Image

ആഭരണനികുതിയെന്ന പേരില്‍ വിമാനത്താവളങ്ങളില്‍ തുടരുന്ന പകല്‍ക്കൊള്ള

Published on 16 November, 2012
ആഭരണനികുതിയെന്ന പേരില്‍ വിമാനത്താവളങ്ങളില്‍ തുടരുന്ന പകല്‍ക്കൊള്ള
കൊച്ചി: അടുത്തിടെ അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ ഒരു യാത്രക്കാരനുണ്ടായ ഒരു ദുരനുഭവം ഇങ്ങനെ. ഭാര്യക്കൊപ്പം വിമാനമിറങ്ങിയ യാത്രക്കാരനോട് ഭാര്യയുടെ കൈവശമുള്ളതും തന്റെ കൈവശമുള്ളതുമായ ആഭരണങ്ങള്‍ക്ക് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ നികുതിയായി ഈടാക്കിയത് ഏതാണ്ട് 28,000 രൂപ. തന്റെ കൈയിലണിഞ്ഞിട്ടുള്ള ആറ് ഗ്രാം തൂക്കമുള്ള മോതിരത്തിന് പോലും അധികൃതര്‍ 3000 രൂപ നികുതിയായി ഈടാക്കിയെന്ന് ഇയാള്‍ പരിതപിക്കുന്നു. അധികൃതരോട് തര്‍ക്കിച്ച് ധനനഷ്ടത്തിനൊപ്പം വെറുതെ സമയ നഷ്ടം കൂടി വരുത്തിവെച്ചത് മാത്രം മിച്ചം. ഇത് ഒരാളുടെമാത്രം ഒറ്റപ്പെട്ട അനുഭവമല്ല. വിദേശരാജ്യങ്ങളില്‍ പോയി വിയര്‍പ്പൊഴുക്കി ഉറ്റവരുടെയും ഉടയവരുടെയും കാണാനായി ഓടിയെത്തുന്ന ഗള്‍ഫ് മലയാളികളടക്കമുള്ള പ്രവാസികളെ വിമാനത്താവളങ്ങളില്‍ കാത്തിരിക്കുന്നത് ആഭരണങ്ങള്‍ക്കുള്ള കസ്റ്റംസ് നികുതിയെന്ന് സര്‍ക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പകല്‍ക്കൊള്ള.

പുരുഷന്‍മാരായ യാത്രക്കാര്‍ 10,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ക്കും സ്ത്രീ യാത്രക്കാര്‍ ധരിച്ചിട്ടുള്ള 20,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആഭരണങ്ങള്‍ക്കും കസ്റ്റംസ് നികുതി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ പറയുന്നത്. ഇന്നത്തെ മൂല്യമനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിനുപോലും 24,000 രൂപയ്ക്കടുത്താണ് വില. ഒരുപവന്റെ താലിമാല അണിഞ്ഞാല്‍ പോലും നികുതി നല്‍കേണ്ടിവരുമെന്ന് സാരം. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍മാണത്തെക്കുറിച്ച് വിമാനത്താവളങ്ങളില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണെ്ടങ്കിലും പലപ്പോഴും സര്‍ക്കാരിന്റെ ഈ ക്രൂര നികുതിവനോദത്തിന് ഇരയാവുന്നത് പാവം ഗള്‍ഫ് മലയാളികളാണ്. 

നിയമം പരിഷ്‌കരിക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് മാത്രം. മലായാളി തന്നെ കേന്ദ്ര സര്‍ക്കാരില്‍ പ്രവാസികാര്യം കൈകാര്യം ചെയ്യുമ്പോഴാണ് ഈ ദുരവസ്ഥയെന്നതാണ് മറ്റൊരു വിരോധാഭാസം. സ്വര്‍ണ കള്ളക്കടത്ത് തടയാനായാണ് കേന്ദ്രസര്‍ക്കാര്‍ 1967ലെ നികുതി നിയമം വീണ്ടും പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍ 1967ല്‍ സ്വര്‍ണം പവന് 40 രൂപ വിലയുണ്ടായിരുന്നപ്പോഴത്തെ അതേ കണക്കാണ് 40 വര്‍ഷത്തിനുശേഷവും പ്രാബല്യത്തില്‍ വരുത്തിയതെന്ന് മാത്രം.

എന്തായാലും പുതിയ നിയമംകൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന് തീര്‍ത്ത് പറയാനാവില്ല. വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതരാണ് പുതിയ നിയമപരിഷ്‌കാരത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍. നികുതി പരിഷ്‌കരണത്തെക്കുറിച്ച് അറിയാതെ ആഭരണം ധരിച്ച് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ നികുതിയുടെ കാര്യം പറഞ്ഞ് പിഴിയാനും വ്യക്തിപരമായി അധിക്ഷേപിക്കാനുംവരെ നെടുമ്പാശേരി വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുതിരാറുണെ്ടന്ന് യാത്രക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ധരിച്ചിരുന്ന ആഭരണങ്ങളുടെ പേരില്‍ റിയാദില്‍നിന്നുള്ള രണ്ട് മലയാളി വീട്ടമ്മമാരെ മണിക്കൂറുകളോളം നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയും വന്‍തുക കസ്റ്റംസ് തീരുവ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദമായിരുന്നു 

പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതു എംപിമാര്‍ ജൂണില്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും ആഭരണനികുതിയെന്ന പിടിച്ചുപറി നിര്‍ബാധം തുടരുക തന്നെയാണ്. ആകെയുണ്ടായ മാറ്റം വിദേശത്തേക്ക് പോകുന്നവരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കസ്റ്റംസ് കൗണ്ടറില്‍ രേഖപ്പെടുത്തിയാല്‍ തിരിച്ചുവരുമ്പോള്‍ ആ ആഭരണങ്ങള്‍ക്ക് നികുതി നല്‍കേണ്ടന്നത് മാത്രമാണ്. ഇതും നേരത്തെ നിലവിലുള്ളതാണെങ്കിലും ഇപ്പോള്‍ മാത്രമാണ് കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയെന്നത് മാത്രം.

യാത്രക്കാര്‍ ശരീരത്തില്‍ ധരിച്ചിട്ടുള്ളതും കൈവശം സൂക്ഷിക്കുന്നതുമായ സ്വര്‍ണം സംബന്ധിച്ചാണ് വിദേശത്തേക്ക് യാത്ര പുറപ്പെടുംമുമ്പ് വിമാനത്താവളങ്ങളില്‍ വിവരം നല്‍കേണ്ടത്. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് കസ്റ്റംസ് സറ്റാമ്പിങ് നടത്തുന്ന കൗണ്ടറിലാണ് സ്വര്‍ണം സംബന്ധിച്ചുള്ള പ്രസ്താവന രേഖാമൂലം നല്‍കേണ്ടത്. കൈവശം എത്ര സ്വര്‍ണമുണെ്ടങ്കിലും അത് രേഖപ്പെടുത്താം. അവിടെനിന്ന് ലഭിക്കുന്ന സ്ലിപ്പ് കൈവശം സൂക്ഷിച്ചാല്‍ തിരിച്ചുപോകുമ്പോള്‍ അത്രയും സ്വര്‍ണത്തെ കുറിച്ച പൊല്ലാപ്പില്‍നിന്ന് രക്ഷപ്പെടാം. സ്ലിപ്പ് കൈമോശം വന്നാലും രേഖപ്പെടുത്തിയ വിവരങ്ങള്‍ പാസ്‌പോര്‍ട്ടുടമയുടെ പേരില്‍ ഡിജിറ്റല്‍ രേഖയായി കസ്റ്റംസിലുണ്ടായിരിക്കും. ഇങ്ങനെ ഡിക്‌ളയര്‍ ചെയ്ത അളവിനോടൊപ്പം നിയമം അനുശാസിക്കുന്ന പരിധി(അതായത് ഒരു പവന്‍ പോലും കൂടാന്‍ പാടില്ല)യും കടന്നാലാണ് കസ്റ്റംസ് നികുതി കൊടുക്കേണ്ടിവരുക. 

വര്‍ഷങ്ങളോളം അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസിക്ക് സമ്പാദ്യമായി കുറച്ച് സ്വര്‍ണം വാങ്ങി നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നത് സാധാരണക്കാരെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ്. ഇന്ത്യയില്‍ കിട്ടുന്നതിനെക്കാള്‍ മൂല്യമുള്ള നല്ല സ്വര്‍ണം ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കും എന്നതാണ് കൂട്ടിവെക്കുന്ന തുക കൊണ്ട് സ്വര്‍ണം വാങ്ങാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. ഈ സ്വര്‍ണത്തിന് നാട്ടില്‍ വിപണി മൂല്യം കൂടുതലാണുതാനും. നിയന്ത്രണം മൂലം പ്രവാസികള്‍ സ്വര്‍ണം വാങ്ങല്‍ കുറച്ചതോടെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളതടക്കം ഗള്‍ഫിലെ പല ജ്വല്ലറികളും പ്രതിസന്ധിയിലായി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളങ്ങള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് നടുവിലാണ് സാധാരണയാത്രക്കാരോടുള്ള ഈ പീഡനമെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ആഭരണനികുതിയെന്ന പേരില്‍ വിമാനത്താവളങ്ങളില്‍ തുടരുന്ന പകല്‍ക്കൊള്ളആഭരണനികുതിയെന്ന പേരില്‍ വിമാനത്താവളങ്ങളില്‍ തുടരുന്ന പകല്‍ക്കൊള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക