Image

ജിജി ജെ. തോമസ് എന്‍ക്ലെക്‌സ് പാനലില്‍

Published on 10 May, 2013
ജിജി ജെ. തോമസ് എന്‍ക്ലെക്‌സ് പാനലില്‍
ഹൂസ്റ്റണ്‍ : അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ നേഴ്‌സസിന്റെ (AACN) അംബാസഡറായും നാഷണല്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ബോര്‍ഡ്‌സ് ഓഫ് നേഴ്‌സിംഗ് (NCSBN), നാഷണല്‍ കൗണ്‍സില്‍ ലൈസെന്‍ഷര്‍ എക്‌സിമാനേഷന്‍ (NCLEX) ഐറ്റം ഡെവലപ്‌മെന്റല്‍ പാനലിലേക്കും തിരഞ്ഞെടുക്കപ്പെട്ട മലയാളി നേഴ്‌സ് ജിജി ജെ. തോമസ് (MSN, BSN, RN) അപൂര്‍വ നേട്ടത്തിനുടമയായി. ലോകപ്രശസ്തമായ എം.ഡി. ആന്റേഴ്‌സണ്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനമനുഷ്ഠിക്കുന്ന ജിജിക്ക് ഇരുപതിലധികം വര്‍ഷത്തെ ക്രിട്ടിക്കല്‍ കെയര്‍ സേവനപരിചയമുണ്ട്. മെഡിക്കല്‍, സര്‍ജിക്കല്‍, കാര്‍ഡിയോ തെറാസിഡ് കെയര്‍ യൂണിറ്റ് എന്നീ രംഗങ്ങളിലെ പ്രായോഗിക പരിചയവും അനുഭവജ്ഞാനവും സേവനോന്മുഖതയുമാണ് ജിജിയെ ഈ നേട്ടത്തിനര്‍ഹയാക്കിയത്.

എ.എ.സി.എന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലവും ക്രിയാത്മകവുമായ നേതൃത്വം കൊടുക്കുകവഴി രോഗികളെ മെച്ചപ്പെട്ടരീതിയില്‍ ശുശ്രൂഷിക്കാന്‍ നേഴ്‌സുമാര്‍ക്ക് ധാര്‍മികപിന്തുണ നല്കുകയെന്നതാണ് അംബാസിഡര്‍ എന്ന നിലയിലുള്ള ജിജിയുടെ സുപ്രധാന ദൗത്യം. തന്റെ അര്‍പണബോധവും പ്രൊഫഷണല്‍ മികവും ഇതിനു മുതല്‍ക്കൂട്ടാവും. ഈ അപൂര്‍വസ്ഥാനലബ്ധി, മേഖലയില്‍ കൂടുതല്‍ സേവനം ചെയ്യാനുള്ള ഊര്‍ജമാണെന്ന് ജിജി തോമസ് പറഞ്ഞു.
നേഴ്‌സിങ് രംഗത്ത് മാത്രമല്ല ജിജി പ്രതിഭ തെളിയിച്ചിട്ടുള്ളത്. മികച്ച ഭരതനാട്യ നര്‍ത്തകിയായ ജിജി കുട്ടികളെ നൃത്തം പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു.

കായികമേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ജിജി കായികതാരങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കായികപ്രേമികളുടെ ഇടയില്‍ 'സോക്കര്‍മോം' എന്നാണ് ഈ നേഴ്‌സ് അറിയപ്പെടുന്നത്.

മധ്യപ്രദേശിലെ ഭിലായില്‍ ജനിച്ചുവളര്‍ന്ന ജിജി തോമസ് എട്ടാമത്തെ വയസ്സിലാണ് അമേരിക്കയിലെത്തുന്നത്. പുന്നവേലിയിലാണ് കുടുംബവേരുകള്‍. കൊട്ടാരക്കര സ്വദേശിയും ഹൂസ്റ്റണിലെ മികച്ച റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ ചാക്കോ തോമസാണ് ഭര്‍ത്താവ്. വിന്‍സന്റ് തോമസ്, മൈക്കിള്‍ തോമസ്, റയാന്‍ തോമസ് എന്നിവര്‍ മക്കള്‍.
ജിജി ജെ. തോമസ് എന്‍ക്ലെക്‌സ് പാനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക