Image

പി.സി.എന്‍.എ.കെ വിമര്‍ശകര്‍ക്ക് മറുപടി: നൈനാന്‍ മാത്തുള്ള

Published on 21 August, 2013
പി.സി.എന്‍.എ.കെ വിമര്‍ശകര്‍ക്ക് മറുപടി: നൈനാന്‍ മാത്തുള്ള
ദിശാബോധമുള്ള പത്രം സമൂഹത്തിന്റെ ആവശ്യം
മനുഷ്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളും വേദപുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ പോയാല്‍ അപകടം വിളിത്തുവരുത്തുകയായിരിക്കും. അതിലൊന്നാണ് സന്ദേശവാക്യത്തില്‍ ചൂണ്ടിക്കാണിക്കുന്ന എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന, നശിപ്പിക്കുന്ന ഒരു തീക്കൊള്ളി ആയിരിക്കുക എന്നത്.
പത്രമാദ്ധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ വളരെ ഉത്തരവാദിത്വമുള്ള കടമയാണ് നിറവേറ്റാനുള്ളത്. സമൂഹത്തില്‍ പടുത്തുയര്‍ത്തേണ്ടതു പടുത്തുയര്‍ത്തുകയും നശിപ്പിക്കേണ്ട പ്രവണതകള്‍ നശിപ്പിക്കുകയും ചെയ്യാന്‍ ജനങ്ങളെയും നേതൃത്വത്തെയും ഉത്തേജിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനു പകരം യാതൊരു ജാഗ്രതയുമില്ലാതെ കാണുന്നതിനെയെല്ലാം വെട്ടിനശിപ്പിച്ചാല്‍ എന്തായിരിക്കും ഫലം ? ആ സമൂഹത്തിനു നിലനില്‍ക്കാന്‍ പറ്റുമോ?
പെരുമ്പാവൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'Defender' എന്ന പത്രത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ പലതും തത്വഭിക്ഷ കൈവിട്ടതായിരുന്നു എന്നു പറയാതെ തരമില്ല. ഭവിഷ്യത്തുകളെപ്പറ്റി ഭയമില്ല എങ്കില്‍ മനുഷ്യന്‍ എന്തും ചെയ്യാന്‍ ധൈര്യപ്പെടും. ആ നിലക്ക് 'Defender' ലെ ചില വിമര്‍ശനങ്ങള്‍ ആവശ്യമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ. അതുപോലെ തന്നെ 'Defender' ചെയ്തിരുന്ന 'Investigative Journalism ' ഇന്ന് പല പത്രങ്ങളും ചെയ്യുന്നില്ല.
എന്നാല്‍ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വസ്ഥാനെ അലങ്കരിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ആ പ്രസ്ഥാനത്തിലെ വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ വിഷമതകള്‍ മനസ്സിലാവുകയുള്ളൂ. ഈ സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ലാത്തവര്‍ക്ക് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെ വിമര്‍ശിച്ച് എന്തും എഴുതാമോ? ഇത് കരക്കിരുന്ന് വള്ളം മുക്കുന്നതിനോടു തുല്യമാണ്. അമ്മയെ തല്ലിയാലും അതിനു രണ്ടു പക്ഷമുണ്ടെന്നു പറയുന്നതുപോലെ ഏതു സംഘടനയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. വളരെ പ്രാപ്തിയും, പ്രാര്‍ത്ഥനയും, ദൈവകൃപയും ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ സാധിക്കയൂള്ളൂ.
സമീപകാലത്ത് Pentecostal Conference of North American Keralites (PCNAK) നെ വിമര്‍ശിച്ച് Defender –ല്‍ തുടരെ എഴുതിക്കണ്ടു. PCNAK അമേരിക്കയിലെ പെന്തക്കോസ്തുകാരുടെ ഐക്യത്തിന്റെ പ്രതീകമാണ്. വളരെ വര്‍ഷത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സഹിഷ്ണുതയുടെയും അതിലുപരി നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമാണത്. PCNAK ന്റെ വളര്‍ച്ച മുരടിപ്പിച്ചു കളയുവാന്‍ എളുപ്പമാണ്. ഒരു സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഉത്തരത്തിലുള്ള പൊതുവേദികളുടെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ. കൂടാതെ അമേരിക്കയിലെ പെന്തക്കോസ്തുകാരുടെ രണ്ടും മൂന്നും തലമുറകള്‍ വളരെ ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനമാണ് PCNAK . വര്‍ഷത്തിലൊരിക്കല്‍ അവര്‍ക്ക് ഒരുമിച്ചുകൂടുവാനും, പരിചയങ്ങള്‍ പുതുക്കുവാനും, ആശയവിനിമയത്തിനും അതിലുപരി ഒരു ആത്മീയ കൂട്ടായ്മയ്ക്കും ഉതകുന്ന തരത്തിലുള്ള വേദിയായി അതു വളര്‍ന്നിരിക്കുന്നു. തുലോം ചുരുങ്ങിയ ദിനങ്ങളിലേക്ക് നേതൃസ്ഥാനം അലങ്കരിക്കുന്നവരുടെ കുറവുകള്‍ പെരുപ്പിച്ചു കാണിക്കുന്നതിലേക്കാള്‍ പ്രസ്ഥാനത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പ്രചരിപ്പക്കയില്ലായിരുന്നു. ഏതെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ എല്ലാവരും ഒരുമിച്ചുകൂടി ചര്‍ച്ച ചെയ്ത് ഭാവിയില്‍ അത് വീണ്ടും ആവര്‍ത്തിക്കാത്ത രീതിയില്‍ പരിഹാരം കണ്ടെത്തി വിജയകരമായ രീതിയില്‍ പരിസമാപ്തിയിലെത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം. അതു നശിപ്പിച്ചുകളയുന്നതിനു കൂട്ടുനില്ക്കുക എളുപ്പമാണ്.
ഇതിനോടനുബന്ധിച്ചു നടന്ന Business Meeting-ല്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഇപ്പോഴത്തെ ഭാരവാഹികള്‍ തന്നെ തുടരട്ടെ എന്നു തീരുമാനിച്ച സ്ഥിതിക്ക് എല്ലാം മറന്ന് ഐക്യത്തോടെ മുന്‍പോട്ടു പോവുകയായിരുന്നു വേണ്ടിയിരുന്നത്. കുറവുകളില്ലാത്ത വ്യക്തികളില്ലല്ലോ? നമ്മിലില്ലാത്ത വിശുദ്ധി മറ്റുള്ളവരില്‍ നിന്നു പ്രതീക്ഷിക്കാമോ? എമ്പ്രായര്‍ 11-ാം അദ്ധ്യായത്തിലെ വിശ്വാസ വീരന്മാരെപ്പറ്റി എഴുതാന്‍ 'Defender'നോട് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതു ശൂന്യമായി വിടാനാണ് സാദ്ധ്യത. ജോസഫിന്റെ പേര്‍ ഒരു പക്ഷേ ചൂണ്ടിക്കാണിക്കപ്പെടാം. അവിടെയും പൊങ്ങച്ചം പറഞ്ഞു എന്നുള്ള കാരണം കൊണ്ട് ജോസഫിനെയും മാറ്റി നിര്‍ത്തിയേക്കാം. ദോഷം മാത്രം കാണുന്നവര്‍ക്ക് കാണുന്നതെല്ലാം കുറവുകള്‍ തന്നെ. അവര്‍ സമൂഹത്തിന്റെ കണ്ണും കാതുമായ മാദ്ധ്യമങ്ങള്‍ ആയാല്‍ എന്താവും ആ സമൂഹത്തിന്റെ സ്ഥിതി? നമ്മുടെ തെറ്റുകളെ മനസ്സിലാക്കി അനുതപിക്കുന്നതിനു പകരം നാം മറ്റുള്ളവരുടെ കുറവുകളെ മാത്രം കാണുന്നവരും വെളിപ്പെടുത്തുന്നവരുമാകാന്‍ സാദ്ധ്യതയുണ്ട്.അത് ശാപം വിളിച്ചുവരുത്തുകയല്ലേ ?
ദാവിദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായിരുന്നു. തെറ്റു ചെയ്തപ്പോള്‍ അനുതപിച്ചു. അഃിന്റെ പേരില്‍ ദാവിദ് രാജസ്ഥാനം ഒഴിയുവാന്‍ ജനങ്ങള്‍ ആവശ്യപ്പെടുകയല്ലായിരുന്നു. ശിംശോന്‍ ജനിക്കുന്നതിനു മുന്‍പേ കഠിനമായ വ്രതം അനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. 'Defender' –ന്റെ അനുവാദത്തോടുകൂടിയാണോ എമ്പ്രായ ലേഖനകര്‍ത്താവ് ശിംശോനെ അതില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്?
സ്വന്തം കഴിവുകൊണ്ട് ജീവിത വിശുദ്ധി നേടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നു എങ്കില്‍ അത് മൗഢ്യമാണ്. എങ്കില്‍ യേശുക്രിസ്തു അവതരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. നമ്മുടെ കഴിവുകൊണ്ട് വിശുദ്ധി പ്രാപിച്ച് ദൈവസന്നിധിയോട് അുെക്കാമായിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസ പ്രകാരമല്ലാത്ത ചിന്തകൂടി പാപമാര്‍ന്ന കാര്യം നാം ഓര്‍ക്കാറുണ്ടോ ?
ശരീരത്തിന്റെ ബലഹീനത നിമിത്തം ന്യായ പ്രമാണത്തിനു സാധിക്കാതിരുന്നതിനെ സാധിപ്പിക്കാനാണല്ലോ മനുഷ്യപുത്രന്‍ വന്നത് (Romans 8:3) . ശരീരത്തിന്റെ ബലഹീനത കൊണ്ടുകൂടിയാണ് പാപം ഉണ്ടാകുന്നതെങ്കില്‍ നിഗളിച്ചു പോകാതിരിക്കാന്‍ ശരീരത്തിന്‍ ഒരു ബലഹീനത കൊടുക്കാന്‍ വേണ്ടി പൗലോസിനെ കുത്താന്‍ സാത്താന്റെ ഭൂതത്തെ ഏല്പിച്ചിരിക്കുന്നതിലെ മര്‍മ്മം എത്ര പേര്‍ക്കു മനസ്സിലാകും? ഭക്തിയുടെ പരിവേഷം ചാര്‍ത്തുന്ന പണ്ഡിതന്മാര്‍ പറഞ്ഞേക്കാം പൗലോസിനു സംഭവിച്ചത് വയറ്റിളക്കം അല്ലെങ്കില്‍ തിമിരമായിരുന്നെന്ന്. വേദ പുസ്തകം ഒന്നും പറയുന്നില്ല. സാത്താന്‍ ഒരു കുത്തു കുത്തിയാല്‍ ഒരു വയറ്റിളക്കമേ ഉണ്ടാവൂ എന്നു ചിന്തിക്കുവാന്‍ പ്രയാസം.
കുറുക്കന്‍ മുന്തിരിങ്ങ പുളിക്കുന്നതുപോലെ ചിലര്‍ക്ക് ശ്രമിച്ചിട്ട് കിട്ടാതെ ആശ വെടിഞ്ഞിരിക്കുന്ന കാര്യങ്ങളും ശലോമോന്‍ രാജാവ് ജീവിതത്തില്‍ എല്ലാം ആസ്വദിച്ചിട്ട് ജീവിതത്തിന്റെ സായാഹ്നവേളയില്‍ സൂര്യന്‍ എരിഞ്ഞടങ്ങി അസ്തമിക്കാറായപ്പോള്‍ കാണുന്നതും അനുഭവിച്ചതും എല്ലാം മായമാണെന്നു മനസ്സിലായതുപോലെ ചിലര്‍ക്ക് ഇപ്പോള്‍ ആസക്തി ഇല്ലാത്തതായ വിഷയങ്ങളാണ് ഭക്തിയുടെ പ്രതീകങ്ങള്‍.
ഒരു സമൂഹത്തിന്റെ മുഴുവന്‍ വികാരത്തെ വൃണപ്പെടുത്തി M.M.Akber “ബൈബിളിന്റെ ദൈവികത-വിമര്‍ശനങ്ങള്‍ വസ്തുതകള്‍ “ എന്ന പേരിന്‍ ഒരു പുസ്തകം എഴുതി പത്തു വര്‍ഷമായി വിശ്വാസത്തിനെതിരായി പ്രചരിപ്പിട്ടുകൊണ്ടിരുന്നിട്ട് എന്തുകൊണ്ട് 'Defender' അഃിനൊരു മറുപടി എഴുതി വിശ്വാസം കാത്തില്ല ? പെരുമ്പാവൂരായിരുന്നല്ലോ മുസ്ലീം-ക്രിസ്ത്യന്‍ സംവാദത്തിന്റെ കേന്ദ്രം ? ദാവിദ്-ഗോലിയാത്ത് വെല്ലുവിളി ഓര്‍മ്മപ്പെടുത്തുന്നതുപോലെ ഈ എളിയവന് “ബൈബിളിന്റെ ദൈവികത-വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി” എന്ന പേരില്‍ M.M.Akber -ന് ഒരു മറുപടി എഴുതുവാന്‍ ദൈവം കൃപ തന്നു.
അതു പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വിദ്യാസമ്പന്നരായ പലരും വായിച്ച് എഡിറ്റ് ചെയ്തിട്ടുള്ളതാണ്. അനുകൂലമായി രണ്ടു പത്രങ്ങള്‍ നിരൂപണങ്ങള്‍ എഴുതി. രണ്ടു പണ്ഡിതന്മാര്‍ നല്ല അഭിപ്രായം എഴുതിതന്നു. മറുപടി എഴുതുന്നതിനോ എഴുതിയത് പ്രിന്റ് ചെയ്തുന്നതിനോ പലരും മടിച്ചപ്പോള്‍ ഒ.എം. ബുക്‌സ് അത് മനോഹരമായി പ്രിന്റ് ചെയ്തു തരുകയും നല്ല ഒരു പുസ്തക അഭിപ്രായം എഴുതുകയും ഇന്ത്യ മുഴുവനും അതിന്റെ വിതരണം ഏറ്റെടുക്കുകയും ചെയ്തു. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിലാരി അതു പഠിച്ചിട്ട് അവരുടെ അഞ്ചു ബുക്ക്‌സ്‌റ്‌റോറുകളിലും സി.എല്‍. എസ്. തിരുവല്ലയിലും വില്ക്കുവാന്‍ തീരുമാനിച്ചു. അഃിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം 'Defender' എന്നുള്ളത് വിശ്വാസം കാക്കുന്ന വിഷയമാണ്. 'Defender' എന്ന പേര് അന്വര്‍ത്ഥമാക്കാന്‍ ഒരു മറുപടി എഴുതി വിശ്വാസം സൂക്ഷിക്കേണ്ടതായിരുന്നു. എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന പ്രവണത ഒരു പത്രത്തിനും ഭൂഷണമല്ലത. ചില പത്രങ്ങള്‍ക്ക് ചിലരെയൊക്കെ രസിപ്പിക്കിുകയും ഇക്കിളിപ്പെടുത്തുകയും ആവശ്യമായിരിക്കാം. തഃ്വദീക്ഷയില്ലാതെ എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ചിലരെങ്കിലും കൈയ്യ് കൊട്ടാനും ചിരിക്കാനും രസിക്കാനും ഉണ്ടായി എന്നു വരാം.
ഏതു പത്രവും സാമൂഹിക പ്രതിബന്ധത ഉള്‍ക്കൊള്ളുന്ന പത്രമായിരിക്കുക എന്നത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ആരോഗ്യ രംഗങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും മറ്റു സമൂഹങ്ങളെപ്പോലെ സ്ഥാപനങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാദ്ധ്യമാവുകയുള്ളു. പുരോഗമനപരമായ ചിന്തകളിലേക്ക് നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരെ മാനസികമായി തളര്‍ത്തുന്ന പുതിയ തലമുറയെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്ന ഒരു തരം സാഡിസ്റ്റ് പത്ര പ്രവര്‍ത്തനം സമൂഹത്തെ ശക്തമാക്കുകയില്ല.
നമ്മുടെ തലമുറ നമ്മുടെ കൂടെ നില്ക്കണമെങ്കില്‍ അഭിമാനിക്കാവുന്ന രീതിയിന്‍ നമ്മുടെ പ്രസ്ഥാനങ്ങളെ വളര്‍ത്തണം PCNAK പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഓരോ സമൂഹത്തിലും വളര്‍ന്നതുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ നമ്മുടെ കൂടെ നില്ക്കുന്നത്. അതല്ല എങ്കില്‍ അവര്‍ ഇംഗ്ലീഷ് സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസാനന്തരം അവര്‍ക്കു ജോലി കൊടുക്കാന്‍ വേണ്ടതായ ചുരുക്കം സ്ഥാപനങ്ങളെങ്കിലും സമൂഹത്തില്‍ ഉണ്ടാകുന്നത് ആ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകും. ആ ദിശയില്‍ ചിന്തിക്കുകയും പ്രോത്സാഹിപ്പിക്കയും ആവശ്യമാണ്. എന്തിനെയും ഏതിനെയും വെട്ടി നശിപ്പിച്ചിരുന്ന 'Defender' ന്റെ പ്രവണത അനുകരിക്കാത്ത ദിശാബോധമുള്ള പത്രമാദ്ധ്യമങ്ങളാണ് നമുക്ക് വേണ്ടിയത് നീതിന്യായ കോടതികളുടെ ധര്‍മ്മം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്താന്‍ എന്തായിരിക്കും സ്ഥിതി ? പൗലോസ് നമ്മെ ഓര്‍മ്മപ്പടുത്തുന്നത് ഏതു പരാതിയും രണ്ടു സാക്ഷികളുടെ അടിസ്ഥാനത്തിന്‍ തീരുമാനിക്കണമെന്നാണ്. അതുപോലും സഭയ്ക്കാണ് അധികാരം കൊടുത്തിരിക്കുന്നത്. കൂടാതെ നാം അധികാരത്തിന് കീഴ്‌പ്പെട്ടിരിക്കാന്‍ പഠിക്കണം. അതല്ല എങ്കില്‍ തെറ്റു പറ്റാന്‍ സാദ്ധ്യതയുണ്ട്. പത്രത്തിന്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡും അതിനുമുകളില്‍ മാനേജ്‌മെന്റും ആവശ്യമാശ്. അത് നിഷ്പഷവും നേരായ രീതിയിലുള്ളതുമായ പത്രധര്‍മ്മം പുലര്‍ത്താന്‍ മാദ്ധ്യമങ്ങളെ പ്രാപ്തമാക്കും.
നൈനാന്‍ മാത്തുള്ള

Houston

Youtub  link for more information

http: //www.youtube.com/user/Mathullah1


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക