Image

സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് അല്മായ കമ്മീഷന്‍

Published on 02 October, 2013
സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് അല്മായ കമ്മീഷന്‍
കൊച്ചി: റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ കാര്‍ഷിക മേഖല തകരുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതു കര്‍ഷക വഞ്ചനയാണെന്നും കര്‍ഷകപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍. 

റബര്‍ വിലയിടിവുമൂലം കര്‍ഷകര്‍ വലയുമ്പോള്‍ ലക്ഷക്കണക്കിനു ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതു ന്യായീകരിക്കാനാവില്ല. സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന് ഒത്താശ ചെയ്യുന്നതു ദുഃഖകരമാണ്. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്നു പറഞ്ഞു കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയാണ്. റബര്‍ വിപണിയിലെ വിലനിലവാരം നിയന്ത്രിക്കാന്‍ ഫലപ്രദമായ യാതൊരു സംവിധാനവും ഇപ്പോഴില്ല. റബര്‍ ബോര്‍ഡു തന്നെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. പൊതുതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വന്‍കിട ടയര്‍ വ്യവസായ ലോബികളുടെ സ്തുതിപാഠകരായി രാഷ്ട്രീയ നേതൃത്വങ്ങള്‍ അധഃപതിക്കുകയാണെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധതയ്‌ക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും വിവിധ കര്‍ഷക സംഘടനകളുടെയും കര്‍ഷക അനുകൂല പ്രസ്ഥാനങ്ങളുടെയും സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക