Image

ഗാന്ധിജിയുടെ പ്രപൗത്രന്‍ കാന്‍സാസില്‍ വിജയിച്ചു

Published on 10 November, 2012
ഗാന്ധിജിയുടെ പ്രപൗത്രന്‍ കാന്‍സാസില്‍ വിജയിച്ചു
കാന്‍സാസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് ആയി വിജയിച്ച ഡോ. ശാന്തി ഗാന്ധി പ്രചാരണ സമയത്ത് ഒരുകാര്യം മാത്രം ഒളിച്ചുവെച്ചു. മഹാത്മാഗാന്ധി തന്റെ മുത്തച്ഛന്റെ പിതാവായിരുന്നുവെന്നത്.

'പ്രചാരണത്തിനുവേണ്ടി ആ പേര് ദുരുപയോഗം ചെയ്യരുതെന്ന് കരുതി. ടോപികയിലെ ചില പത്രക്കാര്‍ക്ക് ഈ ബന്ധം അറിയാം. അത് പുറത്ത് വിടരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ മാനിച്ചു'. പ്രശസ്ത കാര്‍ഡിയോ തൊറാസിക് സര്‍ജനായ അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുമായി മാത്രമല്ല കേരളവുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അമ്മ പരേതയായ സരസ്വതി ഗാന്ധി തിരുവനന്തപുരത്ത് തൈക്കാട്ട് നാറാണത്ത് തറവാട്ടില്‍ പരേതനായ മുന്‍ എം.എല്‍.എ എന്‍.കെ. കൃഷ്ണപിള്ളയുടേയും, പത്മാവതി തങ്കച്ചിയുടേയും പുത്രിയാണ്. ഏഴാം വയസുവരെ നെയ്യാറ്റിന്‍കരയില്‍ താമസിച്ച ഡോ. ഗാന്ധിക്ക് മലയാളവും അറിയാം.

ഗാന്ധിയുടെ വിമതനായ പുത്രന്‍ ഹരിലാലിന്റെ പുത്രന്‍ കാന്തിലാല്‍ തിരുവനന്തപുരത്ത് പഠനത്തിനായി താമസിച്ചത് കൃഷ്ണപിള്ളയുടെ വസതിയിലായിരുന്നു. 1930-കളിലാണിത്. പിന്നീട് കാന്തിലാല്‍ സരസ്വതിയെ വിവാഹം ചെയ്തു. വധുവിന് വിവാഹപ്രായം ആയില്ലെന്നു പറഞ്ഞ് ഗാന്ധിജി വിവാഹത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്നീടവരെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും ആശ്രമത്തില്‍പാര്‍പ്പിക്കകുയും ചെയ്തു. സരസ്വതി ഗാന്ധിയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിക്കുകയുണ്ടായി.

മുംബൈയില്‍ താമസമാക്കിയ അവര്‍ 1984-ല്‍ ഭര്‍ത്താവിന്റെ മരണശേഷം കേരളത്തിലേക്ക് മടങ്ങി. 2008-ല്‍ അന്തരിച്ചു. ഡോ. ശാന്തി ഗാന്ധിക്കു പുറമെ വാഷിംഗ്ടണ്‍ ഡി.സിയില്‍ അക്കൗണ്ടന്റായ പ്രദീപ് ഗാന്ധിയും പുത്രനാണ്.

ഇതെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് ചികഞ്ഞെടുത്ത ചരിത്രം. ഡോ. ഗാന്ധി കുടുംബചരിത്രമൊന്നും പറഞ്ഞില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യമുള്ള അമ്പത്തിരണ്ടാം ഡിസ്ട്രിക്ടിറ്റില്‍ നിന്ന് 55 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്. ഇതിനു മുമ്പ് തെരഞ്ഞെടുപ്പിലൊന്നും മത്സരിച്ചിട്ടില്ല. റിട്ടയര്‍ ചെയ്തതിനാല്‍ പൊതു രംഗത്തിറങ്ങാന്‍ സമയമുണ്ടെന്നു കണ്ടു. മത്സരിക്കാന്‍ പാര്‍ട്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യക്കാര്‍ ഭൂരിപക്ഷവും ഡെമോക്രാറ്റുകളാണെങ്കിലും താന്‍ തുടക്കം മുതല്‍ റിപ്പബ്ലിക്കന്‍ ആയിരുന്നെന്നദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ നയങ്ങളായ സ്വാശ്രയത്വം, കഠിനാധ്വാനം, സാമ്പത്തിക അച്ചടക്കം എന്നിവയൊക്കെയാണ് ആകര്‍ഷിച്ചത്. വരവില്‍ കൂടുതല്‍ ചെലവ് ചെയ്താല്‍ ഗ്രീസിന്റെ ഗതി വരും അമേരിക്കയ്ക്ക്. കുടുംബങ്ങളുടെ കാര്യത്തിലും അതുതന്നെ സ്ഥിതി.

സാമ്പത്തിക കാര്യങ്ങളെപ്പറ്റി വാചാലനാണെങ്കിലും ബിസിനസ് രംഗത്ത് ഗാന്ധിയില്ല. എപ്പോഴൊക്കെ ബിസിനസില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ അന്നൊക്കെ അത് നഷ്ടപ്പെട്ടിട്ടേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ ഗ്രാന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം 1967-ല്‍ അണ് ഉപരിപഠനത്തിന് ഒഹായോയില്‍ എത്തിയത്. യംഗ്‌സ് ടൗണിലെ ഒരു ഹോസ്പിറ്റല്‍ ഇന്റേണ്‍ഷിപ്പ് നല്‍കാന്‍ തയാറായെങ്കിലും വിമാന കൂലി സംഘടിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കായില്ല. ഒടുവില്‍ ഹോസ്പിറ്റല്‍ തന്നെ വിമാനക്കൂലി വായ്പയായി നല്‍കി.

ഹൃദ്രോഗത്തെപ്പറ്റിയാണ് ഉപരിപഠനമെന്ന് കേട്ടപ്പോള്‍ പല സുഹൃത്തുക്കളും വിലക്കി. അന്ന് ഹൃദ്രോഗ ചികിത്സ ശൈശവ ദശയിലാണ്. ഏറെക്കാലം പഠനം നടത്തണമെന്നും എന്നാല്‍ അതിനുതക്കെ പ്രയോജനം ലഭിക്കില്ലെന്നുമായിരുന്നു അവരുടെ ഉപദേശം. ഏറെക്കാലം പരിശീലനം നേടണമെന്നതു ശരിയായി. ഹൃദ്രോഗ ചികിത്സയ്ക്ക് ഭാവിയില്ല എന്നത് തെറ്റായി.

അവിടെ ആര്‍.എന്‍ ആയിരുന്ന സൂസനെ 1969-ല്‍ വിവാഹം കഴിച്ചു. നാലു പെണ്‍മക്കളില്‍ മൂന്നുപേരും യംഗ്‌സ് ടൗണില്‍ വെച്ചാണ് ഉണ്ടായത്. ആറുവര്‍ഷത്തെ ട്രെയിനിംഗ് കാലത്ത് 5000 ഡോളര്‍ ആയിരുന്നു വാര്‍ഷിക ശമ്പളം. ഫൈനല്‍ ഇയറില്‍ അത് 8000 ഡോളര്‍ ആയി. എന്നിട്ടും സുഭിക്ഷമായി ജീവിക്കുകയും നികുതി അടയ്ക്കുകയും ചെയ്തുവെന്നദ്ദേഹം പറയുന്നു.

ഒബാമയുടെ ജയത്തില്‍ അതിശയമില്ലെന്നദ്ദേഹം പറഞ്ഞു. രാജ്യത്തെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം ഡമോക്രാറ്റുകളാണ്. എന്നിട്ടും മിറ്റ് റോംനി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. പ്രസിഡന്റ് ഒബാമ കടം വാങ്ങുന്നതും ചെലവിടുന്നതും നിയന്ത്രിക്കണമെന്ന് ഡോ. ഗാന്ധി പറയുന്നു. നമ്മുടെ വരുമാനത്തില്‍ ജീവിക്കാന്‍ പഠിക്കണം. ഇല്ലെങ്കില്‍ വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും അത്.

33 വര്‍ഷം ഹാര്‍ട്ട് സര്‍ജനായിരുന്ന അദ്ദേഹത്തിന് ഗവേഷണ- മെഡിക്കല്‍ രംഗങ്ങളില്‍ അമേരിക്ക പിന്നോക്കം പോകുന്നതില്‍ ആശങ്കയുണ്ട്. കടുത്ത നിയമങ്ങളും ചട്ടങ്ങളും അനിയന്ത്രിതമായ വ്യവഹാരങ്ങളുമാണ് ഇതിനു കാരണം.

ഒബാമ കെയറില്‍ നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ടെന്നദ്ദേഹം പറഞ്ഞു. തിരക്കിട്ട് പാസാക്കിയ നിയമമാണത്. അതിന്റെ ദോഷ ഫലങ്ങള്‍ എന്തൊക്കെ വരുമെന്ന് ഉറപ്പില്ല. ആ നിയമം പുന:പരിശോധിച്ച് നല്ല വശങ്ങള്‍ മാത്രം സ്വീകരിക്കുകയാണ് വേണ്ടത്.

വ്യക്തിജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇരു പാര്‍ട്ടികളും രാജ്യനന്മയ്ക്കാവശ്യമായ കാര്യങ്ങളില്‍ അനുരഞ്ജനത്തിനു തയാറാകണമെന്നും പറയുന്നു.

ഭാര്യ സൂസന്‍ മെതഡിസ്റ്റ് വിശ്വാസിയാണ്. 'ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളുടേയും അംഗമാണു ഞാന്‍ എന്നാണ് എന്റെ വിശ്വാസം. സര്‍ജറിക്ക് പോകുംമുമ്പ് ഒരുനാളും പ്രാര്‍ത്ഥിക്കാതെ പോയിട്ടില്ല. ദൈവ വിശ്വാസമുള്ളവര്‍ കൂടുതല്‍ വേഗത്തില്‍ സുഖംപ്രാപിക്കുന്നത് കണ്ടിട്ടുണ്ട്,' ഡോ. ഗാന്ധി പറഞ്ഞു.

ഗാന്ധിയന്‍ പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാലു പെണ്‍മക്കളുടേയും ലാസ്റ്റ് നെയിം ഗാന്ധി എന്നുതന്നെയാണ്. അഞ്ജലി ഗാന്ധി മിസൂറിയില്‍ അസി. പ്രോസിക്യൂട്ടര്‍, അനിതാ ഗാന്ധി ന്യൂയോര്‍ക്കില്‍ കമ്പനി വൈസ് പ്രസിഡന്റ്, അല്‍കാ ഗാന്ധി വിര്‍ജീനിയയിലെ കോളജ് അധ്യാപിക, ആന്‍ ഗാന്ധി നഴ്‌സിംഗ് രംഗത്ത്. രണ്ടു പേര്‍ വിവാഹിതര്‍. നാലു കൊച്ചുമക്കളുമുണ്ട്.
ഗാന്ധിജിയുടെ പ്രപൗത്രന്‍ കാന്‍സാസില്‍ വിജയിച്ചുഗാന്ധിജിയുടെ പ്രപൗത്രന്‍ കാന്‍സാസില്‍ വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക