Image

കൊട്ടാരവിഷയത്തില്‍ കീരിയും പാമ്പും യോജിക്കുന്നു; നാട് മുടിക്കാന്‍ - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 10 November, 2012
കൊട്ടാരവിഷയത്തില്‍ കീരിയും പാമ്പും യോജിക്കുന്നു; നാട് മുടിക്കാന്‍ - ഷോളി കുമ്പിളുവേലി
കീരിയും പാമ്പും കടുത്ത ശത്രുക്കളാണെന്നാണ് നമ്മള്‍ കേട്ടിട്ടുള്ള കഥ. എന്നാല്‍ കീരിയും പാമ്പും ഒന്നായാലോ? അത് അസംഭവികമാണ് അല്ലേ? പക്ഷേ കോവളം കൊട്ടാരവും അതിനോടനുബന്ധിച്ചുള്ള പത്ത് ഏക്കറോളം സ്ഥലവും രവി പിള്ള എന്ന വ്യവസായിക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കീരിയും പാമ്പും ഒന്നായിരിക്കുന്നു. അമ്മയെ തല്ലിയാലും രണ്ടു പക്ഷം പിടിക്കുന്ന പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും രണ്ടു ശരീരവം ഒരു മനസ്സുമായിത്തീര്‍ന്നത് കേരളത്തിന്റെ സ്വത്ത് കുത്തക മുതലാളിമാര്‍ക്ക് തീറെഴുതികൊടുക്കുന്ന ഏക കാര്യത്തില്‍ മാത്രം.

നാട്ടില്‍ പാവപ്പെട്ടവനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. പെട്രേളിനു വില കൂട്ടി. ഗ്യാസ് സിലിണ്ടര്‍ കുറച്ചു. വില വാണം പോലെ കുതിക്കുന്നു. പിണറായി ഒച്ചവെച്ചു. ഉമ്മന്‍ചാണ്ടി മിണ്ടാതിരുന്നു. രണ്ടു രൂപക്കു അരികൊടുത്ത ഇടതു സര്‍ക്കാരിനെ തോല്‍പിക്കുവാന്‍ ഒരു രൂപക്കു അരി കൊടുക്കുമെന്ന് വലതുപക്ഷം പറഞ്ഞു. ഇപ്പോള്‍ എട്ടുരൂപ കൊടുക്കണമെന്ന് ഉമ്മന്‍ചാണ്ടി. ബസ് യാത്രാകൂലി കൂട്ടി. ബസിനു ടിക്കെറ്റെടുക്കാന്‍ പരുവമില്ലാത്തവന്‍ കാറില്‍ പോകട്ടെ എന്ന് ആര്യാടന്‍ മുഹമ്മദ്. ബസിനു കല്ലെറിഞ്ഞു, തീവെച്ചും എസ്.എഫ്.ഐക്കാര്‍ പ്രതിഷേധിച്ചു. സുധാകരന്‍, പോലീസിനെ തെറിവിളിച്ച്, മണല്‍ മാഫിയായെ ഇറക്കികൊണ്ട് പോയതില്‍ എന്താകുറ്റമെന്ന് രമേശ് ചെന്നിത്തല. പോലീസിനെ തെറി വിളിക്കുക ഞങ്ങളുടെ മാത്രം കുത്തകയാണെന്ന് ജയരാജന്മാര്‍. അങ്ങനെ മനുഷ്യജീവിതത്തെ ബാധിക്കുന്നതും ബാധിക്കാത്തതുമായ എല്ലാ കാര്യങ്ങളിലും തമ്മിലടിപിടിക്കുന്നവര്‍, പരസ്പരം കൈകൊടുത്ത്, കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത്, വില മതിക്കാന്‍ പോലും സാധിക്കാത്ത കോവളം കൊട്ടാരത്തിനോടനുബന്ധിച്ചുള്ള സ്ഥലം 99 വര്‍ഷത്തേക്ക് കാര്യമായി ഒന്നും വാങ്ങാതെ രവി പിള്ളക്കു വിട്ടുകൊടുത്ത കാര്യത്തില്‍ മാത്രം. അതാണു പ്രശ്‌നം.

രവി പിള്ള സമര്‍ത്ഥനായ ബിസിനസ്സുകാരനാണ്. തൊണ്ണു
റുകളുടെ ആരംഭത്തില്‍ ഒരു സൗദിയുടെ കൈയില്‍ നിന്നും ഏതാനും വിസാ സംഘടിപ്പിച്ച്, നാട്ടില്‍ നിന്നും കുറച്ച് ചെറുപ്പക്കാരെ ദമാമില്‍ (സൗദി) കൊണ്ടുപോയി "മാന്‍പവര്‍ സപ്ലെ" തുടങ്ങിയ രവി പിള്ള, കണ്ണടച്ചു തുറക്കും മുമ്പേ ആകാശം മുട്ടേ വളര്‍ന്നു. ഇപ്പോള്‍ സൗദിയില്‍ മാത്രമല്ല. ദുബായിലും, കേരളത്തിലും ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന വ്യവസായ സാമ്രാജ്യം അദ്ദേഹത്തിനു സ്വന്തം.

ഇങ്ങനെയുള്ള രവി പിള്ള ഒന്നും കാണാതെ, ഒരു ഡിഗ്രി സര്‍ട്ടിഫിക്കേറ്റും ബസിനു കല്ലെറിഞ്ഞും, പോലീസിനെ തെറിവിളിച്ചും മാത്രം പ്രവൃത്തി പരിചയവുമുള്ള, സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകനെ സ്വന്തം കമ്പനിയില്‍ വൈസ് പ്രസിഡന്റായി നിയമിക്കുമോ? ഇപ്പോള്‍ കേള്‍ക്കുന്നത് മറ്റ് രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മക്കളും ഇതേ കമ്പനിയില്‍ വലിയ സ്ഥാനങ്ങളില്‍ ഇരിക്കു
ന്നു എന്നാണ്. എന്തൊരു വിശാല മനസ്ഥിതി. പഴയ സിനിമകളില്‍ നായകനെ സ്വന്തം പരിധിയില്‍ കൊണ്ടുവരുവാന്‍, വില്ലന്‍ നായകന്റെ മക്കള തട്ടിക്കൊണ്ടും പോകും. എന്നിട്ട് വില പേശും.
അത് പഴയ കഥ. ഇപ്പോള്‍ മക്കള്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കി സ്‌നേഹം നടിക്കുന്നു. ഇത് പഴയ കഥയുടെ പുതിയ പതിപ്പ്. മക്കളാണല്ലോ എല്ലാവരുടേയും "വീക്ക് പോയിന്റ്. പിന്നെ കോണ്‍ഗ്രസുകാരെ വലയില്‍ വീഴ്ത്താന്‍ വലിയ ബുദ്ധിമുട്ടില്ലെന്ന് രവി പിള്ളക്കു മാത്രമല്ല, ഗോകര്‍ണ്ണത്തു ചായക്കട നടത്തുന്ന പിള്ളേച്ചനുപോലും അറിയാം.

നമ്മുടെ നാടിന്റെ സ്വത്തും, ഭൂമിയും കുത്തകള്‍ക്ക് വീതം വച്ചു കൊടുക്കാന്‍ മാത്രമുള്ള ഭരണ-പ്രതിപക്ഷ സ്‌നേഹം തിരിച്ചറിയണം. പണക്കാരനെ വഴിവിട്ട് സഹായിക്കുവാനും. പാവപ്പെട്ടവന്റെ നെഞ്ചത്തു ചവിട്ടുവാനും മാത്രമുള്ളതല്ല ഭരണം.

വി.എസ്. അചുതാനന്ദന്‍, വി.എം.സുധീരന്‍, ഇപ്പോള്‍ ടി.എന്‍. പ്രതാപന്‍. അങ്ങനെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍. ഈ ഒറ്റപ്പെട്ട ശബ്ദങ്ങളില്‍ മാത്രമാണ് നമ്മുടെ ആശ്വാസവും, ഏക പ്രതീക്ഷയും.

കൊട്ടാരവിഷയത്തില്‍ കീരിയും പാമ്പും യോജിക്കുന്നു; നാട് മുടിക്കാന്‍ - ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക