗലങ്കറുടെ പേര്‌ നെഹ്‌റു നിര്‍ദേശിച്ചപ്പോള്‍, പാര്‍ലമെന്ററികാര്യ മന്ത്രി സത്യ നാരായണ്‍ സിന്‍ഹ പിന്താങ്ങി.

അതേ സമയം, കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ എ.കെ. ഗോപാലന്‍, ഇടതുപക്ഷത്തിലെ ശങ്കര്‍ ശാന്താറാം മോറെയുടെ പേരു നിര്‍ദേശിക്കുകയായിരുന്നു. സ്വാഭാവികമായും മൗലങ്കര്‍ ആദ്യ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

എം. അനന്തശയനം അയ്യങ്കാറായി ഡപ്യൂട്ടി സ്‌പീക്കര്‍.

പരാജയപ്പെട്ട മോറെ ചെയ്‌ത പ്രസംഗം, പ്രതിപക്ഷം എത്ര പക്വമായ രാഷ്‌ട്രീയ സമീപനമാണ്‌ അക്കാലത്തു സ്വീകരിച്ചിരുന്നത്‌ എന്നതിന്‌ ഉദാഹരണമാണ്‌.

`` സര്‍. ഞാന്‍ അങ്ങയെ ആഭിനന്ദിക്കുന്നു. അങ്ങയുടെ വിജയത്തില്‍ ഏറ്റവും കൂടതല്‍ സന്തോഷിക്കുന്നയാള്‍ ഞാനായിരിക്കും`` - എന്നായിരുന്നു പരാജിതന്റെ മൊഴി.

`` ഭരണപക്ഷത്തെ ഒരാള്‍ നാമനിര്‍ദേശം ചെയ്യുന്നതായിരുന്നു ഉചിതം, സാര്‍, അങ്ങ്‌ ഓരാളെ നിര്‍ദേശിക്കുക, അങ്ങയുടെ ഒരു മന്ത്രി പിന്താങ്ങുക, ഭരണപക്ഷത്ത്‌ പിന്‍ബഞ്ചുകാര്‍ ധാരാളമുണ്ടല്ലോ. അവരില്‍ ഒരാള്‍ സ്‌പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുകയായിരുന്നെങ്കില്‍ അതില്‍ ഔചിത്യമുണ്ടാകുമായിരുന്നു. ബ്രിട്ടീഷ്‌ പാര്‍ലമെന്ററി സമ്പ്രദായം പിന്തുടരുന്ന നമ്മള്‍ ചെയ്യേണ്ടത്‌ അതായിരുന്നു`` എന്ന്‌ നെഹ്‌റുവിന്റെ നടപടിയെ അന്തസുറ്റ ഭാഷയില്‍ ചോദ്യം ചെയ്യാനും അദ്ദേഹം ധൈര്യം കാട്ടി.

``പൂജ്യമായ ആ സ്ഥാനത്ത്‌ ഉപവിഷ്‌ടനായതോടെ അങ്ങ്‌ ഞങ്ങളുടെ എല്ലാവരുടേയുമായി`'' - എന്നാണ്‌ സ്‌പീക്കറായി തെരഞ്ഞടുക്കപ്പെട്ട മൗലങ്കറെക്കുറിച്ച്‌ എകെജി പറഞ്ഞത്‌.

അന്നു പക്ഷെ പാര്‍ട്ടിക്കിഷ്‌ടമില്ലാത്തവരെ സൂചിപ്പിക്കാന്‍, ശുംഭന്‍, പരനാറി, പരമനാറി, കുളംതോണ്ടി, കൂലംകുത്തി തുടങ്ങിയ മാന്യപദങ്ങള്‍ അരിയാഹാരം കഴിക്കുന്ന നിഖണ്‌ഡുകാരന്മാര്‍ കണ്ടുപിടിച്ചിരുന്നില്ല.

ഇന്ന്‌ സ്‌പീക്കറായി ഇരിക്കേണ്ടിവരുന്ന ആളുടെ തലവിധിയോര്‍ത്ത്‌ രാജ്യമൊന്നാകെ ദുഖത്തിലാകുന്നു. അഡ്വാനി ആ പൂജ്യപദവി വേണ്ടെന്നു വയ്‌ക്കുന്നതിനും കാരണം മറ്റൊന്നുമല്ല. വന്ദ്യനായ ആ കാരണവര്‍ കുറച്ചുനാള്‍കൂടി ജീവിക്കട്ടെ.

കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ ആദ്യസഭയില്‍ ഉണ്ടായിരുന്ന ഒരേ ഒരു പാര്‍ടി 16 അംഗങ്ങളുണ്ടായിരുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായിരുന്നു (അന്നു പാര്‍ടി പിളര്‍ന്നിട്ടില്ല). പ്രതിപക്ഷം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമായിക്കണ്ട നെഹ്‌റു, സിപിഐയെ പ്രതിപക്ഷമായും അതിന്റെ നേതാവ്‌ എകെ ഗോപാലനെ പ്രതിപക്ഷനേതാവായും പരിഗണിക്കുകയായിരുന്നു.

പൊതുവെ ഒരു ധാരണയുള്ളതുപോലെ എകെ ഗോപാലന്‍ അന്നോ അതിനുശേഷം അഞ്ചു തവണ സഭാംഗമായിരുന്നപ്പോഴോ ഒരിക്കല്‍പാലും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നിട്ടില്ല. ആദ്യസഭയില്‍ പ്രതിപക്ഷകക്ഷിയുടെ നേതാവായിരുന്നു എന്നു മാത്രം. പ്രതിപക്ഷ  നേതാവായിരുന്നില്ല.

പ്രതിപക്ഷമായി അംഗീകരിക്കപ്പെടണമെങ്കില്‍ സഭയിലെ ആകെ സംഗസംഖ്യയില്‍ 10% പേരുടെ പിന്‍ബലമുണ്ടായിരിക്കണം. അന്ന്‌ സഭയിലെ ആകെ അംഗസംഖ്യ 489 ആണ്‌. സിപിഐ പ്രതിപക്ഷപാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ പാര്‍ട്ടിക്ക്‌ 48 അംഗങ്ങളെങ്കിലും ഉണ്ടാകണമെന്നു ചുരുക്കം. ഒരേ ഒരു പ്രതിപക്ഷം അന്നുണ്ടായിരുന്നത്‌ സിപിഐയാണ്‌. അവര്‍ക്ക്‌ ഉണ്ടായിരുന്നത്‌ 16 പേര്‍ മാത്രം.

അതിലും രസകരം, ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവ്‌, ഇന്നു പ്രതിപക്ഷപാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ വഴിപാടുനേര്‍ന്നു നടക്കുന്ന, കോണ്‍ഗസിലെത്തന്നെ വൈ.ബി ചവാനായിരുന്നു എന്നതു വിരോധാഭാസം. ഈ പരമാര്‍ഥം എത്ര പേര്‍ക്കറിയാം.

1975-ല്‍ ഇന്ദിരാഗാന്ധി നടപ്പാക്കിയ കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച്‌ 1977-ല്‍ അധികാരത്തിലേറിയ ജനതാപാര്‍ട്ടി-സര്‍ക്കാരില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവന്ന കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ്‌, മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും, വികെ കൃഷ്‌ണമേനോന്റെ പിന്‍ഗാമിയായി രാജ്യരക്ഷാമന്ത്രിയുമായ കോണ്‍ഗ്രസ്‌ നേതാവ്‌ വൈ.ബി.ചവാനായിരുന്നു. 1977 ജൂലൈ 1 - മുതല്‍ 1978 ഏപ്രില്‍ 11 വരെ ആറാം ലോക്‌സഭയിലായിരുന്നു ചവാന്‍ ലോക്‌ സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായത്‌.

1977 -ല്‍ കോണ്‍ഗ്രസ്‌, ഇന്ദിരാഗാന്ധിയുടെ നേതൃത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിനെത്തുടര്‍ന്നു രൂപീകരിച്ച മന്ത്രിസഭയില്‍ ചവാന്‍ ഇന്ത്യയിലെ അഞ്ചാമത്തെ ഉപ
പ്രധാനമന്ത്രിയാവുകയും ചെയ്‌തു.

ഇന്നു കോണ്‍ഗ്രസിന്‌ മറ്റുപാര്‍ട്ടികളെ പിന്‍സീറ്റിലിരുത്തി 57 സീറ്റിന്റെ പിന്‍ബലം 16-ാം ലോക്‌സഭയില്‍ കാട്ടാനായില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടിയാകാനോ, നേതാവിന്‌ പ്രതിപക്ഷ നേതാവാകാനോ
നിയമം   അനുവദിക്കുന്നില്ല. ഇതിന്‌ മറ്റു പാര്‍ട്ടികളെ കൂടെകൂട്ടാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടാല്‍ 1952 മുതല്‍ 1977 വരെ അംഗീകൃത പ്രതിപക്ഷമില്ലാതെ പ്രവര്‍ത്തിച്ച പാരമ്പര്യം ഇത്തവണ ആവര്‍ത്തിക്കപ്പെടുമോ? അന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇന്നു കോണ്‍ഗ്രസ്‌ എന്നു ചരിത്രത്തില്‍ എഴുതേണ്ടിവരുമോ? ആദ്യത്തെ അഞ്ചു സഭകള്‍ക്കും പ്രതിപക്ഷ നേതാവില്ലാതെ മുന്നോട്ടു പോകാനായെങ്കില്‍ ഇനിയും അതിനു തടസം ഉണ്ടാകില്ല. എങ്കിലും ജനാധിപത്യത്തിന്റെ കെട്ടുറപ്പിന്‌ പ്രതിപക്ഷം ആവശ്യമാണ്‌. അതുകൊണ്ടാണ്‌ അംഗീകൃത പ്രതിപക്ഷ നേതാവിനെ ക്യാബിനറ്റ്‌ പദവിയും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കി ആദരിക്കുന്ന കീഴ്‌വഴക്കം നിലനില്‍ക്കുന്നത്‌.

ലോക്‌ സഭയില്‍ ആദ്യമായി സംസാരിച്ച സ്‌ത്രീ സുചേതാ കൃപലാനി. സോഷ്യലിസ്റ്റ്‌ നേതാവ്‌ ആചാര്യ കൃപലാനിയുടെ ഭാര്യ. ഡല്‍ഹിയില്‍ നിന്നു ജയിച്ചുവന്ന അവര്‍ കിസാന്‍ മസ്‌ദൂര്‍ പ്രജാ പാര്‍ട്ടി നേതാവായിരുന്നു.

ലോക്‌സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത്‌ സിക്കാറില്‍ (രാജസ്ഥാന്‍) നിന്നുള്ള അംഗം എന്‍എല്‍ ശര്‍മയായിരുന്നു.

ആദ്യ ലോക്‌സഭ 759 ദിവസം സമ്മേളിച്ചു, ശരാശരി ഒരു വര്‍ഷം 150 ദിവസം. ഇന്നോ, 60 ദിവസം. ബാക്കി ദിവസം അവിടെ നടക്കുന്നത്‌ ടിവി കാണുന്ന ഭാരത പ്രജകളോടു പറയേണ്ട കാര്യമില്ലല്ലോ.

കഴിഞ്ഞ ലോക്‌സഭയായിരുന്നു (15-ാമത്‌) ചരിത്രത്തിലെ ഏറ്റവും കലുഷിതമായ സഭ. 1952 മുതല്‍ 1967 വരെ ശരാശരി 600 ദിവസം (3700 മണിക്കൂര്‍) സമ്മേളിച്ച സഭ, 2009 മുതല്‍ 2013 വരെ (15-ാം സഭ) ചേര്‍ന്നത്‌ ശരാശരി 345 ദിവസം (1331 മണിക്കൂര്‍). ഈ സഭയില്‍ അകെ സമയത്തിന്റെ അഞ്ചിലൊന്നുമാത്രമെ നടപടികള്‍ക്കായി ചെലവഴിച്ചുള്ളൂ. ബാക്കിയത്രയും ഒച്ചയും ബഹളവും ഇറങ്ങിപ്പോക്കും.
അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)അത്‌ എകെജി അല്ല (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക