Image

ഇന്ത്യന്‍ വീസയ്‌ക്ക്‌ ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കും

Published on 18 October, 2011
ഇന്ത്യന്‍ വീസയ്‌ക്ക്‌ ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കും
ദുബായ്‌: ഇനി ഇന്ത്യന്‍ വീസയ്‌ക്ക്‌ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാമെന്നും അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇതു നിര്‍ബന്ധമാക്കുമെന്നും സ്‌ഥാനപതി എം. കെ. ലോകേഷ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാരുടെ സൗകര്യാര്‍ഥമാണു പുതിയ സംവിധാനം നടപ്പിലാക്കുന്നത്‌.

https://indianvisaonline.gov.in/visa/ എന്ന പേജ്‌ സന്ദര്‍ശിച്ച്‌ ഫോറം പൂരിപ്പിച്ചാണ്‌ അപേക്ഷിക്കേണ്ടത്‌. അപ്പോള്‍ ലഭിക്കുന്ന താല്‍കാലിക 15 അക്ക ഐഡി നമ്പര്‍ ഉപയോഗിച്ച്‌ അപേക്ഷ പിന്നീടു പൂര്‍ത്തിയാക്കാം. പൂരിപ്പിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന 12 അക്ക നമ്പര്‍ സൂക്ഷിച്ചു വയ്‌ക്കണം. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്‌ ഔട്ടോ, ഫയല്‍ നമ്പരോ മതിയായ രേഖകളോടൊപ്പം ഔട്ട്‌സോഴ്‌സിങ്‌ കേന്ദ്രമായ ബിഎല്‍എസ്‌ ഇന്റര്‍നാഷനല്‍ ഓഫിസില്‍ സമര്‍പ്പിക്കണം.

www.blsindiavisauae.com എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്‌. ബിഎല്‍എസ്‌ കേന്ദ്രത്തിലും ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിച്ചു നേരിട്ടു നല്‍കാം. ബിഎല്‍എസ്‌ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായി പ്രീമിയര്‍ സര്‍വീസ്‌ ലൗഞ്ച്‌ ആരംഭിച്ചതായി റീജനല്‍ ഹെഡ്‌ ആന്‍ഡ്രൂ ഗോണ്‍സാല്‍വസ്‌ അറിയിച്ചു. 225 ദിര്‍ഹം അധികം അടച്ചാല്‍ ക്യൂ നില്‍ക്കാതെ പെട്ടെന്ന്‌ അപേക്ഷ നല്‍കി തിരിച്ചു വരാം.

സാധാരണ നിരക്കില്‍ അപേക്ഷ നല്‍കി പാസ്‌പോര്‍ട്ട്‌, വീസ എന്നിവ ലഭിക്കുന്നതും ഇതും തമ്മില്‍ സമയവ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോണിലൂടെയോ വെബ്‌സൈറ്റ്‌ വഴിയോ കൂടിക്കാഴ്‌ച തീരുമാനിക്കാനും മറ്റും ഇതിലൂടെ കഴിയും. ദുബായ്‌ (04 3861133, 3861100) അബുദാബി ( 02 4913572, 4913570) എന്നീ നമ്പറുകളില്‍ പ്രീമിയര്‍ ലൗഞ്ച്‌ സേവനം ലഭിക്കും. പെട്ടെന്ന്‌ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ്‌ ഈ സൗകര്യം.

യുഎഇയില്‍ തൊഴിലിനായി വരുന്നവരുടെ രേഖകളുടെ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ ഈ വര്‍ഷം അവസാനത്തോടെ നടപ്പാകുമെന്നു സ്‌ഥാനപതി അറിയിച്ചു. യുഎഇ തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍കൂടി പരിഹരിക്കാനുണ്ട്‌. നവംബര്‍ മധ്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന രണ്ടംഗ പ്രതിനിധി സംഘം തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച ചെയ്‌ത്‌ ഇതു പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്‌ജയ്‌ വര്‍മ, ആനന്ദ്‌ ബര്‍ദന്‍, നമ്രതാ എസ്‌. കുമാര്‍, അന്‍സുല്‍ ശര്‍മ, അശോക്‌ ബാബു, നരേഷ്‌ മെഹ്‌ത എന്നിവരും സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക