Image

കൂടുതല്‍ നന്ദിയുള്ളവരാകാം നമുക്കീ താങ്ക്‌സ്‌ ഗിവിംഗില്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 21 November, 2012
കൂടുതല്‍ നന്ദിയുള്ളവരാകാം നമുക്കീ താങ്ക്‌സ്‌ ഗിവിംഗില്‍
മറ്റൊരു താങ്ക്‌സ്‌ ഗിവിംഗ്‌ ദിനം കൂടി സമാഗതമായിരിക്കുന്നു. ഒത്തുചേരലിന്റെയും, നന്ദിയര്‍പ്പണത്തിന്റെയും, കരുണയുടെയും, പങ്കുവക്കലിന്റെയും സമ്പേശവുമായി നവംബര്‍ മാസത്തെ നാലാമത്തെ വ്യാഴാഴ്‌ച്ച നമ്മുടെ തീന്‍മേശയിലേക്ക്‌ കടന്നുവകുന്ന ആഘോഷം. പരമ്പരാഗതരീതിയിലുള്ള വിഭവസമൃദ്ധമായ ടര്‍ക്കിഡിന്നര്‍ ഒരുക്കി കുടുംബാംഗങ്ങളെല്ലാം ഒരുമേശയ്‌ക്കുചുറ്റുമിരുന്ന്‌ ഭക്ഷിക്കുന്നതിനായി തയാറെടുക്കുന്നു ജീവിതത്തില്‍ നമുക്കു ലഭിച്ചിട്ടുള്ള എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും, സമ്പത്‌സമൃദ്ധിക്കും, സൗഭാഗ്യങ്ങള്‍ക്കും നാം നന്ദിയുള്ളവരായിരിക്കണമെന്നുള്ള മഹത്തായ സന്ദേശം നമ്മെ അനുസ്‌മരിപ്പിച്ചു കടന്നുവരുന്ന വിളവെടുപ്പുത്സവം.

391 സംവല്‍സരങ്ങള്‍ക്കു മുമ്പു നടന്ന ആദ്യ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷത്തിലൂടെ നമ്മുടെ പൂര്‍വികര്‍ കാണിച്ചുതന്ന ഏറ്റവും നല്ല മാതൃക.

മൂന്നാഴ്‌ച്ചകള്‍ക്കുമുമ്പ്‌ വടക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചുകൊണ്ട്‌്‌ വളരെയധികം നാശം വിതച്ച്‌ കടന്നുപോയ സംഹാരരുദ്രയായ സാന്‍ഡി കൊടുങ്കാറ്റിനുശേഷം കടന്നുവരുന്ന ആദ്യത്തെ ദേശീയോത്സവം. പ്രതികൂല സാഹചര്യങ്ങളിലും, പ്രതിസന്ധി ഘട്ടങ്ങളിലും ആത്‌മവിശ്വാസം കൈവിടാതെ ധൈര്യമായി മുന്നേറണമെന്നുള്ള താങ്ക്‌സ്‌ ഗിവിംഗിന്റെ ഗുണപാഠം ഉള്‍ക്കൊണ്ട്‌ ധാരാളം രക്ഷാപ്രവര്‍ത്തകരും, വോളന്റിയേഴ്‌സും ഭരണകര്‍ത്താക്കളുടെ നേതൃത്വത്തില്‍ കൊടുംകാറ്റില്‍ കഷ്ടതകളനുഭവിക്കുന്നവരെ സഹായിക്കാനെത്തി. ആഞ്ഞുവീശിയടിച്ച ചുഴലിക്കൊടുംകാറ്റില്‍ സര്‍വസ്വവും നഷ്ടപ്പെട്ട ധാരാളം പേരെ നമ്മുടെ ചുറ്റുപാടും കാണുവാന്‍ സാധിക്കും. ഒക്ടോബര്‍ മാസത്തെ അവസാനത്തെ
മൂന്നുദിവസം എന്താണ്‌ സംഭവിക്കുവാന്‍ പോകുന്നതെന്നറിയാതെ ഭീതിയുടെ നിഴലില്‍ കഴിച്ചുകൂട്ടിയ ദിനരാത്രങ്ങള്‍.

പ്രപഞ്ചസ്രഷ്ടാവും, സംരക്ഷകനുമായ ജഗദീശന്റെ പ്രത്യേക കരുതല്‍ നമ്മെ എല്ലാ വിപത്തുകളില്‍നിന്നും സംരക്ഷിച്ച്‌ ഈ താങ്ക്‌സ്‌ ഗിവിംഗ്‌ സുദിനം കൂടി ദൈവമഹത്വത്തിനായി ആഘോഷിക്കാനുള്ള സൗഭാഗ്യം നല്‍കി നമ്മെ അനുഗ്രഹിച്ചു. കരുണാനിധിയായ ദൈവം തന്റെ ശക്തിയേറിയ കരവലയത്തിനുള്ളില്‍ നമ്മെയെല്ലാം കാത്തുസംരക്ഷിച്ചു. കൊടുംകാറ്റില്‍ നമുക്കോ നമ്മുടെ ബന്ധുമിത്രാദികള്‍ക്കോ, പരിചയക്കാര്‍ക്കോ അപകടമൊന്നും സംഭവിച്ചില്ലായെങ്കില്‍ നമ്പിസൂചകമായി നമ്മുടെ കൈകള്‍ ഈശ്വരസമക്ഷം കൂപ്പേണ്ടിയിരിക്കുന്നു.

കൊടുംകാറ്റിനെ തുടര്‍ന്ന്‌ നമ്മുടെ വീട്ടില്‍ വൈദ്യുതി നിലച്ചില്ലായെങ്കില്‍, ടി.വിയും കംപ്യൂട്ടറുകളും നിര്‍ബാധം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചു എങ്കില്‍, റഫ്രിജറേറ്ററില്‍ നിറയെ ഭക്ഷണവും, കുടിക്കാനുള്ള പാനീയങ്ങളും ഉണ്ടായിരുന്നെങ്കില്‍, മരം വീണു നമ്മുടെ വീടിനോ, കാറിനോ കേടുപാടു സംഭവിച്ചില്ലായെങ്കില്‍ നാം എത്രയോ ഭാഗ്യവാന്മാര്‍. നന്ദി എത്രമാത്രം ചൊല്ലിയാലാണ്‌ നമ്മുടെ കടപ്പാടു തീരുക.

നന്ദിയര്‍പ്പണത്തിലൂന്നിയുള്ള ഒത്തുചേരലിനും, പങ്കുവെയ്‌ക്കലിനുമായിട്ടാണ്‌ താങ്ക്‌സ്‌ഗിവിംഗ്‌. വടക്കേ അമേരിക്കയിലെ പ്ലിമത്ത്‌ കോളനിയിലെ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കും, അവരെ കൃഷിപ്പണികളില്‍ പരിശീലിപ്പിച്ച അമേരിക്കന്‍ ഇന്‍ഡ്യാക്കാര്‍ക്കും ലഭിച്ച സമൃദ്ധമായ വിളവുകള്‍ക്കായി അവര്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ട്‌ തങ്ങളുടെ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു. 1621 ല്‍ അവര്‍ ഒരുക്കിയ ഏറ്റവും വലിയ സദ്യയിലൂടെ. പ്രകൃതിദുരന്തത്തില്‍പെട്ടു സര്‍വസ്വവും നഷ്ടപ്പെട്ടവര്‍ പോലും താങ്ക്‌സ്‌ഗിവിംഗ്‌ ഉത്സവത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട്‌ നിശ്ചയദാര്‍ഡ്യത്തോടെ മുമ്പോട്ടു കുതിക്കാന്‍ ശ്രമിക്കുന്നു. നമുക്ക്‌ ലഭിച്ചിരിക്കുന്ന സകലവിധ അനുഗ്രഹങ്ങള്‍ക്കും, സൗഭാഗ്യങ്ങള്‍ക്കും, സമ്പത്തിനും, ഐശ്വര്യങ്ങള്‍ക്കും നമുക്കീ സുദിനത്തില്‍ ഹൃദയപൂര്‍വം നന്ദിയഅപ്പിക്കാം. സമ്പല്‍സമൃദ്ധിയുടെ നടുവില്‍ ജീവിക്കുമ്പോള്‍ നമ്മെക്കാള്‍ ഭാഗ്യം കുറഞ്ഞവരെയും, നമ്മള്‍ക്കൊപ്പം ദൈവാനുഗ്രഹം ലഭിച്ചിട്ടില്ലാത്തവരെയും സ്‌മരിക്കാനുള്ള അവസരം കൂടിയാണീ താങ്ക്‌സ്‌ഗിവിംഗ്‌ സീസണ്‍. ചുറ്റും കണ്ണോടിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും പല രീതിയില്‍ കഷ്ടതയനുഭവിക്കുന്ന ധാരാളം സഹോദരങ്ങള്‍ ഈലോകത്തിലുണ്ടെന്നും നമ്മള്‍ ആ നിര്‍ഭാഗ്യവാന്മാരെക്കാള്‍ എത്രയോ ഭാഗ്യം ലഭിച്ചവരാണെന്നും ഉള്ള പരമാര്‍ത്ഥം. ദാരിദ്ര്യവും, രോഗങ്ങളുംമൂലം നരകയാതന അനുഭവിക്കുന്നവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, നിരാലംബരായ വൃദ്ധജനങ്ങള്‍, അംഗവൈകല്യവും, ബുദ്ധിമാമ്പ്യവും ഉള്ളവര്‍, അല്‍പ്പം കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവന്നവര്‍, ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമല്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരുകിടപ്പാടമില്ലാത്തവര്‍, പ്രകൃതിദുരന്തങ്ങളില്‍പെട്ട്‌ എല്ലാം നഷ്ടപ്പെട്ടവര്‍ അങ്ങനെ നീളുന്നു ഇല്ലായ്‌മകളുടെയും, വല്ലായ്‌മകളുടെയും പട്ടിക. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാവാന്‍ നമുക്ക്‌ സാധിച്ചാല്‍ അതീ സീസണില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും.

എല്ലാവര്‍ക്കും ഹാപ്പി താങ്ക്‌സ്‌ഗിവിംഗ്‌!!
കൂടുതല്‍ നന്ദിയുള്ളവരാകാം നമുക്കീ താങ്ക്‌സ്‌ ഗിവിംഗില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക