Image

ഞാൻ ഈ ചെയ്തതു നിങ്ങൾ --- എൻറെ ഓർമ്മക്കായി ചെയ്യുവിൻ

Stephen Thottananiyil Published on 19 April, 2014
ഞാൻ ഈ ചെയ്തതു നിങ്ങൾ --- എൻറെ ഓർമ്മക്കായി ചെയ്യുവിൻ
ഈ ലോകത്തിൽ നിന്നും വിട പറയുവാൻ സമയമായി എന്നതു മനസ്സിലാക്കിയ യേശു ശിഷ്യരുമൊരുമിച്ചു അവസാനമായി ഭഷണം കഴിക്കുന്ന വേളയിൽ അപ്പവും വീഞ്ഞും ഏവർക്കും നൽകികൊണ്ട് 'ഞാൻ ഈ ചെയ്തതു നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മക്കായി ചെയ്യുവിൻ' എന്ന് അരുൾചെയ്ത വാക്കുകൾ കത്തോലിക്കാ സഭയുടെ അടിത്തറയായി തീരുകയുണ്ടായി. യേശുവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി  ആചരിക്കുന്ന ആ അത്താഴവിരുന്നു പരിശുദ്ധ കുർബാനയായി കത്തോലിക്കർ ആഘോഷിക്കുവാൻ തുടങ്ങി. വിവിധ ക്രിസ്തീയ വിഭാഗക്കാർ അതിനെ തങ്ങളുടെ ആവശ്യത്തിനും അഭിരുചിക്കും അനുസരിച്ച് പല രീതിയിൽ വ്യാഖ്യാനിക്കുകയും, വിമർശിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നു. ശരിയും തെറ്റും ഏതെന്നു മതപണ്ഡിതരും ചരിത്രകാരന്മാരും തീരുമാനിക്കട്ടെ.

യേശു അന്തിമ അത്താഴവേളയിൽ പറഞ്ഞതിനും പ്രവർത്തിച്ചതിനും (പരിശുദ്ധ കുർബാനയ്ക്ക്) ഇന്നു നാം നൽകുന്ന അർത്ഥമേ ഉള്ളോ?  അതോ അതിൽ അന്തർലീനമായിക്കിടക്കുന്ന സാരാംശം നമുക്ക് മനസ്സിലാകാതെ പോയതാണോ? സ്വാർത്ഥതയ്ക്കും സൌകര്യത്തിനും വേണ്ടി മനപൂർവം വിട്ടുകളഞ്ഞതാണോ? 'ഞാൻ ഈ ചെയ്തതു നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മക്കായി ചെയ്യുവിൻ' എന്ന് യേശു പറഞ്ഞതായി കുർബാന മദ്ധ്യെ നാം പ്രാർഥിക്കുമ്പോൾ എന്നും അപ്പവും വീഞ്ഞും വാഴ്ത്തി ഒരു ചടങ്ങായി ആവർത്തിക്കണം എന്നായിരുന്നോ യേശു ഉദ്ദേശിച്ചത്? അതോ യേശു തന്റെ ജീവിതകാലം മുഴുവൻ നന്മ ചെയ്തു ജീവിച്ചതുപോലെ ദുഖിതരുടെയും, പീഡിതരുടെയും, നിന്ദിതരുടെയും, ക്ലേശിതരുടെയും ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് സഹായിക്കുവാനും, സാന്ത്വനം നൽകുവാനുമായിരിക്കില്ലേ യേശു ഉദ്ദേശിച്ചത്? ദൈവത്തിന്റെ ആലയം കച്ചവടസ്ഥലമാക്കിയവരെ ചാട്ടവാറുകൊണ്ട് അടിച്ചിറക്കുകയും, പ്രമാണിമാരുടെയും, പുരോഹിതരുടെയും അനീതികൾക്കും  തെറ്റുകൾക്കും കൂട്ടുനിൽക്കാതെ പരസ്യമായി യേശു അതിനെ വിമർശിക്കുകയും ചെയ്തതുപോലെ തെറ്റുകൾക്കെതിരെ നിലകൊള്ളുവാനുമാണോ ക്രിസ്തു  നമ്മോട് ആഹ്വാനം ചെയ്തത്?  യേശു പഠിപ്പിച്ചതിനെ തങ്ങളുടെ സൌകര്യാർത്ഥം വളച്ചൊടിച്ചു പറയുന്നവരെ  കണ്ണുമടച്ച് അനുസരിക്കുവാൻ യേശു നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? 

അന്ത്യാത്താഴ സമയത്ത് അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യർക്ക് നൽകും മുൻപ് ശിഷ്യന്മാരുടെ കാലുകൾ കഴുകുകയാണ് യേശു ആദ്യം ചെയ്തത്. താൻ ചെയ്തതുപോലെ അന്യോന്യം പാദങ്ങൾ കഴുകുവാൻ, അഥവാ പരസ്പരം സേവനം ചെയ്യുവാനും അവരോട് ആവശ്യപ്പെടുകയുണ്ടായി. സേവനവും, ദിവ്യബലിയും  (കാലുകഴുകലും, അപ്പവും വീഞ്ഞും പങ്കുവയ്കലും) പരസ്പരം കൈ കോർത്തു പോകേണ്ട പ്രവർത്തിയാണ്. ബുദ്ധിമുട്ടുള്ള പ്രവർത്തിയായ സേവനം നാം വർഷത്തിൽ ഒരിക്കൽ മാത്രം, പെസഹാ ദിവസം, ആഘോഷമായി കൊണ്ടാടുന്നു. പരസേവനമില്ലാതുള്ള ദിവ്യബലിക്ക് ദൈവ തിരുമുൻപിൽ എത്രമാത്രം പ്രസക്തിയാണ് ഉണ്ടാവുക? ജനങ്ങൾക്ക്‌ സേവനത്തിന്റെ മാതൃക കാണിച്ചുകൊടുക്കേണ്ട ചുമതലയും അവരെ നയിക്കുന്നവർക്കില്ലെ? 

 തന്റെ ജീവിതകാലം മുഴുവൻ ചെയ്ത കാരുണ്യ പ്രവർത്തികളെക്കാൾപ്രധാനപ്പെട്ടതാണോ യേശു അവസാനത്തെ ഒരു ദിവസം, വിടപറയും മുൻപ്, ശിഷ്യരുമായി അപ്പവും വീഞ്ഞും പങ്കിട്ടത്? ചെയ്യുവാൻ എളുപ്പമുള്ള, ബുദ്ധിമുട്ടു കുറഞ്ഞ ദിവ്യബലിക്ക് മാത്രം നമ്മൾ കൂടുതൽ പ്രാധാന്യം നൽകുമ്പോൾ യേശു തൻറെ ജീവിതകാലം മുഴുവൻ കഷ്ട്ടപ്പെട്ടു ചെയ്ത സൽപ്രവർത്തികളുടെ പ്രാധാന്യത്തെ  നിഷ്പ്രഭമാക്കുകയല്ലേ യഥാർത്ഥത്തിൽ നാം ചെയ്യുന്നത്? എല്ലാവരോടും താൻ ചെയ്തതുപോലെ ചെയ്യുവാൻ യേശു ആഹ്വാനം ചെയ്തതിലെ അന്തരാർത്ഥം മനസ്സിലാക്കുവാൻ അന്നത്തെ അധികാരികൾക്ക് ഒരുപക്ഷെ  കഴിയാതെ പോയതാവാൻ സാധ്യതയില്ലേ? അല്ലെങ്കിൽ തങ്ങളുടെ സ്വാർത്ഥതമൂലം വളച്ചോടിച്ചതാവാനും സാധ്യതയില്ലേ?

കത്തോലിക്കാ സഭയിലെ പണ്ഡിതന്മാർക്കും തെറ്റാവരമുണ്ടായിരുന്നവർക്കും മനസ്സിലാക്കുവാൻ കഴിയാതെപോയ, അല്ലെങ്കിൽ അവഗണിച്ച, യേശുവിൻറെ പ്രബോധനം സംവത്സരങ്ങൾക്കു ശേഷം വന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് മനസ്സിലാക്കുവാൻ സാധിച്ചു! ദിവ്യബലി മാത്രമായിരിക്കാതെ, യേശു ചെയ്തതുപോലെ തൻറെ സ്വർഗസ്ഥനായ പിതാവിൻറെ  ആലയം കച്ചവടസ്ഥലമാക്കി കള്ളത്തരം ചെയ്യുന്നവരെ വത്തിക്കാനിൽ നിന്ന് പുറത്താക്കി. ദരിദ്രർക്കും, രോഗികൾക്കും, ക്ലേശിതർക്കും, അർഹപ്പെട്ട സഭയുടെ സമ്പത്ത് (വിശ്വാസികളുടെ നേർച്ച പണം) സ്വന്തം ആഡംബരങ്ങൽക്കും, മണിമന്ദിരങ്ങൽക്കും, സഭക്ക് ഭൗദികസമ്പത്ത് വാരികൂട്ടുന്നതിനും, വിദേശ യാത്രകൾക്കുമായി ധൂർത്തടിച്ച കർദ്ദിനാൾമാരെയും, മെത്രാന്മാരെയും, സഭാധികാരികളെയും യേശുക്രിസ്തു ചെയ്തപോലെ ശകാരിച്ച് പുറത്താക്കി. സഭാധികാരികൾ ഉൾപ്പെടെ അക്രമങ്ങളും അനീതികളും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുത്തു. നിന്ദിതരേയും ദുഖിതരേയും രോഗികളേയും ഫ്രാൻസിസ്  മാർപാപ്പ  ആശ്വസിപ്പിക്കുകയും വാരിപുണരുകയും ചെയ്തു! ഇന്നത്തെ സഭാധികാരികളിൽ നല്ലൊരു ഭാഗവും ചെയ്യുന്നതിനു വിപരീതമായി സാധാരണക്കാർക്കിടയിൽ അവരിൽ ഒരാളായി എളിമയോടെ ജീവിക്കുന്നു.  താൻ ചെയ്തതുപോലെ ചെയ്യുവാൻ യേശുക്രിസ്തു ആഹ്വാനം നൽകിയത് ഫ്രാൻസിസ് പാപ്പ അക്ഷരാർത്ഥത്തിൽ പാലിച്ച് വിശ്വാസികൾക്ക് കാണിച്ചു കൊടുത്തു. കാണിച്ചു കൊടുത്തുകൊണ്ടും ഇരിക്കുന്നു. പ്രസംഗിക്കുന്നത് സ്വന്തം പ്രവര്ത്തികളിലൂടെ കാണിച്ചുകൊടുക്കുന്നവനാണ് ശരിയായ നായകൻ.

 നമ്മുടെ പ്രാർഥനാ രീതികളെ നാം ഇനിയെങ്കിലും പുനർചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ആർക്കിടെക്റ്റിന്റെ നൈപുണ്യവും,  സഭയുടെയും വിശ്വാസികളുടെയും സമ്പത്തിൻറെ മഹിമയും പ്രകടിപ്പിക്കുന്ന ദേവാലയം സാഹിത്യത്തിൽ പൊതിഞ്ഞ വാക്കുകളാൽ (പ്രാത്ഥനകളാൽ) മുഖരിതമാക്കപ്പെട്ടാൽ ദൈവം പ്രസാദിക്കുമൊ? ദിവ്യബലി മോടി പിടിപ്പിച്ച് ആഘോഷമായ ചടങ്ങാക്കിയതുകൊണ്ട് യേശു വിവക്ഷിച്ചതുപോലെ വിശക്കുന്നവർക്കും രോഗികൾക്കും ദുഖിതർക്കും ആശ്വാസവും സഹായമാകുന്നുണ്ടോ? പാവങ്ങളെ സഹായിക്കുവാൻ വേണ്ടി വിശ്വാസികൾ നൽകുന്ന നേര്ച്ചപണം അർഹിക്കുന്നവർക്കായി വിനിയോഗിക്കു ന്നുണ്ടോ? ഇന്ന്സഭ ചെയ്യുവാൻ തുനിയാത്ത പല കാരുണ്യ പ്രവർത്തികളും അൽമേനികളിൽ പലരും മുൻകൈ എടുത്തു ചെയ്യുന്നുണ്ട് എന്നതാണ് വാസ്ഥവം.  

അറിവ് വർദ്ധിക്കുന്നതനുസ്സരിച്ചു നമ്മുടെ പ്രാത്ഥനകളുടെ നിലവാരവും മൂല്യവും ഉയരണം. ദിവ്യബലി മദ്ധ്യേ അപ്പവും വീഞ്ഞും യേശുവിൻറെ ശരീരവും രക്തവുമായി രൂപാന്തരം (Transubstantiation) പ്രാപിക്കുന്നു എന്നു പറയപ്പെടുന്നു. വാക്കുകൊണ്ടുള്ള പ്രാത്ഥനയേക്കാളുപരി മനസ്സാ, വാചാ, കർമ്മണാ ഉള്ള നമ്മുടെ ദിനചര്യകളും, ജീവിതവും പ്രാർഥനയായി, കുർബാനയായി രൂപാന്തരം പ്രാപിക്കുമ്പോൾ ആണ് യേശുവിൻറെ ജീവിതവും പ്രവർത്തികളുമായി നമ്മളും താദാൽമ്യം പ്രാപിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക