Image

സ്വപ്നാടനം(നോവല്‍ ഭാഗം-11)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 22 April, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-11)- നീന പനയ്ക്കല്‍
പതിനൊന്ന്

സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും ഇരുപതുവയസ്സുകാരിയുടെ ശരീരവടിവുമുണ്ടായിരുന്നു ഷാനന്‍ ബേക്കറിന്. ക്ലാസിലുള്ള എല്ലാവരും ആരാധനയോടെ അവളെ നോക്കി.

കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഷാനന്റെ 'സ്റ്റാര്‍ മാം' അവള്‍ക്കുള്ള വസ്ത്രങ്ങള്‍ പാരീസില്‍ നിന്നാണത്രേ വരുത്തിക്കൊടുക്കുന്നത്. ഷൂസുകള്‍ ഇറ്റലിയില്‍നിന്ന്. മേക്കപ്പ് സാമഗ്രികള്‍ ഫിലിംസ്റ്റാറുകള്‍ക്കുവേണ്ടിയുള്ള ലോകപ്രശസ്ത കമ്പനികളില്‍നിന്നും. ടിഫനി തുടങ്ങിയ ഏറ്റവും മുന്തിയ സ്ഥാപനങ്ങളില്‍ നിന്നാണ് ആഭരണങ്ങള്‍ വാങ്ങുന്നത്.

എല്ലാവര്‍ക്കും ഷാനന്റെ ഫ്രണ്ടാവണം. 'ഫിലിംസ്റ്റാര്‍ മാം' നെക്കുറിച്ചറിയണം. ടി.വി. ഷോകളെക്കുറിച്ചു മനസ്സിലാക്കണം.

ബീന മാത്രം മാറിനിന്നു. അവളുടെ 'സുപ്പീരിയോറിറ്റി കോംപ്ലക്‌സി'ന് ക്ഷതമേറ്റപോലെ. ഒരു തരത്തിലും ഷാനന്റെ പ്രൗഢിയോടു മത്സരിക്കാന്‍ തനിക്കാവില്ലെന്ന് അവള്‍ക്കു തോന്നി. ഐ ഡോണ്‍ട് കെയര്‍.

ജോസിന് ജോലിക്കയറ്റം കിട്ടി. കമ്പനിയുടെ ആവശ്യത്തിന് ലണ്ടനിലും പാരീസിലും ഒക്കെ പോകണം. മാസത്തില്‍ ഇരുപതു ദിവസവും അയാള്‍ വീട്ടില്‍ കാണില്ല. വീട്ടുകാര്യങ്ങള്‍ മുഴുവന്‍ മേരിക്കുട്ടിയുടെ ചുമലിലായി.

മമ്മിയുടെ ശരീരം വല്ലാതെ തടിക്കുന്നു. ഒരു ഹെല്‍ത്ത് ക്ലബ്ബില്‍ ചേരണം. ബീന നിര്‍ബന്ധിച്ചു.

മേരിക്കുട്ടി ആദ്യമൊന്നു മടിച്ചു. പിന്നെ ചിന്തിച്ചപ്പോള്‍ ബീന പറഞ്ഞത് ശരിയാണെന്നു തോന്നി. വയസ്സായി വരികയല്ലേ. തടിക്കൂടിയാല്‍ രോഗങ്ങള്‍ വരാന്‍ സാധ്യതയേറും.

വീടിനടുത്തുള്ള ഒരു ഹെല്‍ത്ത് ക്ലബ്ബില്‍ മേരിക്കുട്ടി പോയിത്തുടങ്ങി. രാത്രി ഒന്‍പതു മണിവരെ അതു തുറന്നിരിക്കും. ജോലി കഴിഞ്ഞു വീട്ടില്‍ വന്നിട്ട് സാവകാശം പോയി വ്യായാമം ചെയ്യാം.

ജോസ് വീട്ടിലില്ലാതിരുന്നിട്ടും കാര്യങ്ങള്‍ ഭംഗിയായി നടന്നു. എല്ലാ ശനിയാഴ്ചയും രാവിലെ ബീനയേയും കൂട്ടുകാരെയും ടൗണില്‍ കൊണ്ടുവിടും മേരിക്കുട്ടി. ബീനക്കത് നിര്‍ബന്ധമാണ്. വൈകുന്നേരം  തിരികെ വീട്ടില്‍ കൊണ്ടുവരും.

കൂട്ടുകാര്‍ ഒരുമിച്ച് ഷോപ്പിംഗ് നടത്തും. ഹെയര്‍കട്ടും മാനിക്യൂറും പെഡിക്യൂറും നടത്തും. തിയേറ്ററില്‍ കയറി മൂവി കാണും. മേരിക്കുട്ടി വരുമ്പോഴേക്ക് അത്താഴവും കൂടി കഴിച്ചിരിക്കും.

'എല്ലാ ശനിയാഴ്ചയും എന്നെയും കൂട്ടുകാരെയും ടൗണില്‍ മാളില്‍ കൊണ്ടുപോയി വിടാനും തിരികെ വിളിച്ചുകൊണ്ടുവരാനും മമ്മിക്ക് പ്രയാസമല്ലേ. എനിക്കു പതിനാറു വയസ്സാകുമ്പോള്‍ ഡാഡിയും മമ്മിയും കൂടി എനിക്കൊരു പുതിയ കാര്‍ വാങ്ങിത്തരണം. പിന്നെ നിങ്ങളെ ഒന്നിനും ശല്യപ്പെടുത്തത്തില്ല.' ബീന മേരിക്കുട്ടിയോട് പറഞ്ഞു. വരുന്നത് പതിനഞ്ചാം ജന്മദിനം.പിന്നെ ഒരേ ഒരു വര്‍ഷം കൂടി.

ബീനയുടെ പതിനഞ്ചാം ജന്മദിനമെത്തി. പാര്‍ട്ടിക്ക് ക്ലാസിലെ കുട്ടികളെ ക്ഷണിച്ചക്കൂട്ടത്തില്‍ ഷാനനേയും ക്ഷണിച്ചു.

ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന, ഏറ്റവുമധികം മാര്‍ക്കു വാങ്ങുന്ന ബീനയോട് യഥാര്‍ത്ഥത്തില്‍ അസൂയയുണ്ടായിരുന്നു ഷാനന്. തനിക്ക് മെന്റലി ഗിഫ്റ്റഡ് ക്ലാസില്‍ പോകാന്‍ ഒരിക്കലും സാധിക്കില്ല. ക്ലാസില്‍ എല്ലാവരും തന്നെ പുകഴുത്തുമ്പോള്‍. പൊതിയുമ്പോള്‍ ബീന മാത്രം തന്നെ അവഗണിക്കുന്നു. അവളെ പാട്ടിലാക്കാനും തന്റെ വരല്‍ത്തുമ്പിലിട്ട് കറക്കാനും എന്താണൊരു മാര്‍ഗ്ഗം? ഷാനന്‍ തലപുകച്ച് ആലോചിക്കുന്ന സമയമായിരുന്നു അത്.

അപ്പോഴാണ് ബീന പിറന്നാള്‍ ക്ഷണവുമായി എത്തുന്നത്.

ബീനയെ വശത്താക്കാന്‍ ഇതാണ് പറ്റിയ അവസരമെന്ന് ഷാനന് തോന്നി.

'ബീനക്ക് പിറന്നാള്‍ സമ്മാനമായി എന്താണു വേണ്ടത്?'

'ഓ.. നിനക്കിഷ്ടമുള്ളത് എന്തെങ്കിലും' ഉദാസീനയായി ബീന പറഞ്ഞു.

താമസസ്ഥലത്തു ചെന്നിട്ട് ഷാനന്‍ കാലിഫോര്‍ണിയയിലേക്കു വിളിച്ചു മമ്മിയോടു സംസാരിച്ചു: 'മാം, എനിക്കൊരു ഉപകാരം ചെയ്യണം. എന്റെ കൂട്ടുകാരിയുടെ പിറന്നാളാണ്. പിറന്നാള്‍ സമ്മാനമായി നമ്മുടെ മാന്‍ഷനും എസ്റ്റേറ്റും ഷൂട്ടിംഗും ഒക്കെയൊന്നു കാണിക്കണം. ക്യാന്‍ യു മേക്ക് അറേഞ്ച്‌മെന്റ്‌സ് എനിക്കുവേണ്ടിയതു ചെയ്യുമോ?'

അല്പനേരം അവളുടെ മമ്മി നിശ്ശബ്ദയായി. 'യെസ് ഡാര്‍ളിംഗ്. ഐ വില്‍ മേക്ക് അറേഞ്ച്‌മെന്റ്‌സ്.'
നെറ്റി ചുളിച്ചു കൊണ്ടാണ് ഡെബി ബേക്കര്‍ റിസീവര്‍ വെച്ചത്.

അപ്പോള്‍ ഷാനന് ഇനിയും കാലിഫോര്‍ണിയയിലേക്കു വരണം. കഴിഞ്ഞ സമ്മറില്‍ ഇവിടെ വന്ന് ഉണ്ടാക്കിയ കോലാഹലം കുറച്ചു വല്ലതുമാണോ? പതിനഞ്ചു വയസ്സേ അവള്‍ക്കുള്ളൂ എന്ന് കണ്ടാല്‍ തോന്നുകയില്ല. അവള്‍ അണ്ടര്‍ ഏജാണ്. നിന്നെയൊക്കെ പോലീസിനെക്കൊണ്ടു പിടിപ്പിക്കും എന്നു പറഞ്ഞ് എത്ര പൂവാലന്മാരെ ഓടിക്കേണ്ടി വന്നു!!

മമ്മിയെപ്പോലെ ഒരു സ്റ്റാര്‍ ആവണമെന്നാണ് ഷാനന് ആഗ്രഹം. അവള്‍ ഒരു മോഡല്‍ പോലും ആവുന്നത് തനിക്കിഷ്ടമില്ല. തന്റെ സൂപ്പര്‍താരം പദവി അവള്‍ തകര്‍ത്തുകളയും. പഠിച്ച് ഒരു ജോലി സമ്പാദിച്ച് പരിശ്രമശാലിയായ ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്ത് കുടുംബിനിയായി അവള്‍ ജീവിച്ചാല്‍ മതി.

പതിമൂന്നാമത്തെ വയസ്സില്‍ മോഡലാവാന്‍ മോഹിച്ച് വീടു വിട്ടിറങ്ങിയതാണ് ഡെബി.
ഭംഗിയുള്ള ശരീരം കൈമുതലായുണ്ടായിരുന്നു. മോഡലാകാനുള്ള ശ്രമത്തില്‍ പലരേയും അവള്‍ക്ക് പ്രീതിപ്പെടുത്തേണ്ടിവന്നു.

മോഡലായി. പ്രശസ്തയായി. ധാരാളം പണമുണ്ടായി. പതിനെട്ടാമത്തെ വയസ്സില്‍ മധ്യവയസ്‌കനായ ഒരു ഫിലിം ഡയറക്ടറെ വിവാഹം കഴിച്ചു.

ഷാനന്‍ ജനിച്ചു രണ്ടുവര്‍ഷം കഴിഞ്ഞഅ ഡെബി ഫിലിം സ്റ്റാറായി. സിനിമാതാരമായപ്പോള്‍ അവള്‍ക്കു ചെറുപ്പക്കാരായ ധാരാളം കാമുകരുമുണ്ടായി. ഭര്‍ത്താവ് വഴക്കുണ്ടാക്കി. അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല. വിവാഹമോചനം നടന്നു. കുട്ടിയുടെ സംരക്ഷണം അയാള്‍ നേടിയെടുത്തു.

ടെലിവിഷന്‍ രംഗത്തും ഡെബി പ്രശസ്തയായി. ഷാനനെ അവള്‍ മറന്നു.

മുന്‍ ഭര്‍ത്താവിന്റെ അപകടമരണത്തോടെ ഷാനന്‍ ഡെബിയുടെ കൈകളിലായി. അവള്‍ക്കപ്പോള്‍ പന്ത്രണ്ടു വയസ്സായിരുന്നു. വയസ് അത്രയേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവള്‍ വളര്‍ച്ചയെത്തിയ ഒരു സെക്‌സിഗേളായി മാറിക്കഴിഞ്ഞിരുന്നു.

ഷാനനെ കൂടെ താമസിപ്പിക്കാന്‍ ഡെബി ഇഷ്ടപ്പെട്ടില്ല. പകരം ഒരു അകന്ന ബന്ധുവിന്റെ കൂടെ അവളെ താമസിപ്പിച്ചു.

ഷാനന്‍ എങ്ങനെ താമസിച്ചാലും ബന്ധുവായ ആന്റിക്ക് പരാതിയില്ല. മാസംതോറും ഡെബിയില്‍ നിന്നും കിട്ടുന്ന വലിയ തുകയുടെ ചെക്ക് മാത്രമായിരുന്നു അവര്‍ക്കു പ്രധാനം.

ചേരുന്ന സ്‌ക്കൂളുകളിലെല്ലാം ഷാനന്‍ കുഴപ്പങ്ങളുണ്ടാക്കി. അങ്ങനെയാണ് ഇപ്പോള്‍ മെരിലാണ്ടില്‍ എത്തിയിരിക്കുന്നത്.

ബീനയുടെ പിറന്നാള്‍ പാര്‍ട്ടി വലിയ വിജയമായിരുന്നു. സമ്മാനക്കവറുകള്‍ ഓരോന്നായി പൊട്ടിച്ചു. ഏറ്റവും ഒടുവില്‍ തുറന്നത് ഷാനന്‍ നല്‍കിയ മഞ്ഞനിറത്തിലുള്ള നീണ്ട കവര്‍ ആയിരുന്നു.

ഹാള്‍ മാര്‍ക്കിന്റെ മനോഹരമായി ഒരു ബെര്‍ത്ത്‌ഡേ കാര്‍ഡിനോടൊപ്പം കാലിഫോര്‍ണയയിലേക്കുള്ള ഒരു റൗണ്ട് ട്രിപ്പ് പ്ലെയിന്‍ ടിക്കറ്റും അഞ്ചുദിവസം മമ്മിയുടെ മാന്‍ഷനില്‍ താമസിച്ച് സ്ഥലങ്ങളും ഷൂട്ടിംഗും കാണാനുള്ള ക്ഷണവും.

ബീന അത്ഭുതസ്തബ്ധയായി. ഒരു പ്രസിദ്ധ ടി.വി. താരത്തിന്റെ മാന്‍ഷനില്‍ അഞ്ചുദിവസം താമസിക്കാനുള്ള ക്ഷണം. സ്വപ്നം കാണാന്‍ കൂടി കഴിയാത്ത ഭാഗ്യം.

ഷാനനെ ഇത്രയും നാള്‍ അവഗണിച്ചത് മോശമായിപ്പോയി.

പക്ഷേ, കാലിഫോര്‍ണിയയിലേക്കു പോകുവാന്‍ ഡാഡിയും മമ്മിയും സമ്മതിക്കുമോ?

സമ്മതിപ്പിക്കണം. ഡാഡി എന്നും ടൂറിലാണല്ലോ. മമ്മിയെ മാത്രം കൈകാര്യം ചെയ്താല്‍ മതി.

"പറ്റില്ല." മേരിക്കുട്ടിയും ജോസും ഒരു പോലെ പറഞ്ഞു. ബീന കരഞ്ഞു. ബഹളമുണ്ടാക്കി. പട്ടിണികിടന്നു.

'അടുത്ത സമ്മറില്‍ നമുക്കെല്ലാവര്‍ക്കും കൂടി കാലിഫോര്‍ണിയ്ക്കു പോകാം. അന്നു സൗകര്യപ്പെട്ടാല്‍ ഷാനന്റെ മമ്മിയെ നമുക്കു വിസിറ്റു ചെയ്യാം.' ജോസ് ബീനയെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചു.

എന്നെ ഇപ്പോള്‍ വിട്ടാലെന്താ? ഞാനൊരു വെറും ബേബിയല്ല. നിങ്ങള്‍ക്ക് എന്നോടു സ്‌നേഹമുണ്ടായിരുന്നെങ്കില്‍ എന്നെ വിടുമായിരുന്നു. എനിക്കു കിട്ടിയ പിറന്നാള്‍ സമ്മാനമാണിത്. അത് എന്‍ജോയ് ചെയ്യാന്‍ നിങ്ങള്‍ സമ്മതിച്ചേ മതിയാവൂ.

ഒരാഴ്ച അവള്‍ ഡാഡിയോടും മമ്മിയോടും വഴക്കിട്ടു. ജീവിതത്തിലാദ്യമായി അവള്‍ക്ക് അവരോട് വെറുപ്പുതോന്നി. എന്തുകൊണ്ട് ഇവരെന്നെ വിശ്വസിക്കുന്നില്ല? എന്നോടു സ്‌നേഹമില്ലാത്തതു കൊണ്ടല്ലേ.

ബീനക്ക് ഷാനന്റെ മുന്നില്‍ ചെല്ലാന്‍ ഒരു മടി.

അവള്‍ ചോദിക്കില്ലേ എന്താണ് കാലിഫോര്‍ണിയ ട്രിപ്പിനെപ്പറ്റി താനൊന്നും മിണ്ടാത്തതെന്ന്?

ഒരു ദിവസം, ഷാനന്‍ ബീനയെ മറ്റു കുട്ടികളുടെ ഇടയില്‍നിന്നും മാറ്റിനിര്‍ത്തി പറഞ്ഞു. 'മമ്മി വിളിച്ചിരുന്നു ബീനാ. നമ്മളെന്നാണ് ചെല്ലുന്നതെന്നു ചോദിച്ചു. അതനുസരിച്ച് വേണം മമ്മിക്ക് ഷെഡ്യൂളുണ്ടാക്കാന്‍.'

എന്തു പറയും? ബീന കുഴങ്ങി.

'എന്റെ പാരന്റ്‌സ് എനിക്ക് അനുവാദം തരുന്നില്ല.' അവള്‍ സത്യം പറഞ്ഞു.

'വൈ?'.

'എനിക്കറിയില്ല.'

'നിന്റെ പാരന്റ്‌സ് വല്ലാത്ത സ്വഭാവക്കാരാണല്ലോ. അഞ്ചുദിവസം പോലും വിശ്വസിച്ച് നിന്നെ ഒരിടത്ത് അയയ്ക്കില്ല അല്ലേ?'

ബീന നിസ്സഹായയായി ഷാനനെ നോക്കിനിന്നു. അതിനുശേഷം ബീന ഷാനനുമായി കൂടുതല്‍ അടുത്തു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബീനക്ക് ഒരു ചെറിയ സമ്മാനം ഷാനന്‍ കൊടുത്തു. “എന്റെ മമ്മിക്ക് വളരെ സങ്കടമുണ്ട് നിനക്ക് കാലിഫോര്‍ണിയയിലേക്കു വരാന്‍ സാധിക്കില്ല എന്നറിഞ്ഞതില്‍.നിനക്കും വളരെ സങ്കടമുണ്ടെന്ന് ഞാന്‍ മമ്മിയോടു പറഞ്ഞു. നിന്റെ  സങ്കടം കുറച്ചെങ്കിലും മാറാനായി നിനക്കു വേണ്ടി ടിഫനിയില്‍ നിന്നും ഒരു സമ്മാനം വാങ്ങി അയച്ചിരിക്കുന്നു.”

ബീന സമ്മാനപ്പൊതി തുറന്നു. ബീനയുടെ പേരു കൊത്തിയ ഒരു 'പിങ്കിറിംഗ്' ആയിരുന്നു അത്. മനോഹരമായ ഒരു സ്വര്‍ണ്ണമോതിരം. തമ്മില്‍ വളരെ സ്‌നേഹമുള്ള കൂട്ടുകാരികളാണ് പിങ്കിറിംഗ് കൈമാറുക.

മോതിരത്തോടൊപ്പം ഡെബി ബ്രേക്കര്‍ ഒപ്പിട്ട അവരുടെ ഒരു മുഴുനീള ഫോട്ടോയും. “ ടു മൈ ഡീയര്‍ ഫ്രണ്ട് ബീന. വിത്ത് ലവ്.”

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി അവള്‍ക്ക്. ബീനയെ കൂട്ടുകാരിയായി ഡെബി ബേക്കര്‍ അംഗീകരിച്ചിരിക്കുന്നു. കൂട്ടുകാരികളായ മറ്റുള്ളവര്‍ക്ക് എന്തസൂയയാവും തന്നോട്. ഷാനനോട് എങ്ങനെയാണ് നന്ദി പറയേണ്ടത്?

ഷാനന് പെണ്‍കുട്ടികളേക്കാള്‍ അധികം താല്പര്യം ആണ്‍കുട്ടികളോടാണ്. സ്‌ക്കൂളിനു വെളിയില്‍ അവള്‍ സിഗരറ്റു വലിക്കും. മുഖത്തു കട്ടിയായി മേക്കപ്പിടും. മാറിടവും കാലുകളും പുറത്തു കാണിക്കുന്ന വസ്ത്രം ധരിക്കും. എന്നാലും ബീനക്ക് അവളോടിഷ്ടമായിരുന്നു.

ഷാനന്‍ ഭാഗ്യവതിയാണ്. എത്ര സ്വതന്ത്രയായി അവള്‍ ജീവിക്കുന്നു. മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന കുട്ടികള്‍ ഭാഗ്യം കെട്ടവരാണ്. എന്തിനും പാരന്റ്‌സിനോടു അനുവാദം വാങ്ങണം. വെറുതെയല്ല പതിനെട്ടു വയസ്സാവുമ്പോള്‍ കുട്ടികള്‍ മാറിത്താമസിക്കുന്നത്. പതിനെട്ടു വയസ്സായാല്‍ പിന്നെ ഒന്നിനും ഒരാളുടേയും അനുവാദത്തിനു കാത്തുനില്‍ക്കണ്ട.

പള്ളിയില്‍ വരുന്ന ഒന്നുരണ്ട് ചെറുപ്പക്കാരുടെ കൂടെ ഇടയ്‌ക്കൊക്കെ ബീന പുറത്തുപോയി.
പുരോഗമനവാദികളായ പലരും അവരുടെ പെണ്‍മക്കളെ 'ഡേറ്റ്' ചെയ്യാന്‍ അനുവദിച്ചതു കാരണം ജോസിനും അങ്ങനെ ചെയ്യേണ്ടിവന്നു. ഒരു ആണും പെണ്ണുംകൂടി തിയേറ്ററില്‍ പോയി സിനിമ കണ്ടാല്‍, റസ്റ്റോറണ്ടില്‍ പോയി ഭക്ഷണം കഴിച്ചാല്‍. ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. പലരും പറഞ്ഞത് ജോസും ശരിവെച്ചു.

നമ്മുടെ പള്ളിയിലെ നമ്മളറിയുന്ന ആളുകളുടെ മക്കളല്ലേ അവര്‍? വല്ല കറുമ്പന്റേയും പോട്ടറീക്കന്റേയും കൂടെ നമ്മുടെ മക്കള്‍ പോകാതിരിക്കുമല്ലോ. സ്വന്തം പെണ്‍മക്കളെ ഡേറ്റിംഗിനു വിടുന്ന മാതാപിതാക്കള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചു.

പക്ഷെ ഫിലിപ്പുസാറിപ്പോലെയുള്ളവര്‍ ആ ചിന്താഗതിയെ എതിര്‍ത്തു. എത്ര പേരുടെ കൂടെ ഡേറ്റു ചെയ്തിട്ടാവും ഒരു പെണ്‍കുട്ടി വിവാഹിതയാവുക? വേണ്ടപ്പെട്ടവരാരും   ശ്രദ്ധിക്കാനില്ലാതെ ഒരാണും ഒരുമിച്ചിരുന്നാല്‍ മനസ്സില്‍ മൃദുലവികാരങ്ങള്‍ ഉണ്ടാവും. അങ്ങനെ ഉണ്ടായില്ലെങ്കില്‍ അതു ശാരീരികമായ എന്തെങ്കിലും കുഴപ്പം കൊണ്ടാവും. ഡേറ്റുകളെ മാറി മാറി സ്വീകരിക്കുന്ന ആണും പെണ്ണും ഇമ്മൊറാലിറ്റിയാണു കാട്ടുന്നത്. അത് സദാചാരലംഘനമാണ്.

ബീനയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി ഷാനന്‍. 'മമ്മീ ഷാനന് ഈ വരുന്ന ശനിയാഴ്ച ഇവിടെ സ്‌ളീപ്പോവര്‍ ചെയ്യാന്‍ പറ്റുമോ?' ഒരു ദിവസം ബീന മേരിക്കുട്ടിയോടു ചോദിച്ചു.

ഷാനനെ മേരിക്കുട്ടിക്ക് ഇഷ്ടമല്ല. അവളുടെ നടപ്പും ഭാവവും സിഗരറ്റുവലിയും ആണ്‍കുട്ടികളോടുളള പ്രതിപത്തിയും മേരിക്കുട്ടിയില്‍ വെറുപ്പാണുണ്ടാക്കുന്നത്. ഒരു അഭിനവ മരിലിന്‍ മണ്‍റോ. അവളോട് കൂട്ടുക്കൂടിയാല്‍ ബീനയും ചീത്തയാവും.

ബീനയുടെ ആഗ്രഹങ്ങള്‍ അനുവദിച്ചുകൊടുത്തില്ലെങ്കില്‍ അവള്‍ വീടിനകത്തു നരകം സൃഷ്ടിക്കും. ജോസ് ടൂറിനു പോകാന്‍ തുടങ്ങിയതോടെ അവളുടെ ദുശ്ശാഠ്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കയാണ്. ആഗ്രഹിക്കുന്നതെന്തും നടക്കണം. അതിനു മമ്മിയെ വാദിച്ചും തര്‍ക്കിച്ചും തോല്പിക്കാന്‍ അവള്‍ക്ക് നല്ല മിടുക്കാണ്.

ഒരു ദിവസം കൂട്ടുകാരിയെ താമസിപ്പിക്കാനല്ലേ ബീന അനുവാദം ചോദിച്ചുള്ളൂ. മേരിക്കുട്ടി വൈമനസ്യത്തോടെയാണെങ്കിലും സമ്മതം മൂളി. ബീനക്കു സന്തോഷമായി.

ശനിയാഴ്ച സന്ധ്യക്ക് ഷാനന്‍ സ്ലീപ്പോവറിന് എത്തി. ഒരു വലിയ ഡഫല്‍ ബാഗുമായിട്ടാണ് അവള്‍ വന്നത്.

'ഹായ് മിസ്സിസ് ജോസഫ'് മേരിക്കുട്ടിയെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചു.

'ഹായ്.'

ചിരപരിചിതയെപ്പോലെ അവള്‍ ബീനയുടെ മുറിയിലേക്ക് കയറിപ്പോയി. ബീന കതകു ചാരി.

മേരിക്കുട്ടിക്ക് സംശയം തോന്നി. ഈ പെണ്ണ് ഞാനില്ലാത്ത സമയത്ത് ഇവിടെ വരാറുണ്ടോ? ഇല്ലെങ്കില്‍ ഇത്ര കൃത്യമായിട്ട് ബീനയുടെ മുറിയേതാണെന്ന് അറിയുന്നതെങ്ങനെ?

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മേരിക്കുട്ടി ബീനയുടെ വാതിലില്‍ മുട്ടി. അവള്‍ വാതില്‍ തുറന്നു തല പുറത്തേക്കു നീട്ടി.

'എന്താ മമ്മീ?'

'ഞാന്‍ കിടക്കാന്‍ പോകയാണ്. എന്തെങ്കിലും വേണോ നിങ്ങള്‍ക്ക്?'

'വീ ആര്‍ ഓ.കെ.മാം. ഗുഡ്‌നൈറ്റ്.'

വാതിലടഞ്ഞു.

ഷാനന് ആണ്‍കുട്ടികളുടെ കാര്യമേ പറയാനുള്ളൂ. നോട്ടിബോയ്‌സ്. അവരുടെ കുസൃതികള്‍. അവള്‍ക്ക് ഇക്കിളി വരുത്തിയ കാര്യങ്ങള്‍.

ബീനക്ക് ലജ്ജതോന്നുമെങ്കിലും കേട്ടിരിക്കാന്‍ രസമുണ്ട്.

നീയൊരു സുന്ദരിക്കുട്ടിയാ ബീനാ. എന്തുകൊണ്ടാണ് നിനക്ക് ഒരു സ്റ്റെഡി ബോയ്ഫ്രണ്ടില്ലാത്തത്? ഷാനന് അത്ഭുതം മാത്രമല്ല സംശയവും.

'ഓ. എനിക്കറിയില്ല ആണ്‍കുട്ടികളില്‍ എനിക്ക് താല്പര്യമില്ല. അവര്‍ എന്റെ ദേഹത്ത് തൊടുന്നത് എനിക്കിഷ്ടവുമല്ല. ഐ ഡോണ്‍ട് തിങ്ക് ഇറ്റ് ഈസ് വര്‍ത്ത് ദി ട്രബിള്‍.'

'നിനക്കു നഷ്ടപ്പെടുന്നതെന്താണെന്ന് നീയറിയുന്നില്ല ബീനാ.'

ഷര്‍ട്ടും ജീന്‍സും മാറി നൈറ്റി ധരിക്കാനായി ബീന ബാത്ത്‌റൂമിനകത്തേക്കു കയറി. ഒരു മിനിട്ടു കഴിഞ്ഞ് ഷാനന്‍ ശബ്ദമുണ്ടാക്കാതെ പിറകില്‍ ചെന്നു.

'ഓ…ഹൗ ബ്യൂട്ടിഫുള്‍!!'

കുളിമുറിയിലെ മുഴുനീളക്കണ്ണാടിയില്‍ ബീനയുടെ പ്രതിബിംബം കണ്ട് ഷാനന്‍ ആരാധനാഭാവത്തില്‍ നോക്കി.

ഞെട്ടിപ്പോയ ബീന പെട്ടെന്ന് ഊരിയ ഷര്‍ട്ടുകൊണ്ട് മാറിടം മറച്ചു.

'ഓ. എന്തിനാ നാണിക്കുന്നത്? ഞാനൊന്നു കണ്ടോട്ടെ. വി ആര്‍ സോള്‍ ഫ്രണ്ട്‌സ്. റിമംബര്‍?'

ഷാനന്‍ കൈനീട്ടി ബീനയുടെ ഷര്‍ട്ട് മെല്ലെ വലിച്ചെടുത്തു. അവളുടെ വിരലുകള്‍ ബീനയുടെ കവിളില്‍, ചുണ്ടില്‍, മാറില്‍ …

'ഷാനന്‍ ഡു യൂ മൈന്‍ഡ്? എനിക്ക് ഡ്രസ് മാറണം. അവളുടെ കൈ ബീന തട്ടിമാറ്റി. ആന്റ് ഡോണ്‍ട് യു എവര്‍ ഡു ദാറ്റ് എഗേന്‍.'

കള്ളച്ചിരിയോടെ ഷാനന്‍ ചുണ്ടുകള്‍ നനച്ചു.

Previous Page Link: http://emalayalee.com/varthaFull.php?newsId=48410

സ്വപ്നാടനം(നോവല്‍ ഭാഗം-11)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക