Image

വരാനിരിക്കുന്ന നല്ലകാലം; വരുമോ? (ജോസ്‌ കാടാപുറം)

Published on 13 November, 2012
വരാനിരിക്കുന്ന നല്ലകാലം; വരുമോ? (ജോസ്‌ കാടാപുറം)
അമേരിക്കയുടെ നല്ലകാലം ഇനി വരാനിരിക്കുന്നതേയുള്ളുവെന്ന്‌ തെരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം പ്രസിഡന്റ്‌ ബരാക്‌ ഒബാമ.

ചിക്കാഗോയില്‍ നടത്തിയ വിജയ പ്രസംഗം അമേരിക്കയില്‍ ജീവിക്കുന്ന എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ഒരുപക്ഷെ തെരഞ്ഞെടുപ്പുകാലത്ത്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക്‌ തന്നെ തിരിച്ചടിയാവുകയായിരുന്നു.

മിറ്റ്‌ റോംമ്‌നിയുടെ പാര്‍ട്ടിയുടെ വര്‍ണ്ണവ്യത്യാസത്തില്‍ ഊന്നിയുള്ള പ്രചാരണം തന്നെ ഉദാഹരണം. പാറ്റ്‌ ബുക്കാനന്‍ ഇറക്കിയ പ്രചാരണ പുസ്‌തകത്തില്‍ പറഞ്ഞത്‌ ഒബാമ തിരിച്ചുവന്നാല്‍ അമേരിക്ക എന്ന വന്‍ ശക്തിയുടെ അന്ത്യമായിരിക്കുമെന്നാണ്‌. സിറിയയിലും ഇറാനിലും സൈനീക നടപടി വേണമെന്ന ആവശ്യമാണ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നോട്ടുവെച്ചതെങ്കില്‍ സാധാരണ അമേരിക്കന്‍ ജനത അതിനെതിരായിരുന്നു.

യുദ്ധത്തിന്റെ ഭീകരതയും, മനുഷ്യത്വരഹിതവുമായ വരുംവരായ്‌കകള്‍ കൊണ്ട്‌ യുദ്ധത്തെ ജനത വെറുക്കുകയാണെന്നത്‌ ചെറുപ്പക്കാരുടേയും സ്‌ത്രീകളുടേയും വോട്ട്‌ കൂടുതല്‍ ഒബാമ നേടിയതിലൂടെ വ്യക്തമായി. എന്നാല്‍ 72.4 ശതമാനം വെള്ളക്കാരുള്ള അമേരിക്കയില്‍ ബാക്കിയുള്ള ഹിസ്‌പാനിക്കുകളും ഏഷ്യക്കാര്‍ അടക്കമുള്ളവര്‍ പൂര്‍ണ്ണമായി തന്നെ ഒബാമയുടെ പിന്നില്‍ അണിനിരന്നു. വര്‍ണ്ണ വ്യത്യാസം രാഷ്‌ട്രീയത്തില്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ച നല്ല കാര്യം ആയിരിക്കാം ഇത്‌.

ഏതൊരു ജനാധിപത്യ ക്രമത്തിലും രാഷ്‌ട്രീയം വര്‍ണ്ണത്തിനും ജാതിക്കും സങ്കുചിത ചിന്തയ്‌ക്കും അപ്പുറമായില്ലെങ്കില്‍ ആ സമൂഹം പിടിച്ചാല്‍ കിട്ടാത്ത ദുരന്തത്തില്‍ തലകുത്തുമെന്നതില്‍ സംശയമില്ല. അതിന്‌ ഉറ്റ ഉദാഹരണമാണ്‌ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണം. കാലാകാലങ്ങളില്‍ നന്മ മാത്രം പ്രതീക്ഷിക്കുന്ന ജനത സര്‍ക്കാരുകള്‍ തുണയാകുമെന്ന്‌ ആഗ്രഹിക്കുക സ്വാഭാവികമാണ്‌. ഭക്ഷണം മുതല്‍ മരുന്നുവരെ പ്രായം ചെന്നവര്‍ക്കും രോഗികള്‍ക്കും നിരാലംബര്‍ക്കും നല്‍കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ അതില്‍ നിന്ന്‌ പിന്മാറണമെന്ന്‌ പറഞ്ഞാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുകയെന്ന്‌ വോട്ടര്‍മാര്‍ക്ക്‌ ബോധ്യമുണ്ട്‌. ആ ബോധ്യമാണ്‌ മധ്യവര്‍ക്ഷ വോട്ടര്‍മാര്‍ ഒബാമയുടെ കൂടെ നില്‍ക്കാന്‍ ഇടയായത്‌. ആരോഗ്യ പരിപാലന പദ്ധതി ഒബാമ നടപ്പാക്കുന്നത്‌ സാധാരണ അമേരിക്കക്കാരുടെ, പഴയ പാരമ്പര്യവാദികളില്‍ പോലും വലിയ പ്രതീക്ഷയുണ്ടാക്കി. എന്നാല്‍ അടിമകള്‍ക്കു നല്‍കുന്ന നഷ്‌ടപരിഹാരമായിട്ടാണ്‌ തോറ്റവര്‍ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തില്‍ ജനങ്ങളോട്‌ പ്രചരിപ്പിച്ചത്‌. പാവപ്പെട്ടവരും പണക്കാരുമെന്ന ഈ വിഭജനം തെരഞ്ഞെടുപ്പില്‍ ശക്തമായതും ഒബാമയ്‌ക്ക്‌ അനുകൂലമായി.

ഓട്ടോ വ്യവസായത്തെ തുണയ്‌ക്കാനുള്ള ഒബാമയുടെ നടപടികള്‍ മിഷിഗണിലും ഒഹായോയിലും ഒത്തിരി ഗുണം ചെയ്‌തു. ഒഹായിയില്‍ ജയിക്കാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ പ്രസിഡന്റ്‌ പദവി കിട്ടില്ലെന്ന്‌ ഉറപ്പായി. ആഫ്രിക്കന്‍ അമേരിക്കനും, ഹിസ്‌പാനിക്കുകളും ഏഷ്യാക്കാരും മധ്യവര്‍ക്ഷ വോട്ടര്‍മാരും ഒബാമയ്‌ക്ക്‌ ഒപ്പം നിന്നപ്പോള്‍ പണക്കാരും കോര്‍പ്പറേറ്റുകളും വര്‍ദ്ധിച്ച ആവേശത്തോടെ റോംമ്‌നിയെ പിന്തുണയ്‌ക്കുകയായിരുന്നു. പാവപ്പെട്ടവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന സമീപനവും, കടുത്ത കുടിയേറ്റവിരുദ്ധ സമീപനവും റിപ്പബ്ലിക്കന്‍ കക്ഷിയെ കുടിയേറ്റക്കാരില്‍ നിന്ന്‌ അകറ്റി. സാന്‍ഡി കൊടുങ്കാറ്റിനെ നേരിട്ട രീതി ന്യൂജെഴ്‌സിയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറുടെ മാത്രമല്ല ജനതയുടെ മനവും കവര്‍ന്നു. വോട്ടെടുപ്പില്‍ അതും പ്രതിഫലിച്ചു.

പൊതുവെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ രണ്ടാമൂഴത്തില്‍ ആദ്യത്തെപ്പോലെ വിജയിക്കില്ലെന്ന ചരിത്രം ഒബാമ മാറ്റിയെഴുതുമോ? 7.9 ശതമാനം തൊഴിലില്ലായ്‌മ ഒബാമ രണ്ടാമൂഴത്തില്‍ മറികടക്കുമോ? പ്രതിരോധ ബജറ്റ്‌ ഇനിയും കൂടുമ്പോള്‍, സൈനീക നടപടി എന്ന പരിപാടിയില്‍ നിന്ന്‌ അമേരിക്കയ്‌ക്ക്‌ തിരിച്ചുപോകേണ്ടിവരും.

ചുരുക്കത്തില്‍ അടുത്ത നാലുവര്‍ഷം വംശീയമായ വേര്‍തിരിവുകളില്ലാതെ, ലോകമെമ്പാടുമുള്ള തീവ്രവാദത്തിനെതിരേയുള്ള ശക്തമായ നിലപാടുകള്‍ തുടരുകയും, വെറുതെയുള്ള സൈനീക നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്‌താല്‍ അമേരിക്കയ്‌ക്കും ലോകത്തിനും ഒബാമയ്‌ക്ക്‌ നല്ലകാലം കൊണ്ടുവരാന്‍ കഴിയുമെന്നതില്‍ സംശയമില്ല. സമാധാനത്തിന്‌ നോബല്‍ സമ്മാനം ലഭിച്ച ഒബാമയ്‌ക്ക്‌ തീര്‍ച്ചയായും ലോകത്ത്‌ സമാധാനവും ഐശ്വര്യവും നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം.
വരാനിരിക്കുന്ന നല്ലകാലം; വരുമോ? (ജോസ്‌ കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക