Image

മലയാള സിനിമയ്‌ക്ക്‌ അപചയകാലം: മാടമ്പ്‌ കുഞ്ഞുക്കുട്ടന്‍

Published on 14 October, 2011
മലയാള സിനിമയ്‌ക്ക്‌ അപചയകാലം: മാടമ്പ്‌ കുഞ്ഞുക്കുട്ടന്‍
ദുബായ്‌: മലയാള സിനിമയുടെ അപചയകാലമാണിതെന്ന്‌ സാഹിത്യകാരനും അഭിനേതാവുമായ മാടമ്പ്‌ കുഞ്ഞുക്കുട്ടന്‍. ഒരേ അച്ചില്‍ വാര്‍ത്ത കഥയും കഥാപാത്രങ്ങളും ആവര്‍ത്തനവിരസമാകുന്നു. പ്രത്യേകിച്ചൊരു തത്വചിന്തയും ഉള്‍ക്കൊള്ളാനില്ലാത്ത സ്‌ഥിതിയാണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ്‌ ദ്‌ പ്രസ്‌ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. കഥകളിയിലും മറ്റും നടന്മാര്‍ക്കു പ്രായം പ്രശ്‌നമല്ല. അതിന്റെ ആചാരങ്ങളും വേഷവിധാനങ്ങളുമെല്ലാം അങ്ങനെയാണ്‌. എന്നാല്‍, സിനിമ അങ്ങനെയല്ല. അഭിനേതാക്കളുടെ ശാരീരിക അപാകതകള്‍ വ്യക്‌തമായി അറിയാനാകും. പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ നടന്മാര്‍ ശ്രദ്ധിക്കണം. എന്നാല്‍, പ്രണയം പോലുള്ള ചിത്രങ്ങള്‍ വ്യത്യസ്‌ത അനുഭവമാണ്‌.

അടിസ്‌ഥാനപരമായി സിനിമാക്കാരനല്ലാത്തതുകൊണ്ട്‌ തിരക്കഥകള്‍ വായിച്ചുനോക്കുന്ന ശീലമില്ല. എഴുത്തിന്റെ ലോകമാണു പ്രിയങ്കരം. ചെറുപ്പം മുതല്‍ ആനപ്രേമവും കലശലായുണ്ട്‌. സിനിമാലോകത്തെ പല വിവാദങ്ങളും കാര്യമില്ലാതെയാണ്‌. അടുത്തിടെ മോഹന്‍ലാലും അഴീക്കോടും തമ്മിലുണ്ടായ വിവാദ വാഗ്വാദത്തില്‍ അനാവശ്യമായ പല കാര്യങ്ങളും വലിച്ചിഴയ്‌ക്കപ്പെട്ടു. മോഹന്‍ലാല്‍ വിഗ്ഗ്‌ വയ്‌ക്കുന്നതിനെക്കുറിച്ച്‌ പരാമര്‍ശം നടത്തിയ അഴീക്കോട്‌ ഈ പ്രായത്തിലും മുടികറുപ്പിക്കുന്നു. ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയും രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്നത്‌ സാംസ്‌കാരിക നായകര്‍ക്ക്‌ ഭൂഷണമല്ല.

ലോകത്തേറ്റവും കൂടുതല്‍ നിയമമുള്ള രാജ്യമാണ്‌ ഇന്ത്യ. ഈ നിയമങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കാനായാല്‍ പല വെല്ലുവിളികളും ഇല്ലാതാകും. പലരുടെയും കള്ളപ്പണം പുറത്തുകൊണ്ടുവന്നാല്‍ രാജ്യത്തിന്‌ ഒരുപാട്‌ കാലം മുന്നോട്ടുപോകാനാകും. ഇതു പറയുന്നതുകൊണ്ട്‌ ഏതെങ്കിലും വ്യക്‌തിയുടെയോ പ്രസ്‌ഥാനത്തിന്റെയോ വക്‌താവല്ല. ഇടതുപക്ഷ ആശയങ്ങള്‍ ഇഷ്‌ടപ്പെടുന്ന താന്‍ ബിജെപി സ്‌ഥാനാര്‍ഥിയായി മല്‍സരിച്ചത്‌ പ്രത്യേകിച്ചെന്തെങ്കിലും ഉദ്ദേശ്യം വച്ചായിരുന്നില്ല.

അപ്പോള്‍ അങ്ങനെയൊരു തോന്നലുണ്ടായി എന്നു മാത്രം. ഏതു പ്രത്യയശാസ്‌ത്രവും ജനക്ഷേമത്തിന്‌ ഉപയോഗപ്പെടുത്താനാകുന്നതിലാണ്‌ ഭരിക്കുന്നവരുടെ വിജയം. അന്നം, പാര്‍പ്പിടം, ഭക്ഷണം എന്നീ അടിസ്‌ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കാന്‍ കഴിയണമെന്നും മാടമ്പ്‌ വ്യക്‌തമാക്കി. മീഡിയാ ഫോറം പ്രസിഡന്റ്‌ ഇ. സതീഷ്‌, ട്രഷറര്‍ സാദിഖ്‌ കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക